Logo Below Image
Tuesday, June 24, 2025
Logo Below Image
Homeഅമേരിക്കശുഭചിന്ത - (116) പ്രകാശഗോപുരങ്ങൾ - (92) 'ആത്മവിശ്വാസം' ✍പി. എം.എൻ.നമ്പൂതിരി.

ശുഭചിന്ത – (116) പ്രകാശഗോപുരങ്ങൾ – (92) ‘ആത്മവിശ്വാസം’ ✍പി. എം.എൻ.നമ്പൂതിരി.

പി. എം.എൻ.നമ്പൂതിരി.

ആത്മവിശ്വാസം വളരെ വിലപ്പെട്ട ഒരു ഗുണവിശേഷമാണ്. തികഞ്ഞ ആത്മവിശ്വാസത്തിലൂടെ മാത്രമേ നമുക്ക് ജീവിതം വിജയകരമാക്കാൻ സാധിക്കുകയുള്ളൂ. നമ്മുടെ സ്വന്തം കഴിവുകളിലുള്ള പൂർണ്ണമായ വിശ്വാസത്തെയാണ് ആത്മവിശ്വാസമെന്ന് പറയുന്നത്.

ആത്മവിശ്വാസത്തെക്കുറിച്ച് പറയുമ്പോൾ വിശ്വവിഖ്യാതനായ നെപ്പൊളിയൻ ചക്രവർത്തിയുടെ വിജയകഥകളാണ് എൻ്റെ മനസ്സിലേയ്ക്ക് കടന്നുവരുന്നത്. അചഞ്ചലമായ ആത്മവിശ്വാസമായിരുന്നു നെപ്പൊളിയൻ്റെവിജയരഹസ്യം. എത്ര കടുത്ത പ്രതിബന്ധങ്ങളേയും അതിജീവിക്കാൻ നെപ്പോളിയന് തൻ്റെ ആത്മവിശ്വാസം ശക്തിയും പ്രചോദനവും നൽകി. ഭയവും പരിഭ്രമവുമെല്ലാം ഉണ്ടാകുന്നത് അജ്ഞാതയിൽ നിന്നാണ്. അതുപോലെതന്നെ ധീരതയ്ക്കും വിപ്ലവകരമായ വീക്ഷണത്തിനും പേരുകേട്ട വ്യക്തിയായിരുന്നു മുൻ അമേരിക്കൻ പ്രസിഡൻ്റായിരുന്ന റൂസ്‌വെൽറ്റ് (Roosevelt). അദ്ദേഹം ചെറുപ്പത്തിൽ വളരെയധികം ലജ്ജയും പരിഭ്രമവും ഭയവുമൊക്കെയുള്ള ബാലനായിരുന്നു എന്നാണ് അദ്ദേഹം തൻ്റെ ആത്മകഥയിൽ പറഞ്ഞിട്ടുള്ളത്. പിന്നീട് അദ്ദേഹം നിരന്തരമായ പരിശ്രമം വഴി ഈ കുറവുകളെല്ലാം മാറ്റിയെടുക്കുകയും ഉന്നതനായ വ്യക്തിയായിത്തീരുകയും ചെയ്തു.

അതുകൊണ്ട് നമ്മുടെ ഇച്ഛാശക്തിയും ദൃഢനിശ്ചയവും ഉപയോഗിച്ച് നമ്മുടെ അപകർഷതാബോധവും ഭയവുമെല്ലാം നീക്കുവാൻ ശ്രമിക്കുക.

ഇന്നത്തെ കാലഘട്ടത്തിൽ ജനങ്ങളിൽ പൊതുവേ ഒരുതരം നിസ്സഹായതയും നിരാശബോധവും ഉള്ളതായി കണ്ടുവരുന്നു. ഇതിൻ്റെ പ്രധാന കാരണം ആത്മവിശ്വാസത്തിൻ്റെ അഭാവമാണ്‌. ഇന്ന് കൂടുതൽ ആളുകളും തങ്ങളുടെ കഴിവിനെപ്പറ്റി വ്യക്തമായി അറിയാതെ, വിധിയേയും ഭാഗ്യത്തെയും പഴിച്ച്, കിട്ടുന്ന അവസരങ്ങൾ പാഴാക്കി ജീവിതം അർത്ഥശൂന്യവും നിഷ്ഫലവുമാക്കുന്നവരാണ്. ഇങ്ങനെയുള്ള സ്ഥിതിവിശേഷം നമ്മൾ അതിജീവിച്ചേ മതിയാകൂ. സാഹചര്യങ്ങളും ചുറ്റുപാടുകളും എത്രതന്നെ പ്രതികൂലമായിരുന്നാലും നമുക്ക് ലഭിച്ചിരിക്കുന്ന കഴിവിനനുസൃതമായി ആത്മവിശ്വാസം വളർത്തിയെടുക്കാനും വർദ്ധിപ്പിക്കുവാനും നാം കടപ്പെട്ടവരാണെന്നകാര്യം നാം വിസ്മരിക്കരുത്.

