താഴ്മയുടെ മഹത്വം (യെശ.57:15 – 21)
“ഞാൻ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; താഴ്മയുളളവരുടെ മനസ്സിനും,
മനസ്താപമുള്ളവരുടെ ഹൃദയത്തിനും ചൈതന്യം വരുത്തുവാൻ, മനസ്താപ
വും മനോവിനയമുള്ളവരുടെകൂടെയും വസിക്കുന്നു” (വാ.15).
മനുഷ്യ ജീവിതത്തിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു സ്വഭാവമാണ്, താഴ്മ. ദൈവ കൃപയില്ലാത്തവർക്കു താഴ്മയുടെ വില മനസ്സിലാകയില്ല. അഹത്തെ അതിജീവിക്കാനാകാത്തവർക്കും അതിനാകില്ല. തങ്ങളേക്കാൾ മറ്റുള്ളവരെ ശ്രേഷ്ഠർ എന്ന് എണ്ണുന്നവരിൽ മാത്രമേ, താഴ്മ രൂപപ്പെടൂ. നമ്മിൽ എന്തെങ്കിലും നന്മയുണ്ടെന്നു നാം കരുതുന്നുവെങ്കിൽ, മറ്റുള്ളവരിൽ അതിനേക്കാൾ കൂടുതൽ നന്മയുണ്ടെന്നു നാം കരുതണം. വിനയിത്തിലേക്കുള്ള വഴി അതിലൂടെയാണു രൂപപ്പെടുക.
താഴ്മയുള്ള ജീവിതത്തിന്റെ മകുടോദാഹരണമാണ്, യേശു ഈ ലോകത്തിൽ അവതരിപ്പിച്ചു കാണിച്ചത്. “എന്റെ ഹിതമല്ല, അങ്ങയുടെ ഹിതം നിറവേറണമെ” എന്ന തന്റെ പ്രാർത്ഥനയിലും, ശിഷ്യരുടെ കാൽ കഴുകിയ തന്റെ പ്രവൃത്തിയിലും,
താൻ താഴ്മയ്ക്കൊരു ജീവിത മാതൃക (role model) സൃഷ്ടിച്ചു നൽകി. തന്റെ ഉപദേശങ്ങളിലും ഉപമകളിലും, താഴ്മയ്ക്കു താൻ പ്രാമുഖ്യം നൽകി. അതിന്റെ
ഏറ്റവും നല്ല ഉദാഹരണമാണ്, ചുങ്കക്കാരന്റെയും പരീശന്റെയും പ്രാർത്ഥന (ലൂക്കോ.18: 9 – 14).
താഴ്മയുള്ള ജീവിതം, ഉന്നതിയിലേക്കുള്ള ചവിട്ടു പടിയാണെന്നു എസ്ഥേർ രാജ്ഞിയുടെയും മോർദ്ദേഖായിയുടെയും ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു.
അഹങ്കാരിയായ ഹാമാൻ കഴുകുമരത്തിൽ അവസാനിക്കുമ്പോൾ, മോർദ്ദേഖായി, രാജാവിന്റെ പടിവാതിലിൽ നിന്നും രാജാവിന്റെ രണ്ടാമനും മഹാനുമായി
ഉയർത്തപ്പെടുന്നു.
താഴ്മയുള്ള മനോഭാവം, മനുഷ്യർക്കു ആത്മീയ സൗന്ദര്യവും ആകർഷകത്വവും നൽകുന്നു. ഒരു സാഹചര്യത്തിലും തളർന്നു പോകാതെ മുന്നേറുവാൻ,
അങ്ങനെയുള്ളവർക്കു മാത്രമേ സാധിക്കൂ. താൻ നിർവ്വഹിച്ച കാൽ കഴുകൽ
ശുശ്രൂഷയ്ക്കു ശേഷം, യേശു തന്റെ ശിഷ്യരോടു അരുളിച്ചെയ്ത വചനങ്ങൾ, താഴ്മയുടെ മഹത്വം വെളിപ്പെടുത്തുന്നവയാണ്: ” ഞാൻ ചെയ്തതു പോലെ നിങ്ങളും ചെയ്യേണ്ടതിനു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തരം തന്നിരിക്കുന്നു. ദാസൻ യജമാനനേക്കാൾ വലിയവൻ അല്ല; ദൂതൻ തന്നെ അയച്ചവനേക്കാൾ വലിയവനുമല്ല. ഇതു നിങ്ങൾ അറിയുന്നുവെങ്കിൽ, ചെയ്താൽ ഭാഗ്യവാന്മാർ” (യോഹ.13:15 – 17). കർത്താവു കാണിച്ചു തന്ന താഴ്മയുടെ മാതൃക പിൻ പറ്റുവാൻ നമുക്കും ആകട്ടെ. ദൈവം സഹായിക്കട്ടെ.
ചിന്തയ്ക്ക്: സ്വയംതാഴ്ത്തുന്നവരുടെ സഹായിയായി ദൈവം എപ്പോഴും അവരോടുകൂടെ ഉണ്ടായിരിക്കും!