കഴിഞ്ഞ ദിവസം ഒരു സ്ത്രീ ചിത്രീകരിച്ച സെൽഫി വീഡിയോ റീൽസായി മാറിയതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത യുവാവ് കണ്ണീരോർമ്മയായ് നമുക്ക് മുൻപിൽ നിൽക്കുമ്പോൾ ഒരുപാട് ചോദ്യങ്ങൾ അവശേഷി ക്കുന്നു .അദ്ദേഹം തെറ്റുകാരനാണോ ? റീച് കിട്ടാൻ കുരുക്കിയതാണോ ?അദ്ദേഹമൊരു
ദുർബല ഹൃദയനായിരുന്നോ? ഇപ്പോഴും അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ അഴിക്കുള്ളിൽ ആകു മായിരുന്നോ ?അങ്ങനെ എത്ര ചോദ്യങ്ങൾ നമുക്ക് ചുറ്റുമുള്ള
ഓരോന്നിലും നിതാന്ത ജാഗ്രത ഉണ്ടാകണം എന്ന തിരിച്ചറിവിൽ നാം
എത്തണം എന്നതാണ് ആകെ കൂടിയുള്ള ഉത്തരം .
ഒരു മനുഷ്യന് രണ്ടു ഭാവങ്ങളാണുള്ളത് സ്വഭാവവും അഹം ഭാവവും. ഞാനെന്ന ഭാവം ഒട്ടും നന്നല്ല .സ്വഭാവം എപ്പോളും നമമുടെ മാനസിക നില അനുസരിച്ചു മാറി കൊണ്ടിരിക്കും .നമ്മുടെ അഹം ഭാവം പലപ്പോഴും നമ്മെ ദുരന്തങ്ങളിൽ എത്തിക്കും നാം കാരണം ചിലപ്പോൾ നിരപരാധികൾ ശിക്ഷ ഏറ്റുവാങ്ങിയേക്കാം. നമുക്ക് ചുറ്റും മുൻ കാലങ്ങളിൽ നുണക്കൂട്ടങ്ങൾ ആയിരുന്നെങ്കിൽ ഇന്ന് തെളിവ്( ?) ഉണ്ടാക്കാൻ ക്യാമറ ഒളിഞ്ഞും തെളിഞ്ഞുമുണ്ടെന്നും അത് നമ്മുടെ ജീവനെടുക്കാൻ പോലും പാകത്തിന് നിർമ്മിത ബുദ്ധിയാൽ വളർന്നു നില്കുന്നു എന്നും തിരിച്ചറിയുക.
നമ്മെ ഒരാളോ അല്ലെങ്കില് ഒരു കൂട്ടം ആളുകളോ ചേർന്ന് പരിഹസിക്കുകയോ കുറ്റങ്ങൾ പറഞ്ഞു നടക്കുകയോ ചെയ്യുന്നെങ്കിൽ അവർക്കില്ലാത്ത എന്തോ നല്ല ഗുണങ്ങൾ നമുക്കുണ്ടന്നു അനുമാനിക്കാം .മറ്റുളളവരുടെ വളർച്ചയിൽ അസൂയ പൂണ്ട് സഹോദരങ്ങളാണെന്നു പോലുമില്ലാതെ പുലഭ്യം പറഞ്ഞു നടക്കുന്ന ചിലരുണ്ട് അവരോടു സഹതപിക്കാം .സ്വന്തം മാതാ പിതാക്കളെ പോലും ചൊല്പടിയിൽ നിർത്തി അന്ധമായ ചില അധികാരങ്ങൾ കാട്ടി വിറപ്പിച്ചു നിർത്തുന്നതും ഇപ്പോൾ പതിവാകുന്നു .ചിലപ്പോൾ കാര്യങ്ങൾ അവിടെയും അവസാനിക്കുന്നില്ല. മാതാപിതാക്കളുടെ സ്വത്തു കൈക്കലാക്കി അവരെ നട തള്ളുകയോ വൃദ്ധ സദനങ്ങ ളിലാക്കുകയോ ചെയിതിട്ടു മാന്യന്മാരായി നടക്കുന്നവര് മുണ്ട്.
