കോട്ടയം ജില്ലയിൽ ഉൾപ്പെട്ടതാണെങ്കിലും ആലപ്പുഴയോട് ചേർന്ന് കിടക്കുന്ന തുരുത്തിയിലാണ് പുരാതനമായ മർത്ത് മറിയം ഫോറോനാ പള്ളി സ്ഥിതി ചെയ്യുന്നത്.
തുരുത്തി
ആലപ്പുഴ ജില്ലയോടു ചേര്‍ന്നുകിടക്കുന്ന തുരുത്തി പ്രദേശം നെല്‍പ്പാടങ്ങളുടെയും നാളികേര കൃഷിയിടങ്ങളുടെയും മനോഹാരിത നിറഞ്ഞ നാടാണ്. നെല്ലും നാളികേരവും കൂടാതെ ഒട്ടെല്ലാ കൃഷികളും ഈ പ്രദേശത്തിന്റെ കാര്‍ഷിക സമ്പന്നതയ്ക്കു കാരണമായിരുന്നു. നിലവില്‍ ഈ പ്രദേശം ചങ്ങനാശേരി താലൂക്കിന്റെ ഭാഗമാണ്.
ചങ്ങനാശേരി തലസ്ഥാനമായിരുന്ന നന്റുഴൈനാട് പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനം വരെ കുലശേഖര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നന്റൂഴൈനാട് ഇല്ലാതായി. പിന്നീടു പ്രാബല്യത്തില്‍ വന്ന വെമ്പലനാട് രണ്ടായി പിരിഞ്ഞു. അങ്ങനെ തെക്കുംകൂറും വടക്കുംകൂറും നിലവില്‍ വന്നു.മാര്‍ത്തോമ്മാ പാരമ്പര്യമുള്ളവരാണ് ചങ്ങനാശേരി പ്രദേശത്തുണ്ടായിരുന്നത്. ചങ്ങനാശേരിയിലും സമീപ പ്രദേശങ്ങളിലുമുള്ള കത്തോലിക്കാര്‍ തോമാശ്ലീഹാ സ്ഥാപിച്ച ഏഴര പള്ളികളില്‍ ഒന്നായ നിരണം പള്ളിയില്‍ പോയാണ് ആത്മീയ കാര്യങ്ങള്‍ സാധിച്ചിരുന്നത്. ചങ്ങനാശേരിയില്‍ നിന്ന് ഉദ്ദേശം 15 കിലോമീറ്ററിലധികം ദൂരമുണ്ട് നിരണത്തിന് എത്താൻ. പിന്നീട് ചങ്ങനാശേരിയില്‍ പള്ളി നിര്‍മിച്ചപ്പോഴാണ് ഈ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ നിരണത്തേക്കു പോകാതായത്.
പരലോകമാതാവിന്റെ നാമധേയത്തിലുള്ള തുരുത്തി പള്ളിയ്ക്കുള്ള അനുവാദം
ചങ്ങനാശേരി ഒരു കച്ചവടകേന്ദ്രമെന്ന നിലയില്‍ ഖ്യാതി നേടി. കച്ചവട കേന്ദ്രത്തിലുള്ളവരെ അങ്ങാടിക്കാര്‍ എന്നും കിഴക്ക് കുറുമ്പനാടം, കൂത്രപ്പള്ളി, ഇത്തിത്താനം, തോട്ടയ്ക്കാട്, നെടുങ്കുന്നം എന്നിവിടങ്ങളിലുള്ളവരെയും തുരുത്തിക്കാരെയും കരക്കാര്‍ എന്നു വിളിച്ചുപോന്നു. കരക്കാരില്‍ ഒട്ടുമിക്കവരും മറ്റു സ്ഥലങ്ങളില്‍ നിന്നു കുടിയേറിയവരായിരുന്നതിനാല്‍ അവരെ കുടികളില്‍ നിന്നുള്ളവരെന്നും വിളിച്ചുപോന്നു. കരക്കാരും അങ്ങാടിക്കാരും തമ്മിലുള്ള കിടമത്സരം ചില ഭിന്നിപ്പുകള്‍ക്കു വഴിതെളിച്ചതായി കാണുന്നു. ആത്മീയകാര്യങ്ങള്‍ അനുഭവിക്കാനുള്ള യാത്രാ ക്ലേശത്തേക്കാള്‍ കഠിനമായിരുന്നു. അങ്ങാടിക്കാരില്‍ നിന്നു കരക്കാര്‍ക്കു നേരിട്ട അവഗണനകള്‍, പൊരുത്തക്കേടുകള്‍ വളര്‍ന്നപ്പോള്‍ അക്കാര്യം അന്നത്തെ കൊടുങ്ങല്ലൂര്‍ രൂപതയുടെ വൈദിക മേലധ്യക്ഷനായിരുന്ന ഗോവര്‍ണദോറിന്റെ ശ്രദ്ധയില്‍ പെടുത്തി. ഒല്ലൂരിലായിരുന്നു അന്ന് ഗോവര്‍ണദോറിന്റെ ആസ്ഥാനം.
