ആത്മവിശ്വാസം കഴിഞ്ഞാൽ ഒരു വ്യക്തിയിൽ നിറഞ്ഞു നില്ക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഗുണമാണ് അദ്ധ്വാനശീലം. അദ്ധ്വാനശീലത്തിൻ്റെ അഭാവം ഇക്കാലത്ത് എല്ലായിടത്തും, പ്രത്യേകിച്ച് വിദ്യാർത്ഥി സമൂഹത്തിൻ്റെ ഇടയിൽ വളരെയധികം കണ്ടുവരുന്നുണ്ട്. വളഞ്ഞ വഴികളിലൂടെയും അധാർമ്മികമായ രീതിയിലും ധനവും മറ്റുനേട്ടങ്ങളും കൈവരിക്കുവാനാണ് പല വ്യക്തികളും ഇക്കാലത്ത് പരിശ്രമിക്കുന്നത്. ഒന്നു മനസ്സിലാക്കുക! അദ്ധ്വാനത്തെ ആരാധനയായിട്ടാണ് ഭാരതീയ തത്ത്വചിന്ത വീക്ഷിക്കുന്നത്. അദ്ധ്വാനത്തിൻ്റെ അല്ലെങ്കിൽ പരിശ്രമത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് എത്ര എഴുതിയാലും അത് പൂർണ്ണമാവുകയില്ല. നാം ഏതു മേഖലയിലും വിജയം ലക്ഷ്യമാക്കി മുന്നേറുമ്പോൾ അദ്ധ്വാനത്തെ മാറ്റിനിർത്തികൊണ്ട് ഒരിക്കലും അത് നേടാൻ സാധിക്കുകയില്ല. മാത്രവുമല്ല അങ്ങനെ കരുതുന്നുണ്ടെങ്കിൽ അത് ഏറ്റവും വലിയ മണ്ടത്തരവുമാകും. കഴിഞ്ഞകാല ലോകചരിത്രം പരിശോധിക്കുകയാണെങ്കിൽ, ജീവിതത്തിൻ്റെ വിത്യസ്ഥ മേഖലകളിൽ വിജയം നേടിയിട്ടുള്ളവർ അത്യധികം അദ്ധ്വാനികളായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഏതു രംഗത്തും ഉന്നതമായ വിജയം അഗ്രഹിക്കുന്നവർ ശക്തമായ അദ്ധ്വാനശീലരായിരിക്കണം. മറ്റുള്ളവർക്ക് എണ്ണമറ്റ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് നമുക്കും അത് നേടിക്കൂടാ എന്ന ചിന്ത ഉണ്ടായിരിക്കണം. പക്ഷെ ചിന്തിച്ചാൽ മാത്രം പോരാ. അതിനുവേണ്ടി നിരന്തരം പരിശ്രമിക്കുകയും വേണം. ജീവിതവിജയത്തിന് ശാരീരികവും, മാനസികവും, ബുദ്ധിപരവുമായ അദ്ധ്വാനം ഒരുപോലെ അത്യാവശ്യമാണ്. ഒന്നു മനസ്സിലാക്കുക! ശാരീരികമായ അദ്ധ്വാനം കൊണ്ടു മാത്രം ജീവിതവിജയം കരഗതമാവുകയില്ല. അദ്ധ്വാനശീലം എന്തിനേയും കീഴടക്കുമെന്ന് ജർമ്മൻ കവിയായ ഗോയഥേ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഈ വിലപ്പെട്ട ഗുണം വളർത്തിയെടുക്കുവാൻ നാം പ്രത്യേകം ശ്രദ്ധിക്കണം.
