ഇടുക്കി: വണ്ടിപ്പെരിയാറിൽ പോക്‌സോ പീഡനക്കേസ് ഇരയായ പെൺകുട്ടിയുടെ അച്ഛനും മുത്തച്ഛനും നേരെ ആക്രമണം. കോടതി കുറ്റവിമുക്തനാക്കിയ പ്രതി അർജുനിന്റെ ബന്ധു കുട്ടിയുടെ അച്ഛനെ കത്തി കൊണ്ട് കുത്തി. പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു സംസ്‌കാരചടങ്ങിൽ പങ്കെടുക്കാനായി വണ്ടിപ്പെരിയാറിലേക്കു പോയതായിരുന്നു കുട്ടിയുടെ അച്ഛനും മുത്തച്ഛനും. ഇതിനിടയിലാണ് അർജുനിന്റെ ബന്ധുവിനെ ഇവർ കാണുന്നത്. പിന്നാലെ ഇയാൾ കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് പിതാവിനെ കുത്തുകയായിരുന്നു. തുടയ്ക്കാണു മുറിവേറ്റത്.
പോക്സോ കേസില്‍ പ്രതിയെ വെറുതെവിട്ടതിനെതിരായ സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ പ്രതി അർജുനിന് കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. പ്രതിയുടെ വിശദീകരണം കൂടി കേട്ട ശേഷമായിരിക്കും വിശദമായ വാദത്തിലേക്ക് കടക്കുക. കീഴ്‌ക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. പ്രധാനപ്പെട്ട ചില ആരോപണങ്ങൾ കീഴ്‌ക്കോടതിക്കെതിരെ സർക്കാർ ഉന്നയിച്ചിരുന്നു.
2021 ജൂൺ 30നാണ് ആറുവയസുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഷാള്‍ കുരുങ്ങി മരിച്ചതാണെന്നാണ് ആദ്യം കരുതിയെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കുട്ടി പീഡനത്തിനിരയായെന്നും കൊലപാതകമാണെന്നും കണ്ടെത്തിയത്. തുടർന്നാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് വയസുമുതൽ പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നെന്നും മാതാപിതാക്കള്‍ ജോലിക്ക് പോയ സമയം മുതലെടുത്തായിരുന്നു പീഡനമെന്നും വെളിപ്പെടുത്തലുണ്ടായി. പീഡനത്തിനിടെ പെണ്‍കുട്ടി കൊല്ലപ്പെടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
2021 സെപ്തംബർ 21ന് ഈ കേസിലെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷമാണ് കേസിന്റെ വിചാരണ തുടങ്ങിയത്. എന്നാൽ പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ സാധിച്ചിരുന്നില്ല. ഇതിനാലാണ് പ്രതിയെ വെറുതെ വിടുന്നതെന്ന് കോടതി അറിയിച്ചു.