വശ്യവാണികളിലാത്മരാഗമായ്
ശ്വാസവേഗമുയരും തുടിപ്പുമായ്
വിശ്വചേതനനിറഞ്ഞ ദേവതേ
ആശയേകിയ വിശുദ്ധിയാണു നീ
നിർമ്മല പ്രതിഭതൻ പ്രകാശമായ്
കർമ്മശുദ്ധി വളരുന്ന ജീവിതം
ധർമ്മപാതയുടെ കീർത്തനാരവം
നമ്മതന്നുദയ കാകളീരവം
ഹേമവർണ്ണ പരിപൂരിതങ്ങളാം
സോമരശ്മിയുതിരുന്ന രാവിൽ
സാമഗാനശകലം നിരാമയം
ഭൗമ സൗരഭമതിൽ കുതിർന്നുവോ
രോമഹർഷഭരിതപ്രിയങ്കരീ
ആമയം മറയുമീ നിശാന്തമെൻ
മന്മഥാശകളെ പുൽകിയെത്തവേ
ചിന്മയങ്ങളകലേയ്ക്കകന്നുവോ
ഇല്ലതങ്ങരികിലാവസിച്ചിടും
നല്ല ചിന്തകളമേയഭാവുകം
നൽകിടും, വിവശതയ്ക്കു നാശവും
ചേലിലേകുക ! സുഗേയ മുക്തിയും
ദേവി തന്നഭിമതപ്രചോദനം
സാവകാശമകതാരിലെത്തിടും
ജീവവായുവൊരു ധാരയായ്ത്തരും
ഭാവഭാസുര മയൂഖമെത്തിടും
ആത്മനിന്ദയുടെ രോഗശയ്യയിൽ
പത്മപുഷ്പദലമായ് വിരിഞ്ഞവൾ
സാത്മ്യമെന്ന ചിരവർദ്ധമാനമാം
തത്ത്വസംഹിത പകർന്ന ശാരദേ
സാരസാശയ സരോവരങ്ങളിൽ
ആര്യയാം ലളിതയോടു ചൊല്ലുവാൻ
ചാരുതാഭരിത കീർത്തനങ്ങളാൽ
ഭൂരിമോഹന വചോ സുമംഗളം
നല്ല വരികൾ
ഹൃദ്യമായ രചന