മലയാളി മനസ്സിൻറെ പ്രിയ എഴുത്തുകാരനും സംസ്കൃതി ഫെയ്സ്ബുക്ക് എഴുത്തു കൂട്ടായ്മ, ആർഷ ഭാരതി എന്നീ എഴുത്ത് ഗ്രൂപ്പുകളുടെ ചീഫ് അഡ്മിൻ ആയ നിർമല അമ്പാട്ട് മാഡത്തിന്റെ സുഹൃത്തും പിന്നീട് ഞങ്ങളുടെ സഹ അഡ്മിനുമായ ശ്രീ ബെന്നി സെബാസ്റ്റ്യന്റെ “ ഉടലാഴങ്ങൾ ” എന്ന പുസ്തകത്തിൻറെ കവർ പേജ് പ്രകാശനം ശ്രീ മോഹൻ കർത്ത കഴിഞ്ഞ ദിവസം നടത്തിയിരുന്നു. പ്രകാശനകർമ്മം ഇടുക്കി ഗോഷൻ ഹോട്ടലിൽ വച്ച് ബഹുമാനപ്പെട്ട മുൻവിദ്യുശക്തി വകുപ്പ് മന്ത്രി ശ്രീ.എം. എം. മണി നിർവഹിച്ചു. കോഴിക്കോട് സദ്ഭാവനയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. സാമൂഹിക സാംസ്കാരിക നായകന്മാരും രാഷ്ട്രീയ നേതാക്കളും കലാകാരന്മാരും എഴുത്തുകാരും സമൂഹത്തിലെ നാനാതുറകളിലുള്ള സഹൃദയരും ഒത്തുചേർന്ന പ്രൗഢഗംഭീരമായ സദസ്സിൽ പുസ്തകത്തിൻറെ ആദ്യപതിപ്പ് നിർമല അമ്പാട്ട് മാഡം ഏറ്റു വാങ്ങി. സി.പി.ഐ(.എം) ജില്ലാ കമ്മിറ്റി സെക്രട്ടറി സഖാവ് സി.വി. വർഗീസ് ആണ് പുസ്തകത്തിന്റെ ആദ്യപ്രതി വില്പന നടത്തിയത്.
ഒരാൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ പിടിപ്പുള്ള സമ്മാനമാണ് അയാളിൽ പ്രചോദനത്തിന്റെ തീപ്പൊരി നിക്ഷേപിക്കുക എന്നത്. അങ്ങനെ ചങ്ങമ്പുഴ പുരസ്കാര ജേതാവായ നിർമ്മല അമ്പാട്ട് മാഡം കണ്ടെടുത്ത സാഹിത്യകാരനാണ് ശ്രീ ബെന്നി സെബാസ്റ്റ്യൻ.

17 കഥകളാൽ സമ്പന്നമാണ് ഈ പുസ്തകം.
‘അവൾ’ എന്ന കഥയിലേക്ക് മുഖവുരയില്ലാതെ പ്രവേശിക്കാം. കുഴിയാനകളെ പിടിച്ച് ചെറിയ ചില്ലു കുപ്പികളിലിട്ടു രസിക്കുന്ന ബാല്യകാല സുഹൃത്തുക്കളായിരുന്നു ലേഖകനും അയൽക്കാരിയും. പഴുത്ത പേരയ്ക്കക്ക് വേണ്ടി തല്ലു കൂടി അവളെ കടിച്ച് പരിക്കേൽപ്പിച്ചതിന്റെ പേരിൽ വീട്ടിൽ നിന്ന് കുറെ തല്ലുകൊണ്ട് പിണങ്ങി പിരിഞ്ഞ അവൾ പിന്നെ പ്രത്യക്ഷപ്പെടുന്നത് ഒരു കപ്പതണ്ട് മാല ലേഖകനെ അണിയിച്ച് അതൊരിക്കലും കളയരുതെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ്. മുതുകിൽ കനം കൂടിയ ബാഗും കടിച്ചാൽ പൊട്ടാത്ത സിലബസും മറ്റുമില്ലാത്ത നാട്ടിൻപുറത്തെ നറുമണമുള്ള ബാല്യം വായനക്കാരിൽ കൗതുകമുണർത്തും.
