ലോകത്തിലെ ഏറ്റവും വലിയ ആഭ്യന്തര പുരപ്പുറ സൗരോര്‍ജ സംരംഭമായ പിഎം സൂര്യഘർ മുഫ്ത് ബിജ്ലി യോജന (പിഎംഎസ്ജിഎംബിവൈ) പത്തുലക്ഷം വീടുകളില്‍ സൗരോർജം ലഭ്യമാക്കി ചരിത്ര നാഴികക്കല്ല് പിന്നിട്ടു.
2024 ഫെബ്രുവരി 13 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കംകുറിച്ച ഈ പരിവർത്തനാത്മക പദ്ധതി ഇന്ത്യയുടെ ഊർജമേഖലയെ അതിവേഗം പുനരാവിഷ്ക്കരിക്കുന്നു. ലഭിച്ച 47.3 ലക്ഷം അപേക്ഷകളില്‍ ഇതിനകം 6.13 ലക്ഷം ഗുണഭോക്താക്കൾക്ക് 4,770 കോടി രൂപയുടെ സബ്‌സിഡി വിതരണം ചെയ്തതിലൂടെ ഈ സംരംഭം സൗരോര്‍ജത്തെ എന്നത്തേക്കാളുമധികം പ്രാപ്യമാക്കുന്നു. 12 പൊതുമേഖലാ ബാങ്കുകൾ വഴി 6.75% സബ്‌സിഡി പലിശ നിരക്കിൽ രണ്ടുലക്ഷം രൂപ വരെ ഈടുരഹിത വായ്പകൾ ഉൾപ്പെടെ സുഗമമായ ധനസഹായ പദ്ധതികള്‍ ജനങ്ങളെ കൂടുതലായി ഇതിലേക്കാകര്‍ഷിച്ചു. എല്ലാവർക്കും സാമ്പത്തിക ഉൾച്ചേര്‍ക്കല്‍ ഉറപ്പാക്കുന്ന സംരംഭത്തില്‍ ഇതുവരെ ലഭിച്ച 3.10 ലക്ഷം വായ്പാ അപേക്ഷകളില്‍ 1.58 ലക്ഷം അനുവദിക്കുകയും 1.28 ലക്ഷം വിതരണം ചെയ്യുകയും ചെയ്തു.
15 ദിവസത്തെ സുഗമമായ സബ്‌സിഡി കൈമാറ്റ പ്രക്രിയയ്ക്കൊപ്പം നിരവധി ഗുണഭോക്താക്കൾക്ക് വൈദ്യുതി ബില്ലുകള്‍ ഇല്ലാതാക്കുന്നതുവഴി പദ്ധതി വീടുകൾക്ക് വൈദ്യുതി നൽകുന്നതിനൊപ്പം ജനങ്ങളെ ശാക്തീകരിക്കുകയും ചെയ്യുന്നു. പിഎംജിഎംബിവൈ-യ്ക്ക് കീഴിലെ ഓരോ പുരപ്പുറ സൗരോര്‍ജ കേന്ദ്രവും 100 മരങ്ങൾ നടുന്നതിന് തുല്യമായ കാർബൺ ബഹിര്‍ഗമനം കുറയ്ക്കുന്നതുവഴി ശുചിത്വപൂര്‍ണവും ഹരിതാഭവും സ്വയംപര്യാപ്തവുമായ ഭാവിയിലേക്ക് രാജ്യത്തെ നയിക്കുന്നു.
നിരവധി സംസ്ഥാനങ്ങളിൽ ശ്രദ്ധേയമായ പുരോഗതി
പല സംസ്ഥാനങ്ങളിലും പദ്ധതി ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. ചണ്ഡീഗഢിലും ദാമൻ & ദിയുവിലും സർക്കാർ കെട്ടിടങ്ങളിലെ മേൽക്കൂര സൗരോര്‍ജ ലക്ഷ്യം പൂര്‍ണതോതില്‍ കൈവരിച്ച ശ്രദ്ധേയ നേട്ടം സംശുദ്ധ ഊർജ ഉപഭോഗത്തിലേക്ക് രാജ്യത്തെ നയിച്ചു. ആകെ സ്ഥാപിത കണക്കുകളിൽ ഗണ്യമായ സംഭാവന നൽകുന്ന രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളും അസാധാരണ പ്രകടനം കാഴ്ചവെയ്ക്കുന്നു. 2026-27-ഓടെ ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോര്‍ജമെന്ന ലക്ഷ്യവുമായി പദ്ധതിയുടെ സുഗമവും സമയബന്ധിതവുമായ നിർവഹണം ഉറപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങളിലെയും പുരോഗതി സർക്കാർ സജീവമായി നിരീക്ഷിച്ചുവരികയാണ്.