പഠനം ഒരു സുദീർഘകാല തപസ്യയാണ്. ലക്ഷ്യം നേടനും വിജയം കൊയ്യാനും അനേകം വർഷത്തെ നിരന്തരമായ വിദ്യാഭ്യാസം കൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ. പഠിക്കുക എന്നത് ചിലർ വിചാരിക്കുന്നതുപോലെ അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. നന്നായി പരിശ്രമിക്കുകയും പ്രയത്നിക്കുകയും ക്ഷമയോടും ശ്രദ്ധയോടും ചിട്ടയോടും ഏകാഗ്രതയോടും കൂടി പഠിച്ചാൽ മാത്രമേ വിജയിക്കുകയുള്ളൂ.
പഠിക്കുന്ന എല്ലാ വിഷയങ്ങളിലും വിദ്യാർത്ഥിക്ക് അതിയായ താല്പര്യം ഉണ്ടായിരിക്കണം. മറ്റുള്ളവർ നിർബ്ബന്ധിച്ചതുകൊണ്ട് ശല്യം സഹിക്കാൻ വയ്യാതെ പഠിക്കുന്ന സാഹചര്യം ഉണ്ടാകരുത്. നന്നായി പഠിച്ച് ഉയരങ്ങളിൽ എത്തണമെന്ന വിചാരം സ്വയം ഓരോ വിദ്യാർത്ഥിക്കും ഉണ്ടായിരിക്കണം.
നമ്മുടെ മസ്തിഷ്ക്കത്തിന് രണ്ടു ഭാഗങ്ങളുണ്ട്. ഒന്നാമത്തേതിനെ വലത്തേ മസ്തിഷ്ക്കമെന്നും രണ്ടാമത്തേതിനെ ഇടത്തേ മസ്തിഷ്ക്കമെന്നും പറയും. ഒരിക്കൽ പ്രവർത്തനം തുടങ്ങിയാൽ ഏതാണ്ട് 50 മിനിറ്റ് നേരമാണ് ഇത് കാര്യക്ഷമമായി പ്രവർത്തിക്കുക. വലത്തേ മസ്തിഷ്ക്കം സൃഷ്ടിപരമായ കഴിവുകളെ സ്വാധീനിക്കുമ്പോൾ, ഇടത്തേത് ഗണിത ശാസ്ത്രപരമായ സിദ്ധികളെ നിയന്ത്രിക്കുന്നു. വളരെ സങ്കീർണ്ണമാണ് മസ്തിഷ്ക്കത്തിൻ്റെ ഘടന. ഇതുകൊണ്ടാണ് ഒരേവിഷയം, പ്രത്യേകിച്ച് ഒരേ സ്വഭാവമുള്ളത്, തുടർച്ചയായി നിരവധി മണിക്കൂറുകൾ പഠിക്കരുത് എന്ന് പറയുന്നത്. ഒരു വിഷയം പരമാവധി ഒരു മണിക്കൂർ പഠിക്കുക.അതിനുശേഷം അല്പമൊരു ഇടവേള നല്ലതാണ്. ഇത് മസ്തിഷ്ക്കത്തിൻ്റെ പരിമുറുക്കം കുറയ്ക്കാൻ സഹായിക്കുന്നു. ഒരു മണിക്കൂർ കഴിഞ്ഞാൽ മറ്റൊരു വിഷയം പഠിക്കാൻ തുടങ്ങുകയും ചെയ്യാം.
ഓരോ വിഷയത്തിനും ചിലവഴിക്കുന്ന സമയം മുൻകൂട്ടി നിശ്ചയിക്കുകയും ക്രമപ്പെടുത്തുകയും ചെയ്യുക. പല വിദ്യാർത്ഥികളും പഠിക്കുവാനുള്ള വിഷയങ്ങളെക്കുറിച്ച് ചിന്തിച്ച് സമയം വെറുതെ കളയാറുണ്ട്. വർഷാരംഭത്തിൽ തന്നെ പഠിക്കുവാൻ ഒരു ടൈംടേബിൾ ഉണ്ടാക്കുകയും അത് കൃത്യമായി പാലിക്കുകയും ചെയ്താൽ സമയനഷ്ടം ഒഴിവാക്കാൻ സാധിക്കും. എല്ലാ വിഷയങ്ങൾക്കും കഴിയുന്നതും തുല്യപ്രാധാന്യം നൽകുക. എന്നാൽ പ്രയാസമുള്ള വിഷയങ്ങൾക്ക് കുറച്ച് കൂടുതൽ സമയം നൽകുന്നത് ഉചിതമായിരിക്കും.
