പാപത്തിൽ നിന്നുള്ള വിടുതൽ (1യോഹ.1:6-10)
“നമുക്കു പാപം ഇല്ല എന്നു നാം പറയുന്നുവെങ്കിൽ നമ്മെത്തന്നെ വഞ്ചിക്കുന്നു. സത്യം നമ്മിൽ ഇല്ലാതെയായി. നമ്മുടെ പാപങ്ങളെ ഏറ്റു പറയുന്നുവെങ്കിൽ അവൻ നമ്മുടെ പാപങ്ങളെ ക്ഷമിച്ചു നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു” (വാ. 8, 9).
പാപം എന്നത്, ഒരു വിശാല വിഷയമാണ്. വളരെ ഗഹനമായും, വിശദമായും പഠിക്കേണ്ട വിഷയം. ഓരോ കാലത്തും, സമൂഹം പാപത്തെ, അപ്പപ്പോഴത്തെ ജിവിത വീക്ഷണത്തിനും സംസ്ക്കാത്തതിനും അനുസരണമായി നിർവ്വചിക്കാറുണ്ട്. ഇന്നലെ പാപമായി കരുതിയത്, ഇന്നു പാപമായി എല്ലാവരും കരുതണമെന്നില്ല. ധാർമ്മീകാധപതനവും മൂല്യശോഷണവും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ലോകത്തിൽ, പാപത്തെക്കുറിച്ചുള്ള ധാരണകൾ തന്നെ മാറിമറിഞ്ഞു കൊണ്ടിരിക്കും? വേദപുസ്തക ധാരണയിൽ, കല്പനാലംഘനവും, അതിർ കടന്നു
പോകുന്നതും, ലക്ഷ്യത്തിൽനിന്നും അന്യപ്പെട്ടു പോകുന്നതുമാണ് പാപം.
പുരാതന ഗ്രീസിലെ പ്രസിദ്ധമായ കായിക മത്സരങ്ങളിൽ ഒന്നായിരുന്നു അമ്പെയ്ത്തു മത്സരം — ധനുർവിദ്യ. ഒരു അഭ്യാസി അമ്പെയ്യുമ്പോൾ, ലക്ഷ്യം തെറ്റിപ്പോയാൽ, കാണികൾ, ഹമാർട്ടിയ, ഹാമാർട്ടിയ, എന്നു അയാളെ കളിയാക്കി, വിളിച്ചു കൂകുമായിരുന്നു! ഹമാർട്ടിയ എന്നാൽ, ലക്ഷ്യം തെറ്റി എന്നർത്ഥം. വേദപുസ്തക മൂലഭാഷയിൽ (ഗ്രീക്കിൽ), പാപം എന്ന പദത്തിനു സമാനമായി ഉപയോഗിച്ചിരിക്കുന്ന പദവും, ഹമാർട്ടിയ എന്നു തന്നെയാണ്! പാപം, ലക്ഷ്യം തെറ്റിപ്പോകുന്ന അവസ്ഥയാണ്.
ദൈവം മനുഷ്യരെ സൃഷ്ടിച്ചപ്പോൾ, അവർക്കായി വെച്ച ലക്ഷ്യം, അവർ തന്നെ അറിഞ്ഞും, അനുസരിച്ചും ജീവിക്കണം എന്നായിരുന്നു. വേറൊരർത്ഥത്തിൽ,
ദൈവം തന്നെയായിരുന്നു ലക്ഷ്യം. ഓരോ മനുഷ്യരും തന്നിൽ എത്തിച്ചേരണം എന്നു താൻ ആഗ്രഹിച്ചു. ജീവനില്ലാത്ത അമ്പ്, ഒരിക്കൽ എയ്തു കഴിഞ്ഞാൽ, ദിശ മാറ്റാനാകില്ല. എന്നാൽ, ജീവനുള്ള അമ്പുകളായ മനുഷ്യർക്ക്, സ്വതന്ത്ര ഇച്ഛ നൽകപ്പെട്ടിരിക്കുന്നതിനാൽ, സ്വയം ല്യക്ഷ്യം നിശ്ചയിക്കാനും, ലക്ഷ്യം മാറ്റാനും സാധിക്കും? “ദൈവമെ അവിടുന്നു ഞങ്ങളെ അങ്ങേയ്ക്കായി സൃഷ്ടിച്ചു; അങ്ങയിൽ വന്നു ചേരുന്നതു വരെ ഞങ്ങൾക്കു സ്വസ്ഥത ലഭിക്കുകയില്ല”എന്നു വി.അഗസ്തിനോസ് പ്രാർത്ഥിച്ചത്, ഈ ദർശനത്തിൽ അടിസ്ഥാനപ്പെട്ടാണ്! ദൈവമെന്ന ലക്ഷ്യത്തിൽ നിന്നും അകന്നു പോകാതെ ജീവിക്കുവാൻ, ദൈവ കൃപയിൽ ആശ്രയിച്ചു നമുക്കു പരിശ്രമിക്കാം?
ചിന്തയ്ക്ക്: മാനസാന്തരം പ്രാപിക്കാത്ത മനസ്സ്, എന്നും പാപത്തിനു വിധേയമായിരിക്കും!
നല്ലൊരോർമ്മപ്പെടുത്തൽ സർ