അത്യധികമായ അദ്ധ്വാനംകൊണ്ടും അളവറ്റ ആത്മവിശ്വാസം കൊണ്ടും ഏറ്റവും ഉന്നതമായ ശ്രേണിയിൽ എത്തിച്ചേർന്ന അനേകം പേരെ ലോക ചരിത്രത്തിലൂടെ കണ്ണോടിക്കുകയാണെങ്കിൽ നമുക്ക് കണ്ടെത്താൻ സാധിക്കും. ലോകത്തെ മുഴുവൻ തൻ്റെ ക്കൊടി ക്കീഴിൽ കൊണ്ടുവരാൻ ആഗ്രഹിച്ച വിശ്വപ്രസിദ്ധനായ അലക്സാണ്ടർ ചക്രവർത്തിയെക്കുറിച്ച് നമ്മളിൽ പലരും കേട്ടിട്ടുണ്ടാവുമല്ലോ. തൻ്റെ ഭരണകാലത്ത് ഏതാണ്ട് ലോകത്തിൻ്റെ പകുതിഭാഗം അദ്ദേഹത്തിൻ്റെ കീഴിലായിരുന്നു. ബി.സി. 356 ലാണ് അലക്സാണ്ടറുടെ ജനനം.പ്രഗത്ഭനായ അലക്സാണ്ടർ ജന്മസിദ്ധമായ പല കഴിവുകളും ഉള്ള വ്യക്തിയായിരുന്നു. എന്തു വേണമെന്നുള്ള തീരുമാനം അരനിമിഷത്തിനുള്ളിൽ അദ്ദേഹം എടുക്കുമായിരുന്നു. മാത്രമല്ല എടുത്ത തീരുമാനം ഉടനെ നടപ്പിലാക്കുകയും ചെയ്യുമായിരുന്നു. സാധാരണ വ്യക്തികളിൽ കണ്ടെത്തുവാൻ വളരെ പ്രയാസമുള്ള ശ്രേഷ്ഠമായ ഗുണങ്ങളാണ് ഇവ രണ്ടും. പിതാവായ ഫിലിപ്പ് കൊല്ലപ്പെട്ടപ്പോൾ കേവലം ഇരുപത് വയസ്സ് തികയാത്ത പയ്യനായിരുന്നു അലക്സാണ്ടർ. ഫിലിപ്പിൻ്റെ മരണശേഷം, യൂറോപ്പിനെ നിലയ്ക്ക് നിർത്തുവാൻ അദ്ദേഹത്തിന് രാവും പകലും വിശ്രമമില്ലാതെ പരിശ്രമിക്കേണ്ടതായി വന്നു. കഠിനമായ പരിശ്രമമായിരുന്നു അലക്സാണ്ടറുടെ വിജയരഹസ്യം. ഏതാണ്ട് മുപ്പത്തിരണ്ടു വർഷം മാത്രമാണ് അദ്ദേഹം ജീവിച്ചിരുന്നത്. എങ്കിലും ഒരു നൂറ് വയസ്സിനിടക്കും ഇതുപോലെ ചെയ്തു തീർക്കാൻ കഴിയാത്ത എണ്ണമറ്റ വലിയ കാര്യങ്ങൾ ചെയ്തവസാനിപ്പിച്ച അലക്സാണ്ടർ അദ്ധ്വാനത്തിൻ്റെ മറക്കാത്ത മുഖമുദ്രയായിരുന്നു.
അതുപോലെതന്നെ ലോകം ദർശ്ശിച്ചിട്ടുള്ളവരിൽവെച്ച് ഏറ്റവും ഉന്നതനായ ശാസ്ത്രജ്ഞനായിരുന്നു “” ലൂയിസ് പാസ്റ്റർ “ അദ്ദേഹത്തെ പഠിപ്പിച്ച അദ്ധ്യാപകർക്ക് പാസ്റ്ററിൽ കഠിനാദ്ധ്വാനം ഒഴികെ എടുത്തുപറയത്തക്ക യാതൊരു ഗുണവും കാണാൻ കഴിഞ്ഞില്ല. കഠിനാദ്ധ്വാനമായിരുന്നു പാസ്റ്ററുടെ നിരന്തര പ്രചോദനം. രാവും പകലും അദ്ദേഹം കഠിനമായി അദ്ധ്വാനിച്ചു. അവസാനം മരണക്കിടക്കയിൽ വെച്ച് പാസ്റ്റർ തൻ്റെ പ്രിയപ്പെട്ട ശിഷ്യന്മാരോട് പറഞ്ഞത് “നിങ്ങൾ നിശ്ചയമായും അദ്ധ്വാനിക്കണം. ഞാൻ വിജയിച്ചിട്ടുണ്ടെങ്കിൽ അത് എൻ്റെ കഠിനമായ അദ്ധ്വാനത്തിൻ്റെ ഫലം മാത്രമാണ് “ എന്നാണ്.
ഒരു കൽക്കരി ജോലിക്കാരൻ്റെ മകനായിരുന്നു ജോർജ്ജ് സീറ്റീഫൻസൺ. പകൽ മുഴുവൻ കൽക്കരി ഖനികളിൽ കഠിനമായി ജോലിചെയ്യുകയും ഉറക്കം ഉപേക്ഷിച്ച് നിരവധി രാത്രികളിൽ അവിശ്രാന്തം പരിശ്രമിച്ചതിൻ്റെയും ഫലമായിട്ടാണ് അദ്ദേഹത്തിന് തീവണ്ടി രൂപകല്പന ചെയ്യുവാനും പ്രയോഗത്തിൽ കൊണ്ടുവരുവാനും സാധിച്ചത്.
