Sunday, February 1, 2026
Homeഅമേരിക്കതാമ്രരാസമൂലകം (പ്രവാസ കഥകൾ 5) ✍ റോമി ബെന്നി

താമ്രരാസമൂലകം (പ്രവാസ കഥകൾ 5) ✍ റോമി ബെന്നി

മഴ മേഘങ്ങൾ മരുഭൂമിക്കു മേലേ പന്തൽ തീർക്കുന്നതു കാണാൻ ഒരു പ്രത്യേക ഭംഗിയാണ്.

മൂടൽ മഞ്ഞിന്റെ മേലാടയണിഞ്ഞ പ്രകൃതിക്കു നവവധുവിന്റെ തിളക്കം.

തണുപ്പിനു തീക്ഷണതയേറ്റാൻ വന്ന കുളിർമഴ പനിനീർ തളിക്കുമ്പോലെ പെയ്തു മറഞ്ഞു.

മരുഭൂമിയിലും മഞ്ഞിൽ വിരിയിച്ചെടുത്ത വഴിയോര പൂക്കളിൽ നീർത്തുള്ളികൾ തുളുമ്പാതെ തങ്ങി നിൽപ്പുണ്ട് .

പ്രകൃതിയുടെ കമനീയത മനസ്സിൽ മംഗളകർമങ്ങളെ അനുസ്മരിപ്പിച്ച് നിറവോടെ ചന്ദന പരിമളമായെത്തി അതിൽ ഞാൻ മതി മറന്നു നിൽക്കുമ്പോൾ ജീവിതയാഥാർഥ്യ ഭൂമികയിലേയ്ക്കു എടുത്ത് എറിയുന്ന പോലെ പോലെ സ്കൂൾ ബസ് വന്നു മുന്നിൽ നിന്നു.

ഷാളുകൊണ്ട് ചെവിയും തലയും മൂടി ബസിനകത്തേയ്ക്കു കയറുമ്പോൾ ഞാനിരിക്കാറുള്ള ടീച്ചേഴ്സിന്റെ സീറ്റിൽ അമൽ ഇരിപ്പുണ്ട്.

മനസിൽവന്ന പ്രയാസം മുഖത്തു കാണിക്കാതെ തൊട്ടടുത്തു തന്നെ പോയിരുന്നു.

വിൻഡോ സൈഡ് സീറ്റിലിരുന്ന് പുകമഞ്ഞുടുത്ത മലയും മരങ്ങളും കെട്ടിടങ്ങളും കണ്ടിരിക്കാൻ നല്ലരസമാണ്.

ആദ്യം കയറുന്ന അമൽ അതിൽ ഇരുന്നതു കൊണ്ട് തൻ്റെ സ്ഥിരം സീറ്റാണ് നഷ്ടമായത്.

ഇനി സ്കൂളെത്തും വരെ ഒന്നെങ്കിൽ കണ്ണടച്ചിരിക്കണം, അല്ലെങ്കിൽ ഓരോ സ്റ്റോപ്പിൽ നിന്നും ബസിനകത്ത് കയറുന്ന കുട്ടികളെ നോക്കി പുഞ്ചിരിച്ച് അവരുടെ വിഷിംഗിന് പ്രത്യുത്തരം പറഞ്ഞു കൊണ്ടിരിക്കണം.

ജാലകക്കാഴ്ച നഷ്ടപ്പെട്ടതിൽ തോന്നിയ അമർഷം മുഖത്തു കാണിക്കാതെ ഞാൻ മൗനമായിരുന്നു.

അധികം സംസാരിക്കാത്ത പ്രകൃതമാണ് അമലിന് .

അവിവാഹിതയായ സുഡാനി അറബിക് ടീച്ചറാണ്. പേരു കേട്ടാൽ മലയാളിപ്പേരുപോലുണ്ട്.

ഇന്ത്യക്കാർ തിങ്ങി നിറഞ്ഞ ക്ലാസു മുറിയിലും, സ്റ്റാഫ് റൂമിലും അമൽ എങ്ങിനെ പൊരുത്തപ്പെട്ടു പോകുന്നു ആവോ?

അതുകൊണ്ടാവാം മുഖാവരണമായി മൗനത്തെ അവൾ അണിഞ്ഞിരിക്കുന്നത്.

രാവിലെ ഏഴരയ്ക്കാണ് സ്കൂൾ അസംബ്ലി . പിന്നെ പത്തു മണിക്ക് ലഭിക്കുന്ന ഇടവേളയിലാണ് എല്ലാവരും പ്രഭാത ഭക്ഷണം കഴിക്കുന്നത്.

വീട്ടിൽ നിന്നു ലഞ്ചിനുപകരം കൈയ്യിലെടുക്കുന്നത് പ്രാതലാണ്.

ഉച്ചയ്ക്ക് സ്കൂൾ വിടുന്നതുകൊണ്ട് ഊണ് വീട്ടിൽപ്പോയി കഴിക്കാം. അതാണവിടത്തെ രീതി.

