Saturday, February 14, 2026
Homeഅമേരിക്കഷോക്ക് (കഥ) ✍ ജസിയ ഷാജഹാൻ

ഷോക്ക് (കഥ) ✍ ജസിയ ഷാജഹാൻ

വളരെ പരവശനായി വന്നു കയറിയ സുകുമാരൻ നായരോട് ഭാര്യ അനുപമ ചോദിച്ചു
“അയ്യോ…. നിങ്ങൾക്കെന്തു പറ്റി? ആകെ വല്ലാതിരിക്കുന്നല്ലോ! കൂട്ടുകാരനെ കാണാൻ പുറപ്പെട്ടഉത്സാഹവും സന്തോഷവുമൊന്നും മുഖത്തു കാണുന്നില്ലല്ലോ?”

“യാത്രാക്ഷീണം. ഞാനൊന്നു കിടക്കട്ടെ.” അദ്ദേഹം വളരെ ക്ഷീണിതനായി പറഞ്ഞു.
“ഞാനുറങ്ങിപ്പോയാൽ നീയെന്നെ വിളിക്കേണ്ട. എഴുന്നേൽക്കുമ്പോളെല്ലാം പറയാം.”
അറുപത്തിയഞ്ചുകാരനായ അദ്ദേഹം ഭാര്യയോടു പറഞ്ഞു.

“ങേ…. ഡ്രസ്സ്മാറുന്നില്ലേ?”അവർ അടുത്തു ചെന്ന് ചുമലിൽ കൈവച്ചു.
അവരുടെ കൈകളിൽ കൈചേർത്ത് അദ്ദേഹം മുറിഞ്ഞ സ്വരത്തിൽ പറഞ്ഞു ..
“ഒന്നു കിടന്നോട്ടെ.”

ഭർത്താവിൻ്റെ സ്വഭാവം ശരിക്കും മനസ്സിലാക്കിയ അനുപമയ്ക്കറിയാം, ചിലപ്പോൾ ഒരു ചെറിയ മയക്കം മതി അദ്ദേഹത്തിനെന്ന്. എങ്കിലും ആകുലതകൾ അവരെ അലട്ടാതിരുന്നില്ല.അവർ മെല്ലെ കതകുചാരി അടുക്കളയിലേയ്ക്കു പോയി.

സുകുമാരൻ നായർ കണ്ണുകൾ മുറുകെ അടയ്ക്കാൻ ശ്രമിച്ചു. പക്ഷേ…. കഴിയുന്നില്ല!

ഇന്നത്തെ ആ നടുക്കുന്ന ഓർമ്മകളിൽ അദ്ദേഹം ഷോക്കേറ്റതുപോലെ മരവിയ്ക്കയാണ്! ഒപ്പം ബാല്യകാല ഓർമ്മകളിലേയ്ക്കും ഇരുട്ടിനെ വകഞ്ഞുമാറ്റി അയാളുടെ മനസ്സ് പാഞ്ഞു.

ഒരിക്കലും പ്രതീക്ഷിക്കാത്ത ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളിലൂടെയാണല്ലോ! നമ്മുടെയൊക്കെ ജീവിതങ്ങൾ കടന്നു പോവുക. അയാളോർത്തു…
ഒരുപാട്സന്തോഷങ്ങൾക്കിടയിൽ ദുഃഖങ്ങളുടെ ഗർത്തങ്ങളിലേയ്ക്കു ആരോ? തള്ളിയിടുന്നു. കര കയറി വരുമ്പോഴേയ്ക്കും മായ്ക്കാനാകാത്ത വടുക്കുകൾ ബാക്കിയാവുന്നു. അനുഭവങ്ങൾ മനസ്സിനെ വേട്ടയാടുകയാണ്. ഓർമ്മകൾവർഷങ്ങൾക്കു പിന്നിലേയ്ക്കു പോയി.

ഏഴാം ക്ലാസിൽപഠിക്കുന്നസമയം.അറിയപ്പെടുന്ന രണ്ടു അണ്ടി മുതലാളി
മാരുടെ മക്കൾ താനും, രമണിയും. ഒപ്പം അച്ഛൻ്റെ ഫാക്ടറിയിലെ വാച്ചറുടെ
മകൻ അയ്യപ്പനും. മൂന്നുപേരും വലിയ കൂട്ടുകാർ. ഞങ്ങൾ രണ്ടു പേരേക്കാൾ പഠിക്കാനും മറ്റെല്ലാ കാര്യങ്ങളിലും മിടുക്കനായിരുന്നു അയ്യപ്പൻ. അതുകൊണ്ട് തന്നെ സാറന്മാർക്കൊക്കെ അവനോടു വലിയ കാര്യമായിരുന്നു.

കൗമാരത്തിൻ്റേതായ ചാപല്യങ്ങളും കുസൃതികളുമായി ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു.

