Logo Below Image
Friday, April 4, 2025
Logo Below Image
Homeഅമേരിക്കരക്ഷാവലയത്തിനുള്ളിൽ സുരക്ഷിതരായവർ (ലേഖനം) ✍സി. ഐ. ഇയ്യപ്പൻ, തൃശ്ശൂർ

രക്ഷാവലയത്തിനുള്ളിൽ സുരക്ഷിതരായവർ (ലേഖനം) ✍സി. ഐ. ഇയ്യപ്പൻ, തൃശ്ശൂർ

സി. ഐ. ഇയ്യപ്പൻ, തൃശ്ശൂർ

തപസ്സും, ധ്യാനവും സന്യാസിമാർക്ക് മാത്രം ഉള്ളതാണെന്ന ഒരു ധാരണ പൊതുവെ ഉണ്ട്. ബ്രഹ്മചര്യം അതിന്റെ പ്രധാന ഘടകമാണെന്നും വിശ്വസിക്കുന്നു. എന്നാൽ എന്നെപ്പോലെ കുടുംബവുമായി ജീവിക്കുന്നവർക്കും വീടുകളിൽ ഇരുന്ന് ധ്യാനിക്കാൻ കഴിയും.

പഠിക്കുന്ന കുട്ടികളെ ദിവസവും രാവിലെ ഏതാനും നിമിഷ നേരം കണ്ണുകൾ അടച്ച് ഏകാഗ്രമനസോടെ ധ്യാനിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് നല്ലതാണ്. നമ്മളിലുള്ള ജീവന്റെ തുടിപ്പിന് ദൈവത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗമാണ് ധ്യാനം.നമ്മുടെ ജീവിതം കൊണ്ടും, ധ്യാനം കൊണ്ടും ലക്ഷ്യത്തിലെത്താൻ സഹായിക്കുക എന്നതാണ് നമ്മുടെ ദൗത്യം.

ഞാൻ ഈ നാട്ടിലെ ഒരു സാധാരണ നാട്ടുകാരനാണ്. ജീവിക്കാനുള്ള എല്ലാ അഭ്യാസങ്ങളും, കണ്ടും, കേട്ടും, കൊടുത്തും ജീവിക്കുന്ന ഒരു മനുഷ്യൻ. ആരോ അനുഭവിച്ച വേദന ഏറ്റെടുത്ത് കരഞ്ഞ് ജീവിക്കേണ്ടവൻ അല്ല ഞാൻ എന്ന് ബോധ്യം വന്നപ്പോൾ, ജീവിതം, ആസ്വദിച്ച്, സന്തോഷിക്കാനുള്ള താണെന്നും, അതിന് ഏറ്റവും നല്ല മാർഗ്ഗം ധ്യാനമാണെന്ന്, അനുഭവിച്ച് അറിഞ്ഞപ്പോൾ 25 വർഷമായി ദിവസവും ഞാൻ അത് തുടർന്നുകൊണ്ടിരിക്കുന്നു.

ദിവസവും നേരം വെളുത്തു വരുന്നതിനു മുമ്പായി , അതായത് ഏകദേശം കാലത്ത് അഞ്ചു മണിയോടുകൂടി , നിശബ്ദമായ അന്തരീക്ഷത്തിൽ, ദിവസവും, സൗകര്യമായി ഇരിക്കാൻ കഴിയുന്ന ഒരു സ്ഥലത്ത്, സുഖമായി ഇരിക്കാൻ കഴിയുന്ന വിധം ഇരുന്ന്, കണ്ണുകൾ അടച്ച്, ദൈവീക ചൈതന്യം എന്നിൽ മുഴുവനായി നിറയുന്നു എന്ന വിശ്വാസ പ്രഖ്യാപനം മനസ്സിൽ ഉരുവിട്ടുകൊണ്ട് ആയിരിക്കണം ധ്യാനം ആരംഭിക്കാൻ.

