പാപ്പിരി: നൈജീരിയയിൽ സായുധ സംഘം തട്ടിക്കൊണ്ട് പോയ 130 വിദ്യാർത്ഥികളേ കൂടി മോചിപ്പിച്ചു. നൈജറിലെ ക്രിസ്ത്യൻ സ്കൂളിൽ നിന്നും തട്ടിക്കൊണ്ട് പോയ വിദ്യാർത്ഥികളെയാണ് ഒടുവിൽ മോചിപ്പിച്ചത്. ആശ്വാസകരമായ ഉജ്ജ്വല നേട്ടമെന്നാണ് നടപടിയെ നൈജീരിയയിലെ ഫെഡറൽ ഗവൺമെന്റ് വിശദമാക്കുന്നത്.
രാജ്യത്ത് അടുത്തിടെയുണ്ടായ ഏറ്റവും മോശമായ തട്ടിക്കൊണ്ട് പോകലുകളിലൊന്നായിരുന്നു നവംബർ 21ന് നടന്നത്. നൈജറിലെ പാപ്പിരിയിലെ സെന്റ് മേരീസ് കത്തോലിക്കാ സ്കൂളിലെ 250 കുട്ടികളെയാണ് സായുധ സംഘം തട്ടിക്കൊണ്ട് പോയത്.
ഡിസംബർ ആദ്യവാരത്തിൽ 100 വിദ്യാർത്ഥികളെ മോചിപ്പിക്കാൻ സാധിച്ചിരുന്നു. നിലവിൽ വിദ്യാർത്ഥികൾ ആരും തന്നെ സായുധ സംഘത്തിന്റെ പിടിയിലില്ലെന്നാണ് അധികൃതർ വിശദമാക്കുന്നത്. ഇതിനോടകം 230 വിദ്യാർത്ഥികളെ സായുധ സംഘത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിച്ചതായാണ് നൈജീരിയയുടെ പ്രസിഡന്റിന്റെ ഔദ്യോഗിക വക്താവ് വിശദമാക്കിയത്. സായുധ സംഘം സ്കൂളിൽ നിന്ന് കടത്തിക്കൊണ്ട് പോയ വിദ്യാർത്ഥികളുടെ കൃത്യമായ എണ്ണം പുറത്ത് വന്നിരുന്നില്ല.
നവംബർ 18ന് ക്വാരയിലെ ക്രൈസ്റ്റ് അപോസ്തലിക് ദേവാലയത്തിൽ നിന്ന് സായുധ സംഘം 38 പേരെയാണ് തട്ടിക്കൊണ്ട് പോയത്. അന്ന് നടന്ന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഇത്തരം തട്ടിക്കൊണ്ട് പോകലിന് പിന്നിലെ പ്രകോപനത്തിൽ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും മോചനദ്രവ്യത്തിനായി നടക്കുന്ന കൊലപാതകങ്ങളാണ് നടക്കുന്നതിൽ ഏറെയുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.