എൻ്റെയും രമണിയുടെയും കൂട്ടുകെട്ടും സംസാരവും, ഒരുമിച്ചുള്ള പോക്കും വരവുമൊക്കെ കൂട്ടുകാർക്കിടയിൽ പുതിയ തമാശകൾക്കും കളിയാക്കലുകൾക്കും വഴിയൊരുക്കിയത് ഞങ്ങൾ പോലുമറിയാതെയാണ്. എന്നാൽ പാതിവഴിയിൽ വച്ചു ഞങ്ങളോടൊപ്പം കൂടിയിരുന്ന അയ്യപ്പനെ അവർ വെറുതെ വിട്ടു.

ശരീരങ്ങളിൽ കാലത്തിൻ്റെ മാറ്റങ്ങൾ വരയ്ക്കുന്ന ചിത്രങ്ങളെ സ്വയം നോക്കി കൗതുകം കൊള്ളുന്ന പ്രായം…  പിന്നെ… പിന്നെ….. എനിക്കു തോന്നി രമണിയ്ക്ക് ഈയടുത്തിടെയായി അവനോട് ഒരു പ്രത്യേക അടുപ്പവും സ്നേഹവും ഒക്കെയെന്ന്. എന്നെയവൾ തികച്ചും! അവഗണിക്കുംപോലെ.

കൂട്ടുകാർ എന്നെ നോക്കി അർത്ഥം വച്ചു പാട്ടുകൾ മെനഞ്ഞു. എനിക്കു അയ്യപ്പനോടും രമണിയോടും അസൂയ തോന്നിത്തുടങ്ങി.ഞാൻ അവരുടെ സംസാരങ്ങൾക്കിടയിൽ ഇടിച്ചു കയറി പലപ്പോഴും ഇടയ്ക്കു സംസാരിച്ചു.

“ടാ…നിനക്കെന്താടാ?”എന്നു ചോദിച്ചു അവർ പലപ്പോഴും കണ്ണിൽ കണ്ണിൽ നോക്കി പൊട്ടിച്ചിരിച്ചു,. അതെന്നിൽ അവരോടുള്ള പക വളർത്തിക്കൊണ്ടിരുന്നു. എല്ലാം എന്നെ കളിയാക്കും പോലെയാണ് എനിക്കാ പ്രായത്തിൽ തോന്നിയത്. അതിനൊരു കാരണവുമുണ്ട്.

അണ്ടിഫാക്ടറികളൊക്കെ വൻ സമരങ്ങളും മറ്റുപ്രശ്നങ്ങളുമായി ഏതാണ്ട് പൂട്ടാറായ സ്ഥിതി. അതുകൊണ്ട് തന്നെ വീട്ടിലും അതിൻ്റേതായ പ്രശ്നങ്ങൾ.

അച്ഛൻ ജ്യേഷ്ഠന്മാരോടൊപ്പം തമിഴ് നാട്ടിലേയ്ക്കു ബിസിനസ്സ് പറിച്ചു നടാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. അതിനിടെ കുടുംബ ഓഹരികൾ ഭാഗം വച്ചു. അച്ഛൻ്റെ ഓഹരി വിൽക്കാൻ തീരുമാനമായി. ഹൈസ്കൂൾ പഠനം തമിഴ്നാട്ടിലേയ്ക്കു മാറ്റപ്പെടും!. കൂട്ടുകാരെയൊക്കെ പിരിയേണ്ടിവരും എന്ന ചിന്ത എന്നെ വല്ലാതെ അലട്ടി.പക്ഷേ…. എൻ്റെ കണ്ണിൽ എൻ്റെ ഉറ്റചങ്ങാതിമാരുടെയിടയിൽ എന്നെ പിരിയുന്നതിൽ യാതൊരു വിഷമവും ഉള്ളതായി അപ്പോഴെനിക്കു തോന്നിയില്ല. അതവരോടുള്ള എൻ്റെ പക കൂട്ടാനേ ഉതകിയുള്ളൂ.

സ്ക്കൂളിൽ നിന്നും പിരിയുന്നതിൻ്റെ തലേദിവസം ഞങ്ങൾ മുന്നു പേരും വീണ്ടും ഒത്തുകൂടി. ഞാൻ നിറകണ്ണുകളോടെ രമണിയോടു പതുക്കെ പറഞ്ഞു.,.

“കത്തെഴുതണെ വല്ലപ്പോഴും”.

അവൾ ഒന്നും മിണ്ടുന്നതിനു മുൻപായി അയ്യപ്പൻ പറഞ്ഞു…

“ഓ…അവളെഴുതില്ലടാ…ഇവളു നിന്നേം ഓർത്തോണ്ടിരിക്കാൻ പോവ്വാഅല്ലേടീ?”.

അവൻ്റെ ആ തമാശ എന്നിലപ്പോഴൊരു ജ്വാലയാളിച്ചതെന്തിനാണെന്നിപ്പോഴും എനിക്കറി യില്ല.

