Monday, December 23, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – ഫെബ്രുവരി 21, 2024 ബുധൻ

വാർത്തകൾ ഒറ്റനോട്ടത്തിൽ – ഫെബ്രുവരി 21, 2024 ബുധൻ

🔹പെൻസിൽവാനിയായിലെ അലെൻടൗണിൽ മുഹ്‌ലെൻബർഗ് കോളേജിന് സമീപമുണ്ടായ വെടിവെയ്പ്പിൽ നാലു പേർക്ക് പരിക്കേറ്റു. 18, വെസ്റ്റ് ടർണർ സ്ട്രീറ്റുകൾക്ക് സമീപം ചൊവ്വാഴ്ച വൈകീട്ട് ഏഴു മണിയോടെ വെടിവെയ്പ്പുണ്ടായത്. വെടിയേറ്റ പരിക്കുകളോടെ നാല് പേരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ കോളേജ് താത്കാലികമായി അടച്ചു.

🔹ബെൻസലേം ഹോം ഡിപ്പോയിൽ നിന്ന് 6,300 ഡോളർ വിലമതിക്കുന്ന സർക്യൂട്ട് ബ്രേക്കറുകൾ മോഷ്ടിച്ചയാൾക്കായി പോലീസ് അന്വേഷണം തുടരുന്നു. ഇയാൾ കടയിൽ കയറി സർക്യൂട്ട് ബ്രേക്കറുകൾ ഒരു വലിയ സ്യൂട്ട്കേസിൽ എടുത്തു പുറത്തേക്ക് നടക്കുകയായിരുന്നുവെന്നും, വെള്ള എസ്‌യുവിയിലാണ് ഇയാൾ പ്രദേശം വിട്ടതെന്നും പ്രദേശത്ത് ഒന്നിലധികം മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

🔹കൊളറാഡോ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയെ കൊലപാതക കേസിനു അറസ്റ്റ് ചെയ്തു. കൊളറാഡോയിലെ പ്യൂബ്ലോയിൽ നിന്നുള്ള മോണ്ട്‌ഗോമറി (26), കൊളറാഡോയിലെ പാർക്കറിൽ നിന്നുള്ള നോപ്പ് (24) എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ കൊലപ്പെടുത്തിയതിനു നിക്കോളാസ് ജോർദാൻ(25) നെ അറസ്റ്റ് ചെയ്തു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു പോലീസ് അന്വേഷണം തുടരുന്നു.

🔹ഫിലഡൽഫിയയിലെ സൊസൈറ്റി ഹിൽ പരിസരത്തുള്ള ഒരു ചരിത്രപ്രസിദ്ധമായ പള്ളിയുടെ ജനലുകൾ സാമൂഹ്യ വിരുദ്ധർ കല്ലെറിഞ്ഞു തകർത്ത സംഭവത്തിൽ ഫിലഡൽഫിയ പോലീസ് അന്വേഷിക്കുന്നു. ആഫ്രിക്കൻ മെത്തഡിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ജന്മസ്ഥലമായി ബഹുമാനിക്കപ്പെടുന്ന ഒരു ആരാധനാലയമാണ് മദർ ബെഥേൽ എഎംഇ ചർച്ച്.

🔹അമേരിക്കൻ മലയാളികൾക്കിടയിൽ ക്രൈസ്തവ സാഹിത്യരംഗത്ത് പത്രാധിപർ, ലേഖകൻ, കോളമിസ്റ്റ്, ഗ്രന്ഥകാരൻ, സംഘാടകൻ എന്നീ നിലകളിൽ പ്രസിദ്ധനായ രാജൂ തരകൻ രചിച്ച ഏറ്റവും പുതിയ പുസ്തകമായ ‘ഇടയകന്യക’.യുടെ പ്രകാശനം നിർവഹിച്ചു. ഫെബ്രുവരി 17 ഞായറാഴ്ച വൈകീട്ട് ഡാളസ് ഗാർലാൻഡ് ല ബെല്ല റെസ്റ്റോറന്റിൽ ചേർന്ന യോഗത്തിൽ പുസ്തകത്തിന്റെ കോപ്പി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ്സിന്റെ പ്രസിഡന്റ് സണ്ണി മാളിയേക്കലിൽ നിന്നും മാധ്യമ പ്രവർത്തകൻ പി പി ചെറിയാൻ ഏറ്റു വാങ്ങി