1831 ല്‍ മൗറേലിയസ് സ്തമലീനി എന്ന മെത്രാനില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ച് വരാപ്പുഴയില്‍ പ്രഥമ ദിവ്യബലി അര്‍പ്പിച്ച ബഹുമാനപ്പെട്ട കയ്യാലകത്ത് ഫീലിപ്പോസ് കത്തനാരെ ചങ്ങനാശേരി പള്ളിയില്‍ സഹവികാരിയായി നിയമിച്ചു. കരക്കാരുടെ ന്യായമായ അവകാശങ്ങള്‍ പലതും അവഗണിക്കപ്പെടുന്നതായി ഈ കൊച്ചച്ചനു ബോധ്യമായി. കരക്കാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയ അദ്ദേഹം തുരുത്തിക്കാരനായ നേര്യംപറമ്പില്‍ കുഞ്ഞുതൊമ്മന്‍ മാപ്പിളയെ വരുത്തി തുരുത്തി ഇരുവേലിക്കുന്നില്‍ ഒരു പള്ളിയുണ്ടാക്കാനുളള ആലോചന തുടങ്ങി.
തുരുത്തിയിലും പരിസര പ്രദേശങ്ങളിലുമുള്ള ക്രൈസ്തവരുടെ സഹകരണത്തോടെ, കൊടുങ്ങല്ലൂര്‍ രൂപതയുടെയും മലങ്കരയുടെയും ഗോവര്‍ണദാറായ ജോണ്‍ ഡി ഫോര്‍ട്ടോ പെശിയോത്തിനെ സമീപിച്ച് പള്ളിക്കായുള്ള അനുവാദം വാങ്ങാന്‍ തീരുമാനിച്ചു തുരുത്തി നേര്യംപറമ്പില്‍ തൊമ്മന്‍ കുഞ്ഞുതൊമ്മന്‍, പയ്യംപള്ളില്‍ കോര വര്‍ക്കി, കയ്യാലകത്തു പോത്തന്‍ കോര, കുറുമ്പനാടം സ്ഥലവാസികളായ കൊല്ലപ്പറമ്പില്‍ ചെറിയതു ചാക്കോ, പാലാക്കുന്നേല്‍ ഈയ്യോ മാപ്പിള എന്നിവര്‍ ഇക്കാര്യത്തില്‍ കയ്യാലകത്തച്ചന് ഉറച്ച പിന്തുണ നല്‍കി. പതിനഞ്ചു ദിവസം ഗോവര്‍ണദോറുടെ ആസ്ഥാനമായ ഒല്ലൂരില്‍ താമസിച്ചാണ് ഇവര്‍ പള്ളി പണിയുന്നതിനുള്ള അനുവാദം നേടിയെടുത്തത്. ദൈവാലയ നിര്‍മിതിക്ക് സഭാധികാരികളുടെ അനുമതി ലഭിച്ചെങ്കിലും സിവില്‍ അധികാരികളുടെ അനുമതികൂടി വേണ്ടിയിരുന്നു. അന്ന് അധികാരിയായിരുന്ന ദളവ ശൂപ്പദേവരായരില്‍ നിന്ന് അനുവാദം നേടിയെടുക്കാന്‍ കരക്കാര്‍ക്ക് ഏറെ ക്ലേശിക്കേണ്ടിവന്നു. സൗകര്യവും സ്ഥലലഭ്യതയും കണക്കിലെടുത്ത് ഇരുവേലിക്കുന്നാണ് ദേവാലയ നിര്‍മിതിക്കായി തെരഞ്ഞെടുത്തത്. ചങ്ങനാശേരി പള്ളി കഴിഞ്ഞാല്‍ ഈ പ്രദേശത്തെ ഏറ്റവും പഴക്കമുള്ള പള്ളി തുരുത്തിയിലേതാണ്.പരലോകമാതാവിന്റെ നാമധേയത്തിലുള്ള പള്ളിയ്ക്ക് അനുവാദം നല്കപ്പെട്ടു. 1834 ലാണ് തുരുത്തിയില്‍ പള്ളി സ്ഥാപിക്കപ്പെട്ടത്.
