കേരളത്തിനായുള്ള അതിവേഗ റെയില്‍ പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള നീക്കങ്ങള്‍ ഊർജ്ജിതമാക്കി മെട്രോമാൻ ഇ ശ്രീധരൻ. പദ്ധതിയുടെ ഔദ്യോഗിക ഓഫീസ് ഇന്ന് രാവിലെ ഒമ്പതോടെ മലപ്പുറം പൊന്നാനിയില്‍ തുറക്കും. അദ്ദേഹം തന്നെയാണ് ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത്.
കേന്ദ്ര ബജറ്റില്‍ പദ്ധതിയെക്കുറിച്ച് പ്രഖ്യാപനമില്ലാത്തത് തന്നെ ബാധിക്കില്ലെന്നും, റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയിലുള്ള സംശയങ്ങള്‍ ദൂരീകരിക്കാനാണ് ആദ്യഘട്ടത്തില്‍ ഓഫീസ് ഉപയോഗിക്കുക. ഫെബ്രുവരി 15 മുതല്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാൻ യോഗങ്ങള്‍ ആരംഭിക്കും. ആദ്യ യോഗങ്ങള്‍ മലപ്പുറത്തായിരിക്കും നടക്കുക.
മലപ്പുറത്തിന് പിന്നാലെ അതിവേഗ റെയില്‍ കടന്നുപോകുന്ന മറ്റ് ജില്ലകളിലും വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കാൻ ഇ ശ്രീധരൻ തീരുമാനിച്ചിട്ടുണ്ട്.
ജനുവരി 16-ന് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി നടത്തിയ ചർച്ചകള്‍ ഫലപ്രദമായിരുന്നുവെന്ന് ഇ ശ്രീധരൻ അറിയിച്ചു. പദ്ധതിയുടെ ഡിപിആർ തയ്യാറാക്കാൻ മന്ത്രി നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായുള്ള ഔദ്യോഗിക ഉത്തരവ് 3-4 ദിവസത്തിനുള്ളില്‍ ഡിഎംആർസിക്ക് ലഭിക്കും.
പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികള്‍ക്കായി റെയില്‍വേ മന്ത്രിയുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.