നമ്മുടെ ഉള്ളിലേക്ക് അകക്കണ്ണ് കൊണ്ട് നോക്കുമ്പോൾ എന്താണൊ കാണുന്നത് അതിൽ എല്ലാ ശ്രദ്ധയും കേന്ദ്രീകരിച്ച് ഇരിക്കുക. നമ്മുടെ നിത്യ ജീവിതത്തിൽ കണ്ട ചിത്രങ്ങളൊ, അതിലെ രൂപങ്ങളൊ,കണ്ട വസ്തുക്കളോ ഒരിക്കൽ പോലും കാണാൻ ശ്രമിക്കരുത്.

ശ്രദ്ധയോടെ ഉള്ളിലേക്ക് നോക്കിയിട്ട് ഒന്നും കാണാൻ കഴിഞ്ഞില്ലെങ്കിൽ ഒരു പ്രകാശം കാണുന്നതായി സങ്കൽപ്പിച്ച് നോക്കുമ്പോൾ ഒരു അരണ്ട പ്രകാശം കാണുന്നതായി നമുക്ക് അനുഭവപ്പെടാം.നമ്മുടെ നിത്യേനയുള്ള ധ്യാനത്തിൽ കൂടി എന്തൊക്കെയോ ഒരു അനുഭൂതി നമുക്ക് അനുഭവപ്പെടും. എന്തോ ഒരു ശക്തി നമ്മളോടൊപ്പം ഉണ്ട് എന്ന ഒരു വിശ്വാസം നമ്മളിൽ താനെ ഉടലെടുക്കും. ഏകാഗ്ര മനസ്സോടെ ഇരിക്കാൻ കഴിഞ്ഞില്ലെങ്കിലും, മനസ്സിലേക്ക് കയറി വരുന്നതിൽ ഒഴിവാക്കേണ്ടവ ഒഴിവാക്കാൻ ശ്രമിക്കുക. നമ്മൾ ഇരിക്കുന്നത് ശൂന്യതയിൽ ആണെന്നും, ഒരു കനമില്ലാത്ത വസ്തുവായി നമ്മൾ മാറിയിരിയ്ക്കുന്നതായും ചില അവസരങ്ങളിൽ അനുഭവപ്പെടാം.

ധ്യാനം എന്ന മാർഗം സ്വീകരിക്കാൻ നിങ്ങൾ അർഹരാകുന്നത് തന്നെ ഒരു മഹാഭാഗ്യമാണ്. അതിന് നിങ്ങൾ യോഗ്യരല്ലെങ്കിൽ ഒരിക്കലും നിങ്ങളെ അതിന് പ്രാപ്തരാക്കില്ല.

ചില ദിവസങ്ങളിൽ ഒരു ലക്ഷ്യത്തിലേക്ക് അതിവേഗം സഞ്ചരിക്കുന്നതായി അനുഭവപ്പെട്ടെന്നിരിക്കും. അതുപോലെ ഉറങ്ങിപോയതായും അനുഭവപ്പെടാം.
എപ്പോഴും ഉണർന്നിരിക്കാൻ ശ്രമിക്കുക. ധ്യാനം കൃത്യസമയത്ത് അവസാനിപ്പിക്കാൻ ഒരു അലാറത്തിന്റെ സഹായം ഉപയോഗിക്കാവുന്നതാണ്.

ദിവസത്തിൽ ഒരു മണിക്കൂറെങ്കിലും നമ്മുടെ ആത്മീയ ഉയർച്ചയ്ക്ക് വേണ്ടി ചിലവഴിക്കും എന്ന പ്രതിജ്ഞയോടെ ആയിരിക്കണം ഓരോ ദിവസവും ധ്യാനിക്കുവാൻ.

മനസുഖം ഒഴിച്ച് ഒരു അത്ഭുതവും പ്രതീക്ഷിക്കരുത്. ധ്യാനിക്കാൻ ഇരുന്നുകഴിഞ്ഞാൽ നമ്മുടെ മുഴുവൻ ശ്രദ്ധയും ധ്യാനത്തിൽ മുഴുകണം. അതിന്റെ ഇടയ്ക്ക് ധ്യാനത്തിന് തടസ്സം വരുന്ന ഒന്നിനെയും ശ്രദ്ധിക്കരുത്.

ധ്യാനിക്കുന്നതിനിടയിൽ പലപ്രശ്നങ്ങൾക്കും, ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ ലഭിച്ചേയ്ക്കാം.ചില ആളുകൾ ദിവസവും ഡയറി എഴുതാറുണ്ട്. ഓരോ ദിവസത്തെയും ധ്യാനത്തിൽ നിന്ന് കിട്ടിയ അനുഭവങ്ങളും ഡയറിയിൽ എഴുതാവുന്നതാണ്.ദിവസേനയുള്ള ധ്യാനത്തിൽ കൂടി സന്തോഷവും, സങ്കടവും ,പങ്കിടാൻ തന്നിൽ ഒരു ആത്മ മിത്രം ഉണ്ടെന്ന ബോധ്യം അനുഭവപ്പെടും.

യാത്രാവേളയിൽ, മറ്റു യാത്രക്കാരുടെ സാന്നിധ്യത്തിൽ, ധ്യാനത്തിന് ഇരിക്കാതെ അങ്ങിനെയുള്ള അവസരങ്ങളിൽ മനസ്സിൽ ദൈവത്തെ സ്മരിച്ചുകൊണ്ടിരിയ്ക്കുക.
ഞാൻ മനസ്സിൽ കാണുന്നതാണ് എന്റെ ദൈവമെങ്കിൽ, നിങ്ങളുടെ ദൈവവും അപ്രകാരം തന്നെ.

സ്വന്തം ഭാര്യയേയൊ, ഭർത്താവിനേയോ ധ്യാനമാർഗ്ഗം സ്വീകരിക്കാൻ നിർബന്ധിക്കരുത്. എന്നാൽ കുടുംബം മുഴുവൻ ധ്യാനമാർഗ്ഗം സ്വീകരിച്ചാൽ അതിന്റെ നേട്ടം വളരെ വലുതാണ്.

രാത്രി ഉറങ്ങുന്നതിനു മുമ്പായി അന്നത്തെ ദിവസത്തെ അനുഭവങ്ങൾ ഒരു ആത്മ പരിശോധന നടത്തുന്നത് നല്ലതാണ്. തിരുത്തേണ്ടത് തിരുത്തി മുന്നോട്ടു പോകാൻ അത് നമ്മെ സഹായിക്കും.

നിത്യേന ധ്യാനത്തിൽ ഇരിക്കുന്നത് നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നായി താനേ തീരും. ധ്യാനം അതിന്റെ സൂക്ഷ്മ തലത്തിൽ എത്തിച്ചേരുമ്പോൾ ഗാഢനിദ്രയിൽ ആണ്ടു പോയതായി അനുഭവപ്പെടുന്നത് നല്ല ലക്ഷണമാണ്.
ധ്യാനം പരിശീലിക്കുന്നതിന് ഒരു ഗുരുവിന്റെ സഹായം തേടുന്നത് ഉചിതമായിരിക്കും.ധ്യാനിക്കാനുള്ള പരിശീലനം ലഭിച്ചു കഴിഞ്ഞാൽ , തുടർന്ന് സ്വന്തമായി ധ്യാനിക്കാവുന്നതും, നിത്യ പരിശീലനം കൊണ്ട് അത് ലളിതമായി തീരുന്നതുമാണ്.

കേൾക്കാൻ കൊള്ളാവുന്ന ആത്മീയ പ്രഭാഷണങ്ങൾ കേൾക്കുന്നത് നല്ലതാണ്. ആത്മീയ ചിന്താധാരകളിലേക്ക് നമ്മെ കൊണ്ടുപോകുന്നതിന് അത് കാരണമാകും.മത പ്രഭാഷണങ്ങളിൽ നിന്ന് കൈ അകലം പാലിക്കണം.

വിവാഹ ജീവിതം മാത്രം ഉപേക്ഷിച്ചു ജീവിക്കുന്നവർ ബ്രഹ്മചാരി എന്ന പ്രയോഗത്തിന് അർഹരല്ല. ജീവിതത്തിൽ നിന്ന് ഒളിച്ചോടി സുഖിക്കുന്ന ഒരു കൂട്ടരായി മാത്രമേ അവരെ ഞാൻ കണക്കാക്കു. സാക്ഷാൽ ബ്രഹ്മചാരിയെ അറിയണമെങ്കിൽ തൃശ്ശൂർ തെക്കേ മഠം മൂപ്പിൽ സ്വാമിയാരെ അടുത്തറിയണം.