പള്ളി സ്ഥാപന ചരിത്രം
വലിയ ആശാന്‍ എന്നറിയപ്പെട്ടിരുന്ന രാമക്കുറുപ്പ് കൃഷ്ണക്കുറുപ്പ് അറുപതു സെന്റ് സ്ഥലം നാമമാത്ര പ്രതിഫലം വാങ്ങി ദൈവാലയ നിര്‍മിതിക്കായി വിട്ടു നല്‍കി.
ഉദ്ദേശം എട്ട് ഏക്കറോളം സ്ഥലം സമീപവാസികളില്‍ നിന്നും മറ്റുമായി വാങ്ങി പള്ളിപ്പുരയിടം പിന്നീട് വികസിപ്പിച്ചു തുരുത്തിയിലെ ഇതരപ്രദേശങ്ങളില്‍ നിന്ന് ഉയര്‍ന്ന നിന്ന ഈ ഭൂപ്രദേശം പാറയും കുറ്റിക്കാടുകളും നിറഞ്ഞതായിരുന്നു. ശ്രമദാനത്തിലൂടെയാണ് ഈ സ്ഥലം ദൈവാലയ നിര്‍മിതിക്ക് അനുയോജ്യമാക്കിയെടുത്തത്.
നിത്യകുര്‍ബാനയ്ക്കു സംഭാവനയായി ഇടവകക്കാരില്‍ നിന്നു ലഭിച്ച ഏതാനും ഏക്കര്‍ നിലവും പള്ളിയുടെ പേരിലുണ്ടായിരുന്നു. പിന്നീട് പള്ളിയുടെ വിവിധ ആവശ്യങ്ങള്‍ക്കായി അതു വിറ്റു കയ്യാലകത്ത് അച്ചന്‍ദാനമായി നല്‍കിയ പുരയിടത്തിലാണ്,ഇപ്പോള്‍ ഷോപ്പിംഗ് കോംപ്ലക്‌സും പോസ്റ്റ് ഓഫീസും സ്ഥിതി ചെയ്യുന്നത്.
എഡി 1834 ഓഗസ്റ്റ് 15 ന് പരിശുദ്ധ കന്യകമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളില്‍, കൊല്ലവര്‍ഷം 1000 ചിങ്ങമാസം 17-ാം തീയതി സെന്റ് മേരീസ് ദേവാലയത്തിനു മൂലശില പാകി. വടയാറ്റു പള്ളി വികാരി പുല്ലാട്ട് ഇട്ടയേപ്പ് കത്താനാര്‍, തുരുത്തിപ്പള്ളി ഇടവകക്കാരന്‍ കയ്യാലകത്ത് പീലിപ്പോസ് കത്തനാര്‍, കുറവിലങ്ങാട്ട് ഇടവകക്കാരന്‍ വലിയവീട്ടില്‍ മാണിക്കത്തനാര്‍ എന്നിവര്‍ ചേര്‍ന്നാണ് പരലോകമാതാവിന്റെ നാമധേയത്തിലുള്ള പള്ളിക്കു ശിലാസ്ഥാപനം നടത്തിയത്. അതേവര്‍ഷം തുലാമാസം എട്ടാം തീയതി ഞായറാഴ്ച കുര്‍ബാന അര്‍പ്പിച്ചതായും കയ്യാലകത്തച്ചന്റെ ഡയറികുറിപ്പില്‍ പറയുന്നു. വലിയ ആത്മീയ ഔസ്തുക്യത്തോടുകൂടിയാണ് ഈ പുണ്യദിനം കൊണ്ടാടിയത്. പള്ളിയില്‍ നിന്നുള്ള മണിനാദം, വാദ്യമേളം, വെടിയൊച്ച എന്നിവ അങ്ങാടിയിലും പ്രതിധ്വനിച്ചു. തുരുത്തിയിലും സമീപ പ്രദേശങ്ങളിലുമുള്ള നിരവധി കുടുംബങ്ങള്‍ക്ക് ഈ ദേവാലയം വലിയ അനുഗ്രഹമായി.
