Thursday, January 8, 2026
Homeഅമേരിക്കശുഭചിന്ത - (125) പ്രകാശഗോപുരങ്ങൾ - (101) 'സമയനിഷ്ഠ" (അവസാനഭാഗം) ✍പി. എം.എൻ.നമ്പൂതിരി

ശുഭചിന്ത – (125) പ്രകാശഗോപുരങ്ങൾ – (101) ‘സമയനിഷ്ഠ” (അവസാനഭാഗം) ✍പി. എം.എൻ.നമ്പൂതിരി

പി. എം.എൻ.നമ്പൂതിരി

സമയപ്പട്ടിക

നമ്മൾ ഏറ്റെടുത്ത പ്രവൃർത്തികൾ ശരിയായ വിധത്തിൽ മുഴുമിപ്പിക്കുന്നതിന് യാഥാർത്ഥ്യബോധത്തോടെ ഒരു സമയപ്പട്ടിക തയ്യാറാക്കുന്നതാണ് ഏറ്റവും ഉചിതം.ഇതിനു ശേഷം മാത്രമേ നാം പ്രവൃത്തികൾ ആരംഭിക്കുവാൻ പാടുള്ളൂ. മിക്കവാറും എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളും സമയപ്പട്ടികയിൽ ഉൾക്കൊള്ളിക്കാൻ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. നമ്മുടെ ദൈനംദിന കാര്യങ്ങൾക്കായി ഒരു നല്ല സമയപ്പട്ടികയ്ക്ക് രൂപം കൊടുക്കുകയും ആ പട്ടികയിൽ എല്ലാറ്റിനും ഒരു പ്രത്യേക സമയം നിശ്ചയിക്കുകയും വേണം. നിശ്ചിത സമയപട്ടികയിൽ നിന്ന് ഒട്ടും തന്നെ വ്യതിചലിക്കാതെ സ്ഥിരമായ വേഗത്തിൽ, കണിശമായി മുന്നേറുമ്പോൾ, നമ്മുടെ ജീവിതലക്ഷ്യം മുൻ നിശ്ചയിച്ച സമയപരിധിയ്ക്ക് വളരെ മുമ്പുതന്നെ പൂർത്തീകരിക്കപ്പെടുന്നു. ഫലപ്രദമായരീതിയിൽ ഒരു സമയപട്ടിക തയ്യാറാക്കിയെടുക്കാൻ നമുക്ക് കഴിഞ്ഞാൽ നമ്മുടെ ജോലികൾ വളരെ എളുപ്പമായിത്തീരുന്നു. ലക്ഷ്യം നേടാൻ എളുപ്പമാർഗ്ഗങ്ങളിൽ ഒന്നാണ് നല്ലൊരു സമയപ്പട്ടിക ഉണ്ടാക്കുകയും അത് കൃത്യമായി പാലിക്കുകയും ചെയ്യുക എന്നത്.

സമയം ക്ലിപ്തപ്പെടുത്തുക

സമയത്തിനുമേൽ എപ്പോഴും നമുക്ക് നിയന്ത്രണം ഉണ്ടായിരിക്കണം. ഒരിക്കലും നാം അതിൻ്റെ അടിമയായിരിക്കുവാൻ പാടില്ല. നമ്മൾ ചെയ്യുന്ന ചെറുതും വലുതുമായ എല്ലാ കാര്യങ്ങൾക്കും സമയം ക്ലിപ്തപ്പെടുത്തുകയും വേണം. അതിരാവിലെ കൃത്യസമയത്ത് തന്നെ ഉണരുവാൻ ശ്രമിക്കണം, പറ്റുമെങ്കിൽ ബ്രഹ്മമുഹൂർത്തത്തിൻ തന്നെ ഉണർന്ന് ശുദ്ധവൃത്തിയും ഈശ്വരപ്രാർത്ഥനയും മറ്റുമൊക്കെ കഴിഞ്ഞ്, കൃത്യസമയത്തു തന്നെ നമ്മുടെ ദിനചര്യകൾ ആരംഭിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇങ്ങനെ ചെയ്യുന്നത് വഴി സമയ ക്ലിപ്തത പാലിയ്ക്കുവാൻ നമുക്ക് കഴിയുന്നു. നാം ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും നാം ഇഷ്ടംപോലെ സമയം ചിലവഴിക്കുകയാണെങ്കിൽ സമയത്തെ വേണ്ടവിധം നിയന്ത്രിക്കുവാൻ നമുക്ക് കഴിയാതെ വരുമെന്ന കാര്യത്തിൽ സംശയിക്കാനില്ല. എല്ലാ കാര്യത്തിലും സമയനിഷ്ഠ പാലിക്കുന്നതു വഴി നമുക്ക് നല്ല ഏകാഗ്രത കൈവരികയും, കാര്യശേഷി വർദ്ധിക്കുകയും ചെയ്യുന്നു.

മാറ്റിവെയ്ക്കൽ ഒഴിവാക്കുക

കാര്യങ്ങൾ മാറ്റിവെയ്ക്കുക എന്നത് മിക്കവാറും എല്ലാവരുടേയും ഒരു ദൗർബല്ല്യമാണ്. ഈ ശീലം സമയത്തിൻ്റെ ഏറ്റവും വലിയ ശത്രുവാണ്. ഈ സമീപനം ഭാവിയിൽ ഗുരുതരമായ പല പ്രശ്നങ്ങൾക്കും, വീഴ്ചകൾക്കും വഴിതെളിയിയ്ക്കും. ഇത് ലക്ഷ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് മാത്രമല്ല, ക്രമേണ ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരികയും, പലതും ഉപേക്ഷിക്കുവാൻ കാരണമാവുകയും ചെയ്യുന്നു. നാളെയ്ക്ക് നാളെയുടെ കാര്യങ്ങളുണ്ടെന്നത് മറക്കാതിരിക്കുന്നത് നല്ലതാണ്. നമുക്ക് ഇന്ന് ചെയ്യേണ്ടതും ചെയ്യാൻ കഴിയുന്നതുമായ കാര്യങ്ങൾ ഇന്നു തന്നെ ചെയ്യുക. ഒന്നും തന്നെ നാളെയ്ക്ക് മാറ്റിവെയ്ക്കാതിരിക്കുക. നമ്മുടെ ജോലികൾ ഒരിക്കലും മാറ്റിവെയ്ക്കാതെ കഴിയുന്ന വേഗത്തിൽ ചെയ്തുതീർക്കുക എന്നത് നമ്മുടെ ശീലമാക്കി മാറ്റണം. ഈ ശീലം വളർത്തിയെടുക്കാൻ ആദ്യം അല്പം ബുദ്ധിമുട്ട് തോന്നിയേക്കാമെങ്കിലും കുറച്ച് പരിശീലിച്ചാൽ ഇത് എളുപ്പമായിത്തീരും.

അല്പം ഇടവേള

ചെയുന്ന ഏതു ജോലിക്കിടയിലും ചെറിയ ഇടവേള ഉണ്ടാകുന്നത് നല്ലതാണ്. പിരിമുറുക്കം കുറയ്ക്കാനും നഷ്ടപ്പെട്ട ഉന്മേഷം വീണ്ടെടുക്കാനും ഇത് ഉപകരിക്കും. തുടർച്ചയായി ജോലിയിൽ ഏർപ്പെടുന്നത് മനസ്സിനെയും ശരീരത്തെയും വല്ലാതെ ക്ഷീണിപ്പിയ്ക്കുവാൻ ഇടയാകും എന്നതുകൊണ്ടാണ് ചെറിയ ഇടവേള നൽകണമെന്ന് പറയുന്നത്. ഇങ്ങനെയുള്ള ഇടവേള പത്തു മിനിട്ടിൽ കൂടാനും പാടില്ല. ഇടവേളയ്ക്കുശേഷം പ്രവർത്തനം തുടരുകയും വേണം.

അടുക്കും ചിട്ടയും.

ദൈനംദിന ജീവിതത്തിൽ അടുക്കും ചിട്ടയും രൂപപ്പെടുത്താനാണ് നാം പ്രത്യേകമായി ശ്രമിക്കേണ്ടത്. നമ്മുടെ മുറിയും, നമ്മൾ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളും, വൃത്തിയായും ചിട്ടയോടു കൂടിയും സൂക്ഷിക്കുകയാണെങ്കിൽ അനാവശ്യമായ സമയനഷ്ടം ഒഴിവാക്കാൻ സാധിയ്ക്കും. ഇതിന് ആദ്യമായി ചെയ്യേണ്ടത് ജീവിതത്തിൽ ക്രമം പാലിയ്ക്കുകയാണ്. നമ്മുടെ ദിനചര്യയിൽ ചിട്ടവരുത്തുകയും, മുൻ നിശ്ചയപ്രകാരം കാര്യങ്ങൾ ക്രമത്തിൽ ചെയ്യുമെന്ന് തീർച്ചപ്പെടുത്തുകയും വേണം. നാം ചെയ്യുന്ന ഓരോ പ്രവർത്തിയ്ക്കും വ്യക്തമായ ഒരു ക്രമവും ചിട്ടയും ആവശ്യമാണ്. സമയം അനാവശ്യമായി പാഴായി പോകുന്നത് തടയാൻ ഇത് വളരെയധികം ഉപകരിക്കും.

പറ്റില്ലെന്ന് പറയാൻ മടിക്കരുത്.

പലപ്പോഴും നമുക്ക് പറ്റില്ലെന്ന് പറയാൻ ഏറെ വിഷമം തോന്നിയേക്കാമെങ്കിലും, ആവശ്യമുള്ളേടത്ത് അത് പറഞ്ഞേ പറ്റൂ. സമയത്തെ നമ്മുടെ വരുതിയിൽ പിടിച്ചു നിർത്താനുള്ള ഏറ്റവും നല്ല ഒറ്റമൂലിയാണിത്. ഈ പ്രയോഗം അല്പം കടുപ്പമുള്ളതാണെങ്കിലും സമയത്തെ നിയന്ത്രിക്കാൻ വളരെയധികം ഉപകരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ആർക്കെങ്കിലും ഇഷ്ടപ്പെടാതെ വരുമോ എന്ന് കരുതി പറ്റില്ലെന്ന് പറയേണ്ടിടത്ത് പറയാതിരുന്നാൽ അതിൻ്റെ ദോഷം നമുക്ക് തന്നെയായിരിക്കും. നമുക്ക് തീർത്തും കഴിയാത്ത സാഹചര്യത്തിൽ, സ്വന്തം പ്രവർത്തിയുടെ ക്രമം തെറ്റാതിരിക്കുവാൻ മറ്റുള്ളവരോട് ” പറ്റില്ല “ എന്ന് പറയാൻ ഒരിക്കലും മടി കാണിക്കരുത്. സ്വന്തം കർത്തവ്യങ്ങൾക്ക് തന്നെയാണ് നാം എപ്പോഴും മുൻഗണന കൊടുക്കേണ്ടത്. വളരെ അത്യാവശ്യമാണെങ്കിൽ മാത്രമേ ഇതിൽ നിന്ന് വ്യതിചലിക്കാൻ പാടുള്ളൂ.

സമയത്തിൻ്റെ ദുരുപയോഗം

തിരക്കേറിയ ഇന്നത്തെ ജീവിത സാഹചര്യത്തിൽ സമയത്തിൻ്റെ ദുരുപയോഗം തടയേണ്ടത് ഏറ്റവും അത്യാവശ്യമാണ്. സമയത്തിൻ്റെ ദുരുപയോഗം മാറാരോഗമായിത്തീർന്നിരിക്കുകയാണ് എന്നതാണ് ഇതിൻ്റെ പിന്നിലുള്ള കാരണം. ഓരോ ദിവസവും നമ്മുടെ സമയത്തിൻ്റെ നല്ലൊരു പങ്കും വ്യർത്ഥകാര്യങ്ങൾക്കായിട്ടാണ് നാം ചിലവഴിക്കുന്നത്. ഇത് വിദൂരഭാവിയിൽ പലതരത്തിലുള്ള തിരിച്ചടികൾക്കും കാരണമായിത്തീരുന്നു. നമുക്കും മറ്റുള്ളവർക്കും ഉപകാരപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈശ്വരൻ നമുക്ക് സമയം നൽകിയിരിക്കുന്നത് എന്ന കാര്യം മറക്കാൻ പാടില്ല. നമുക്ക് ലഭിച്ചിട്ടുള്ള സമയം തീർത്തും തെറ്റായ കാര്യങ്ങൾക്കാണ് നാം വിനിയോഗിക്കുന്നതെങ്കിൽ, തീർച്ചയായും നാം ദു:ഖിക്കേണ്ടതായി വരും. നമ്മുടെയും മറ്റുള്ളവരുടെയും ഉയർച്ചയ്ക്കുവേണ്ടി നമുക്ക് ലഭ്യമായിട്ടുള്ള സമയം ഉപയോഗപ്പെടുത്തുവാൻ പരിശ്രമിക്കുക.

ഓരോ ദിവസവും യാത്രചെയ്തു കൊണ്ട് വളരെയധികം സമയം നാം പാഴാക്കുന്നുണ്ട്. യാത്രയ്ക്കായി ഒരുങ്ങുന്നതിനും മറ്റും സമയം അവശ്യമാണ്. അല്പമൊന്ന് ശ്രദ്ധിച്ചാൽ യാത്രാവേളയിലും, മറ്റ് ഇതുപോലെയുള്ള സാഹചര്യങ്ങളിലും ഉണ്ടാകുന്ന സമയനഷ്ടം ഒഴിവാക്കാം. ഇങ്ങനെയുള്ള അവസരങ്ങളിൽ ഒരു നല്ല പുസ്തകം കയ്യിൽ കരുതുകയാണെങ്കിൽ, അത് വായിച്ചുകൊണ്ട് സമയം പാഴാകുന്നത് തടയാൻ കഴിയും. മറ്റാരെയെങ്കിലും കാത്തു നിൽക്കുന്ന സമയവും ഇതുപോലെ തന്നെ പ്രയോജനപ്പെടുത്താൻ കഴിയും. ആവശ്യത്തിനു മാത്രം യാത്ര ചെയ്യുക, അനാവശ്യമായ യാത്രകളും കാത്തുനിൽപ്പും ഒഴിവാക്കുകയാണ് വേണ്ടത്.

പൂർണ്ണതാബോധം

അവശ്യമില്ലാത്ത പൂർണ്ണതാബോധം ഒഴിവാക്കുകയാണ് ഉചിതം. എല്ലാ കാര്യങ്ങളിലും പൂർണ്ണത കൈവരിക്കാൻ ശ്രമിച്ചാൽ, ചെറിയ ജോലികൾക്കുകൂടി വളരെയധികം സമയം ചിലവഴിക്കേണ്ടതായി വരുകയും, ധാരാളം സമയം നഷ്ടപ്പെടുകയും ചെയ്യും. ഒരു പരിധി വരെ പൂർണ്ണത നല്ലതാണെങ്കിലും അധികമായാൽ ദോഷമാണ് ഉണ്ടാകുക. എല്ലാ കാര്യങ്ങളിലും പൂർണ്ണതക്കുവേണ്ടി ശ്രമിക്കാതെ, പ്രധാനപ്പെട്ട കാര്യങ്ങളിൽ മാത്രം ആവശ്യത്തിന് പൂർണ്ണത കൈവരിക്കുവാനാണ് നാം ശ്രമിക്കേണ്ടത്.

പി. എം.എൻ.നമ്പൂതിരി ✍

RELATED ARTICLES

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com