സ്വാമിയാരിൽ നിന്ന് എനിക്കുണ്ടായ ഒരു അനുഭവം നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. ഞാൻ വല്ലപ്പോഴും അവിടെ പോകുമ്പോൾ സ്വാമിയാരെ കണ്ട് ക്ഷേമാന്വേഷണങ്ങൾ നടത്താറുണ്ട്. അത്രയ്ക്ക്കുള്ള അടുപ്പമേ ഞങ്ങൾ തമ്മിലുള്ളു. ഒരു ദിവസം മൂപ്പിൽ സ്വാമിയാർ സമാധിയായി എന്ന് അറിഞ്ഞ് ഞാൻ കാണാൻ പോയി. സമാധിയായ സ്വാമിയാരെ അവിടെ ഒരു പീഠത്തിൽ ഇരുത്തിയതായി കണ്ടു.ഞാൻ കൈകൾ കൂപ്പി അദ്ദേഹത്തെ ഒരു നിമിഷം നോക്കി നിന്നു. പെട്ടെന്ന് ഒരു ആനന്ദമുള്ള അനുഭൂതി എന്നിയ്ക്ക് ഉണ്ടാവുകയും കണ്ണിൽനിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകാൻ തുടങ്ങുകയും ചെയ്തു.വിതുമ്പൽ വന്ന് ചുണ്ടുകൾ കോടുന്നത് പോലെ ആവുകയും ചെയ്തു.ഞാൻ വാവിട്ട് കരയാൻ തുടങ്ങിയതോടെ,വേഗം അവിടെനിന്ന് പുറത്ത് കടന്ന് അവിടെത്തന്നെയുള്ള എന്റെ സ്നേഹിതൻ രഘുരാമന്റെ സ്ഥാപനത്തിലേക്ക് ഓടി കയറി ചെന്നു. അപ്പോഴും ഒന്നും പറയാൻ കഴിയാതെ കരഞ്ഞു കൊണ്ടുള്ള അവസ്ഥയിലായിരുന്നു ഞാൻ.നമ്മുടെ മൂപ്പിൽ സ്വാമിയാരെ കാണാൻ പോയതാണെന്ന് പറയുമ്പോഴും, ഞാൻ ചിരിക്കുന്നുമുണ്ട്, കരയുന്നുമുണ്ട്.

ഈ സ്വാമിയാര് എന്നെ വിടാതെ പിടിച്ചിട്ടുണ്ടല്ലോ രഘുരാമാ എന്നും ഞാൻ പറയുന്നുണ്ട്. ഇതെല്ലാം കണ്ടിട്ടും അവർക്ക് ഇത് ഒരു തമാശയായി മാത്രമേ കാണാൻ കഴിഞ്ഞുള്ളു. അത്ര വലിയ ബന്ധങ്ങൾ ഇല്ലെങ്കിലും സ്വാമിയാർ എന്നെ ഒരു സ്നേഹിതനായി , സ്നേഹിച്ചിരുന്നു എന്ന് എനിക്ക് ബോധ്യപ്പെട്ടു. എന്താണ് സംഭവിച്ചത് എന്ന് എനിക്ക് അറിഞ്ഞുകൂടാ . ഇത് പറയാതിരുന്നാൽ മറ്റാരും അറിയാതെ പോകും. അതുകൊണ്ടാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.

