കൊച്ചി: ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വിപുലമായ പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തി റൂറൽ പോലീസ്. പോലീസ് തയാറാക്കിയിട്ടുള്ള ക്യുആർ കോഡ് സ്കാൻ ചെയ്താൽ പാർക്കിംഗ് ഗ്രൗണ്ടിന്റെ ലൊക്കേഷൻ ലഭ്യമാകും. അതിനനുസരിച്ച് അനുയോജ്യമായ പാർക്കിംഗ് ഗ്രൗണ്ട് തെരഞ്ഞെടുക്കാം. വഴിയരികിലും മറ്റും വാഹനങ്ങൾ പാർക്ക് ചെയ്താൽ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
മണപ്പുറത്തുള്ള അമ്പലത്തിൽനിന്നു 50 മീറ്റൽ ചുറ്റളവിൽ യാതൊരുവിധ വഴിയോര കച്ചവടങ്ങളും അനുവദിക്കുന്നതല്ല. കുളിക്കടവിലും പുഴയിലും ലൈഫ് ബാഗ് ഉൾപ്പെടെ പോലീസ്, ഫയർ ഫോഴ്സ് ബോട്ടുകൾ പട്രോളിംഗ് നടത്തും. ആവശ്യത്തിനുള്ള ആംബുലൻസ് സർവീസ് മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതാണ്. മോഷ്ടാക്കളേയും റൗഡികളേയും മറ്റും നിരീക്ഷിക്കാൻ സ്പെഷൽ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
*ഗതാഗത നിയന്ത്രണം.
അതേസമയം ഫെബ്രുവരി 15ന് വൈകുന്നേരം നാല് മുതൽ 16ന് ഉച്ചയ്ക്ക് രണ്ടു വരെ ആലുവ ടൗണിലും പരിസരങ്ങളിലും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മണപ്പുറത്തേക്ക് വരുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽനിന്നു ജിസിഡിഎ റോഡ് വഴി ആയുർവേദ ആശുപത്രിക്ക് മുന്നിലൂടെ മണപ്പുറത്തേക്ക് പോകേണ്ടതാണെന്ന് പോലീസ് അറിയിച്ചു.