പത്ത് പന്ത്രണ്ടു വർഷങ്ങൾക്കിപ്പുറം റവന്യൂവകുപ്പിൽ ഒരു ജോലി തരപ്പെടുത്തി ലേഖകന് കൂടി ജോലി ആയാൽ വിവാഹം കഴിക്കാം എന്ന അവളുടെ മോഹന വാഗ്ദാനത്തിൽ ആ സ്വപ്നങ്ങളുമായി നടക്കുമ്പോഴാണ് മഞ്ഞപ്പിത്തത്തിന്റെ രൂപത്തിൽ അവൾ ഈ ഭൂമുഖത്തുനിന്ന് എന്നെന്നേക്കുമായി വായനക്കാരെ ആകെ കരയിച്ചു കൊണ്ട് യാത്ര പറയുന്നത്. എന്നെങ്കിലും അവൾ തിരിച്ചു വരും എന്ന കഥാകൃത്തിന്റെ പ്രതീക്ഷയ്ക്ക് ഒപ്പം നമ്മൾ വായനക്കാരും ചേരുന്നു.😪
നല്ല പ്രായത്തിൽ തേച്ചിട്ടു പോയ ഒരു പെണ്ണിനെ ഓർത്ത് നിരാശകാമുകൻ ആയി കഴിഞ്ഞിരുന്ന അയാളുടെ ജീവിതത്തിലേക്ക് ഒരു പ്രതീക്ഷയുടെ നാമ്പായി ‘ജാനകി’യും രണ്ടു കുട്ടികളും വന്നുചേരുന്നു. ‘ചിന്താവിഷ്ടയായ ശ്യാമള’ യിൽ ജോലിക്കുപോയ ശ്രീനിവാസനെ തിരികെ കാണാത്തതുപോലെ ജാനകിയുടെ ഭർത്താവും ഒരു ദിവസം ജോലിക്ക് പോയിട്ട് തിരിച്ചു വന്നിരുന്നില്ലത്രേ! ജാനകിയോടൊപ്പം ഒരു ജീവിതം തുടങ്ങാൻ തയ്യാറെടുത്തു പോകുന്ന അയാൾ കാണുന്നത് അഞ്ചാറു വർഷം മുമ്പ് ഇട്ടേച്ചുപോയ ഭർത്താവിൻറെ തിരിച്ചുവരവ്. ഹതാശനായി മടങ്ങിയ അയാളെ തേടി ജാനകിയും രണ്ടു കുട്ടികളും എത്തുന്നതോടെ കഥാകൃത്തിനോടൊപ്പം വായനക്കാരും സന്തോഷത്തിൽ ആറാടുന്നു. കഥാകൃത്തിന്റെ പതിവ് കഥകളെ പോലെ തന്നെ ഇതും ഒരു ട്രാജഡിയിലേക്ക് ആണോ നീങ്ങുന്നത് എന്ന് വായിച്ചു കൊണ്ടിരിക്കുമ്പോൾ തോന്നിയെങ്കിലും ഹാവു! അല്ല. അത്രയും ആശ്വാസം.

അത്യന്തം സസ്പെൻസ് നിലനിർത്തി എഴുതിയ ‘കാമുകി’ എന്ന കഥയുടെ ക്ലൈമാക്സ് വായിച്ചപ്പോൾ കരഞ്ഞുപോയി. ഒറ്റപ്പെട്ടുപോയ ഒരു വീട്ടമ്മയുടെ ആത്മനൊമ്പരം ഭംഗിയായി വരച്ചുകാട്ടി. സ്നേഹം നിഷേധിക്കപ്പെട്ട അബോധമനസ്സിൽ അവർ ഒരാളെ പ്രതിഷ്ഠിച്ച് അയാളോട് സംവദിച്ചു നേരമ്പോക്കുന്ന ആ വീട്ടമ്മയുടെ നൊമ്പരം നമ്മുടെയും ഒരു നോവായി മാറും.
ആശുപത്രി മുറിയിലെ അരണ്ട വെളിച്ചവും ഏകാന്തതയും മടുത്തു അവിടെനിന്ന് നിർബന്ധമായും ഡിസ്ചാർജ് വാങ്ങി സ്വന്തം വീട്ടിലെത്തി ‘ജക്രാന്ത പൂക്കളു’ടെ നടുവിൽ തൻറെ പ്രിയതമയോട് ചേർന്ന് അപ്പൂപ്പൻ താടി പോലെ പറന്ന് മരണത്തിലേക്ക് പോകുന്ന ഈ രചന അതിമനോഹരം. ഇതുപോലുള്ള എഴുത്തുകാരുടെ നിരന്തര ഇടപെടലുകൾ കാരണമാകാം ഇന്ന് ഓരോരുത്തർക്കും ലിവിങ് വിൽ എഴുതാനുള്ള സുപ്രീംകോടതിവിധി എത്തിയത്.