ലോകപ്രസിദ്ധനും പ്രതിഭാസമ്പന്നനുമായ ശാസ്ത്രജ്ഞനായിരുന്നു സർ ഐസക്ന്യൂട്ടൻ. അദ്ദേഹം അതിബുദ്ധിമാനായിരുന്നിട്ടുപോലും എല്ലാ ദിവസവും 18 മണിക്കൂർ ശാസ്ത്രപഠനത്തിൽ മുഴുകിയിരുന്നു.
അദ്ധ്വാനശീലത്തിൻ്റെ പ്രാധാന്യത്തെയും അത് ജീവിതവിജയത്തിൽ ചെലുത്തുന്ന അനിർവചനീയമായ സ്വാധീനത്തെയുംക്കുറിച്ച് അഴമേറിയ അവബോധം നമ്മുടെ മനസ്സിലും ബുദ്ധിയിലും പ്രവർത്തിയിലും നിരന്തരം ഉണ്ടാകുന്നതിനുവേണ്ടി മാത്രമാണ് ഞാൻ ഇവിടെ ചില പ്രഗത്ഭരുടെ ജീവിതവിജയത്തിൻ്റെ കഥകൾ പറയാൻ കാരണം. ഈ വ്യക്തികളുടെ ജീവിതവിജയത്തിൻ്റെ കഥകളിൽ നിന്ന് നമുക്കോരോരുത്തർക്കും വളരെയധികം പ്രചോദനം ഉൾകൊള്ളാനും മാതൃകയാക്കുവാനും സാധിക്കേണ്ടതാണ്.
അദ്ധ്വാനശീലത്തിൻ്റെ അഭാവം പല ദോഷങ്ങളും വരുത്തിവെയ്ക്കും. അദ്ധ്വാനത്തിൻ്റെ ഏറ്റവും വലിയ ശത്രു അലസതയാണ്. ഇക്കാലത്ത് ഭൂരിഭാഗം ആളുകളും ആലസ്യത്തിൽ അമർന്നിരിക്കുകയാണ്. നമ്മുടെ വ്യക്തിപരമായ പുരോഗതിയ്ക്കും സമൂഹത്തിൻ്റെയും രാജ്യത്തിൻ്റെയും വളർച്ചയ്ക്കും ഏറ്റവും അധികമായി വേണ്ടത് അദ്ധ്വാനശീലമാണ്. ജീവിതയാത്രയിൽ കടുത്ത പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നമ്മെ വലയം ചെയ്യുമ്പോൾ പോലും നാം നമ്മുടെ പ്രവർത്തനമണ്ഡലത്തിൽ നിന്നും പുറകോട്ട് പോകരുത്. വെല്ലുവിളികൾ നേരിടുമ്പോൾ നാം പിൻമാറുകയാണെങ്കിൽ അത് നമ്മുടെ പുരോഗതിയെ തടയും.
ഇക്കാലത്ത് മിക്കവരും ഏറ്റവും കുറച്ച് ജോലി ചെയ്യുവാനും കൂടുതൽ പണം സമ്പാദിക്കുവാനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രോഗികളെ ശുശ്രൂഷിക്കുന്നത് ഒരു സേവനമായി കാണേണ്ട ഡോക്ടർമാർ പോലും പണത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.
നമുക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽതന്നെ അതിൻ്റെ കാരണം കണ്ടെത്തി, തെറ്റുകൾ തിരുത്തി കൂടുതൽ ശക്തമായ പ്രവർത്തനം തുടരുകയാണ് വേണ്ടത്. മനുഷ്യൻ്റെ മനസ്സും ബുദ്ധിയും എപ്പോഴും ക്രിയാത്മകവും സൃഷ്ടിപരവുമായ ആശയങ്ങൾ കൊണ്ട് നിറഞ്ഞിരിക്കണം. മനസ്സും ബുദ്ധിയും അലസമായിടുകയാണെങ്കിൽ നമ്മളിൽ ദുരാശകൾ കടന്നുകൂടുകയും, ചെകുത്താൻ്റെ പ്രവർത്തന കേന്ദ്രമായി മാറുകയും നമ്മുടെ ഭാവി ഇരുളടഞ്ഞതായിത്തീരുകയും ചെയ്യും. അതുകൊണ്ട് അലസതയെന്ന വലിയ ശത്രു ആദ്യം ഒരു വിരുന്നുകാരനെപ്പോലെ കടന്നുവരുകയും പിന്നെ സ്ഥിരതാമസമാക്കുവാനും ഇടയുള്ളതുകൊണ്ട് അലസതയെ അതിജീവിക്കാൻ പ്രത്യേകം ശ്രദ്ധചെലുത്തുകയും കരുതിയിരിക്കുകയും വേണം. അതു കൊണ്ട് നമ്മുടെ ജീവിതത്തിൽ അലസമായ ഒരു നിമിഷം പോലും ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നാം നിരന്തരം ജോലി ചെയ്യണം. പക്ഷെ, അത് ഒരു അടിമയെപ്പോലെ ആയിരിക്കരുത് എന്ന് ഭഗവദ്ഗീതയിൽ ശ്രീകൃഷ്ണഭഗവാൻ പറഞ്ഞിട്ടുണ്ട്.
