ബാംഗ്ലൂരു —കര്‍ണാടകയില്‍ കലാപകേസിലെ പ്രതിയായ കര്‍സേവകൻ ശ്രീകാന്ത് പൂജാരി 31 വര്‍ഷത്തിനുശേഷമാണ് പൊലീസിന്‍റെ പിടിയിലാകുന്നത്. 1992ല്‍ രാമജന്മഭൂമി സമരത്തോടനുബന്ധിച്ച് ഹുബ്ബള്ളിയില്‍ നടന്ന പ്രക്ഷോഭത്തിനിടെ ഉണ്ടായ അക്രമവുമായി ബന്ധപ്പേട്ട കേസിലാണ് ഇയാള്‍ പിടിയിലാകുന്നത്.
1992 ഡിസംബര്‍ അഞ്ചിന് ഹുബ്ബള്ളിയില്‍ നടന്ന റാലിക്കിടെ ന്യൂനപക്ഷ വിഭാഗക്കാരുടെ കടകള്‍ക്ക് തീയിട്ടതുമായി ബന്ധപ്പെട്ട് ശ്രീകാന്ത് പൂജാരിയടക്കം 10 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്ന് 20 വയസ്സുണ്ടായിരുന്ന പൂജാരി എഫ്.ഐ.ആര്‍ പ്രകാരം മൂന്നാം പ്രതിയായിരുന്നു. എന്നാല്‍, ഹുബ്ബള്ളി ചന്നപേട്ട് സ്വദേശിയായ ഇയാള്‍ക്കെതിരെ 1992നും 2018നും ഇടയില്‍ 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും അനധികൃത മദ്യവില്‍പനയുമായി ബന്ധപ്പെട്ട കേസുകളാണ്.
കലാപങ്ങളുമായി ബന്ധപ്പെട്ട് മൂന്നു കേസുകളും മറ്റു കേസുകള്‍ ചൂതാട്ടവുമായും ബന്ധപ്പെട്ടാണ്. ഇവയില്‍ മിക്ക കേസുകളും ഓള്‍ഡ് ഹുബ്ബള്ളി പൊലീസ് സ്റ്റേഷനിലാണുള്ളത്. 10 തവണയാണ് വിവിധ കേസുകളിലായി പൊലീസ് ശ്രീകാന്തിനെ അറസ്റ്റ് ചെയ്തത്. ഓരോ തവണയും ജാമ്യത്തിലിറങ്ങുകയായിരുന്നു. കുറച്ചുകാലമായി ഓട്ടോ ഡ്രൈവറായി കഴിയുന്ന ശ്രീകാന്തിനെ കഴിഞ്ഞദിവസമാണ് കലാപ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ഈ കാലയളവിനിടെ ഒരിക്കല്‍പോലും ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കലാപ കേസില്‍ ശ്രീകാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നതാണ് ഏറെ അദ്ഭുതം.
ഓരോ കേസില്‍ അറസ്റ്റിലാകുമ്ബോഴും പ്രതിയുടെ ക്രിമിനല്‍ റെക്കോഡ് പൊലീസ് പരിശോധിക്കുന്നത് പതിവാണ്. എന്നിട്ടും കലാപ കേസിലെ പിടികിട്ടാപ്പുള്ളിയാണ് തങ്ങളുടെ കസ്റ്റഡിയിലുള്ളതെന്ന കാര്യം പൊലീസിന് മനസ്സിലാകാതെ പോയതാണോ, അതോ സൗകര്യപൂര്‍വം മറന്നതാണോ എന്നതാണ് ഉയരുന്ന ചോദ്യം. ഒരു കലാപകേസിലെ മുഖ്യപ്രതികളിലൊരാള്‍ 31 വര്‍ഷമായി പൊലീസിന്‍റെ കണ്‍വെട്ടത്തുണ്ടായിട്ടും മറ്റു കേസുകളില്‍ സ്റ്റേഷനുകള്‍ കയറിയിറങ്ങിയിട്ടും തിരിച്ചറിയാതെ പോകുകയോ?
ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ 2014ലാണ് ഇയാള്‍ ഇതിനു മുമ്ബ് ഒരു കേസില്‍ അറസ്റ്റിലാകുന്നത്. അന്യായമായി തടങ്കലില്‍ വെക്കുകയും മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ഓള്‍ഡ് ഹുബ്ബള്ളി പൊലീസാണ് ശ്രീകാന്തിനെ അന്ന് അറസ്റ്റ് ചെയ്തത്. പിന്നാലെ കേസില്‍ ജാമ്യത്തിലിറങ്ങി. അതേസമയം, ശ്രീകാന്തിനെ അറസ്റ്റു ചെയ്ത കര്‍ണാടക സര്‍ക്കാറിന്‍റെ നടപടി കോണ്‍ഗ്രസിനെതിരെ പ്രചാരണായുധമാക്കുകയാണ് ബി.ജെ.പി. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാമക്ഷേത്രത്തിനും രാമജന്മഭൂമി പ്രവര്‍ത്തകര്‍ക്കുമെതിരാണെന്നും ഹിന്ദു വിരുദ്ധരാണെന്നുമുള്ള പ്രചാരണമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. പൂജാരിയുടെ അറസ്റ്റില്‍ വിദ്വേഷ രാഷ്ട്രീയം ചേര്‍ക്കേണ്ടതില്ലെന്നും കോടതി കുറ്റമുക്തമാക്കുന്നതുവരെ ക്രിമിനലുകള്‍ എന്നും ക്രിമിനലുകള്‍ തന്നെയാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.
സ്റ്റേഷനുകളിലെ പഴയ കേസുകളില്‍ നടപടി സ്വീകരിക്കുന്നത് പതിവാണെന്നും ഇതുപ്രകാരമാണ് ശ്രീകാന്ത് പൂജാരിയെ അറസ്റ്റ് ചെയ്തതെന്നും ഹുബ്ബള്ളി- ധാര്‍വാഡ് എസ്.പി രേണുക കെ. സുകുമാര്‍ പറഞ്ഞു. നിലവില്‍ ശ്രീകാന്ത് റിമാൻഡിലാണ്.
– – –