Saturday, October 5, 2024
Homeഅമേരിക്കവി പി സത്യൻ മെമ്മോറിയൽ സോക്കർ ടൂർണമെന്റിന് ഇൻഡ്യൻ നഴ്സസ് അസോസിയേഷൻ മെഡിക്കൽ കവറേജ് നൽകി

വി പി സത്യൻ മെമ്മോറിയൽ സോക്കർ ടൂർണമെന്റിന് ഇൻഡ്യൻ നഴ്സസ് അസോസിയേഷൻ മെഡിക്കൽ കവറേജ് നൽകി

പോൾ ഡി. പനയ്ക്കൽ

നോർത്ത് അമേരിക്കൻ മലയാളീ സോക്കർ ലീഗിന്റെ നേതൃത്വത്തിൽ ഈയിടെ നടന്ന വി.പി. സത്യൻ മെമ്മോറിയൽ ആന്വൽ സോക്കർ ടൂർണമെന്റിന്റെ മെഡിക്കൽ ടീം ആയി സേവനം ചെയ്ത ഇൻഡ്യൻ നഴ്സസ് അസോസിയേഷൻ മത്സരത്തിനായി പങ്കെടുത്ത സോക്കർ ടീമുകളുടെ ആദരവും ചാരിതാർഥ്യവും നേടി. രണ്ടു ദിവസമായി ന്യൂ യോർക്കിൽ റാൻഡൽസ് ഐലന്റിലും റോക്ക്-വിൽ സെന്ററിലും നടന്ന ടൂർണമെന്റിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുപത്തിരണ്ടു ടീമുകളാണ് പങ്കെടുത്തത്. കൂടാതെ കാണികളും. പ്രഥമ ശ്രുശ്രൂഷയിലും അടിയന്തിര പരിചരണത്തിലും വൈദഗ്ധ്യം നേടിയ നഴ്സുമാരും നേഴ്സ് പ്രാക്ടീഷണര്മാരും നിറഞ്ഞ ഒരു പ്രൊഫെഷണൽ ടീം ഏതൊരു ആകസ്മികതയേയും നേരിടാൻ ജാഗരൂകരായി ടൂർണമെന്റിന്റെ ആദ്യന്തം സേവനം ചെയ്തു.

ടൂർണമെന്റിന്റെ തുടക്കം മുതൽ ഓരോ മാച്ചിലും കളിക്കാർക്ക് സംഭവിച്ച പരുക്കുകളെ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള നഴ്സിംഗ് ശുസ്രൂഷ നൽകുകയെന്ന ഐനാനി ദൗത്യം ഉൽകൃഷ്ടമാക്കികൊണ്ട് നഴ്സുമാർ പരിചരണം നൽകി. ഐനാനിയുടെ പങ്കാളിത്തവും സന്നദ്ധതയും ഏകോപിപ്പിച്ച സിനി വർഗ്ഗീസിനോടൊപ്പം ആനി സാബു, ഗ്രേസ് അലക്‌സാണ്ടർ, മഞ്ജു മാത്യു, ഏലിയാമ്മ അപ്പുകുട്ടൻ, ജയാ തോമസ്, ഉഷ ജോർജ്, ജിഷ പോൾ, ഡെയ്സി, ഷൈനി ജേക്കബ് എന്നീ പ്രൊഫെഷണലുകളായിരുന്നു പരിചരണ സേവനം ചെയ്തത്. രണ്ടു ദിവസത്തെ കളികൾക്കിടയിൽ എൺപതോളം പേർക്ക് അടിയന്തിര ചികിത്സയും ശുസ്രൂഷയും ആവശ്യമായി വന്നത് ഐനാനി ടീം അനായാസമായി കൈകാര്യം ചെയ്തു.