(പ്രായം!..പ്രായം നമ്മെക്കൊണ്ടു പല തെറ്റുകളും ചെയ്യിപ്പിക്കുന്നു. അതുമനസ്സി
ലാക്കാൻ നമ്മൾ ഒരു പാട് വൈകും. ഞാനോർത്തു.)

പെട്ടെന്നു ഞാൻ ജ്വലിച്ചു…

“നീയാണോടാ അതു തീരുമാനിക്കുന്നെ?”
എന്ന ചോദ്യവും…. മനസ്സിലെ സർവ്വ പകയും തീർത്തും കൊണ്ടുള്ള ഒരിടിയും. ഇതിനിടയിൽ അപ്രതീക്ഷിതമായി അവൾ നിലവിളിച്ചു കൊണ്ട് ഞങ്ങളുടെ ഇടയിൽ കയറി തടഞ്ഞു.

അവനാകെ ഭയന്നു വിറച്ചു.

ഇടികൊണ്ടതവൻ്റെ മൂക്കിനാണ്. അവനൊന്നു നിലവിളിച്ചു പോലുമില്ല! പാവം… (അവൻ്റെയന്നേരത്തെ അവസ്ഥയോർത്തപ്പോൾ, ഇന്നു ഞാനൊരു കീടമാകുകയാണ് അവൻ്റെ മുന്നിൽ!. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നോക്കാൻ മടിക്കുന്ന ഒരു വെറും കീടം.)

രക്തം അവൻ്റെ മൂക്കിൽ നിന്നും ചീറിയൊഴുകി.സാറന്മാരും കുട്ടികളും ഓടിക്കൂടി. മൂന്നുപേരുടേയും അച്ഛന്മാർ വന്നു.. അപ്പോഴേക്കും അവനെ ആശുപത്രിയിൽ കൊണ്ടു പോയിരുന്നു. അച്ഛൻ എന്നെ ഒരു പാട് തല്ലി. ഒരു ദാഷിണ്യവുമില്ലാതെ. എൻ്റെ പ്രതികാരം അച്ഛനിൽ വലിയ വേദനയായാണ് ഞാൻ കണ്ടത്.

എന്നെക്കൊണ്ട് എല്ലാവരോടും അച്ഛൻ മാപ്പു പറയിപ്പിച്ചു. ആശുപത്രിയിൽ വച്ച് അച്ഛൻ അയ്യപ്പൻ്റെ അച്ഛൻ്റെ കൈയ്യിൽ ഒരു വലിയ തുക വച്ചുകൊടുത്തു. എന്താവശ്യമുണ്ടെങ്കിലും അറിയിച്ചാൽ മതി എന്നു പറഞ്ഞുപിരിഞ്ഞു.

പിന്നെ…. ഹൈസ്കൂൾ,കോളേജ് വിദ്യാഭ്യാസകാലമൊക്കെ കടന്നു പോകുന്നതിനിടയിൽ എൻ്റെ ഓർമ്മയിൽ നിന്നും അയ്യപ്പനും രമണിയു
മൊക്കെ മാഞ്ഞുപോയി.

പുതിയ അന്തരീക്ഷം കൂട്ടുകെട്ടുകൾ, ജീവിതം അങ്ങനെയാണല്ലൊ ?… മാസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു.

തമിഴ്നാട്ടിലും അച്ഛൻ്റെ ബിസിനസ്സ് വേണ്ടത്ര പച്ചപിടിച്ചില്ല. കൂട്ടുബിസിനസ്സായതു കൊണ്ട് അച്ഛനൊറ്റയ്ക്കൊരു തീരുമാനവുമെടുക്കാൻ കഴിയാത്ത അവസ്ഥയായി. അങ്ങനെ ഇടയ്ക്കു ഏട്ടന്മാരുമായി തെറ്റി. അച്ഛൻ മുടക്കു മുതൽ തിരികെ വാങ്ങി സ്വന്തമായി ചെറിയ രീതിയിൽ ഒരു തുണിക്കട തുടങ്ങി, താമസവും മാറി.

പിന്നെ… വിവാഹം, ജീവിതം, കുട്ടികൾ ..അച്ഛൻ്റെ വാർദ്ധ്യക്യ സഹജമായ അസുഖങ്ങൾ , അമ്മയുടെ സ്ട്രോക്ക് മൂലമുള്ള കിടപ്പ്, ഒരു പ്രൈവറ്റ് കമ്പനിയിൽ ക്യാഷർ ആയിരുന്ന തനിക്ക് എടുക്കാൻ പറ്റുന്നതിനേക്കാൾ ഭാരങ്ങളായിരുന്നു ചുമലിൽ.