കുരിശുപള്ളിയും കൽകുരിശും
ദൈവാലയത്തിനു കിഴക്ക് റോഡിനു അഭിമുഖമായി ഒരു കുരിശുപള്ളി വേണമെന്നും കാല്‍നടക്കാര്‍ക്കും വാഹനയാത്രികര്‍ക്കും അനുഗ്രഹദായകമായ വിധത്തില്‍ ‘മിഖാലേയല്‍ റേശ്’ മാലാഖയുടെ രൂപം അവിടെ സ്ഥാപിക്കണമെന്നും ഇടവകജനം ആഗ്രഹിച്ചു. അപ്രകാരം പള്ളിയുടെ കിഴക്കുഭാഗത്ത് എംസി റോഡിനോട് ചേര്‍ന്ന് കുരിശുപള്ളി സ്ഥാപിച്ചു. ആഘോഷവേളകളില്‍ കുരിശുപള്ളിയുടെ നടകളില്‍ നിലവിളക്കുകള്‍ കത്തിച്ചു ദീപാലംകൃതമാക്കാറുണ്ട്. ഹൈന്ദവ സഹോദരങ്ങളും ഈ കുരിശടിയില്‍ നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിച്ചുവരുന്നു.
മുഖ്യമായും പഴക്കമുള്ള ദൈവാലയങ്ങളോടു ബന്ധപ്പെട്ടാണ് കല്‍കുരിശു കാണുക.ദൈവാലയത്തിനു താഴെ കല്‍ക്കുരിശ് അപൂര്‍വ്വം സ്ഥലങ്ങളില്‍ മാത്രം കാണുന്ന ഒന്നാണ് കൽക്കുരിശ്. തുരുത്തി പള്ളിയിലും കൽക്കുരിശ് കാണാവുന്നതാണ്.
ദൈവാലയ പുനര്‍ നിര്‍മ്മിതി
ഇടവകയിലെ പഴയപള്ളിയുടെ സൗകര്യക്കുറവും ഇടവകാംഗങ്ങളുടെ വര്‍ധനയും കണക്കിലെടുത്തു ദൈവാലയം പുതുക്കിപ്പണിയണമെന്ന ആവശ്യം ഇടവകാംഗങ്ങള്‍ ഉയര്‍ത്തിയതിനെതുടര്‍ന്ന് 1943 ഡിസംബര്‍ 8-ാം തീയതി കാളാശേരില്‍ മാര്‍ ജയിംസ് മെത്രാന്‍ ഇപ്പോഴത്തെ ദൈവാലയത്തിനു തറക്കല്ലിട്ടു. ബഹു. പോരൂക്കര തോമസച്ചന്‍, ബഹു. തലോടില്‍ ജോണച്ചന്‍ എന്നീ വികാരിമാരുടെ കാലത്തു ഭാഗികമായി പണികള്‍ നടന്നുവെങ്കിലും ബഹു. ജോസഫ് കുറുങ്കാട്ടു മൂലയില്‍ അച്ചന്റെ കാലത്താണ് പള്ളിപണി സജീവമായത്. 1960 മുതല്‍ 1964 വരെ വികാരിയായിരുന്ന റവ.ഫാ. മാത്യു കളപ്പുരയും ദൈവാലയ നിര്‍മ്മിതിക്കു സമര്‍ഥമായ നേതൃത്വം നല്‍കി.
