ആവനാഴിയിൽ അമ്പ്
തീർന്നതുപോലെ
അക്ഷരങ്ങൾ മാറിനിന്നു.
തൊടുത്തുവിടാൻ
വാക്കുകളില്ലാത്തതുപോലെ
മനസ്സ് ശൂന്യമായി.
മുറിയിലെ തണുപ്പ്
ഇരുട്ടിന്റെ കറുപ്പുപോലെ.
ഈ ഭിത്തികളുടെ തണുപ്പ്
ആത്മാവിൽ കട്ടപിടിച്ചതുപോലെ.
ഞരമ്പുകൾ നീലിച്ചുകറുത്തു
വിഷബാധയേറ്റ കുട്ടിയെപ്പോലെ.
കമ്പിളിക്കെട്ടിനുള്ളിൽ
ശരീരം വിണ്ടുകീറിയ
നെൽപ്പാടംപോലെ.
തണുപ്പ് കൂടിവന്നു.
ഇനി കൂടാൻ പറ്റാത്തപോലെ.
കണ്ണിലൊരു കടൽ,
ഒഴുകാത്ത ഉപ്പുകല്ലുപോലെ.
നെഞ്ചിലൊരു താളം
തോലുപൊട്ടിയ ചെണ്ടപോലെ.
തണുത്ത ഭിത്തികൾ കഥപറഞ്ഞു
തംബുരുമീട്ടാത്ത കമ്പികൾപോലെ.
സ്വപ്നങ്ങളില്ലാത്ത ഉറക്കം
മണമില്ലാത്ത വാടാമുല്ലകൾപോലെ.
തണുപ്പ് കൂടി,
ഇനി കൂടാൻപറ്റാത്തപോലെ.




മനോഹരം ❤️