കഥയും മറ്റുമൊക്കെ വായിക്കുന്നതുപോലെ പഠിക്കുവാനുള്ള പാഠ്യവിഷയങ്ങൾ വെറുതെ വായിച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ല. പഠിക്കുന്ന വേളയിൽ നമ്മുടെ മനസ്സും വികാരവിചാരങ്ങളും പഠിക്കുന്ന വിഷയത്തിൽ മാത്രമായിരിക്കണം. മാത്രമല്ല മനസ്സിരുത്തി പഠിക്കുകയും വേണം. പഠിക്കുന്ന സമയത്ത് മറ്റു വിചാരങ്ങൾ മനസ്സിൽ കടന്നുകൂടാൻ അനുവദിക്കരുത്.
വർഷാവസാനമുള്ള പരീക്ഷയിൽ ഉയർന്ന വിജയം നേടണമെങ്കിൽ അദ്ധ്യയന വർഷം മുഴുവനും ചിട്ടയോടു കൂടി പഠിക്കുക തന്നെ വേണം. ഒരുദിവസംപോലും നഷ്ടപ്പെടുത്താതെ സ്ഥിരമായും ചിട്ടയോടുകൂടിയും പഠിക്കുകയാണെങ്കിൽ മാത്രമേ പഠനത്തിൽ മികച്ച വിജയം നേടാൻ സാധിക്കുകയുള്ളൂ.
ശബ്ദമില്ലാത്തതും കഴിയുന്നതും ഏകാന്തവുമായ ഒരു സ്ഥലത്തായിരിക്കണം പഠിക്കുന്ന സ്ഥലം അഥവാ പഠനമുറി. പഠനത്തിനു ആവശ്യമായ എല്ലാവിധ ഉപകരണങ്ങളും മറ്റ് അത്യാവശ്യമായ സംവിധാനങ്ങളും ഉണ്ടെങ്കിൽ കൂടുതൽ നന്നായിരിക്കും. എന്നും കൃത്യസമയത്ത് പഠിക്കാൻ ആരംഭിക്കണം. എത്രമാത്രം തടസ്സങ്ങൾ ഉണ്ടായാലും ഈ കാര്യത്തിൽ യാതൊരു വിധ വീഴ്ച്ചയും വരുത്തരുത്. പഠനത്തിൽ വിജയിക്കണമെന്ന ഉറച്ച തീരുമാനം കൂടിയേ തീരൂ. തികഞ്ഞ ഏകാഗ്രതയു നല്ല ശ്രദ്ധയും ഏതൊരു വിദ്യാർത്ഥിയ്ക്കും അത്യാവശ്യമാണ്. ഏകാഗ്രത കൂടാതെ വിഷയങ്ങളുടെ ആഴത്തിലേയ്ക്ക് കടക്കുവാൻ സാധിക്കുകയില്ല. ഒരിക്കലും ബുദ്ധിക്ക് ആവശ്യത്തിൽ കൂടുതൽ സമ്മർദ്ദം കൊടുക്കരുത്. പഠിക്കുന്ന സമയത്ത് മനസ്സ് ശാന്തമായും സ്വസ്ഥമായും നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം.എന്നാൽ മാത്രമേ പഠിക്കുന്ന വിഷയങ്ങൾ ശരിയായി ഗ്രഹിക്കുവാനും ഓർമ്മിച്ചു വെയ്ക്കുവാനും സാധിക്കുകയുള്ളൂ.
ആരോഗ്യമുള്ള ശരീരവും മനസ്സും പഠനത്തിൽ വിജയിക്കാൻ ഏറ്റവും ആവശ്യകമാണ്. ശരീരത്തെയും മനസ്സിനെയും രോഗങ്ങൾ ബാധിക്കാതെയും ആരോഗ്യകരമായും സൂക്ഷിക്കണം. മിക്കവാറും വിദ്യാർത്ഥികൾ ക്ലാസ്സിൽ അദ്ധ്യാപകൻ പറയുന്ന പാഠഭാഗങ്ങൾ വെറുതെ കേൾക്കുന്നു എന്നല്ലാതെ നന്നായി ഗ്രഹിക്കുന്നില്ല. ഒന്നു മനസ്സിലാക്കുക! കേൾക്കുന്നതും ആഴത്തിൽ ഗ്രഹിക്കുന്നതും രണ്ടും വിത്യസ്തമാണ്. നല്ല ശ്രദ്ധയും സൂക്ഷ്മതയും ഉണ്ടെങ്കിൽ മാത്രമേ അദ്ധ്യാപകൻ പറയുന്നത് വ്യക്തമായി ഗ്രഹിക്കുവാൻ സാധിക്കുകയുള്ളൂ.
ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ നാം ഒരു തവണ കേൾക്കുന്നതും പഠിക്കുന്നതുമായ കാര്യങ്ങൾ 90 ശതമാനം അന്നു തന്നെ മറന്നുപോകുമെന്നാണ് ഗവേഷണം വ്യക്തമാക്കുന്നത്. പഠനത്തിൽ ഉന്നതമായ വിജയം നേടണമെന്ന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ, നേരത്തെ പഠിച്ചുകഴിഞ്ഞ പാഠഭാഗങ്ങളും ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നവയും, ഒരു ദിവസംപോലും നഷ്ടപ്പെടുത്താതെ നിരന്തരം അവർത്തിച്ച് പഠിച്ചു കൊണ്ടിരിക്കണം. തുടർച്ചയായി ആവർത്തിച്ച് വായിച്ച് പഠിക്കാത്തവർക്ക് പഠനത്തിൽ വിജയം നേടാൻ ഒരിക്കലും സാധിക്കുകയില്ല. ഓരോ ദിവസവും ചുരുങ്ങിയത് 4 പ്രാവശ്യമെങ്കിലും നേരത്തെ പഠിച്ചുകഴിഞ്ഞ എല്ലാ പാഠഭാഗങ്ങളും ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നവയും ആവർത്തിച്ചു വായിച്ചു പഠിക്കണം. ഈ ആവർത്തനം ഒരു ദിവസം പോലും മാറ്റിവെയ്ക്കാതെ വർഷാവസാനംവരെ തുടരുകയും വേണം.
മനുഷ്യമനസ്സ് സ്വതവേ ചഞ്ചലമാണ്. ഒന്നിൽ നിന്ന് മറ്റൊന്നിലേയ്ക്ക് നിരന്തരം തെന്നി മാറുക അതിൻ്റെ സ്വഭാവമാണ്. പഠനവേളയിൽ മനസ്സിനെ സ്വസ്ഥമാക്കി നിലനിർത്തുവാൻ ഈശ്വര പ്രാർത്ഥന അത്യധികം സഹായകമാണ്. നിരന്തരം വിശ്വാസത്തോടു കൂടി പ്രാർത്ഥിക്കുകയാണെങ്കിൽ നന്നായി പഠിക്കുന്നതിന് വേണ്ട എല്ലാ വിധ ശക്തിയും ഈശ്വരൻ നമുക്ക് നൽകും. ദിവസവും ഒരല്പനേരം ധ്യാനം പരിശീലിക്കുകയാണെങ്കിൽ അത് അസ്വസ്ഥമായ മനസ്സിനെ ഏകാഗ്രമാക്കാൻ വളരെയധികം ഉപകരിക്കും. പഠനം അവസാനിപ്പിക്കുന്നതും പ്രാർത്ഥനയോടെ തന്നെയായിരിക്കണം.
ശരാശരി ബുദ്ധിയുള്ളവർ അതിബുദ്ധിമാന്മാരെ പിന്നിലാക്കുന്നതിൻ്റെ പ്രധാന രഹസ്യം, അവരുടെ പഠനത്തിലെ സ്ഥിരത, നിരന്തരമായ പരിശ്രമം, ചിട്ട എന്നിവയാണ്. പ്രതിഭാസമ്പന്നരായ വിദ്യാർത്ഥികൾപോലും മുടങ്ങാതെ കൃത്യമായി പഠിച്ചില്ലെങ്കിൽ പഠനത്തിൽ പരാജയപ്പെടും എന്ന കാര്യത്തിൽ സംശയിക്കേണ്ട. അതുകൊണ്ട് സ്ഥിരതയോടുകൂടി പഠിക്കുന്ന കാര്യത്തിൽ മിടുക്കന്മാരും ശരാശരി വിഭാഗത്തിൽപ്പെട്ടവരും പ്രത്യേകം ശ്രദ്ധിക്കണം.
പരീക്ഷയടുക്കുമ്പോൾ എല്ലാം ഉപേക്ഷിച്ച്, ഉറക്കം പോലും വേണ്ടെന്ന് വെച്ച് പഠിക്കുന്ന വിദ്യാർത്ഥികൾ ധാരാളമുണ്ട്. ഇങ്ങനെ പഠിച്ചാൽ വിജയിക്കാമെന്നത് തീർത്തും തെറ്റായ ധാരണയാണ്. പരീക്ഷയ്ക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ആവശ്യത്തിന് ഉറക്കം ലഭിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. പരീക്ഷയുടെ അടുത്ത ദിവസങ്ങളിൽ പരിധിയിൽ കവിഞ്ഞ ഉറക്കമൊഴിച്ചുള്ള പഠനം കൊണ്ട് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാകുക. സാവധാനത്തിലും ആവർത്തിച്ചും പഠിക്കുന്ന കാര്യങ്ങളെ ഓർത്തിരിക്കുകയുള്ളൂ. ഒരു പാഠഭാഗം നന്നായി മനസ്സിലാക്കിയതിനു ശേഷമേ അടുത്തതിലേയ്ക്ക് കടക്കാവൂ. അല്ലെങ്കിൽ തുടർന്നു വരുന്ന ഭാഗങ്ങൾ മനസ്സിലാക്കാൻ സാധിക്കാതെ വരും.
പല വിധത്തിലുള്ള കാരണങ്ങൾ കൊണ്ടും, സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടും നന്നായി പഠിക്കുന്നതിന് അനുകൂലമായ സാഹചര്യം എല്ലാ വീടുകളിലും ഉണ്ടായെന്ന് വരികയില്ല. നാം ഓരോരുത്തരും നമ്മുടെ കഴിവിൻ്റെയും സാമ്പത്തികമായ നിലവാരത്തിൻ്റെയും പരിമിതി മനസ്സിലാക്കി, നമുക്ക് ലഭ്യമായിട്ടുള്ള സാഹചര്യങ്ങൾ ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തി കൊണ്ട് നന്നായി പഠിക്കുക. വിവേകപരമായ ചിന്തയിലൂടെയും പ്രവർത്തനത്തിലൂടെയും സാഹചര്യങ്ങളെ കഴിയുന്നതും നമുക്ക് അനുകൂലമാക്കി മാറ്റാൻ ശ്രമിക്കുക. പഠിക്കുന്ന കാലഘട്ടത്തിൽ, പഠനത്തെ തകർക്കാൻ ഇടയുള്ള നാനാവിധ പ്രലോഭനങ്ങളേയും ഛിദ്രവാസനകളേയും കരുതിയിരിക്കുക.
ഇന്ന് മിക്കവരും പഠിക്കുന്നത് നല്ലൊരു ബിരുദം നേടാനും, അതിനു ശേഷം മോശമില്ലാത്ത എന്തെങ്കിലും ഒരു ജോലി നേടുക എന്ന നിസ്സാരമായ ലക്ഷ്യം മാത്രം മുന്നിൽ കണ്ടു കൊണ്ടാണ്. മനുഷ്യൻ്റെ ഉത്തമ ഗുണങ്ങൾ വെളിപ്പെടുത്തുന്നതാണ് യഥാർത്ഥ വിദ്യാഭ്യാസം എന്നാണ് വിദ്യഭ്യാസത്തെക്കുറിച്ച് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പറഞ്ഞിട്ടുള്ളത്. ജോലി സമ്പാദിക്കുക എന്നതിനേക്കാളുപരി വിദ്യാഭ്യാസത്തിനു ഉന്നതമായ ഒരു ലക്ഷ്യം ഉണ്ടാവണം. വ്യക്തിത്വത്തിൻ്റെ സമഗ്രമായ വളർച്ച ‘ സ്വഭാവരൂപീകരണം, സമൂഹത്തിനും രാഷ്ട്രത്തിനും സേവനം ചെയ്യാൻ പ്രാപ്തരായ വ്യക്തികളെ വാർത്തെടുക്കൽ, മനോബലം, ആത്മീയശക്തി, ബുദ്ധിശക്കി, സ്വാശ്രയശീലം തുടങ്ങിയ അമൂല്യമായ ഗുണങ്ങൾ വളർത്തികൊണ്ടുവരികയും വികസിപ്പിക്കുകയും ചെയ്യുക എന്നതായിരിക്കണം വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം.




👌👌👌🙏🙏
ജയേ ഒരു പാട് സന്തോഷം
🙏🙏🙏🙏❤️
നല്ല അറിവ് ഗുരുജി. പഠനം എങ്ങിനെ വേണമെന്നും മനസ്സിലുറപ്പിക്കേണ്ട വിധവും പഠനത്തിൻ്റെ ആവശ്യകഥയും എല്ലാം ഭംഗിയായി പറഞ്ഞു. വിജ്ഞാന ദാഹം’ അതിനു അവസാനമില്ല നന്ദി ഗുരുജി . നമസ്ക്കാരം ‘