🔹ചിക്കാഗോ മലയാളി അസോസിയേഷൻ വിമൻസ് ഫോറം വനിതാ ദിനാഘോഷത്തിൽ വനിതകൾക്കായി ചെറുകഥ മത്സരം നടത്തുന്നു. മാർച്ച്‌ 2 ശനിയാഴ്ച മോർട്ടൻ ഗ്രോവ് സ്. മേരീസ്‌ ക്നാനായ ചര്ച്ച് ഓഡിറ്ററിയത്തിൽ 3 മണിക് മത്സരം ആരംഭിക്കും. കഥയുടെ വിഷയം അര മണിക്കൂർ മുൻപ് നൽകും. അവരവർക്കു ഇഷ്ടമുള്ള രീതിയിൽ കഥ എഴുതി സമർപ്പിക്കാവുന്നതാണ്.

🔹ദില്ലി ചലോ മാര്‍ച്ചില്‍ സംഘര്‍ഷം. ശംഭു അതിര്‍ത്തിയില്‍ കര്‍ഷകരെ ക്രൂരമായി നേരിട്ട് പൊലീസ്. കര്‍ഷകര്‍ക്ക് നേരെ പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. സംഘര്‍ഷാവസ്ഥ ഉണ്ടായാല്‍ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കര്‍ഷക സംഘടനകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേ സമയം ചര്‍ച്ചയ്ക്ക് വീണ്ടും താല്‍പര്യം അറിയിച്ച് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വന്നിട്ടുണ്ട്. ചര്‍ച്ച നടന്നാല്‍ മാത്രമേ പരിഹാരം ഉണ്ടാകൂ എന്നും സര്‍ക്കാര്‍ വിശദമാക്കി.

🔹എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷയ്ക്ക്, സ്‌കൂളുകളുടെ നിത്യ ചിലവിനുള്ള ഫണ്ട് ഉപയോഗിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. എസ്എസ്എല്‍സി ഐടി പരീക്ഷയും ഹയര്‍സെക്കന്‍ഡറി പരീക്ഷകളും നടത്താന്‍ പണമില്ലാത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ വഴി തേടിയത്. സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കുന്ന മുറയ്ക്ക് സ്‌കൂളുകള്‍ക്ക് ചിലവാകുന്ന പണം തിരികെ നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു.

🔹സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, കണ്ണൂര്‍, ആലപ്പുഴ, കോഴിക്കോട്, കോട്ടയം ജില്ലകളില്‍ സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം എന്നാണ് മുന്നറിയിപ്പ്.

🔹നടിയെ ആക്രമിച്ച കേസില്‍, മെമ്മറി കാര്‍ഡ് ചോര്‍ന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയ്ക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറുന്നതില്‍ ദിലീപിന്റെ എതിര്‍പ്പ് കോടതി തള്ളി. അന്വേഷണ റിപ്പോര്‍ട്ട് രഹസ്യ രേഖയാക്കണമെന്ന ദിലീപിന്റെ ആവശ്യവും കോടതി പരിഗണിച്ചില്ല. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള അപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി തള്ളിയതിന് പിറകെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.

🔹തിരുവനന്തപുരം പേട്ടയില്‍ നിന്ന് കാണാതായി പിന്നീട് കണ്ടെത്തിയ കുട്ടിയുടെ കുടുംബം എസ്.എ.ടി ആശുപത്രിയില്‍ ബഹളം വെച്ചു. കുട്ടിയെ ആശുപത്രിയില്‍ നിന്ന് വിട്ടയക്കണം എന്ന് ആവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ ഉള്‍പ്പെടെ ബഹളം വെച്ചത്. കുട്ടിയെ ഒരാഴ്ച ആശുപത്രിയില്‍ നിരീക്ഷണത്തില്‍ വെക്കണമെന്ന് ആശുപത്രി അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടതിനെതിരെയാണ് പ്രതിഷേധം.