ഇന്ത്യക്കാർ കൂടുതലായുള്ള സ്റ്റാഫ് റൂമിൽ വടക്കുതെക്കു ഭേദമില്ലാതെ ഒത്തൊരുമയോടെ ഭാരതീയ പ്രാതൽ എല്ലാവരും കൂടി പങ്കിട്ട് കഴിക്കുന്ന ഇടം.

പാക്കിസ്ഥാനി, ബംഗ്ലാദേശി അധ്യാപികമാരും , ഞങ്ങളോടൊപ്പം പകുത്തു കഴിക്കുന്നതു ശ്രദ്ധിക്ക പോലും ചെയ്യാതെ അമൽ ഉണങ്ങിയ ബ്രെഡ്ഡു ടോസ്റ്റു ചെയ്തെടുത്തതിൽ വെച്ച ബർഗറോ, നഗറ്റോ കഴിച്ചുകൊണ്ട് കുനിഞ്ഞിരുന്ന് കുട്ടികളുടെ നോട്ടുബുക്കുകൾ കറക്ട് ചെയ്തു കൊണ്ടിരിക്കും.

ആരോടും മിണ്ടാനോ തമാശ പറഞ്ഞു ചിരിക്കാനോ തയ്യാറാകാതെ ബെല്ലടിച്ചയുടൻ ക്ലാസിലേയ്ക്കു പോകും. അമൽ സ്കൂൾ ജോലിയിൽ പ്രവേശിച്ചിട്ട് അധിക നാളായിട്ടില്ല.

ആഴ്ചകൾ കഴിഞ്ഞു പോയി. ഞാൻ ബസിലേയ്ക്കു കയറി വരുമ്പോൾ അമൽ എന്നെ നോക്കി പുഞ്ചിരിക്കാനും ഒന്നു രണ്ടു വാക്കുകൾ സംസാരിക്കാനും തുടങ്ങി.

ലളിതമായ ഇംഗ്ലീഷ് ഭാഷയിലെ സംസാരത്തിലെ ഉച്ഛാരണവ്യത്യാസങ്ങൾ ചിലപ്പോൾ കാര്യങ്ങൾ മനസിലാക്കാൻ അൽപ്പസമയമെടുക്കുമെങ്കിലും ഒരാഴ്ചയ്ക്കകം അമൽ സംഭാഷണ പ്രിയയും നല്ലൊരു സുഹൃത്തുമായി മാറി.

ബസിലെ എ.സിയുടെ തണുപ്പ് തലയിൽ നേരിട്ടടിക്കുന്നുവെന്നുപറഞ്ഞ് ജനൽ സൈഡ് സീറ്റ് അവൾ എനിക്കു മാറിത്തന്ന് തൊട്ടടുത്ത സീറ്റിലിരുന്നു.

ഇൻഡ്യയിലെ വിശേഷങ്ങളറിയാൻ അവളൊത്തിരി താൽപര്യപ്പെടുന്നതുപോലെ തോന്നി.

യാത്രയിലെ ബോറടി മാറ്റാൻ താനും ഓരോന്നു പറഞ്ഞു കൊണ്ടിരുന്നു.

സ്‌റ്റാഫു റൂമിൽ കിട്ടുന്ന ഒഴിവു പീരിയഡുകളിൽ കസേര എന്റെ അടുത്തേയ്ക്കു വലിച്ചു നീക്കിയിട്ട് ചിരിക്കാനും, സംസാരിക്കാനും ക്ലാസു മുറികളിലെ ഫലിതങ്ങൾ തന്നോടു വന്നു പറയാനും തുടങ്ങിയപ്പോൾ സഹപ്രവർത്തകരുടെ മിഴികളിൽ അത്ഭുതം തെളിഞ്ഞു മിന്നുന്നുണ്ടായിരുന്നു.

“മിസിന്റെ വീടിനടുത്തുള്ള ബിൽഡിംഗിലേയ്ക്ക് ഈയാഴ്ച ഞങ്ങൾ താമസം
മാറ്റുന്നുവെന്ന് ”

അമൽ പറഞ്ഞു. സ്വാഗതമെന്നു തിരിച്ചു ഞാനും പറഞ്ഞു.

ഒരാഴ്ചയ്ക്കകം അമലും മാതാപിതാക്കളും ഒരു സഹോദരനുമടങ്ങുന്ന കുടുംബം തൊട്ടടുത്തുള്ള വില്ലയിലേയ്ക്ക് താമസത്തിനെത്തി.

ആജാനുബാഹുവായ അമലിന്റെ ബാബ ഗൗരവ ഭാവത്തിൽ ആരെയും ശ്രദ്ധിക്കാതെ കാറോടിച്ച് ജോലിക്കു പോകുന്നതു കാണാം.

ഉയരവും, വണ്ണവുമുള്ള സുഡാൻ രീതിയിൽ സാരിയുടുത്ത ഉമ്മി അപൂർവ്വമായേ പുറത്തു് ഗെയിറ്റനരികിൽ വന്നു നിൽക്കാറുള്ളു.
മൂന്നാലു ചുവടു നടന്ന് അവർ തിരിച്ച് പോകും.

ചിലപ്പോൾ അമലുമായി തൊട്ടടുത്ത ലേഡീസ് പാർക്കിലേയ്ക്ക് വൈകുന്നേരങ്ങളിൽ നടക്കാൻ പോകുന്നതു കാണാം.

നല്ല പൊക്കവും തീരെ മെലിഞ്ഞതുമായ സഹോദരൻ തലകുമ്പിട്ട് മുതുകു വളച്ച് ഇടയ്ക്കിടെ ഫുട്പാത്തിലൂടെ ശരം വിട്ട വേഗത്തിൽ പാഞ്ഞു പോകുന്നതു കണ്ടിട്ടുണ്ട്.

ബ്രദറിന് ജോലിയൊന്നുമായില്ലയെന്നു അമൽ ഇടയ്ക്കെപ്പോഴോ പറഞ്ഞു.

ഒരു രാത്രി ഉമ്മയുടെ ഉച്ചത്തിലുള്ള വഴക്കു പറച്ചിലും, അതിനൊപ്പം അലറി വിളിക്കുന്ന അമലിന്റെ സഹോദരന്റെ ബഹളവുമാണ് ഞങ്ങളെ ഉണർത്തിയത്.

നാട്ടിലെ പോലെ പുറത്തുപോയി കാര്യമന്വേഷിക്കുന്ന പതിവില്ലാത്തതു കൊണ്ട് നിദ്ര നഷ്ടപ്പെട്ടെങ്കിലും മിണ്ടാതെ കിടന്നു.

സംഭവമറിയാൻ സ്വാഭാവികമായ ഒരു ഉൾപ്രേരണ തോന്നി. എങ്കിലും അമലിനെ ഫോൺ വിളിക്കണമെന്നാഗ്രഹം സ്വയമടക്കി.

എന്തൊക്കെയോ വലിച്ചെറിയുന്നതിന്റേയും, പൊട്ടിക്കുന്നതിന്റെയും ശബ്ദത്തിനൊപ്പം അമ്മയുടെ ഉയർന്ന സ്വരവും ഒപ്പം കരച്ചിലും കേട്ടത് പതിയെ നേർത്ത് ഇല്ലാതായി.

അതിനുശേഷം കുറച്ചു ദിവസം അമൽ മ്ലാനമുഖിയും സംസാരിക്കാൻ താൽപര്യമില്ലാത്തതുമായ ഒരു അസ്വസ്ഥ ഭാവത്തോടെ ബസിൽ തന്റെ തൊട്ടടുത്ത് കണ്ണടച്ചിരിപ്പായിരുന്നു.

വീട്ടിലെ ശബ്ദകോലാഹലങ്ങൾ തൊട്ടയൽവാസിയായ ഞാൻ കേട്ടിരുന്നുവെന്ന ബോധ്യത്തോടെ സ്കൂളിൽവെച്ചും മുഖം തരാതെ മാറി മാറി നടന്നിരുന്നു.

ഒച്ചപ്പാടും ബഹളവും ആക്രോശവും എന്നും കേൾക്കാൻ തുടങ്ങി. താനൊന്നുമവളോട് ചോദിച്ചില്ല .

പതിവായപ്പോൾ ഞങ്ങളും ശ്രദ്ധിക്കാതായി.

സ്കൂളിലെ സ്പോർട്സ് ഡേ സ്‌റ്റേഡിയത്തിൽ വെച്ചായിരുന്നു.

റിസംപ്ഷൻ കമ്മിറ്റി അംഗങ്ങളായ ഞാനും അമലും ഒഴിഞ്ഞ പന്തലിൽ വിശിഷ്ടാതിഥികൾ വരുന്നതിനു വളരെ മുമ്പേ എത്തിയിരുന്നു.

അടുത്തടുത്ത് കുറച്ചു നേരം മൗനമാർന്നിരുന്ന ഞങ്ങൾ ചൂടു കൂടിവരുന്നതിനെക്കുറിച്ചു പരസ്പരം പരാതി പറഞ്ഞ് സംഭാഷണമാരംഭിച്ചു.

“മിസ് വീട്ടിലെ ശബ്ദകോലാഹലങ്ങൾ കേൾക്കുന്നുണ്ടാകുമല്ലോ അല്ലേ? ”

അമൽ ഹൃദയം തുറന്നു സംസാരിക്കാൻ തുടങ്ങി.

“വേറാരെങ്കിലുമാണെങ്കിൽ പിറ്റേന്നു തന്നെ എന്നോടു ചോദിക്കുകയും സ്റ്റാഫ് റൂമിൽ പ്രശ്നം വിളമ്പുകയും ചെയ്തേനേ!

മിസ് ഐ റിയലി റെസ്പെക്ത് യു”

അറബി പഠിപ്പിക്കുന്ന അമലിന്റെ നാവിൽ നിന്നുതിരുന്ന ഇംഗ്ലീഷ് സ്ലാംഗ് കേട്ടിരിക്കാൻ നല്ല രസമാണ്.

അമലിന്റെ സഹോദരൻ ചെറുപ്പം മുതൽ പഠിക്കാൻ നല്ല ബുദ്ധിയും കഴിവും ഉണ്ടായിരുന്ന കുട്ടിയാണ്. ചുറുചുറുക്ക് അൽപ്പം കൂടുതലെന്നു മാത്രം. കോളേജ് വിദ്യാഭ്യാസം ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് സ്വഭാവത്തിന് മാറ്റം വന്നതത്രെ.

പെട്ടെന്ന് പ്രകോപിതനാകുക, എല്ലാവരോടും ദേഷ്യപ്പെടുക, വലിച്ചെറിഞ്ഞു പൊട്ടിക്കുക. ശബ്ദമുണ്ടാക്കുക . ഏകദേശമൊരു മാനസിക വിഭ്രാന്തിയുടെ തലം. നാട്ടിൽ നിന്ന് ഗൾഫിലേയ്ക്കു കൊണ്ടുവന്നത് മാറ്റമുണ്ടാകുമെന്നു കരുതിയാണ്.

എല്ലാവരും സംശയിക്കുന്നത് ഇവൻ മയക്കു മരുന്നു കഴിക്കുന്നുണ്ട് എന്നാണ്.

അനുജൻ നല്ല മൂഡിലിരിക്കുമ്പോൾ അമൽ സ്നേഹത്തോടെ ചോദിക്കുമ്പോൾ കരച്ചിലടക്കി ആണയിട്ടവൻ പറയും , മയക്കുമരുന്ന് ഇതുവരെ അവൻ തൊട്ടിട്ടില്ലയെന്ന്. അതൊന്നും കണ്ടിട്ടു പോലുമില്ലെന്നു ആവർത്തിക്കും.

അതു വിശ്വസിക്കാതെ വയ്യ. ഗൾഫിൽ വന്നിട്ട് അവന് ഇതൊന്നും കിട്ടാൻ യാതൊരു സാധ്യതയുമില്ല.

അമൽ കുറച്ചു നേരം മൗനമായിരുന്നു വീണ്ടും തുടർന്നു.

“കിട്ടാത്തതിന്റെ വിത്‌ഡ്രോവൽ സിംപ്റ്റ്മ്സ് ആയിരിക്കുമവൻ കാണിക്കുന്നതെന്നു ഞങ്ങൾ കരുതി.

പക്ഷേ ഒട്ടും കുറയുന്നില്ല. ബാബ അടിച്ചു , വഴക്കു പറഞ്ഞു. ഉമ്മി ഫുഡ് കൊടുക്കാതെ മുറിയിൽ പൂട്ടിയിട്ടു. പക്ഷേ ആൾ ദിനം തോറും കൂടുതൽ വയലന്റാകുന്നു മിസ്.”

തലയിൽ കെട്ടിയ സ്കാർഫിന്റെ അറ്റം കഴുത്തിലിഴയുന്നതെടുത്ത് മിഴികളൊപ്പി അമൽ സംസാരം നിറുത്തി.

നിങ്ങളിതുവരെ ഡോക്ടറെ കാണിച്ചില്ലേ? ഞാൻ ചോദിച്ചു.

“സുഡാനിൽ വെച്ചു കാണിച്ചിരുന്നു. ഫിസിക്കലി ,മെന്റലീ അവൻ ഫിറ്റാണെന്നാണ് ഡോക്ടേഴ്സ്
പറഞ്ഞത്. ”

അമൽ വിദൂരത്തേയ്ക്ക് നോക്കി പറഞ്ഞു.

കുട്ടികൾ ഗ്രൗണ്ടിൽ നിരന്നു തുടങ്ങി. വിശിഷ്ടാതിഥികളെ സ്വീകരിക്കുന്നതിന്റെ ഒരുക്കത്തിനായുള്ള തിരക്കിൽ പിന്നെ ഞങ്ങൾക്ക് സംസാരിക്കാനായില്ല.

വീട്ടിൽ തിരിച്ചെത്തിയ ശേഷം ഒരമ്മയുടെ മനസോടെ അമലിന്റെ അനുജനെക്കുറിച്ചു വേദനയോടെ ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു.

ആ കുടുംബത്തിന്റെ സങ്കട നിശ്വാസങ്ങൾ കാഴ്ച മറയ്ക്കുന്ന പുകയായി പരന്ന് എന്റെ വീടിനെയും മനസിനെയും മൂടിയ പോലെ തോന്നി.

ഭർത്താവിനോടിക്കാര്യം പറഞ്ഞപ്പോൾ അവർക്ക് നല്ല ഡോക്ടേഴ്സിനെ വല്ലവരെയും കാണിച്ചു കൂടെ. രോഗം കൂടിക്കൂടി മറ്റുള്ളവരെ ദേഹോപദ്രവം ചെയ്യുന്ന രീതിയിലായാൽ എന്തും സംഭവിക്കാമല്ലോ? എന്നു കൂടി പറഞ്ഞു കേട്ടപ്പോൾ വിഷമം പേടിയായി മാറിയെനിക്ക്.

അമലിന്റെ ബാബയെ കാണുമ്പോൾ ഇക്കാര്യം ഒന്നു സംസാരിക്കാൻ ഞാൻ ഭർത്താവിനെ നിർബന്ധിച്ചുകൊണ്ടിരുന്നു.

പിറ്റേന്ന് ഞങ്ങൾ ചെടി നനച്ചു കൊണ്ടു വീട്ടുമുറ്റത്തു നിൽക്കുമ്പോൾ പതിവുപോലെ ഉച്ചത്തിൽ സലാം പറഞ്ഞു നടന്നു പോയ അമലിൻ്റെ ബാബയുടെ പിറകെ ചെന്ന് അറബിയിൽ ഭർത്താവ് സംസാരിക്കുന്നുണ്ടായിരുന്നു.

തലപ്പാവുപോലെയെന്തോ കെട്ടിവെച്ച വെള്ളത്തുണിയൊതുക്കി അയാൾ മൗനമാർന്നു നിന്നു അൽപ്പ നേരം.

പിന്നീട് ശബ്ദം കുറച്ച് ഏന്തൊക്കെയോ പറഞ്ഞ് തല കുനിച്ച് നടന്നു പോയി.

ഇന്ത്യക്കാർ ഡോക്ടേഴ്സ് ആരെങ്കിലുമുണ്ടെങ്കിൽ അന്വേഷിച്ചു നമ്പർ കൊടുക്കുമോയെന്നാണ് അയാൾ പറഞ്ഞതെന്ന് ഭർത്താവ് എനിക്ക് വിവർത്തനം ചെയ്തു തന്നു. ഹോസ്പിറ്റലിൽ പോകാൻ താൽപര്യമില്ല ഡോക്ടറെ വീട്ടിൽ പോയി കാണാമെന്നാണു അയാൾ പറഞ്ഞത്.

രണ്ടു ദിവസങ്ങൾ കഴിഞ്ഞ് നമ്പർ കണ്ടെത്തി കൊടുത്തതനുസരിച്ച് അവർ ഒരു ക്ലിനിക്കിൽ പോയിരുന്നു.

മരുന്നു കഴിക്കുമ്പോൾ ശാന്തതയുണ്ട്. വീണ്ടും അവൻ പഴയ സ്വഭാവം തുടരുന്നുമുണ്ട് എന്നു അമൽ വിഷാദത്തോടെ സ്കൂൾ ബസിൽ വെച്ച് എന്റെ ചെവിയിൽ മന്ത്രിച്ചു.

ഒരിക്കൽ കൂടി പോയി ഡോക്ടറെ കാണു എന്നു ഞാൻ നിർബന്ധിച്ചു പറഞ്ഞു.

ബാബയ്ക്കു താൽപര്യമില്ല. ശ്രമിക്കാമെന്നവൾ നേർത്ത സ്വരത്തിൽ തന്നെ പറഞ്ഞു.

യു. എ. ഇ യിലെ ദേശീയ ദിനാഘോഷത്തിന്റെ അവധി കഴിഞ്ഞാണ് പിന്നെ അമലിനെ കണ്ടത്. സ്കൂളിൽ വെച്ചൊന്നും സംസാരിച്ചില്ല.

പ്രവാസ ജീവിതങ്ങൾക്കു ദുഃഖം പങ്കിടാനും സന്തോഷിക്കാനും കുടുംബാംഗങ്ങൾ മാത്രമേ യഥാർത്ഥത്തിൽ കൂട്ടിനുള്ളു.

അവർ ചിലപ്പോൾ നാട്ടിലായിരിക്കാം ചിലർക്ക് കൂടെ യുണ്ടായിരിക്കാം.

വേറെല്ലാവരും പല ദേശങ്ങളിൽ നിന്നു വന്ന് പെരുവഴിയമ്പലത്തിൽ അൽപ്പനേരം ഒത്തു ചേരുന്ന യാത്രക്കാർ മാത്രം.

പിരിഞ്ഞാൽ പിന്നെ ഒരിക്കലും കാണില്ല . കൂടെയുള്ള നാളുകളിൽ കടുത്ത സൗഹൃദമാണെന്നു തോന്നും. പിരിയാനാവാത്ത ബന്ധം പോലെ അനുഭവപ്പെടും.ഇവിടെ മരുഭൂമി ജീവിതമങ്ങനെയാണ്.

സ്കൂൾ ബസിൽ നിന്ന് വീടിന്നരികെ ഒരുമിച്ചിറങ്ങി ഞങ്ങൾ നടന്നു തുടങ്ങിയപ്പോൾ അമൽ എൻ്റെ കൈ പിടിച്ച് പടർന്നു പന്തലിച്ച ആര്യവേപ്പുമരത്തിന്റെ ചുവട്ടിലെ തണലിൽ നിറുത്തി.

“മിസേ അവനു ഫിസിക്കൽ ടെസ്റ്റു നടത്തിയപ്പോൾ ഡോക്ടർ അവന്റെ തലവേദനയുടെ കാര്യം ശ്രദ്ധിച്ചു കേട്ടു.എന്നിട്ട് ഐ ചെക്കപ്പ് നടത്താൻ പറഞ്ഞു.

മാനസികമായി യാതൊരു രോഗവും അവനില്ലെന്നും പറഞ്ഞു.

ഒഫ്ത്താൽമോളജിസ്റ്റിനെ കണ്ടപ്പോൾ അദ്ദേഹം ബ്ലഡ് ടെസ്റ്റിന് എഴുതി അതിന്റെ റിസൾട്ട് കാത്തിരിക്കുകയാണ്.

പ്രാർത്ഥിക്കണം,മിസേ കണ്ണു പരിശോധിച്ചിട്ട് അദ്ദേഹമെന്തോ സംശയം പോലെ ഒരു രോഗത്തിന്റെ പേരു പറഞ്ഞു. രക്ത പരിശോധനയുടെ ഫലം വരട്ടെ എന്നും ആശ്വസിപ്പിച്ചു. ”

അവൾ ആകുലതയോടെ എന്നെ നോക്കി.

തൊട്ടടുത്ത മൾബറി മരത്തിലെ കായ്കൾ കൊത്തിക്കഴിച്ച് കലപില കൂട്ടി ചിലക്കുന്ന ചെറുകിളികൾ എത്ര ഭീതിയില്ലാതെ ജീവിക്കുന്നുയെന്നു വെറുതെ ചിന്തിച്ചു ഞാൻ നടന്നു.

മനുഷ്യർക്ക് എന്തൊക്കെയാണ് ജീവിതത്തിൽ നേരിടേണ്ടി വരുന്നത്.

ഞാൻ മക്കളോടും, ഭർത്താവിനോടും അമലിന്റെ സഹോദരന് സൗഖ്യം കിട്ടാൻ പ്രാർത്ഥിക്കണേ എന്നു അന്നേ ദിനം മുഴുവൻ പറഞ്ഞു കൊണ്ടിരുന്നു.

നിരാശയുടെ പടുക്കുഴിയിൽ നിന്ന് ദൈവത്തിനല്ലാതെ മറ്റാർക്കും ആ കുടുംബത്തെ കരകയറ്റാനാവില്ലെന്ന് എനിക്കു തോന്നി.

തൊട്ടടുത്ത പാർക്കിൽ ആളുകൾ നിറഞ്ഞു കവിഞ്ഞു നിൽക്കുന്ന സന്ധ്യയിൽ നടക്കാൻ പോയി മടങ്ങി വന്ന അമലും ഉമ്മിയും ഞങ്ങളുടെ വില്ലയുടെ ഗേറ്റിനരികിൽ നിൽക്കുന്നത് ജനലിലൂടെ കണ്ട ഞാൻ ഇറങ്ങിച്ചെന്നു.

നീർ നിറഞ്ഞ കൺപീലിയൊപ്പി അമൽ പറഞ്ഞു.

“മിസേ ടെസ്റ്റു റിസർട്ടു വന്നു. അവന് കോപ്പറിന്റെ അംശം ശരീരത്തിൽ കൂടിയതു കൊണ്ടാണ് ഇങ്ങനെയെല്ലാം കാട്ടിക്കൂട്ടിയതെന്ന് ഡോക്ടർ കണ്ടുപിടിച്ചു. മെഡിസിൻ എടുത്തു തുടങ്ങിയിട്ടുണ്ട്.

ഇപ്പോൾ ബാബ വിളിച്ചു പറഞ്ഞതാണ്. ഭേദമാകുന്ന രോഗമാണ്. അവനെ വെറുതെ സംശയിച്ചതിലും, വഴക്കു പറഞ്ഞു ഉപദ്രവിച്ചതിലും ഉമ്മി കരയുകയാണ് ഇതറിഞ്ഞപ്പോൾ മുതൽ.

അതാണ് വേഗം വീട്ടിലേയ്ക്കു പാർക്കിൽ നിന്നു മടങ്ങിയത്. ”

സന്തോഷക്കരച്ചിലോടെ അമൽ പറഞ്ഞു നിറുത്തി.

എനിക്കും വളരെ ആഹ്ലാദം തോന്നി.

വീട്ടിനകത്തേയ്ക്ക് കയറാൻ ക്ഷണിച്ചത് സ്നേഹപൂർവം നിരസിച്ച് അവർ മടങ്ങുമ്പോൾ അമൽ ഉമ്മിയെ അറബി ഭാഷയിൽ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

പക്ഷേ അവരെ എന്തോ വഴക്കു പറയുന്നതു പോലെ അതു കേൾക്കുന്നവർക്ക് തോന്നുകയുള്ളു.

സ്കൂളവധിക്ക് നാട്ടിലേയ്ക്ക് തിരിക്കാൻ ദേശ വ്യത്യാസമില്ലാതെ പ്രവാസികൾ തിരക്കു കൂട്ടുന്ന ദിനങ്ങളിലൊന്നിൽ ഉമ്മിയെ കൂട്ടി അമൽ ഞങ്ങളുടെ വീട്ടിലേയ്ക്ക് കടന്നു വന്നു.

അറബിക് സ്വീറ്റ്സിൻ്റെ മുകളിൽ ഗ്ലാസ് പേപ്പർ കൊണ്ട് ഭംഗിയായി പൊതിഞ്ഞ പൂക്കൂട പോലെയുള്ള പിടിയുള്ള ബാസ്ക്കറ്റുമേന്തി തെളിഞ്ഞ മുഖത്തോടവൾ
എന്നെ നോക്കി പുഞ്ചിരിച്ചു.

നാട്ടിലേയ്ക്കു മടങ്ങുന്നുവെന്നും,
ബാബയുടെ സുഹൃത്തിന്റെ മകനുമായി വിവാഹം ഉറപ്പിച്ചെന്നും അൽപം ലജ്ജ കലർന്ന മന്ദഹാസത്തോടെ അമൽ പറഞ്ഞു നിറുത്തി.

ജനലഴികൾക്കപ്പുറം മൾബറിപ്പഴങ്ങൾ കൊത്തിപ്പറിച്ച് ബഹളമുണ്ടാക്കുന്ന കുഞ്ഞിക്കിളികൾ അപ്പോൾ ചിലയ്ക്കാതെ ശാന്തമായി കൊക്കുരുമ്മിയിരിക്കുന്നുണ്ടായിരുന്നു.

വരൻ യു.കെ.യിലാണെന്നും, അമൽ അങ്ങോട്ടു പോകുമെന്നും കേട്ടപ്പോൾ എന്റെ മുഖത്തു തെളിഞ്ഞു വന്ന സങ്കടം
അവളിലും പ്രതിഫലിച്ചു.

അമലിന്റെ ഉമ്മി എന്തോ സ്നേഹ ത്തോടെപറഞ്ഞത് എനിക്കു മനസിലായില്ല.

“അനുജന്റെ അസുഖം ഭേദമായി അതിന് ഉമ്മി നന്ദി പറഞ്ഞതാണ്. ”

അമൽ ചിരിച്ചു കൊണ്ടു പറഞ്ഞു.

ദൈവകൃപയും ഡോക്ടറുടെ കഴിവും, ഞാനെന്തുചെയ്തിട്ടാണ്?

എന്റെ മറുപടി മുഴുവനാക്കാൻ സമ്മതിക്കാതെ അമൽ തുടർന്നു.

“എനിക്ക് ബ്രദറിന്റെ പ്രശ്നം മിസിനോടു തുറന്നു പറയാൻ തോന്നിയതു കൊണ്ടല്ലേ ഇങ്ങനെ ഡോക്ടറെ കാണാൻ ഇവിടെ പോയത്.

കോപ്പർ ശരീരത്തിൽ അധികമായാൽ ഭ്രാന്തിന്റെ ലക്ഷണം കാണിക്കുമെന്ന വിവരം നമുക്ക് അറിയില്ലല്ലോ.

കണ്ണു പരിശോധിച്ച ഡോക്ടർക്ക് എന്തോ സംശയം തോന്നിയത് രക്ഷയായി.
പിന്നെ പ്രാർത്ഥനയുടെ ശക്തിയും.

പഠനം പുനരാരംഭിക്കാൻ അനുജൻ അടുത്ത മാസം യു.കെ. യിലേക്കു പോകുകയാണ്.

മിസിന്റെ ഭർത്താവിനോട് പ്രത്യേകം നന്ദി പറയണേ. ബാബ വന്നു പറയും ”

ഉടനെ അവർ പടികളിറങ്ങി.

കെട്ടിപ്പിടിച്ച് പിരിയുമ്പോൾ ഞങ്ങളുടെ രണ്ടാളുടെയും കണ്ണു നിറഞ്ഞു.

ഉമ്മി കരഞ്ഞു കൊണ്ടുതന്നെ മുന്നോട്ടു നടന്നു പോയി.

സ്കൂൾ തുറന്ന് ബസിലെ പതിവു സീറ്റിൽ ഞാൻ വന്നിരുന്നപ്പോൾ ഹൃദയത്തിൽ ഒരു ഭാരം കയറ്റി വെച്ച തോന്നൽ നൽകി കൊണ്ട് അമലിന്റെ ഇരിപ്പിടം ഒഴിഞ്ഞു കിടന്നിരുന്നു.

പകരമിരിക്കാൻ മനസിലും, തൊട്ടടുത്തും മറ്റൊരാളുമില്ലാത്ത
പോലെ എനിക്കുതോന്നി.

ബസിലെ എ.സിയുടെ ശീതം അസഹനീയമെന്നു ആദ്യമായനുഭവപ്പെട്ടു.

തണുപ്പെന്നു വൃഥാ പറഞ്ഞു എന്റെ ആഗ്രഹം കണ്ടറിഞ്ഞ് അമൽ മാറിത്തന്ന വിൻഡോ സീറ്റിൽ ഒരിക്കലും തിരിച്ചു വരാത്തവളെയോർത്ത് വ്യഥയോടെ ഞാൻ പുറം കാഴ്ചകളെ മറന്ന് കണ്ണടച്ചിരുന്നു.

റോമി ബെന്നി✍

*താമ്രം = ചെമ്പ് ( copper)

RELATED ARTICLES

11 COMMENTS

  1. ജീവിതയാത്രയിൽ ഇത്തരം ഉള്ളൂലയ്ക്കുന്ന എത്രയോ അനുഭവങ്ങൾ ഉണ്ടാവും പ്രത്യേകിച്ച് അന്യനാട്ടിൽ, സന്തോഷം ആയാലും സങ്കടമായാലും ആകുലതകൾ ആയാലും ആരോടും പങ്കുവെയ്ക്കാനാവാതെ എത്രയോ പേര് ഉള്ളിലടക്കുന്നു, ആരോടെങ്കിലും പങ്കുവെയ്ക്കുമ്പോൾ പ്രെഷർ റിലീസ് ആവുന്ന ഒരാശ്വാസം അനുഭവിച്ചവർക്കേ അറിയൂ. അമലിനെ നേരിൽ കണ്ട അനുഭവം. അഭിനന്ദനങ്ങൾ.

  2. അനുഭവങ്ങളെ അനുഭൂതിയാക്കി മാറ്റുന്ന നല്ല കഥ.ഹൃദ്യമായ ഭാഷ.അഭിനന്ദനങ്ങൾ റോമി ‘💞💞💞

  3. ഭാഷദേശാന്തരങ്ങൾക്കപ്പുറത്ത് സഹജീവികളുടെ വീഴ്ച്ചയിലും നൊമ്പരങ്ങളിലും പിടയുന്ന മനുഷ്യ മനസുകളുടെ നേർച്ചിത്രം വരച്ചു കാട്ടിയ വായനാനുഭവം. മനോമുകുരത്തിൽ നിന്ന് മായാത്ത നിഴൽച്ചിത്രങ്ങൾക്ക് നിറം പകരുന്ന ആഖ്യാനഭംഗി. വായനക്കാരന് പുതിയ അറിവുകൂടി പകർന്നു നൽകുന്ന കഥാകാരിയ്ക്ക് അഭിനന്ദനങ്ങൾ 🥰
    അഞ്ചാണ്ടുകൾ പിന്നിട്ട് ജൈത്രയാത്ര തുടരുന്ന മലയാളി മനസിന് വിജയാശംസകൾ ❤️

  4. ശ്വാസം അടക്കിപ്പിടിച്ച് മാത്രമേ ഈ കഥ പൂർത്തിയാക്കാൻ പറ്റു….
    വായനക്കാരന്റെ മനസ്സിൽ ഒരായിരം ചിത്രങ്ങൾ മിന്നിമറിയും, തീർച്ച…
    എഴുത്ത് തുടരു…..

  5. ഒരു വാക്കിലൂടെ, പ്രവർത്തിയിലൂടെ നമ്മൾ മറ്റുള്ളവരുടെ കുടുംബങ്ങൾക്ക് ആശ്വാസം ആവുക, ആ കുടുംബത്തിന് ലഭിക്കുന്ന വലിയ സമാധാനം ആണ്. താമ്രരാസമൂലകം എന്ന പ്രവാസ കഥയിലൂടെ റോമി ബെന്നി നല്ലൊരു വായനനുഭവം ആണ് നൽകിയത്… അഭിനന്ദനങ്ങൾ റോമി ബെന്നിക്ക്… ഇനിയും എഴുതു… 👌🏽❤️👌🏽❤️

  6. റോമിയുടെ കഥ പറച്ചിൽ അതീവ ഹൃദ്യമെന്ന് പറയട്ടെ. അതിലുപരി സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ് റോമി . അത് സൗഹൃദത്തിലൂടെ അനുഭവിച്ചറിഞ്ഞിട്ടുണ്ട് താനും.
    പ്രവാസ ജീവിതത്തിൽ കണ്ടത്തിയ മുഖങ്ങളെ ചേർത്തുപിടിക്കാനും അവയെ ഓർത്തിരിക്കാനും വായനക്കാരനുമുന്നിൽ ലളിത സുഭഗമായ ഭാഷയിൽ പറയാനും കഴിയുന്നത് പ്രശംസനീയം.
    എഴുതുക സോദരീ ❤️❤️

  7. Super 👌, ധാരാളം അറിവുകള്‍ സമ്മാനിച്ച ഒരു കഥ ,ഇനിയും എഴുത്ത് തുടരുക 🙏🏻😍👏

  8. ഒരു സിനിമ കാണുന്നതു പോലെ എനിക്കിതു വായിക്കാൻ പറ്റി. അതിമനോഹരം.

Leave a Reply to Rejath Benny Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com