സാധാരണ മരിച്ച വീട്ടിൽ പോകുമ്പോൾ ഉണ്ടാകുന്ന സങ്കടം എന്ന വികാരം ഉണ്ടായില്ല എന്നത് ഒരു അതിശയം തന്നെയാണ്. സന്തോഷമാണ് അനുഭവപെട്ടത്.
ഇതുപോലെ ഉണ്ടായ മറ്റൊരു അനുഭവവും ഇവിടെ പങ്കുവെയ്ക്കാം .എന്റെ അമ്മ 91 വയസ്സുള്ളപ്പോൾ ഹാർട്ട് ഹോസ്പിറ്റലിൽ കിടന്ന് മരിച്ചു. തുടർന്ന് മൃതദേഹം തറവാട്ടിൽ കൊണ്ടുവന്നു. മൃത സംസ്കാരത്തെക്കുറിച്ചൊക്കെ ചർച്ച ചെയ്തു തീരുമാനിച്ച ശേഷം, തറവാട്ടിൽ തന്നെ ഒരു ഭാഗത്ത് ഞാനും കുടുംബവും താമസിക്കുന്നിടത്തേക്ക് ഞാൻ തിരിച്ച് വന്നു. ദിവസവും ധ്യാനിക്കാറുള്ള സമയമായപ്പോൾ ധ്യാനിക്കാൻ ഇരുന്നു.കണ്ണുകൾ അടച്ചപ്പോൾ അമ്മയുടെ മുഖം വളരെ വ്യക്തമായി എന്റെ മനസ്സിൽ കണ്ടു. നിമിഷ നേരം കൊണ്ട് ജീവനോടെയുള്ള അമ്മ എന്നോട് സംസാരിക്കുന്നതായി അനുഭവപ്പെട്ടു. ഞാൻ ധ്യാനിക്കാൻ ഇരിക്കുന്നതും കാത്ത് അമ്മ നിന്നിരുന്നു എന്ന് തോന്നുന്നു. എനിക്ക് ഒരു പ്രത്യേക അനുഭൂതിയാണ് അപ്പോൾ ഉണ്ടായത്. സന്തോഷത്താൽ മതിമറന്ന നിമിഷങ്ങൾ. കണ്ണിൽനിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകുന്നു. ശരീരമാകെ കോരി തരിച്ച അവസ്ഥ. മനുഷ്യശരീരത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയപ്പോൾ ആയിരിക്കാം അതുവരെ ജീവിച്ച ജീവിതത്തിലെ കാര്യങ്ങൾ നിമിഷ നേരം കൊണ്ട് അമ്മ കണ്ടിരിക്കാം. ഒരു അച്ചനോട് കുമ്പസാരിക്കുന്നത് പോലെ അമ്മ എന്തൊക്കെയോ പറയുന്നു. എന്നോട് പറയുകയും, ചോദിക്കുകയും, ചെയ്യുന്നതിന് ശബ്ദത്തിൽ തന്നെ ഞാൻ മറുപടിയും പറയുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ അമ്മ താനേ മാഞ്ഞു പോയി.

ഞാൻ ഇതിനുമുമ്പും, ശേഷവും എന്റെ മരിച്ചുപോയ ഉറ്റവരും, സ്നേഹിതരുമായവ രെ കാണാൻ ചെല്ലുമ്പോൾ മരിച്ച ആളുമായിട്ടുള്ള എന്റെ ബന്ധമനുസരിച്ച് സങ്കടം വരുകയും, കണ്ണ് നനയുകയും ചെയ്യാറുണ്ട്. എന്നാൽ തെക്കേമഠം മൂപ്പിൽ സ്വാമിയാരുടെ കാര്യത്തിൽ സങ്കടം വരുകയല്ല ചെയ്തത് എന്തോ ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത ആനന്ദമാണ് മനസ്സിലാകെ നിറഞ്ഞത്.അദ്ദേഹം എന്റെ കൂടെയുള്ളതുപോലെയുള്ള ഒരു അനുഭവം. കുറച്ച് കഴിഞ്ഞപ്പോൾ ആ അനുഭൂതിയും മാഞ്ഞുപോയി.

ഞാൻ ധ്യാനം അഭ്യസിക്കുന്നത് കൊണ്ടായിരിക്കാം ഒരു പക്ഷേ എനിക്കീ അനുഭവങ്ങൾ ഉണ്ടായത്.തുടക്കത്തിൽ പറഞ്ഞതുപോലെ ദിനംപ്രതിയുള്ള ധ്യാനം കൊണ്ട് ഒരു രക്ഷാവലയത്തിന്റെ ഉള്ളിൽ നമ്മൾ സുരക്ഷിതനാണെന്ന ബോധ്യവുമുണ്ടാകും.

സി. ഐ. ഇയ്യപ്പൻ, തൃശ്ശൂർ✍

RELATED ARTICLES

4 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments