സ്വർണ്ണവില വർദ്ധനവിന്റെ പശ്ചാത്തലത്തിൽ മോഷണവും, തട്ടിയെടുക്കലും വ്യാപകമാണെന്നും സ്വർണ വ്യാപാരികളും, പൊതുജനങ്ങളും സ്വർണ്ണത്തിൻറെ സുരക്ഷിതത്വം സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്നും ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ ആവശ്യപ്പെട്ടു.
പട്ടാപ്പകൽ പോലും സ്വർണാഭരണശാലകളിൽ എത്തി മുളക് സ്പ്രേ നടത്തി സ്വർണം തട്ടിയെടുക്കുന്നത് സുരക്ഷാ ഭീഷണി ഉയർത്തുന്നു.
സിസിടിവി ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും കുറ്റമറ്റതാക്കാൻ ശ്രദ്ധിക്കുക, സ്വർണാഭരണ ശാലകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുക തുടങ്ങി എല്ലാ സുരക്ഷാ സംവിധാനങ്ങളും സ്വർണാഭരണ ശാലകളിൽ ഏർപ്പെടുത്തണം.
തിരക്കുള്ള ബസ്സുകളിൽ ആഭരണങ്ങൾ നഷ്ടപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
സ്വർണ്ണ വ്യാപാരശാലകൾക്ക് രാത്രികാല പോലീസ് പട്രോള്‍ സംരക്ഷണ ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വർണ്ണത്തിൻറെ വില വർദ്ധനവ് ഒട്ടേറെ തട്ടിപ്പുകാരൻ രംഗത്തുണ്ട്. ആഭരണങ്ങൾ പലതും കാരറ്റ് കുറഞ്ഞ സ്വർണത്തിൽ പണിത് ഹാൾമാർക്കിങ്ങ് ഉൾപ്പെടെയുള്ള മുദ്രകളും ചെയ്തു വിൽക്കുകയും പണയം വയ്ക്കുകയും ചെയ്യുന്ന വലിയ സംഘങ്ങൾ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്നുണ്ട്.
വ്യാപാര സ്ഥാപനത്തിനുവേണ്ട യാതൊരു ലൈസൻസും ഇല്ലാതെ പണയത്തിൽ ഇരിക്കുന്ന സ്വർണ്ണ ആഭരണങ്ങൾ എടുത്തു കൊടുക്കും എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്ന സംഘങ്ങളും പ്രവർത്തിക്കുന്നു.
ഇത്തരത്തിലുള്ള തട്ടിപ്പുകളും, മോഷണവും തടയാൻ പോലീസ് കൂടുതൽ ഊർജ്ജിതമായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.



