ശബരിമലയിൽ 2017-ൽ നടന്ന കൊടിമര പുനർപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് അതീവ ഗൗരവകരമായ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നു. ശബരിമലയിലെ പഴയ കൊടിമരം തടിയല്ലായിരുന്നുവെന്നും, അത് കോൺക്രീറ്റ് കൊടിമരം ആയിരുന്നുവെന്നും മധുമണിമല മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഈ രഹസ്യം തന്ത്രി കണ്ടര് രാജീവര്ക്കും മുൻ മേൽശാന്തി എഴിക്കോട് ശശി നമ്പൂതിരിക്കും മാത്രമാണ് അറിവുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
1970-ൽ സ്ഥാപിച്ച കൊടിമരം കോൺക്രീറ്റ് നിർമ്മിതമായിരുന്നു. എന്നാൽ 2014-ൽ നടന്ന ദേവപ്രശ്നത്തിൽ, കൊടിമരത്തിന് ജീർണ്ണത ബാധിച്ചുവെന്നും കൃമികൾ കയറിയെന്നും അതിനാൽ അത് മാറ്റി സ്ഥാപിക്കണമെന്നുമാണ് പറഞ്ഞിരുന്നത്,. ഈ സമയത്ത് ഇത് കോൺക്രീറ്റാണെന്ന് സത്യസന്ധമായി വെളിപ്പെടുത്തിയ എഴിക്കോട് ശശി നമ്പൂതിരിയോട് തന്ത്രി കണ്ടര് രാജീവര് പ്രകോപിതനായി സംസാരിച്ചുവെന്ന് മധുമണിമല പറയുന്നു.
പഴയ കൊടിമരത്തിന് മുകളിലുണ്ടായിരുന്ന ‘വാജിവാഹനം’ (കുതിരയുടെ വിഗ്രഹം) കാണാതായതാണ് മറ്റൊരു പ്രധാന വിവാദം. ഈ വിഗ്രഹം ആന്ധ്രപ്രദേശിലെ ഒരു ബിസിനസുകാരന്റെ വീട്ടിലെ പൂജാമുറിയിൽ കണ്ടതായി ഒരു ഭക്തൻ തന്നെ വിളിച്ചറിയിച്ചുവെന്ന് മധുമണിമല പറഞ്ഞു. ദേവസ്വം ബോർഡിന്റെ സ്ട്രോങ്ങ് റൂമിൽ ഈ വിഗ്രഹം നിലവിലില്ലെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
ക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്കോ കൊടിമരത്തിനോ കേടുപാടുകൾ സംഭവിച്ചാൽ അവ അഗ്നിയിൽ ദഹിപ്പിക്കുകയോ കടലിൽ നിമജ്ജനം ചെയ്യുകയോ ആണ് പതിവ്. അത് വീട്ടിൽ കൊണ്ടുപോയി സൂക്ഷിക്കുന്നത് പാപമാണെന്നും ആചാര്യന്മാർ ആരും അങ്ങനെ ചെയ്യാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി,. ഈ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) മധുമണിമലയുടെയും എഴിക്കോട് ശശി നമ്പൂതിരിയുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
മുൻ മേൽശാന്തി എസ്.സി. ശങ്കരൻ നമ്പൂതിരി നൽകിയ സുപ്രധാന വിവരങ്ങളടങ്ങിയ കത്തും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ശബരിമലയിലെ നിർമ്മാണ പ്രവർത്തനങ്ങളിലും ആചാരങ്ങളിലും നടന്ന ക്രമക്കേടുകളെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ വെളിപ്പെടുത്തലുകൾ പുതിയ വഴിത്തിരിവ് നൽകിയിരിക്കുകയാണ്,.



