വർഷത്തിൽ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇതിനായി കേന്ദ്രസർക്കാർ പുതിയ മോട്ടോർവാഹനച്ചട്ടങ്ങൾ പുറത്തിറക്കി. ജനുവരി ഒന്നുമുതൽ നിയമം പ്രാബല്യത്തിലായി.
ലൈസൻസ് മൂന്നുമാസംവരെയാണ് സസ്പെൻഡ് ചെയ്യുന്നത്. ആർടിഒയ്ക്കാണ് നടപടിയെടുക്കാനുള്ള അധികാരം.
മുൻവർഷങ്ങളിലെ കുറ്റങ്ങൾ ഉൾപ്പെടുത്തില്ല. ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുമുൻപ് ഉടമയുടെ വാദംകേൾക്കാനുള്ള അവസരം നൽകണമെന്നും ചട്ടത്തിലുണ്ട്.
ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹനനിയമത്തിലെ 24 നിയമലംഘനങ്ങളാണ് കണക്കാക്കുക. പൊതുവഴിയിൽ വാഹനം നിർത്തിയിടൽ, അനധികൃതപാർക്കിങ്, വാഹനമോഷണം, വാഹനയാത്രക്കാരെ മർദിക്കൽ, തടഞ്ഞുവെക്കൽ തുടങ്ങി 24 ലംഘനങ്ങളാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുകാരണമായി പറയുന്നത്.
അതിവേഗം, ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കൽ, സീറ്റുബെൽറ്റ് ധരിക്കാതിരിക്കൽ, സിഗ്നൽ വെട്ടിക്കൽ എന്നിവയും കുറ്റങ്ങളിലുണ്ട്. ചെറിയകുറ്റങ്ങളെന്നോ വലുതെന്നോ കണക്കാതെ അഞ്ചിൽക്കൂടിയാൽ ഇനിമുതൽ നടപടിയെടുക്കും.



