എത്രയോ നാളു കൂടി പരസ്യങ്ങളുടെ അകമ്പടിയില്ലാതെ, ഫോണിലെ മെസ്സേജോ കോളോ അറ്റൻഡ് ചെയ്യാതെ, കോളിംഗ് ബെൽ അടിക്കുന്നത് ആരെന്ന് നോക്കാതെ,ഇടയ്ക്കൊന്ന് അടുക്കളയിൽ എത്തിനോക്കാതെ രണ്ടര മണിക്കൂർ തീയേറ്ററിൽ സ്വസ്ഥമായി ഇരുന്ന് ഒരു സിനിമ കണ്ടപ്പോൾ അതിൻറെ സന്തോഷം ഒന്ന് വേറെ തന്നെ.
പകൽപോലെ വ്യക്തമായ ഒരു നേരിനെ പലതരം ഇരുട്ടുകൾ കൊണ്ട് മൂടാൻ ശ്രമിക്കുന്ന പ്രതിഭാഗം വക്കീലിന്‍റെയും മകളുടെയും വാദങ്ങൾ ഒന്നൊന്നായി പൊളിച്ചടുക്കുന്ന വാദിഭാഗം വക്കീൽ ആയി ലാലേട്ടൻ ജീവിക്കുന്നു. പലപ്പോഴും കയ്യടിയുടെ ബഹളം കൊണ്ട് ഡയലോഗുകൾ മുഴുവൻ കേൾക്കാനായില്ല എന്നൊരു സങ്കടം മാത്രം.
സാറ എന്ന പെൺകുട്ടിയായി അഭിനയിക്കുന്ന അനശ്വര ആണ് ഇനി നമ്മുടെ മലയാള സിനിമയുടെ അടുത്ത ലേഡീ സൂപ്പർസ്റ്റാർ എന്ന് നിസ്സംശയം പറയാം. ജീവിതത്തിലെ ഏതോ അന്ധയെ കണ്ട് സൂക്ഷ്മനിരീക്ഷണം നടത്തി അതി കഠിനമായ പരിശീലനത്തിലൂടെ ആ ഭാവപ്രകടനങ്ങൾ അതേപടി ഒപ്പിയെടുത്തത് പോലെയുണ്ട് അനശ്വരയുടെ അഭിനയം.
ഈയിടെ തട്ടിക്കൊണ്ടുപോയ അഭിഗേൽ എന്ന പെൺകുട്ടി പറഞ്ഞതനുസരിച്ച് കുറ്റവാളികളുടെ രേഖാചിത്രം തയ്യാറാക്കിയ രണ്ട് ആർട്ടിസ്റ്റുകളെ നമ്മൾ പത്ര മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും കണ്ടു.പലപ്പോഴും ഇതുപോലെ രേഖാചിത്രങ്ങൾ തയ്യാറാക്കപ്പെടാറു ണ്ടായിരുന്നെങ്കിലും സാധാരണ അതുമായി കുറ്റവാളികൾക്ക് പുലബന്ധം പോലും ഉണ്ടാകാറില്ല. പക്ഷേ ആദ്യമായിട്ടായിരുന്നു രേഖാചിത്രത്തിൽ നിന്ന് പോലീസ് കുറ്റവാളികളിലേക്ക് എത്തുന്നത്. ഏകദേശം അതുപോലെ ഒരു കലാസൃഷ്ടിയിലൂടെ പോലീസ് കുറ്റവാളിയിലേക്ക് എത്തുന്നു.
അന്ധയായ സാറ എന്ന പെൺകുട്ടി പീഡനത്തിന് ഇരയാകുന്നു. ദൃക്സാക്ഷികൾ ഇല്ലാത്ത ആ കേസിൽ സാറ തന്നെ പ്രതിയുടെ പ്രതിമ കളിമണ്ണിൽ പുനർജനിപ്പിക്കുന്നു. അതിൽ നിന്ന് പോലീസ് പ്രതിയെ തിരിച്ചറിയുന്നു. “ദൃശ്യം” സിനിമ പോലെ വലിയ സസ്പെൻസ് ഒന്നും അവകാശപ്പെടാനില്ലെങ്കിലും സിദ്ദിഖ് എന്ന് പ്രതി ഭാഗം വക്കീൽ ഉണ്ടാക്കികൊണ്ടു വരുന്ന ഓരോ കള്ളതെളിവുകളേയും മോഹൻലാൽ എങ്ങനെ മറികടക്കും, സാറയ്ക്ക് നീതി കിട്ടുമോ, താൻ അനുഭവിച്ച പീഡനത്തക്കാൾ വലുതാണല്ലോ വക്കീലന്മാരുടെ ഈ അപമാനിക്കൽ എന്ന് തോന്നത്തക്കവിധത്തിലുള്ള സാറയുടെ നിസ്സഹായവസ്ഥ, എങ്കിലും അവളിലെ പോരാട്ട വീര്യം……. അങ്ങേയറ്റം ഉദ്വേഗജനകമായി തന്നെയാണ് കഥയുടെ മുന്നോട്ടുള്ള പോക്ക്.
ക്ലൈമാക്സ് സീനിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രതിഭാഗം വക്കീലിന്റെ പ്രതിരൂപം ഉണ്ടാക്കാനായി സാറ അദ്ദേഹത്തിന്റെ മുഖം സ്പർശിച്ചു നോക്കികൊണ്ടിരിക്കുമ്പോൾ ഉള്ള സിദ്ദിഖിന്റെ പ്രകടനം ഗംഭീരം!!
സ്ഥിരം ന്യൂജനറേഷൻ സിനിമകളിൽ കാണുന്ന ടോയലറ്റ് അനുബന്ധമായ തമാശകളും സീനുകളും അവ്യക്തമായ സംഭാഷണങ്ങളും കൂരാകൂരിരുട്ടും ഈ സിനിമയിൽ ഇല്ലെന്നത് വലിയൊരു ആശ്വാസം തന്നെയാണ്.
മൊത്തത്തിൽ നല്ലൊരു സിനിമ കണ്ട സന്തോഷം. 🙏🙏👍
മേരി ജോസി മലയിൽ ✍
തിരുവനന്തപുരം.