കാല വേഗത്തിൽ എങ്ങനെയൊക്കെയോ!ആ അദ്ധ്യായങ്ങളും കൊഴിഞ്ഞു പോയി. ഇതിനൊക്കെ ഇടയിൽ എൻ്റെ രണ്ടു മക്കളെ എങ്ങനെയെങ്കിലും ഡിഗ്രി വരെ പഠിപ്പിച്ചു. സാമാന്യം ഭേദപ്പെട്ട രീതിയിൽ വിവാഹം കഴിച്ചയയ്ക്കുകയും ചെയ്തു.

ദൈവം രണ്ടു പെൺകുട്ടികളെയായിരുന്നു എനിക്കു തന്നത്. അനുപമ മിടുക്കിയായിരുന്നു. അവളായിരുന്നു എന്തിനും എൻ്റെ താങ്ങും തണലും.

എന്തോ….. ജീവിതത്തിൻ്റെ വിശ്രമവേളയിലാണ് വീണ്ടുമെനിക്ക് ബാല്യകാല യോർമ്മകളിലെ കൂട്ടുകാരനെ ഒന്നു കാണണമെന്ന് അതിയായ ആഗ്രഹം ഉണ്ടായത്.

അങ്ങനെ നിരന്തരമായ പരിശ്രമത്തിലൂടെ അയ്യപ്പൻ്റെ നമ്പർ കിട്ടി. പക്ഷേ പലപ്പോഴും വിളിക്കുമ്പോൾ മൊബൈൽ കിട്ടാറില്ല. അയ്യപ്പൻ പാലക്കാടാണ് താമസമെന്നും പഠിച്ചൊരു യു.പി. സ്ക്കൂൾ അദ്ധ്യാപകൻ ആയെന്നുമുള്ള വിവരവുമൊക്കെ ഇടയ്ക്കു ഞാനറിഞ്ഞിരുന്നു.

ഇതിനിടയിൽ ഒരു ദിവസം യാദൃശ്ചികമായി മൊബൈലിൽ അവനെ കിട്ടി. ഞാനവനെ കാണാനുള്ള ആഗ്രഹം അറിയിച്ചു.. (അവൻ്റെ കൗമാരത്തിലെ ശബ്ദമാണ് അപ്പോഴുമെൻ്റെ കാതുകളിൽ മുഴങ്ങിയത്). ഒറ്റശ്വാസത്തിൽ ഞാൻ പലതും അവനോടു ചോദിച്ചെങ്കിലും, അവൻ തീരെ കുറച്ചു വാക്കുകളിൽ സംസാരം അവസാനിപ്പിച്ചു.

ഞാൻ വീണ്ടും ഒരു ദിവസം വിളിച്ചപ്പോൾ …അയ്യപ്പൻ്റെ മകനാണ് മൊബൈൽ എടുത്തത്. അച്ഛൻ കുളിക്കയാണെന്ന് അറിയിച്ചു. ഞാൻ വീട്ടിലേയ്ക്കുള്ള വഴി ചോദിച്ചു മനസ്സിലാക്കി.

എന്തായാലും അവനെ മരിക്കുന്നതിനു മുൻപൊന്നു കാണണം. അവനിഷ്ടമ
ല്ലെങ്കിൽ പോലും! എനിക്കൊന്നു കാണണം. ഒന്നു കണ്ടാൽ മാത്രം മതി. എൻ്റെ ആഗ്രഹം അനുപമ സമ്മതിച്ചു തന്നു.

എങ്കിലും അടുത്തിടെയായി ഷുഗർ ലെവൽ മരുന്നിലും ഒതുങ്ങാത്ത മട്ടാണ്. കൊളസ്ട്രോളിൻ്റെ അളവും കൂടുതലാണ്. ഹൃദയം ഇടയ്ക്കുവച്ചു ചെറുതായൊന്നു പണിമുടക്കി. എല്ലാം കൂടിയായപ്പോൾ അവൾക്കെന്നെ ഒറ്റയ്ക്കുവിടാൻ പേടിയായി. മരുമക്കൾ കൊണ്ടുപോകാമെന്നു പറഞ്ഞു മുന്നോട്ടു വന്നെങ്കിലും, ഞാൻ സമ്മതി
ച്ചില്ല.

ആരും വേണ്ട! ഒറ്റയ്ക്കിരുന്നു അവനുമായി കുറെ നേരം ആ പഴയ ഓർമ്മകൾ പങ്കുവയ്ക്കണം. അന്നു ഞാൻ അവനെയെന്തിനായിരുന്നു ഇടിച്ചത് എന്ന് ഇപ്പോഴോർക്കുമ്പോൾ എന്നോടു തന്നെ ലജ്ജയും, വെറുപ്പും തോന്നുന്ന കാര്യം പറയണം.

രമണിയോടുള്ള കൗമാരപ്രണയം… അതു പിന്നെ ഒരു മധുരമുള്ള ഓർമ്മയായത് ഈ വയസ്സാൻ കാലത്താണെന്നു പറഞ്ഞു പൊട്ടിച്ചിരിക്കണം.