ഒരു വിവേകവുമില്ലാതെ വെറുതെ നുണകൾ മാത്രം പറഞ്ഞു ഇല്ലാത്ത കാര്യങ്ങൾ വീമ്പിളക്കി നടക്കുന്നതും സൈബറിടങ്ങളിൽ ആൺ പെൺ വിത്യാസമില്ലാതെ അശ്ലീലം പറയുന്നതും പതിവാകുന്നു .ഇതിന്റെയെല്ലാം ഇരകൾ പലപ്പോഴും മനസാ
വാചാ കർമ്മണാ ഇതുമായി പുലബന്ധം പോലുമില്ലാത്തവരുമായിരിക്കും
നമുക്ക് നേരെ മറ്റുള്ളവർ എന്തു പറഞ്ഞാലും മറ്റുളളവരുടെ നാവിനെ ആശ്രയിച്ചല്ല നമ്മുടെ മന സമാധാനം എന്നു മനസിലാക്കുക .ആര് നമ്മെ കുറിച്ച് നല്ലതു പറഞ്ഞാലും ചീത്ത പറഞ്ഞാലും നമ്മൾ പുതിയ ഒരാളാകുന്നില്ല. നമ്മുടെ മനസിന്റെ പൂർണമായ നിയന്ത്രണം നമുക്ക് മാത്രമാണെന്ന് ഉറപ്പിക്കുക .നാം തെറ്റുകാരല്ലെന്നു പൂർണ്ണ ബോധ്യമുണ്ടെങ്കിൽ ആരുടെ മുൻപിലും തല കുനിക്കേണ്ടതേ ഇല്ല .
പ്രവാസികൾ ഉൾപ്പടെ ചിലരെയെങ്കിലും ഒറ്റപ്പെടുത്തി നിർത്തുന്നതും അവർ താണു വീണു നിരന്തരം സംസാരിച്ചു ബന്ധങ്ങൾ പിടിച്ചു നിർത്തേണ്ട ഗതികേടും ഇന്നുണ്ട്.സ്വന്തം കുടുംബത്തിൽ നിന്ന് പോലുമുണ്ടാകുന്ന മാനസിക സംഘർഷങ്ങളിൽ നിന്നും വലിയ മാനസിക സമ്മർദ്ദങ്ങൾ നേരിടുന്നവരിൽ അധികവും കൂട്ടായ്മയുടെയും സഹകരണത്തിന്റെയും പരസ്പര സംസാരങ്ങളുടെയും ബലത്തിൽ സമൂഹത്തിൽ പിടിച്ചു നിൽക്കുന്നുണ്ടെന്നുള്ളത് വലിയ പ്രതീക്ഷ നൽകുമ്പോഴും ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ നമ്മെ വല്ലാതെ ദുഖിപ്പിക്കുന്നു. നമുക്ക്
നേരിടുന്ന ചെറുതോ വലുതോ ആയ ഏതു പ്രയാസങ്ങളും ആരോടെങ്കിലും
ഒന്ന് സംസാരിക്കുന്ന തു പോലും വലിയ ആശ്വാസമാകും .
വർത്തമാന കാലത്തു കുടുംബ ബന്ധങ്ങളുടെ തീവ്രത നഷ്ടപ്പെട്ട് എല്ലാം ഫേസ്ബുക്കിലും വാട്സാപ്പിലും ഒതുങ്ങി മുൻപ് പ്രത്യേക സ്ഥലങ്ങളിൽ ഒരുമിച്ചു താമസിച്ചിരുന്ന ബന്ധുക്കൾ ഉൾപ്പടെ നാനാ ദിക്കിൽ രാജ്യങ്ങൾ കടന്നു കുടിയേറുന്നത് അത്ര സുഖകരമാണോ എന്നത് പരിശോധിക്കപ്പെടണം .മുൻപ് പാശ്ചാത്യ രാജ്യങ്ങളിൽ പോയവർ തിരിച്ചു വരും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു .എന്നാൽ ഇന്ന് വലിയ ശതമാനവും അവിടങ്ങളിൽ സ്ഥിര താമസത്തിനു ശ്രമിക്കുന്നു .നമ്മുടെ രാജ്യത്തെ അരക്ഷിതാവസ്ഥ മുഖ്യ കാരണമായി പറയാമെങ്കിലും ആർക്കും ആരെയും പ്രതീക്ഷയില്ല .തനിക്കു താൻ എന്ന് സാമാന്യമായി പറയാം .
ഭാവി കാലം കൂട്ടു കുടുംബവും ബന്ധുക്കളും നാടും നാട്ടറിവും ഗൂഗിളിൽ തെരയേണ്ടി വരുമെന്നതിൽ സംശയമില്ല .അത് മാത്രമോ മനുഷ്യത്വം പോലും നഷ്ടപ്പെട്ട് നിർമ്മിത ബുദ്ധിയിൽ അഭിരമിച്ചു സമൂഹ മാധ്യമ ത്വരയിൽ ഇനി എത്ര ജീവൻ ഇല്ലാതാകും ?