നമ്മളിൽ ഓരോരുത്തരിലും അനന്തമായ ശക്തിയുണ്ട്. ശക്തിയും കഴിവുമെല്ലാം ഒളിഞ്ഞിരിക്കുകയാണ്. ദൃഢനിശ്ചയം, നിരന്തരമായ പരിശ്രമം എന്നിവകൊണ്ടു മാത്രമേ അതിനെ വെളിയിൽ കൊണ്ടുവരുവാനും വികസിപ്പിക്കുവാനും സാധിക്കുകയുള്ളൂ. ദൈവത്തെക്കുറിച്ചുള്ള വെളിപാട് യേശുക്രിസ്തു നൽകുന്നത്, എൻ്റെ പിതാവ് ഇന്നുവരെയും പ്രവർത്തിക്കുന്നു. ഞാനും പ്രവർത്തിക്കുന്നു എന്നായിരുന്നു. ദൈവംപോലും എപ്പോഴും പ്രവർത്തനനിരതനാണ്. അപ്പോൾ നമ്മളും അപ്രകാരമാകേണ്ടതല്ലേ? നിരന്തരം അദ്ധ്വാനിക്കുന്ന കൈകൾ പ്രാർത്ഥിക്കുന്ന കരങ്ങളെക്കാൾ മഹത്തരമാണ്.
നാം ചെയ്യേണ്ട ജോലിയെ ഭാരമായി കരുതാതെ നമ്മുടെ കർത്തവ്യമായി കണക്കാക്കിയാൽ മാത്രമേ നമുക്ക് ഉത്സാഹവും സംതൃപ്തിയും ഉണ്ടാവുകയുള്ളൂ. പരിശ്രമത്തിൻ്റെ അളവു കൊണ്ട് നാം നമ്മുടെ വിധികർത്താക്കളാകണം. സന്തോഷത്തോടും ഉത്സാഹത്തോടും കൂടെ നാം നമ്മുടെ ദൈനംദിന കാര്യങ്ങളിൽ വ്യാപരിക്കണം. പ്രയോഗിക്കാതിരുന്നാൽ ആയുധം തുരുമ്പിക്കുന്നതു പോലെ നമ്മുടെ ശരീരത്തിൻ്റെയും മനസ്സിൻ്റെയും ബുദ്ധിയുടെയും ശക്തി ഉപയോഗിക്കാതിരുന്നാൽ ക്ഷയിക്കുമെന്ന് ഓർക്കുക. പരിശ്രമിച്ചാൽ മാത്രമേ എല്ലാവിധ സിദ്ധികളും ശക്തിപ്പെടുകയുള്ളൂ.
കുറുക്കുവഴികൾ ഉള്ള വലിയവനാവുക എന്നതാണ് ഇന്നത്തെ തലമുറയുടെ റൂട്ട്..
അധ്വാനശീലം അകന്നുപോയി.
ഫലമോ ഏതെങ്കിലും ദുരിതത്തിൽ ചെന്ന് ചാടുകയും ചെയ്യും
Ssji വളരെ നല്ല അടിക്കുറിപ്പ് . ഒരുപാട് ഇഷ്ടമായി
നിത്യവും അഭ്യസിക്കുന്നൻ മാത്രമേ ശക്തനാവുകയുള്ളു പ്രവർത്തിക്കുന്നവനെ പ്രജ്ഞ ഉണ്ടാവൂ 🙏🙏
അരവിന്ദൻ ! അടിക്കുറിപ്പ് ഇഷ്ടപ്പെട്ടു. ഒരുപാട് സന്തോഷം – സ്നേഹം
നല്ല സന്ദേശം ഗുരുജി. നമ്മൾ കർമ്മം ചെയ്യാനായി ഈശ്വരനാൽ നിയോഗിക്കപ്പെട്ടവരാണ് അത് യുക്തിയും ബോധവും ഉപയോഗിച്ച് കഴിയുന്നത ഭംഗിയായി ചെയ്യുക അതാണ് ജീവിത വിജയവും നന്ദി ഗുരുജി. നമസ്ക്കാരം