അങ്ങനെയന്നൊരു ശനിയാഴ്ച രാവിലെ ഞാനവൻ്റെ വീട്ടിലേയ്ക്കു ഒറ്റയ്ക്കു ബസ്സിൽ പുറപ്പെട്ടു. ഒന്നരമണിക്കൂറിൻ്റെ ദൂരമേയുള്ളൂ …ഞാനും അവനും തമ്മിൽ. ഇത്രയും നാളവനെ കാണാത്തതിൽ അപ്പോഴെനിക്കു വിഷമംതോന്നി.

അങ്ങനെയോരോന്നാലോചിച്ചു ഇറങ്ങാനുള്ള സ്റ്റോപ്പെത്തിയതറിഞ്ഞില്ല. ബസ്സിറങ്ങിയ ഉടനെ തൊട്ടപ്പുറത്തായി തന്നെ ഓട്ടോസ്റ്റാൻ്റ് കണ്ടു. ഉടനെ ഞാൻ അങ്ങോട്ടു നടന്നെത്തി മൊബൈലെടുത്തു ഈ അഡ്രസ്സിലുള്ള ആളിനെ ആരെങ്കിലുമറിയുമോ ? എന്നു ചോദിച്ചു.

“ഓ….നമ്മുടെ…ല്ലെ ….മൂക്കുചപ്പൻ അയ്യപ്പൻ മാഷിൻ്റെ വീട്…” ഓട്ടോക്കാരൻ ചിരപരിചിതനെപ്പോലെ പറഞ്ഞു.

ഞാൻ സംശയത്തോടെ അവനെ നോക്കി. അവിടുന്നൊരു പതിനഞ്ചു മിനിട്ട് ഓട്ടമുണ്ടായിരുന്നു അയ്യപ്പന്റെ വീട്ടിലേയ്ക്ക്.

ഞാൻ ഗേറ്റും കടന്ന് വീടിൻ്റെ തിണ്ണയിൽ കയറി കോളിംഗ് ബെൽ അടിച്ചു.”ഞാൻ വരുമെന്നറിയിച്ചിട്ടും ഇവനെവിടെപ്പോയിക്കിടക്കുന്നു”….എന്നെൻ്റെ പഴയ ചങ്ങാതി മനസ്സെന്നോടന്നേരം ചോദിച്ചു?.

അല്പ നിമിഷത്തിനകം ന്യൂജൻ വേഷവും താടിയുമുള്ള ഒരു മുപ്പതു മുപ്പത്തഞ്ച് വയസ്സു പ്രായം തോന്നിക്കുന്ന ചെറുപ്പക്കാരൻ വന്നു കതകു തുറന്നു. യാതോരു പരിചയവുമില്ലാത്ത പോലെ എന്നെ നോക്കി.

“അയ്യപ്പൻ്റെ മകനല്ലെ?” ഞാൻ ഇന്നുവരുമെന്നു പറഞ്ഞിരുന്ന അച്ഛൻ്റെ ഫ്രണ്ട് സുകുമാരൻ നായർ… ഞാൻ പറഞ്ഞു.

“മോനല്ലെ? ഞാൻ വിളിച്ചപ്പോൾ ഫോണെടുത്തത്.”

“ഓഹോ…..നിങ്ങളാണല്ലെ?ങാ… ഇങ്ങോട്ടിരിക്കാം…”

ഞാൻ അവൻ ചൂണ്ടിക്കാട്ടിയ കസേരയിലിരുന്നു. എൻ്റെ കണ്ണുകൾ ആകാംക്ഷയോടെ നാലുചുറ്റും പരതി.

പിന്നെ സംഭവിച്ചത്! അയ്യോ…. അദ്ദേഹം അറിയാതെ നിലവിളിച്ചു പോയി.

അനുപമ ഓടിവന്നു വാതിൽ തുറന്നു ലൈറ്റിട്ടു. എനിക്കു പരിസര ബോധം വന്നു. “എന്താ… എന്താ….. നിങ്ങൾ നിലവിളിച്ചെ?”

ഞാൻ വീണ്ടും കണ്ണുകൾ മുറുകെയടച്ചു…. ഉറക്കം നടിച്ചു.

“ഓ….ഉറക്കത്തിലായിരുന്നോ?”…അവർ വീണ്ടും ലൈറ്റണച്ചു കതകുചാരി ചിന്താമഗ്നയായി പുറത്തുകടന്നു.

ഓർമ്മയിൽ…. പെട്ടെന്നു സുകുമാരൻ നായരുടെ കഴുത്തിൽ പിറകിലൂടെ വന്ന രണ്ടു കരങ്ങൾ ശക്തമായി മുറുക്കി. ഒപ്പം…മറ്റു രണ്ടു കരങ്ങൾ മൂക്കും കണ്ണുകളും ചേർത്ത് ബലമായി പിടിച്ച് ചുറ്റിക്കെട്ടി. അദ്ദേഹം കൈകാലുകൾ ഇട്ടടിച്ചു. കണ്ണുകളിൽ തീ പറക്കും പോലെ തോന്നി.മരണം മുന്നിൽ കണ്ട നിമിഷങ്ങൾ.