യാത്രകൾ എന്നും ഹരമായിരുന്ന കഥാകൃത്തിന്റെ വേളാങ്കണ്ണി യാത്രയ്ക്കിടയിൽ കണ്ടുമുട്ടി പരിചയപ്പെട്ട മഠത്തിലെ അന്തേവാസിയായ വിനീത്-വിനീത എന്ന ട്രാൻസ്ജെൻഡറിന്റെ ദുഃഖം ലളിതസുന്ദരമായ ഭാഷയിൽ
“ഉടലാഴങ്ങൾ” എന്ന രചനയിൽ ഹൃദയത്തിൽ തട്ടും വിധം വരച്ചു കാട്ടി.ഈ പുസ്തകത്തിലെ ഏറ്റവും മനോഹരമായ കഥ ഇതായതുകൊണ്ടാകാം ലേഖകൻ പുസ്തകത്തിനും ഇതേ പേര് തന്നെ മതിയെന്ന് നിശ്ചയിച്ചത്. 2023 ൽ പോപ്പ് ഫ്രാൻസിസ് ട്രാൻസ്‌ജെന്റെർ വ്യക്തികളും ദൈവത്തിന്റെ സൃഷ്ടികളാണെന്നും സ്നേഹത്തോടും കരുണയോടും കൂടെ അവരെ സമീപിക്കണമെന്നും സമൂഹത്തിൽ നിന്ന് അവരെ അകറ്റി നിർത്തരുതെന്നും പറഞ്ഞിട്ടുണ്ട്.

ഈ സാഹിത്യകാരൻറെ ഭാവനയിൽ വിരിഞ്ഞ 17 കഥകളും ഒന്നിനൊന്ന് മെച്ചമാണ്. ഞാൻ എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടതിനെക്കുറിച്ച് എഴുതി എന്ന് മാത്രം.
ഈ രചനകളിലെ എല്ലാ കഥാപാത്രങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മുടെ ഹൃദയത്തിൽ തേങ്ങലായി, തെന്നലായി, തലോടലായി,തനിമയോടെ നമ്മുടെ മനസ്സിൽ നിന്നും ഒരിക്കലും മായാത്ത വർണ്ണചിത്രങ്ങൾ ആയി എന്നും നിറഞ്ഞു നിൽക്കും.നാട്ടുഭാഷയുടെ പ്രത്യേക ചേരുവകൾ ചേർത്ത് കുറുക്കി എടുത്തതാണ് ഈ സാഹിത്യകാരന്റെ ഓരോ കഥകളും. വേവാൻ മാത്രമുള്ള തീയും പുകയും. എല്ലാത്തിന്റെയും പാകം കൃത്യം. വച്ചു കെട്ടലുകളൊന്നുമില്ലാതെ തികച്ചും സാധാരണ മനുഷ്യരുടെ ജീവിതങ്ങളെ വരച്ചു കാട്ടുന്നു ഈ സാഹിത്യകാരൻ.
എഴുത്തു വഴികളിൽ ബെന്നി സാറിനൊപ്പം നിന്നവരാണ് ഞങ്ങൾ എന്നുള്ളതിൽ ഞങ്ങൾക്ക് ഏറെ അഭിമാനം ഉണ്ട്.എഴുത്തിൻറെ മേഖലയിൽ ഇനിയും മുന്നേറാൻ ആകട്ടെ ഈ കഥാകൃത്തിന്. എല്ലാവിധ ആശംസകളും.




പുസ്തകത്തെക്കുറിച്ചുള്ള മേരിയുടെ അവലോകനം/ആസ്വാദനം തന്നെ എത്ര മനോഹരമായിരിക്കുന്നു. വായിച്ചിരുന്നു പോകും. പുസ്തകത്തിൻ്റെ ഒരു കോപ്പി എവിടെ കിട്ടും? ഗ്രന്ഥകർത്താവിനും മേരിയ്ക്കും അഭിനന്ദനങ്ങളും ആശംസകളും. ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