ഇന്നുവരെയുള്ള ലോകചരിത്രം വ്യക്തമായി പരിശേധിക്കുകയാണെങ്കിൽ അത്മവിശ്വാസവും ഈശ്വരവിശ്വാസവും ഇല്ലാതെ ഒരു വ്യക്തിയും ജീവിതത്തിൽ വിജയിച്ചിട്ടുള്ളതായി കാണാൻ സാധിക്കുകയില്ല. ആത്മവിശ്വാസമില്ലാത്തവനെ ദൈവവും കടാക്ഷിക്കുകയില്ല. അതുപോലെതന്നെ ആത്മവിശ്വാസമുള്ളവർക്കേ ദൈവവിശ്വാസം ഉണ്ടാവുകയുള്ളൂ

എങ്ങനെ ആത്മവിശ്വാസം വളർത്തിയെടുക്കാം?

പ്രഗത്ഭരായ വ്യക്തികളുടെ ജീവിചരിത്രം നന്നായി വായിച്ച് മനസ്സിലാക്കുന്നതിലൂടെയും, അവരുടെ തത്ത്വങ്ങൾ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതു വിഴി നമുക്ക് ആത്മവിശ്വാസം നേടിയെടുക്കുവാൻ കഴിയും. ഒന്നു മനസ്സിലാക്കുക! നമ്മളിൽ ധാരാളം കഴിവുകൾ ഉറങ്ങി കിടക്കുന്നുണ്ട്. ആദ്യമായി നമ്മളിൽ ഉള്ള വ്യത്യസ്ത കഴിവുകളെ ശരിയായി മനസ്സിലാക്കി, അവയെ വളർത്തിയെടുക്കുന്നതിലൂടെ നമുക്ക് നമ്മുടെ കഴിവുകളെക്കുറിച്ച് വ്യക്തമായ ബോധ്യം ജനിക്കുകയും അതുവഴി നമ്മളിൽ താനേ ആത്മവിശ്വാസം വളരുകയും ചെയ്യും. സ്വയം വളരുന്നതിനും വ്യക്തിത്വം വികസിപ്പിക്കുന്നതിനും നമ്മൾ കടപ്പെട്ടവരാണ്.

ലോകപ്രസിദ്ധ ഇന്ത്യൻ ശാസ്ത്രജ്ഞനായിരുന്നു ജെ.സി ബോസ്. അതിദുർഘടമായ പാതയിലൂടെയായിരുന്നു അദ്ദേഹം വിജയത്തിലെത്തിയത്. ഇനി ഒരടിപോലും മുന്നോട്ട് പോകുവാൻ വയ്യെന്നു തോന്നിയ ചുറ്റുപാടുകൾ അദ്ദേഹത്തിനു നിരവധി തവണ ഉണ്ടായി. അദ്ദേഹം നിർഭയനും ദൃഢചിത്തനുമായിരുന്നു. അസാധാരണമായ ബുദ്ധിശക്കിയും ആത്മവിശ്വാസവും കൂടി ചേർന്നപ്പോൾ അദ്ദേഹത്തിനു എല്ലാ പ്രശ്നങ്ങളും നിസ്സാരമായി. നിശ്ചയിച്ച സമയപരിധിക്കുള്ളിൽ തന്നെ അദ്ദേഹത്തിനു തൻ്റെ ലക്ഷ്യം നേടിയെടുക്കാനും കഴിഞ്ഞു. ഒന്നു മനസ്സിലാക്കുക! ദുഷ്ക്കരമായ ഈ ലോകജീവിതത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളും സാധാരണമാണ്. ഈ വിഷമാവസ്ഥകൾ എല്ലാം തന്നെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാവരുടേയും ജീവിതത്തിൽ ഉണ്ടാകാവുന്നതുമാണ്‌. പക്ഷെ അതുകൊണ്ടൊന്നും നമ്മുടെ ആത്മവിശ്വാസം നഷ്ടപ്പെടുവാനോ പതറിപോകുവാനോ ഇടയാകരുത്. സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങൾ, പാളംതെറ്റിയ ജീവിതം, ജന്മനാൽ ഉണ്ടായ വിധിയെയും വൈകല്യങ്ങളെയും വിഷമതകളെക്കുറിച്ചും ഓർത്ത് ഒരിക്കലും വിലപിക്കാതിരിക്കുക. ഈശ്വരനിൽ നിന്നും വരദാനമായി ലഭിച്ച നമ്മുടെ മനുഷ്യജന്മം വിലപിച്ചു കഴിയാനുള്ളതല്ല, മറിച്ച് ശുഭപ്രതീക്ഷയോടുകൂടി മുന്നേറുവാനുള്ളതാണ്.

ആത്മവിശ്വാസം എന്നാൽ മനസ്സിൻ്റെ ശക്തിയിലും കഴിവുകളിലുമുള്ള ഉറച്ച വിശ്വാസമാണ്. മനുഷ്യൻ്റെ മാനസിക കഴിവുകൾ വളർത്തികൊണ്ടു വരുന്നതിൽ ആത്മവിശ്വാസം സുപ്രധാന പങ്കാണ് വഹിക്കുന്നത്. ആത്മവിശ്വാസമുള്ള വ്യക്തി യാഥാർത്ഥ ബോധ്യത്തോടെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നു. ജീവിതത്തിലെ പ്രയാസങ്ങളെയും ബുദ്ധിമുട്ടുകളേയും വെല്ലുവിളിച്ചു കൊണ്ടും എതിർത്തുകൊണ്ടും വളരാനും ഉയരാനും നമുക്ക് സാധിക്കണം. അപ്പോൾ നമ്മളിൽ തനിയേ ആത്മവിശ്വാസം വളരുകയും, പടർന്ന് പന്തലിച്ച് അവ അത്ഭുതകരമായ ഫലങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യും. എപ്പോഴും നമുക്ക് ചെയ്യാൻ കഴിയുന്ന ജോലികൾ നാം തന്നെ ചെയ്യണം. അനാവശ്യമായി മറ്റുള്ളവരെ നമ്മുടെ കാര്യങ്ങൾക്കുവേണ്ടി ആശ്രയിക്കാതിരിക്കുക. അങ്ങനെ വന്നാൽ നമ്മുടെ ആത്മവിശ്വാസം മന്ദീഭവിക്കാൻ കാരണമാകും.

ആത്മവിശ്വസം വൈദ്യുതിപോലെ അനന്തമായ ഊർജ്ജത്തിൻ്റെ ഉറവിടമാണ്. ഏതൊരുകാര്യം ആത്മവിശ്വാസത്തോടുകൂടി ചെയ്യുമ്പോൾ ഇച്ഛാശക്തിയും വർദ്ധിക്കുന്നു. ഇതേ ഇച്ഛാശക്തിയും ആത്മവിശ്വാസവും പിന്നീട് പുതിയ കാര്യങ്ങൾ നേടിയെടുക്കാൻ ഉപയോഗപ്പെടുന്നു.

നാം സൃഷ്ടാവായ ദൈവത്തിൻ്റെ മക്കളാണെന്ന ആത്മബോധമായിരിക്കണം നമ്മുടെ ആത്മവിശ്വാസത്തിൻ്റെ അടിസ്ഥാനം. ദൈവം നമ്മെ നിരവധി നന്മകൾ കൊണ്ട് സമ്പന്നരാക്കിയിട്ടുണ്ട്. വിജയം നമ്മെ മാടി വിളിക്കുന്നുണ്ട്. അതു കൊണ്ട് ആത്മവിശ്വാസത്തോണ്ട ഇന്നുമുതൽ പ്രവർത്തനമാരംഭിക്കുക. ആത്മവിശ്വാസമുള്ള നമ്മെ പരാജയപ്പെടുത്താൻ സൂര്യനു താഴെ ഒരു ശക്തിക്കും കഴിയുകയില്ല എന്ന് ഉറച്ചു വിശ്വസിക്കുക.

പി. എം.എൻ.നമ്പൂതിരി.

RELATED ARTICLES

7 COMMENTS

  1. ആത്മ വിശ്വാസം എങ്ങനെ നേടിയെടുക്കാം എന്നുള്ളത് നല്ല വിവരണത്തിലൂടെ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ 🙏

  2. Reena jacob അഭിപ്രായത്തിന് ഒരുപാട് നന്ദിയുണ്ട്

  3. നല്ലലേഖനം. ആത്മവിശ്വാസം ആർജ്ജിക്കാനുള്ള ഉപായങ്ങൾക്ക് നന്ദി. അഭിപ്രായങ്ങൾ മനപ്പൂർവം വൈകിപ്പിക്കുന്നതല്ല. വായനക്കും മറ്റും ഉള്ള സമയം കൂടി വീട്ടിലെ മറ്റു കാര്യ ങ്ങൾക്ക് വിനിയോഗിക്കേണ്ടി വരുന്നത് കൊണ്ടാണ്‌

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