കൈയ്യുകൾ ഉയർത്തി കഴുത്തിലെ പിടിവിടുവിയ്ക്കുവാനുള്ള ശക്തിയും അദ്ദേഹത്തിനപ്പോൾ ഇല്ലായിരുന്നു.
ശ്വാസം പിടയുന്നു… ആകെ ഒരു മരവിപ്പ്.

“ശ്ശോ…..വിടെടാ..എന്തായീ കാട്ടണെ?”..

ആ കേട്ട ശബ്ദംഅയ്യപ്പൻ്റെതാണെന്നയാൾ തിരിച്ചറിഞ്ഞു.ഒപ്പം ഒരു സ്ത്രീ ശബ്ദവും…

“യ്യോ…. ഞാൻ പറഞ്ഞതാ നിങ്ങളുടെ കൂട്ടുകാരൻ വന്നിട്ടു പോകാമെന്ന്” “ചിലപ്പോൾ പിള്ളേർ ഉപദ്രവിക്കുമെന്ന് “.

പിന്നെ എൻ്റെകഴുത്തിലെ പിടി പെട്ടെന്നു തന്നെ അയഞ്ഞു. അവർ എൻ്റെ കണ്ണും മൂക്കും ചേർത്ത് കെട്ടിയതഴിയ്ക്കാൻ നന്നേ പാടുപെട്ടു.

ആകെ ഒരു ശ്വാസം മുട്ടലിൻ്റെയും, പിടച്ചിലിൻ്റെയും വേദനയുടെയും മരവിപ്പിൽ അയ്യപ്പൻ്റെ വാക്കുകൾ ചെവിയിൽ നേർത്തു കേട്ടതോർമ്മയുണ്ട്!

“എൻ്റെ മക്കളാണ്. നീയന്നു തമിഴ്നാട്ടിലേയ്ക്കു പോയശേഷം ഒരുമാസത്തോളമെടുത്തു എൻ്റെ മൂക്കിങ്ങനെയെങ്കിലുമാകാൻ.

ഒരോപ്പറേഷൻ വേണ്ടിവന്നു. എല്ലാ ആവശ്യങ്ങൾക്കുമുള്ള പണം നിൻ്റച്ഛൻ സമയാസമയങ്ങളിൽ എത്തിക്കുകയും വിവരങ്ങൾ തിരിക്കുകയും ചെയ്തിരു
ന്നു. നിന്നെ മാത്രം ഒന്നുമറിയിക്കരുതെന്നും ഇങ്ങനെയൊരു കൂട്ടുകാരൻ നിനക്കു
ണ്ടായിരുന്നില്ലായെന്നു കരുതണമെന്നും അവസാനമായി എന്നെ കാണാൻ ആശുപത്രിയിൽ വന്നപ്പോൾ നിൻ്റച്ഛൻ എന്നെ ഉപദേശിച്ചു. അദ്ദേഹം അത്രയും എന്നെ സ്നേഹിച്ചിരുന്നു”.

തുടർന്നുള്ള എൻ്റെ ജീവിതത്തിലുടനീളം ഞാൻ “മൂക്കുചപ്പൻ” എന്ന പേരിൻ്റെ ഉടമയായി.

പിന്നെ…..ഭാവിയിൽ “ല്ലെ” “മൂക്കുചപ്പൻ” സാറായി. ഇതിനിടെ രമണിയ്ക്കെന്നോടു പ്രണയമായിരുന്നു എന്നു തിരിച്ചറിഞ്ഞ ഒരു സമയവും കടന്നുപോയി.

എൻ്റെ ചപ്പിയ മൂക്കിലല്ല! എൻ്റെ ഹൃദയത്തിലാണവളെന്ന് മനസ്സിലാക്കിത്തന്ന അവസരങ്ങൾ. കുട്ടികൾ അറിവു വച്ച കാലം മുതൽ കേൾക്കുന്നതാണ് “മൂക്കുചപ്പൻ” എന്ന എൻ്റെ പേരിനു മുൻപുള്ള വിശേഷണം. അങ്ങനെ ആ കഥകൾ ഞാനവർക്കു കുഞ്ഞിലേ പറഞ്ഞു കൊടുക്കേണ്ടി വന്നു. പഴയകാലമല്ലേ? ഇടം പേരുകളുടെ കാലം… കേൾക്കുകയല്ലേ തരമുള്ളൂ… എനിക്കതിൽ ഒരു വിഷമവും തോന്നിയിരുന്നില്ല എന്നതാണ് സത്യം.