ഒരു പ്രൊഫെഷണൽ നഴ്സിംഗ് സംഘടനയെന്ന നിലയിൽ ഐനാനി ന്യൂ യോർക്ക് പ്രദേശത്തെ ഇൻഡ്യൻ അമേരിക്കൻ നഴ്സുമാരുടെ ഉന്നത വിദ്യാഭാസത്തിനും അവരുടെ തുടർ വിദ്യാഭ്യാസത്തിനും നഴ്സിംഗ് വിദ്യാർത്ഥികളെ സഹായിക്കുന്നതിനും വ്യാപൃതമാണ്. ഗവേഷണവും തെളിവിലധിഷ്ഠിതമായ പ്രയോഗവും വഴി വ്യക്തികൾക്കും കുടുംബങ്ങൾക്കും കമ്മ്യൂണിറ്റികൾക്കും മികച്ച ഫലം ഉണ്ടാക്കുകയാണ് ഐനാനിയുടെ ദൗത്യങ്ങളിലൊന്ന്. തങ്ങൾക്കുള്ള കഴിവുകളും ലൈസൻസും സമൂഹത്തിന്, പ്രത്യേകിച്ച് ആരോഗ്യ സൗകര്യങ്ങൾ വേണ്ടവിധം ലഭ്യമല്ലാത്ത കമ്മ്യൂണിറ്റികളിൽ, സഹായകമാകുന്നതിനും പൊതുപ്രവർത്തനം വഴി കമ്മ്യൂണിറ്റികളെ സഹായിക്കുന്നതിനും സമർപ്പണവും പ്രതിബദ്ധതയും തെളിയിച്ച ഐനാനിക്ക് 2022-ലും ഈ വർഷവും ന്യൂ യോർക്കിലെ ഏഷ്യൻ അമേരിക്കൻ പസിഫിക് ഐലൻഡർ കമ്മ്യൂണിറ്റിക്കുവേണ്ടിയുള്ള ഫണ്ടിൽ നിന്ന് ഗ്രാന്റ് ലഭിച്ചിരുന്നു. കൊയാലിഷൻ ഓഫ് ഏഷ്യൻ അമേരിക്കൻ ചിൽഡ്രൻ ആൻഡ് ഫാമിലീസ് എന്ന സംഘടനയുടെ പങ്കാളിത്തത്തോടെ ഏഷ്യക്കാർ സമൂഹത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന, പ്രത്യേകിച്ച് കോവിഡ് പകർച്ചവ്യാധിയെ തുടർന്ന് വര്ധിച്ചുവന്ന, ഏഷ്യൻ വിരുദ്ധ വിദ്വേഷ സംഭവങ്ങളെ നേരിടുന്നതിന് ഗ്രാന്റ് ഐനാനിക്ക് പിന്തുണയായി. ഏഷ്യക്കാർ വിദ്യാഭ്യാസത്തിലും സമ്പത്തിലും ഉന്നത നേട്ടം കൈവരിച്ചവരാണെന്ന ലേബൽ ആ കമ്മ്യൂണിറ്റിയിലെ തന്നെ താഴേക്കിടയിലെ വിഭാഗത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന വസ്തുത അധികമാരുടെയും ശ്രദ്ധയിൽ പെടാതിരിക്കാൻ കാരണമാണെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. ആ ന്യൂനപക്ഷത്തിന്റെ നന്മയിലേക്ക് ഐനാനി വഴികൾ തെളിക്കുകയാണ്.

ഇന്ത്യയിൽ “ആക്സിഡന്റ് കെയർ ആൻഡ് ട്രാൻസ്‌പോർട് സർവീസ്”, “കിഡ്നി ഫെഡറേഷൻ ഓഫ് ഇൻഡ്യ” എന്നീ സംഘടനകളുടെ സ്ഥാപകനായ, കിഡ്‌നി പ്രീസ്റ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഫാദർ ഡേവിസ് ചിറമേൽ ഐനാനി മെഡിക്കൽ ബൂത്ത് സന്ദർശിച്ച് അസോസിയേഷൻ ചെയ്യുന്ന സേവനങ്ങളെ പുകഴ്ത്തി. ടൂർണമെന്റിന് ആതിഥേയത്വം വഹിച്ച ന്യൂ യോർക്ക് മലയാളീ സ്പോർട്സ് ക്ലബ് ഐനാനിയുടെ നിസ്വാർത്ഥ സേവനത്തിന് അകൈതവമായ നന്ദി പ്രകടിപ്പിച്ചു.

പോൾ ഡി. പനയ്ക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments