Thursday, September 19, 2024
Homeഅമേരിക്ക'അമ്മത്തൊട്ടിൽ' - (കവിത - ശ്രീ രാജൻ കൈലാസ്) : ഒരു സമകാലിക വായന -...

‘അമ്മത്തൊട്ടിൽ’ – (കവിത – ശ്രീ രാജൻ കൈലാസ്) : ഒരു സമകാലിക വായന – ഡോ. രാധ കയറാട്ട് ഒറ്റപ്പാലം

സ്നേഹരാഹിത്യം ഒരു മനുഷ്യാവസ്ഥയായി പരിണമിച്ചുകൊണ്ടിരിക്കുന്ന കാലമാണിത് . മനുഷ്യന്റെ മനോഭാവം വലിയൊരളവിൽ സുഖലോലുപത ലക്ഷ്യമിട്ട് വിചിത്രമായ ഒരവസ്ഥയിലെത്തിനില്ക്കയാണ് . അതിനാൽ സ്നേഹാധിഷ്ഠിതമായ കുടുംബ വ്യവസ്ഥിതിയുടെ പ്രാധാന്യം കുറഞ്ഞുവരികയാണ് . ഒരു മിനിട്ടു പോലും പരസ്പരം സഹകരിക്കാനോ സഹായിക്കാനോ സഹിക്കാനോ ക്ഷമിക്കാനോ തയ്യാറല്ലാത്ത വിധം മനുഷ്യമനസ്സുകൾ സ്വാർത്ഥപരതയുടെ സഞ്ചാരപഥത്തിലാണ് . മനുഷ്യത്വവും മാനവികതയും അന്യമായികൊണ്ടിരിക്കുന്ന ഈ വർത്തമാന സാമൂഹ്യ സാഹചര്യത്തിൽ നിന്നുകൊണ്ട് വായിക്കപ്പെടേണ്ട അതിശക്തമായ കവിതയാണ് പ്രശസ്ത കവി ശ്രീ രാജൻ കൈലാസിന്റെ
“അമ്മത്തൊട്ടിൽ ” .

സാന്ദർഭികമായി ഏറെ സാമൂഹ്യ മാനങ്ങളുണ്ടിതിന് . വെറും ഒരു വൈകാരിക തലത്തിൽ കാണേണ്ട കവിതയല്ലിത് . അമ്മയുടെ സ്നേഹവാത്സല്യങ്ങളും പരിലാളനങ്ങളും അനുഭവിച്ചാസ്വദിക്കേണ്ട സമയത്ത് അമ്മത്തൊട്ടിലിലേക്ക് വലിച്ചെറിയപ്പെടുന്നതിനാൽ ഇന്ന് പല ബാല്യങ്ങളും അനാഥമാക്കപ്പെടുന്നു . അതിനാൽ മാതൃത്വത്തെ ക്കുറിച്ചുള്ള ധാരണകളും നിലപാടുകളും ഒരു പ്രശ്ന മണ്ഡലത്തിലെത്തി നില്ക്കുന്ന കാലം കൂടിയാണിത് . ഇതിന് കാരണങ്ങൾ പലതാവാം . അവിഹിതഗർഭധാരണം മൂലമുള്ള അപമാനഭീതിയോ ദാരിദ്ര്യമോ നിസ്സഹായാവസ്ഥയോ അങ്ങിനെ പല ന്യായീകരണങ്ങളും പറയാനുണ്ടാവാം . പക്ഷെ കുഞ്ഞിന് സ്നേഹത്തണലും കരുത്തുമേകി അമ്മയ്ക്കു സമം നില്ക്കാൻ മറ്റൊന്നിനുമാവില്ല . ഇവിടെ ഈ കവിതയിൽ
” അമ്മമാർ കുഞ്ഞുങ്ങളെ
കളയുന്നതെന്തമ്മേ ” – എന്ന കുഞ്ഞിന്റെ ചോദ്യം ഈ സമൂഹത്തോടുതന്നെയാണ് .

ശിശുസഹജമായ ജിജ്ഞാസയോടെയുള്ള ഉണ്ണിയുടെ ചോദ്യങ്ങൾ ഏതൊരാളുടേയും ഉള്ളുലയ്ക്കുന്നതു തന്നെയാണ് . കുഞ്ഞിന്റെ ജിജ്ഞാസാവ്യഗ്രമായ ചോദ്യത്തിനു മുന്നിൽ അമ്മയ്ക്കുത്തരം മുട്ടുന്നത് സ്വാഭാവികം മാത്രം . കാരണം വെറുമൊരു കേവലമായ ചോദ്യമല്ലിത് . ചുറ്റുമുള്ള വർത്തമാന ജീവിതാവസ്ഥകളുടെ നിസ്സഹായതകളുടേയും ഗതികേടുകളുടേയും പ്രശ്ന സങ്കീർണതകളുടേയും പ്രതിഫലനം കൂടിയായിട്ടിതിനെ കാണേണ്ടതുണ്ട് .

ഇവിടെ വാത്സല്യനിധിയായ അമ്മയുടെ ഓരോ വാക്കും കുഞ്ഞിന്റെ വികാരത്തിനും പ്രജ്ഞയ്ക്കും സമാന്തരമായി സഞ്ചരിക്കുന്നുണ്ട് . അതുകൊണ്ടുതന്നെയാണ് ഇതിനൊരുത്തരം നല്കാനാവാതെ വിഷമിച്ചു നില്ക്കുന്ന അമ്മയ്ക്കുമുമ്പിൽ
” എന്നെയും കളയുവാ-
നമ്മയ്ക്കുതോന്നീലല്ലോ….!
എന്നമ്മ നല്ലോരമ്മ,
കെട്ടിപ്പിടിച്ചോരുമ്മ ”
എന്നു പറഞ്ഞ് തന്റെ അമ്മത്തണൽ നഷ്ടപ്പെട്ടില്ലല്ലോ എന്നോർത്ത് കുഞ്ഞ് സ്വയം ആശ്വസിക്കുന്നതും .

ഇന്ന് പാതയോരങ്ങളിലും കുറ്റിക്കാടുകളിലും അമ്മത്തൊട്ടിലുകളിലും ഉപേക്ഷിക്കപ്പെട്ട് തളർന്നുറങ്ങുന്ന കുഞ്ഞുങ്ങൾ കടന്നുപോകുന്ന അരക്ഷിതാവസ്ഥയിലേക്കുകൂടി വിരൽചൂണ്ടുന്ന കവിതയാണിത് . മറിഞ്ഞുപോകുന്ന പുസ്തക താളുകൾപോലെ വെറും കാഴ്ച മാത്രമാകുന്ന സാമൂഹ്യ യാഥാർത്ഥ്യത്തിലാണ് നാമിന്നു ജീവിക്കുന്നത് . ഒരു കുട്ടി പ്രായപൂർത്തിയാകുന്നതു വരെ അവർക്ക് വളരാനുള്ള സാഹചര്യം ഒരുക്കേണ്ടത് അമ്മയുടേയും കുടുംബത്തിന്റേയും മാത്രമല്ല സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണ് . ജനിച്ചപാടെ ഉപേക്ഷിക്കപ്പെടേണ്ടി വരുന്ന സാഹചര്യം ഉണ്ടാവുന്നത് നാമടങ്ങുന്ന സമൂഹത്തിന്റെ പരാജയമാണ് .

നിസ്സഹായരായി ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങൾക്ക് ബാല്യം നിഷേധിക്കുന്ന….ജീവിക്കാനുള്ള അവകാശം നഷ്ടപ്പെടുത്തുന്ന കുറ്റവാളികളായ ഒരു ജനതയായി നാം മാറുന്നില്ലേ എന്ന്
” ഒന്നുമേ മിണ്ടാനില്ലാ-
താവുന്നൂ പരസ്പരം ”
എന്നതിലൂടെ കവി ഇവിടെ പറയാതെ പറയുന്നതും അതുകൊണ്ടു തന്നെയാണ് .

ഒരു കൊച്ചുകുട്ടിയുടെ മാനസികതലത്തിലൂടെ അനാഥരാക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ മൗനനൊമ്പരമാവിഷ്കരിച്ച ഹൃദയസ്പർശിയായ ഈ കവിത ഏറെ ചിന്തനീയവും കാലികവും പ്രസക്തവുമാണ് .

ഡോ. രാധ കയറാട്ട് ഒറ്റപ്പാലം✍

RELATED ARTICLES

Most Popular

Recent Comments