പക്ഷേ…കുട്ടികൾ അങ്ങനെയല്ലല്ലോ? പുതുതലമുറയല്ലേ?… അന്നുമുതലേ
യുള്ള നിന്നോടുള്ള മനസ്സിലെ പകയാകാം… ഈ ആക്രമണം. എന്നാലും ഇത്രേം ഞാൻ പ്രതീക്ഷിച്ചില്ല .

ഇനിയവരുടെ കഥ കൂടി നീ കേൾക്കണം. എനിക്കവരെയൊന്നു ശാസിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണി പ്പോൾ.

കുറച്ചു വർഷം മുൻപ് പത്രത്തിലൊക്കെ വാർത്തയായ ഒരു വലിയ സംഭവം നീയോർക്കുന്നുണ്ടോ? കോളേജിനകത്ത് റെയ്സ്നടത്തി അപകടം ഉണ്ടായതിന് പോലീസ് കേസും കോടതിയുമൊക്കെയായ കുട്ടികളുടെ വാർത്തകൾ?അതിവന്മാരായിരുന്നു. എൻ്റെ മക്കൾ.

മൂത്തവൻ കോളേജിൽ ചേർന്നു രണ്ടാം വർഷം ഒരു ബൈക്ക് വാങ്ങിക്കൊടുക്ക
ണമെന്നു വാശിപിടിച്ചു. അന്നത് ഒട്ടും തന്നെ സാധിച്ചു കൊടുക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. പിന്നീട് രമണിയുടെ നിർബ്ബന്ധം സഹിക്കവയ്യാതെ എങ്ങനെയെങ്കിലും ഒരു ലോണെടുത്തു പിള്ളാരുടെ ആഗ്രഹമല്ലെ? എന്നുകരുതി ഞാനൊരെണ്ണം വാങ്ങി ക്കൊടുത്തു.

അതു കൈയ്യിൽ കിട്ടിയ ആവേശത്തിൽ അവനതിൽ അനിയനെയും കയറ്റി നേരെ കോളേജിൽ പോയി കാമ്പസ്സിനകത്തു ആദ്യദിവസം തന്നെ ഒരു റെയ്സ് നടത്തി. അവൻ സ്നേഹിക്കുന്ന പെണ്ണിന്റെ പിന്നാലെ കളിയായിട്ടായിരുന്നു ആദ്യം തുടങ്ങിയത്.

പിന്നെ…. കൂട്ടുകാരൊക്കെ ചേർന്ന് കളികാര്യമായി. അവൻ്റെ മനസ്സിന്റെ നിയന്ത്രണം പോയി. ആ കുട്ടിയെയും ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു കുട്ടികളെയും ഇടിച്ചു തെറിപ്പിച്ചു ബൈക്ക് മറിഞ്ഞു. എല്ലാവരും ആശുപത്രിയിൽ ആയി.

അവനിഷ്ടപ്പെട്ടിരുന്ന പെൺകുട്ടിയുടെ തലയ്ക്കാണ് പരിക്കേറ്റത്. ആ കുട്ടിയി
പ്പോഴും പൂർണ്ണമായും ഓർമ്മകളിലേയ്ക്കു തിരിച്ചെത്തിയിട്ടില്ല.

ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു കുട്ടികൾ വലിയ കുഴപ്പമില്ലാതെ രക്ഷപെട്ടു. ഇവന്മാരും രണ്ടു മാസത്തോളം ആശുപത്രിയിൽ കിടന്നു. ആ സംഭവത്തിനുശേഷം എൻ്റെ മക്കളിൽ വന്ന മാനസിക മാറ്റങ്ങളാണ് ഈ കണ്ടതൊക്കെ.

എപ്പോഴുമില്ല. വളരെ അപൂർവ്വമായി ഇങ്ങനെ ആൾക്കാരെ ഉപദ്രവിയ്ക്കും. ആക്സിഡൻ്റിൻ്റെ ഷോക്കിൽ നിന്നും ഇവർ ഇനിയും പൂർണ്ണമായും മുക്തരായിട്ടില്ല. തനിയേ മാറുമെന്നാണ് ഡോക്ടർമാർ പറയുന്നത്. എല്ലാ മാസത്തിലും കൗൺസിലിംഗിന് കൊണ്ടുപോകും.

ഇനി മറ്റൊരാൾ കൂടി അകത്തു കിടക്കുന്നുണ്ട്. അവൻ എനിക്കു നേരെ എതിർ ദിശയിലുള്ള കതക് തുറന്നു.”

“അതാ….. ആ “പെൺകുട്ടി..
“ഈശ്വരനെ സാക്ഷിയാക്കി അമ്പലത്തിൽവച്ചു ഒരു മാലയിട്ടു ഞാൻ അവനെക്കൊണ്ട് അവളെക്കൂടി ഇങ്ങു കൂട്ടി. അവളുടെ വീട്ടുകാരുടെ സമ്മതത്തോടെ തന്നെ.

പോലീസ് കേസായിരുന്നതുകൊണ്ട് അന്നതു പത്രങ്ങളിലൊക്കെ വലിയ വാർത്തയായിരുന്നു.

പിന്നെ……ഒന്നും….. ആരും അറിഞ്ഞു കൊണ്ട് ചെയ്തതല്ലാത്തതുകൊണ്ടും മറ്റുള്ളവർക്ക് പരാതിയില്ലെന്ന മൊഴികളിലും കാലം കൊണ്ട് കേസ് ഒതുങ്ങി. എൻ്റെ പെൻഷൻ കൊണ്ടാണിന്നീ കുടുംബം കഴിയുന്നത്.

“ഇനി നീയെന്നെയൊന്നുനോക്കിയേ..
ഇവളാരാന്നു മനസ്സിലായോ?”

അപ്പോഴേക്കും എനിക്കു ശ്വാസമൽപ്പം നേരെ വീണു. ഞാൻ കണ്ണുകളുയർത്തി നോക്കി. അപ്പോഴാണ് ഞാൻ ശരിക്കും മരിച്ചത്! അവൻ്റെ മൂക്കിൻ്റെ പാലം ഇല്ല. രണ്ടു ദ്വാരത്തിലൂടെ…. മുഖത്തോടു പതിഞ്ഞ മൂക്ക്. പണ്ടത്തെ അവൻ്റെ സുന്ദരമുഖം എന്നെവീണ്ടും….വീണ്ടും..കൊന്നുകൊണ്ടേയിരുന്നു.

പിന്നീട് ഞാൻ അവളെനോക്കി. രമണി… മുഖത്തിനു ആ പഴയ ചൈതന്യം. മുടിയിഴകൾ നരച്ച്… തടിച്ച് എങ്കിലും! തിരിച്ചറിയാം.

“അവനു കുടിക്കാനൊന്നുമെടുക്കാതെ നീയിതെല്ലാം കേട്ടു നിൽക്കയാണോ?” “നീ പോയി വേഗം അവന് കുടിക്കാനെടുക്ക്” അവൻ രമണിയോടായി പറഞ്ഞു.

ഞാൻ പതുക്കെ എഴുന്നേറ്റു.

എവിടെ നിന്നോ ഒരു ശക്തിയപ്പോൾ എനിക്കു കിട്ടി. ഒന്നു യാത്ര ചോദിക്കാൻ പോലും എൻ്റെ നാവു പൊന്തിയില്ല. അതു മനസ്സിലാക്കിയെന്നോണം അവൻ പറഞ്ഞു …

“നീ വിളിക്കുമ്പോഴൊക്കെ ഞാൻ മനപ്പൂർവ്വം ഫോണെടുക്കാത്തതാണ് . നിന്നെ ഞാനൊന്നു രണ്ടു വട്ടം ഇതിനിടയിൽ കണ്ടിട്ടുണ്ട്. അന്നൊക്കെ ഞാൻ ഒഴിഞ്ഞു മാറിപ്പോയി. ഈ ദുഃഖത്തി ലേയ്ക്കു നിന്നെ ക്ഷണിക്കാൻ എനിക്കു മനസ്സു വന്നില്ല!

“പൊയ്ക്കോളൂ… അവൾ കൊണ്ടു വരുന്ന വെള്ളം നിനക്കിനി ഇറങ്ങില്ല എന്നെനിക്കറിയാം. ഒരു വല്ലാത്ത ജന്മമാടാ… എൻ്റേത്.”

“നിനക്കെന്നും സ്നേഹിക്കാനേ….
അറിയൂ.എന്നെനിക്കറിയാം. നമ്മൾ തമ്മിൽ പിന്നീട് കണ്ടിട്ടില്ല എന്നു കരുതൂ എന്നു പറയാനേ എനിക്കാകൂ…”

എല്ലാം കേട്ട് ഒരു ജീവച്ഛവമായി അവൻ വിളിച്ചു തന്ന ഓട്ടോയിൽ ഞാൻ കയറുമ്പോൾ, രമണി വെള്ളവുമായി വരുന്നതു കണ്ടു.

ഇല്ല….. ഈ നടുക്കുന്ന ഓർമ്മകളിൽ നിന്ന് എനിക്കിനി മോചനമില്ല. അയാൾ ഇരട്ടിലേയ്ക്കു തുറിച്ചു നോക്കി കണ്ണുകൾ മുറുകെ അടയ്ക്കാൻ ശ്രമിച്ചു.

ജസിയ ഷാജഹാൻ✍

RELATED ARTICLES

2 COMMENTS

  1. വെള്ളം കുടിച്ചിട്ട് പോകാമായിരുന്നു

    നല്ല കഥ
    ഇഷ്ടപ്പെട്ടു 👏👏👏

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com