🔹തിരുവനന്തപുരം കാരക്കാമണ്ഡപത്ത് വീട്ടില്‍ നടന്ന പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പൂന്തുറ സ്വദേശി നയാസിനെതിരെ നേമം പൊലീസ് നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. പൂന്തുറ സ്വദേശി ഷമീനയും (36) കുഞ്ഞുമാണ് മരിച്ചത്. പ്രസവത്തെ തുടര്‍ന്ന് അമിതമായ രക്തസ്രാവമുണ്ടായതാണ് അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിലേക്ക് നയിച്ചത്.

🔹ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച പതിനൊന്നുകാരന്‍ മരിച്ചത് കൃത്യമായ പരിചരണം കിട്ടാതെയെന്ന് കുടുംബം ആരോപിച്ചു. മലപ്പുറം മുണ്ടക്കുളം സ്വദേശി മുഹമ്മദ് ഷമാസാണ് വെള്ളിയാഴ്ച മരിച്ചത്. ചികിത്സ പിഴവ് കാണിച്ച് കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി.

🔹ആലപ്പുഴ കലവൂരില്‍ 13 കാരന്‍ ആത്മഹത്യ ചെയ്ത കേസില്‍, സ്‌കൂള്‍ അധികൃതരുടെ മൊഴിയെടുക്കുമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ വസന്തകുമാരി. സംഭവത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഈ റിപ്പോര്‍ട്ട് ലഭിച്ചശേഷം വിദ്യാഭ്യാസ വകുപ്പ്, ബാലാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് സിഡബ്ല്യൂസി റിപ്പോര്‍ട്ട് നല്‍കുമെന്നും കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷം ചെയര്‍പേഴ്സണ്‍ അറിയിച്ചു.

🔹ട്രാന്‍സ്ജെന്‍ഡറായ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറെ വസ്ത്രമുരിഞ്ഞ് തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ചെന്നൈയിലാണ് സംഭവം. പ്രദേശത്തു നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന അഭ്യൂഹം പരന്നതിന് പിന്നാലെയായിരുന്നു ആള്‍ക്കൂട്ട ആക്രമണം. പൊലീസ് സ്ഥലത്തെത്തിയാണ് എഞ്ചിനീയറെ അക്രമികളില്‍ നിന്ന് രക്ഷിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ശങ്കര്‍ നഗര്‍ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു.

🔹ടെമ്പോ വാനും ട്രക്കും കൂട്ടിയിടിച്ച് ബിഹാറിലെ ലഖിസരായിയില്‍ ഒമ്പത് പേര്‍ മരിച്ചു. ടെമ്പോയില്‍ യാത്ര ചെയ്കവരാണ് മരിച്ച ഒമ്പത് പേരും. നിരവധി പേര്‍ക്ക് പരിക്കേറ്റു. പതിനഞ്ചോളം യാത്രക്കാരുമായി വന്ന ടെമ്പോ എതിര്‍ദിശയില്‍ നിന്ന് വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

🔹സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 46,000 കടന്നു. പവന് 200 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 46,000 കടന്നത്. 46,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് കൂടിയത്. 5760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി.

🔹‘ആടുജീവിതം’ സിനിമയുടെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍. ചിത്രം മാര്‍ച്ച് 28ന് തിയറ്ററുകളിലെത്തും. കാത്തിരിപ്പിന് നീളം കുറയുകയാണെന്നും മാര്‍ച്ച് 28ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മലയാളത്തില്‍ ഇന്നും ബെസ്റ്റ്‌സെല്ലറുകളില്‍ ഒന്നായ ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയില്‍ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008 ല്‍ പ്രാരംഭ വര്‍ക്കുകള്‍ ആരംഭിച്ച ആടുജീവിതം വര്‍ഷങ്ങളുടെ തയാറെടുപ്പുകള്‍ക്കൊടുവില്‍ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

Most Popular

Recent Comments