കിഴക്കൻ ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിലാണ് സംഭവം. എംബിബിഎസിന് പ്രവേശനം കിട്ടുന്നതിന് ഭിന്നശേഷി സർട്ടിഫിക്കറ്റും നീറ്റ് പരീക്ഷയിൽ ഇളവുകൾ നേടുന്നതിനും വേണ്ടിയാണ് 24കാരനായ യുവാവ് ഇടതു കാൽപ്പാദം മുറിച്ചുമാറ്റിയതെന്ന് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു.
ലൈൻ ബസാർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഖാലിപൂരിൽ താമസിക്കുന്ന സുരാജ് ഭാസ്‌കർ എന്നയാളാണ് കാൽപ്പാദം മുറിച്ച് മാറ്റിയത്. ഇയാൾ ഡിപ്ലോമ ഇൻ ഫാർമസി(ഡി.ഫാർമ)കോഴ്‌സ് പൂർത്തിയാക്കി നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ജനുവരി 18നാണ് സംഭവം നടന്നത്. സുരാജ് തെറ്റായ വിവരങ്ങൾ നൽകി തട്ടിപ്പ് നടത്തിയെന്ന കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സുരാജ് നൽകിയ മൊഴിൽ പോലീസ് പൊരുത്തക്കേടുകൾ കണ്ടെത്തുകയും കൂടുതൽ ചോദ്യം ചെയ്തപ്പോൾ സത്യം പുറത്തു വരികയുമായിരുന്നു.
തന്നെ അജ്ഞാതരായ ആളുകൾ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന സുരാജിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ജനുവരി 18നാണ് സുരാജ് ആക്രമിക്കപ്പെട്ടതായി വിവരം ലഭിച്ചതെന്ന് സിറ്റി സർക്കിൾ ഓഫീസർ ഗോൾഡി ഗുപ്ത പറഞ്ഞു. പിറ്റേന്ന് രാവിലെ ബോധം തെളിഞ്ഞപ്പോൾ ഇടതുകാൽ മുറിച്ചുമാറ്റിയിരുന്നതായും സുരാജ് അവകാശപ്പെട്ടു.
സുരാജ് നൽകിയ മൊഴിയുടെയും രേഖാമൂലമുള്ള പരാതിയുടെയും അടിസ്ഥാനത്തിൽ പോലീസ് അജ്ഞാതരായ രണ്ട് പേർക്കെതിരേ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പിന്നാലെ അന്വേഷണം ആരംഭിച്ചതായും ഗുപ്ത പറഞ്ഞു.
”എന്നാൽ സുരാജ് ആവർത്തിച്ച് മൊഴിമാറ്റുകയും പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. ഇത് അന്വേഷണ സംഘത്തിൽ സംശയമുണ്ടാക്കി,” അവർ പറഞ്ഞു.
തുടർന്ന് സുരാജിന്റെ ഫോണിലെ കോൾ വിവരങ്ങൾ ശേഖരിച്ച് പരിശോധിച്ചു. അതിൽ അയാൾ ഒരു സ്ത്രീയുമായി പ്രണയത്തിലാണെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി സ്ത്രീയെ പോലീസ് ചോദ്യം ചെയ്തു. കാമുകിയെ ചോദ്യം ചെയ്തപ്പോഴും കൂടുതൽ അന്വേഷണത്തിലും 2026ലെ എംബിബിഎസ് കോഴ്‌സിൽ പ്രവേശനം നേടാൻ സുരാജ് ആഗ്രഹിച്ചിരുന്നതായി അവർ കണ്ടെത്തി. ഭിന്നശേഷിക്കാരനാണെന്ന് കാണിക്കുന്ന രേഖകൾ ലഭിക്കുന്നതിന് ഒക്ടോബറിൽ സുരാജ് ബനാറസ് ഹിന്ദു സർവകലാശാലയിൽ പോയിരുന്നതായി പോലീസ് കണ്ടെത്തി. എന്നാൽ ഈ ശ്രമം പരാജയപ്പെട്ടിരുന്നു.
സുരാജിന്റെ കാൽപ്പാദം ആയുധമുപയോഗിച്ച് മുറിച്ച് മാറ്റിയത് പോലെയല്ല കാണപ്പെട്ടതെന്നും മറിച്ച് യന്ത്രം ഉപയോഗിച്ചാണ് മുറിച്ചുമാറ്റിയതെന്ന് തോന്നുന്നതായും പോലീസ് പറഞ്ഞു. അന്വേഷണത്തിൽ ഇരയെ ആരും ആക്രമിച്ചതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഗുപ്ത പറഞ്ഞു. സുരാജിന്റെ നിർമാണത്തിലിരിക്കുന്ന വീടും പരിസരവും പോലീസ് പരിശോധിച്ചുവെങ്കിലും അറ്റ്‌പോയ കാൽപ്പാദം കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ വീടിന് സമീപത്തെ വയലിൽ നിന്ന് സിറിഞ്ചുകൾ കണ്ടെത്തി. ഇത് ലോക്കൽ അനസ്‌തേഷ്യ നൽകാൻ ഉപയോഗിച്ചതാകാമെന്ന് കരുതുന്നു. ഫാർമസി ബിരുദം ഉള്ളതിനാൽ കുത്തിവയ്പ്പുകൾ എടുക്കുന്ന മരുന്നിനെക്കുറിച്ചും അത് എടുക്കേണ്ട രീതിയെക്കുറിച്ചും സൂരജിന് അറിയാമായിരുന്നുവെന്നും കരുതുന്നു.വേദനയെടുക്കുന്നത് ഒഴിവാക്കാൻ ഇയാൾ ശരീരം മരവിപ്പിക്കുന്നതിനുള്ള മരുന്ന് സ്വയം കുത്തിവെച്ച് കാൽപ്പാദം മുറിച്ചുമാറ്റിയതായിരിക്കുമെന്ന് പോലീസ് വിശ്വസിക്കുന്നു.
സംഭവം നടന്ന ദിവസം രാവിലെ അഞ്ച് മണിക്ക് കുടുംബാംഗങ്ങളെ സുരാജ് വിളിച്ചുവെങ്കിലും അവർ മറുപടി നൽകിയില്ല. അതിന് ശേഷം ഒരു ബന്ധുവിനെ ഫോണിൽ വിളിക്കുകയും അയാളാണ് കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയും ചെയ്തത്.
കൂടുതൽ അന്വേഷണത്തിൽ സുരാജ് ദിവസും എഴുതാറുണ്ടായിരുന്ന ഒരു ഡയറിയും പോലീസ് കണ്ടെത്തി. ഏതൊരു ജോലിയും തുടങ്ങുന്നതിന് മുമ്പ് അയാൾ തന്റെ ലക്ഷ്യം ഡയറിയിൽ എഴുതാറുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. 2026ൽ എംബിബിഎസ് പ്രവേശനം നേടുമെന്ന് ഇയാൾ ഡയറിയിൽ എഴുതിയിരുന്നു. വിവാഹ രജിസ്‌ട്രേഷന്റെ ഫോമും പൂരിപ്പിച്ചിരുന്നു.
നിലവിൽ സുരാജിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുമെന്നും കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു.