ദൈവ (സ്വർഗ്ഗ) രാജ്യ പ്രവേശനം (മത്താ. 4:12-17)
“അന്നുമുതൽ യേശു സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവീൻ
എന്നു പ്രസംഗിച്ചു തുടങ്ങി” (വാ.17).
യേശുക്രിസ്തു ഈ ലോകത്തിലേക്കു വന്നത്, ദൈവ (സ്വർഗ്ഗ) രാജ്യ അനുഭവം ലോകത്തിലും മനുഷ്യരിലും രൂപപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടെ ആയിരുന്നു. അതിന് ആവശ്യമായ തെല്ലാം താൻ ചെയ്തു! താൻ സ്വർഗ്ഗമഹിമ വിട്ടു ഈ ലോകത്തിലേക്ക് ഇറങ്ങി വന്നു. ഇവിടെ ജീവിച്ച് കൊല്ലപ്പെട്ട് ഉയർത്തെഴുന്നേറ്റു (ഫിലി. 2: 6-8). തന്റെ ജീവിതത്തിലൂടെ സ്നേഹവും, ക്ഷമയും, കരുണയും,
കരുതലും, സാഹോദര്യവും എന്തെന്നു ലോകത്തിനു കാണിച്ചു കൊടുത്തു. സൗഖ്യവും സമാധാനവും മനുഷ്യർക്കു പ്രദാനം ചെയ്തു.
ഇതിനു വിരുദ്ധമാണു ഈ ലോകം പ്രദാനം ചെയ്യുന്ന അനുഭവങ്ങൾ. ലോകത്തിൽ നടക്കുന്ന സംഭവങ്ങർ അതു പ്രകടമാക്കിക്കൊണ്ടിരിക്കുന്നു.
ഡോ. ഗ്രഹാം സ്റെറയിൻസിനെയും തന്റെ രണ്ടു മക്കളെയും തീയിട്ടു കൊല്ലുവാൻ ലോകത്തിനു തോന്നി. എന്നാൽ, അതിനു കാരണക്കാരാനായ ധാരാ സിംഗിനെ ശിക്ഷയ്ക്കു വിധിച്ചപ്പോൾ, സ്‌റ്റെയിൻസിന്റെ ജേഷ്ഠ സഹോദരൻ പറഞ്ഞത്: അയാളോടു കരുണ കാട്ടണം എന്നാണ്. ഗ്ലാഡിസ് സ്റ്റെയിൻസ് പറഞ്ഞത്: ഞാൻ അയാളോടു ക്ഷമിച്ചിരിക്കുന്നു എന്നാണ്. തങ്ങളെ ഉപദ്രവിച്ചവർ
ശിക്ഷിക്കപ്പെടുമ്പോൾ, സന്തോഷിക്കുക എന്നതു ലോക സ്വഭാവമാണ്. എന്നാൽ ഡോ. സ്റ്റെയിൻസിനോടു ബന്ധപ്പെട്ടവരാരും, സന്തോഷിച്ചില്ല. അവർ ദു:ഖിക്കുകയാണു ചെയ്തത്. അതൊരു പ്രത്യേക അനുഭവം തന്നെയായിരുന്നു: സ്വർഗ്ഗം ഭൂമിയിലേക്കു ഇറങ്ങി വന്ന അനുഭവം!
മാനസാന്തരത്തിന്റെ — മന:പരിവർത്തനത്തിന്റെ — സന്ദേശവുമായാണ്, യേശു ഭൂമിയിലെ തന്റെ ശുശ്രൂഷ ആരംഭിച്ചത്. ധ്യാന വാക്യം അതു സംബന്ധിച്ച സൂചന
യാണു നൽകുന്നത്. അന്ധതയിലും അരിഷ്ടതയിലും കഴിഞ്ഞിരുന്ന മനുഷ്യർക്ക്
വെളിച്ചം പ്രദാനം ചെയ്യുന്ന അനുഭവമായിരുന്നു അത്. ഇരുട്ടിൽ ജീവിച്ചവർ, ഇരുട്ടിന്റെ അനുഭവങ്ങളും പ്രവൃത്തികളും മാത്രം കണ്ടിരുന്നവർ, യേശുക്രിസ്തുവിന്റെ സന്ദേശം സ്വീകരിച്ചപ്പോൾ, വെളിച്ചത്തിലേക്കു വന്ന ചരിത്രമാണ്, മിഷനറി ചരിത്രങ്ങൾ പ്രദാനം ചെയ്യുന്നത്. നമ്മിലൂടെയാണു ഇന്നത് തുടർന്നും സഭവിക്കേണ്ടത്. അതിനുള്ള സമർപ്പണം ദൈവം നമ്മിൽ നിന്നും പ്രതീക്ഷിക്കുന്നു. അതിനായി നമ്മെത്തന്നെ സമർപ്പിക്കാം. ദൈവം സഹായി
ക്കട്ടെ..
ചിന്തയ്ക്ക്: ദൈവരാജ്യ മൂല്യങ്ങൾ ഉൾക്കൊണ്ടു നാം പ്രവർത്തിക്കുന്നതിലൂടെയാണ് ലോകം ദൈവരാജ്യ അനുഭവത്തിലേക്കു പരിവർത്തിക്കപ്പെടുന്നത്!




🙏