Saturday, February 14, 2026
Homeഅമേരിക്കസ്നേഹ സാഗരം..... (കഥ..) ✍ സജി. ടി. പാലക്കാട്

സ്നേഹ സാഗരം….. (കഥ..) ✍ സജി. ടി. പാലക്കാട്

ഉച്ചയൂണ് കഴിച്ചെന്ന് വരുത്തി, വെറുതേയിരുന്നു മടുത്തപ്പോഴാണ് ടിവി വച്ചത്. യാന്ത്രികമായി ചാനൽ മാറ്റിക്കൊണ്ടിരുന്നപ്പോൾ ആ സിനിമ കണ്ടു.
സൗദാമിനിക്ക് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന സിനിമ.
ഒരു ചെറു പുഞ്ചിരി, തങ്ങളുടെ ജീവിതവും ആ സിനിമയുമായി സാമ്യം ഉണ്ടായിരുന്നത് കൊണ്ടാവും ആ സിനിമയോട് അത്രയേറെ ഇഷ്ടം തോന്നിയത്.
പാവം സൗദാമിനി.
എൻ്റെ മിനി.
വലിയ ആഗ്രഹങ്ങളോ മോഹങ്ങളോ ഒന്നുമില്ലാതെ എന്നെ മാത്രം ചുറ്റിപ്പറ്റിയുള്ള ജീവിതമായിരുന്നു അവളുടേത്.
വിവാഹം കഴിഞ്ഞ് ആദ്യനാളുകളിൽ മക്കൾ ഇല്ലാത്തതിൻ്റെ സങ്കടം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അവളും ഞാനും പരസ്പരം ഇണങ്ങിയും പിണങ്ങിയും കളിച്ചും ചിരിച്ചും ആ ദുഃഖം മറന്നു.
എനിക്ക് ഏതു കാര്യത്തിനും അവള് വേണമായിരുന്നു.
അവളെന്നെ അങ്ങിനെ ശീലിപ്പിച്ചു എന്ന് പറയുന്നതാവും കൂടുതൽ ശരി.

പക്ഷേ ഈയിടെ രണ്ടു-മൂന്ന് മാസമായി പലതും സ്വയം ചെയ്യാൻ പറഞ്ഞ് അവളെന്നെ നിർബന്ധിക്കുമായിരുന്നു.മരുന്നുകൾ സ്വയം എടുത്ത് കഴിക്കാനും ആഹാരം വിളമ്പി എടുക്കാനും മറ്റും പറയുമ്പോൾ ഞാൻ അറിഞ്ഞില്ല, അവളെന്നെ ഒറ്റയ്ക്കാക്കി യാത്രയാവുന്നതിൻ്റെ മുന്നൊരുക്കമായിരുന്നു അതെന്ന്.

‘ചെറു പുഞ്ചിരി’ സിനിമ കണ്ടതിനു ശേഷം മിനി ഇടയ്ക്കിടെ പറയുമായിരുന്നു, ഈ സിനിമയിലെ പോലെ ഞാൻ ആദ്യം മരിച്ചിട്ട് അവൾക്ക് പോയാൽ മതിയെന്ന്. അവളില്ലാതെ എനിക്ക് യാതൊന്നും ചെയ്യാൻ അറിയില്ലെന്ന് അവൾക്കറിയാമായിരുന്നു.
പിന്നീട് ഒരിക്കൽ അവൾ പറഞ്ഞു നമുക്ക് ഒരുമിച്ച് പോകാം, ഒരാൾക്ക് മറ്റേയാൾ കൂടിയെ തീരൂ എന്ന്.
“എന്നിട്ട് നീയെന്തിനാ മിനീ എന്നെ തനിച്ചാക്കി ആദ്യം പോയത്?”
അവളില്ലാത്ത ഈ രണ്ടാഴ്ച എങ്ങിനെയാണ് കഴിച്ചു കൂട്ടിയതെന്ന് എനിക്ക് മാത്രമേ അറിയൂ.

ക്ലോക്കിലേക്ക് നോക്കി. മണി 4 ആവുന്നതെ ഉള്ളൂ.
5 മണിക്ക് രാജനും വിനയനും വരും.ചിലപ്പോൾ മറ്റാരെങ്കിലും സുഹൃത്തുക്കളും ഉണ്ടാവും.
അവള് പോയതിനു ശേഷം അവരാണ് എനിക്ക് ഭക്ഷണമെത്തിക്കുന്നത്. കുറേ നേരം ഒപ്പമിരുന്ന് സംസാരിക്കും.

“എന്നാലും എൻ്റെ പൊന്നേ! ഞാനും കൂടി പോരട്ടെ, നിൻ്റെ അടുത്തേക്ക്.”
ആരോ എൻ്റെ തലയിൽ തലോടിയത് പോലെ തോന്നി.
അറിയാതെ കസേരയിലേക്ക് ചാരി കിടന്ന് മിഴികളടച്ചു.
……………………………
അവളുടെ കയ്യും പിടിച്ച് ഒരപ്പൂപ്പൻതാടി പോലെ പറന്നകലുമ്പോൾ ഒന്നു കൂടി തിരിഞ്ഞു നോക്കി.ഞാൻ ഉപേക്ഷിച്ച ശരീരത്തിനടുത്തിരുന്ന് കണ്ണുനീരൊപ്പുന്ന സ്നേഹിതരെ കണ്ടു.
വീണ്ടും അവളിലേയ്ക്കെ ത്തിയതിൻ്റെ ആഹ്ലാദത്തിനിടയിലും ചെറിയൊരു നൊമ്പരം തോന്നി.
കണ്ണുകൾ ചിമ്മിയടച്ച് സാരമില്ലെന്നവൾ സാന്ത്വനപ്പെടുത്തി.

സജി. ടി. പാലക്കാട്✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com