ഹൃദയാങ്കണങ്ങളിൽ പൊന്നൊളിയായ്
പൊൻവിഷു പുലരിയുദിച്ചുയർന്നു
ഏതോ വിഷാദമാം രാഗത്തിലായ്
വിഷുപ്പക്ഷി തേങ്ങിക്കരഞ്ഞു പാടി
ആകാശത്തമ്പിളി വെട്ടത്തിലായ്
താരാഗണങ്ങളെപ്പോലെയാവാൻ
മേടമാസത്തിൻ നിലാവുകൊള്ളാൻ
മോഹിച്ച മോഹങ്ങളാരു കാണാൻ
വാസന്ത മന്ദസ്മിതങ്ങളെല്ലാം
വിലയിട്ടു വിലപേശി വിറ്റു നമ്മൾ
വാണിജ്യ കാലത്തെ വിഷുവിനെയും
വാണിഭ ചന്തയായ് മാറ്റി നമ്മൾ
എങ്കിലും പൊൻകണിയായി മാറാൻ
കർണ്ണികാരം പൂത്തുലഞ്ഞിടുന്നു
കണ്ണൻ്റെ പാദാരവിന്ദങ്ങളിൽ
ഞെട്ടറ്റു വീഴുവാൻ വേണ്ടി മാത്രം
വിഷു ആശംസകൾ