“നിങ്ങളുടെ പിന്നിൽ നിന്നു കൊണ്ട് നിങ്ങളെക്കുറിച്ച് കുറ്റം പറയുന്നവരെ ശ്രദ്ധിക്കണ്ട. അവരെ വിട്ടേക്കുക. കാരണം, ശരിക്കും പറഞ്ഞാൽ അവർ നിങ്ങളെക്കാൾ രണ്ടടി പിറകിലാണ്. അതുകൊണ്ടാണ് അവർക്ക് നിങ്ങളുടെ പിന്നിൽ നിന്ന് കുറ്റം പറയേണ്ടിവരുന്നത്…”
-ഡോ. എ.പി.ജെ അബ്ദുൾകലാം
കുറ്റമില്ലാത്തവർ സത്യത്തിൽ ആരുണ്ട് ആരുമില്ല…
എന്നിരിക്കിലും മറ്റുള്ളവരുടെ കുറ്റം പറയുന്നതിനായി കിട്ടുന്ന അവസരങ്ങൾ പാഴാക്കാതെ നല്ലവണ്ണം വിനിയോഗിക്കുന്നവരാണ് പലരും..!!
“കുറ്റമറ്റവരില്ല ഭൂവിലെങ്കിലും
അപരൻ്റെ കുറ്റം പറയുന്നത് ശീലമാക്കിയോർക്കത്
മന:സുഖം…”
എന്ന് മുമ്പ് വായിച്ചതോർക്കുന്നു.
മറ്റുള്ളവരുടെ കുറ്റം പറഞ്ഞ് പറഞ്ഞ് പറയുന്നവർ കുറ്റമില്ലാത്തവരായി സ്വയം ചിന്തിക്കുന്നു. അറിയാതെ കുറ്റം പറച്ചിൽ ഒരു ശീലവുമാകുന്നു.
വിശുദ്ധ ബൈബിളിൽ
വ്യഭിചാരക്കുറ്റത്തിന് ശിക്ഷവിധിക്കപ്പെട്ട
ഒരു സ്ത്രീയുടെ കഥയുണ്ട്..
അവളെ ജനക്കൂട്ടം കല്ലെറിഞ്ഞ് കൊല്ലാൻ തുനിയുന്നു…ചുറ്റും കല്ലുകളുമായി
നിൽക്കുന്ന ജനക്കൂട്ടം..
അവഹേളിക്കപ്പെട്ട്
ഭയന്ന് വിറച്ച് നിൽക്കുന്ന സ്ത്രീയെ കല്ലെറിയാൻ വന്ന ജനക്കൂട്ടത്തോട് ക്രിസ്തു പറയുന്നു..
“നിങ്ങളിൽ പാപമില്ലാത്തവൻ ആദ്യം
അവളെ കല്ലെറിയട്ടെ…”
(Let him who is without sin among you be the first to throw a stone at her” John 8:7)
ആർത്തട്ടഹസിച്ച് അവളുടെ രക്തത്തിനായ് മുറവിളികൂട്ടിയവരെല്ലാം നിശബ്ദരായി..!
കല്ലുകൾ കൈകളിൽ നിന്നും താഴെ വീണു..!
കല്ലെറിയാൻ വന്നവർ കല്ലുകൾ ഉപേക്ഷിച്ച് തിരികെ നടന്നു..!!
ഈ കഥ ഓർക്കാനായാൽ ആരെയും വിധിക്കാനും കുറ്റം പറയാനും ആർക്കും ആവില്ല എന്നതാണ് സത്യം..
ദൈനംദിന ജീവിതത്തിൽ
അനേകം അവസരങ്ങളുണ്ടാവും
കുറ്റം കേൾക്കാനും പറയാനും..
പൊതുവെ ഒരാൾക്ക് ഇഷ്ടമില്ലാത്തവരുടെ ഗണത്തിൽ മുമ്പിൽ നിൽക്കുന്നത് തന്നെക്കാൾ കഴിവും പ്രാപ്തിയും അറിവും സൗന്ദര്യവും സമ്പത്തുമുള്ളവരായിരിക്കും..
അവരോട് തോന്നുന്ന അനിഷ്ടം യഥാർത്ഥത്തിൽ അയാളുടെ ചിന്തകളിലെ വൈകല്യമാണ്..
‘തനിക്കില്ലാത്തത് മറ്റുള്ളവർക്കുണ്ടാവുമ്പോൾ ഉള്ളവരോട് തോന്നുന്ന അനിഷ്ടം അവരിൽ ഇല്ലാത്ത കുറ്റങ്ങൾ ആരോപിക്കാൻ പ്രേരകമാകുന്നു..
കുറ്റം പറയുന്നതിൽ ആനന്ദം കണ്ടെത്തുന്നു..പതിയെ അത് ശീലമാകുന്നു..
ശീലമായത് പിന്നെ രോഗവും ആവുന്നു.’
എന്നതാണ് ഈ വിഷയത്തിലെ പഠനങ്ങൾ വ്യക്തമാക്കുന്നത്.
എറിയാനെടുത്ത കല്ലുകൾ നമുക്ക് താഴെ ഇടാം.
പിന്നിൽ നിന്നുകൊണ്ട്
കുറ്റം പറയുന്നവർ എപ്പോഴും
രണ്ടടി പിറകിലാണ് എന്ന
ഡോ. എ.പി.ജെ അബ്ദുൾകലാമിൻ്റെ വാക്കുകൾ മറക്കാതിരിക്കാം.
പിന്നിലാവാതെ മുന്നിലായിരിക്കാൻ പരിശ്രമിക്കാം.
ഏവർക്കും ശുഭദിനാശംസകൾ നേരുന്നു🙏💚
സ്നേഹപൂർവ്വം..