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കു നേര്യംപറമ്പില്‍ (പുത്തന്‍പീടികയില്‍)ജോസഫ് ചെറിയാന്‍ പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ മേല്‍നോട്ടം വഹിച്ചു. പ്ലാന്‍, തൂണുകളില്ലാതെ വിശാലമായി നിര്‍മ്മിക്കുന്നതിനാവശ്യമായ സാങ്കേതിക വിദ്യ എന്നിവയൊക്കെ ഏകോപിപ്പിച്ചത് അദ്ദേഹമായിരുന്നു. 1955 ഓഗസ്റ്റ് 15 ന് മാര്‍ മാത്യു കാവുകാട്ടു പിതാവ് പുതിയ ദൈവാലയം കൂദാശ ചെയ്തു.
ഫോറോനാ പ്രഖ്യാപനം
ഫ്രാന്‍സീസ് മാര്‍പാപ്പ പ്രഖ്യാപിച്ച കാരുണ്യ വര്‍ഷാചരണത്തിന്റെ അതിരൂപതാതല സമാപനത്തോടനുബന്ധിച്ചു 2016 നവംബര്‍ 19 നു ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ നടന്ന ചടങ്ങില്‍ തുരുത്തി ഇടവക മര്‍ത്ത് മറിയം ഫൊറോനാ ദൈവാലയമായി ഉയര്‍ത്തപ്പെട്ടു. കൈനടി പരിശുദ്ധ വ്യാകുലമാതാ, ഇത്തിത്താനം സെന്റ് മേരീസ്, പൊടിപ്പാറ തിരുക്കുടുംബം, ഈര ലൂര്‍ദ്ദ്മാതാ, കുറിച്ചി സെന്റ് ജോസഫ്, വടക്കേക്കര സെന്റ് മേരീസ്, കാവാലം സെന്റ് ജോസഫ്, പയറ്റുപാക്ക തിരുക്കുടുംബം, യൂദാപുരം സെന്റ് ജൂഡ് എന്നീ ഇടവകകളാണ് ഈ ഫൊറോനയിലുള്ളത്. ഫാ. ഗ്രിഗറി ഓണംകുളത്തെ പ്രഥമ ഫൊറോനാ വികാരിയായി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം നിയമിച്ചു.
തുരുത്തി ഇടവകയിലെ പ്രമുഖ വ്യക്തിത്വങ്ങൾ
തുരുത്തി ഇടവകാംഗമായിരുന്ന മാര്‍ ജോര്‍ജ് ആലഞ്ചേരി 1997 ല്‍ തക്കല രൂപതയുടെ പ്രഥമ മെത്രാനായി അഭിഷിക്തനായി അദ്ദേഹം പിന്നീട് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടു. മാര്‍പ്പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ തിരുസംഘത്തിലും അംഗമാക്കി. തിരുസഭാ ചരിത്രകാരനായ റവ. ഫാ. ബര്‍ണാര്‍ദ് ആലഞ്ചേരി ടിസിഡി, തിരുവനന്തപുരം മലങ്കര അതിരൂപതാ വികാരി ജനറാളും അഡ്മിനിസ്‌ട്രേറ്ററുമായിരുന്ന മോണ്‍ സി.റ്റി.കുരുവിള ചക്യായില്‍, ദീപിക ദിനപത്രത്തിന്റെ ചീഫ് എഡിറ്റര്‍, എസ്.ബി.കോളേജ് പ്രിന്‍സിപ്പല്‍, കേരളാ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗം തുടങ്ങിയ ചുമതലകള്‍ വഹിച്ച റവ. ഫാ. വില്യം നേര്യംപറമ്പില്‍ സിഎംഐ മലബാറിലെ കുടിയേറ്റ മേഖലയിലും തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങളിലും നിസ്തുല സംഭാവന നല്‍കിയ റവ. ഫാ. ജെ.കെ. തയ്യില്‍ എസ്.ജെ. അതിരൂപത ചാന്‍സലറും വടവാതൂര്‍ സെമിനാരിയുടെ പ്രഥമ പ്രൊക്കുറേറ്ററും ആയിരുന്ന റവ. ഫാ. ലൂയിസ് നേര്യംപറമ്പില്‍ തുടങ്ങിയ പ്രഗത്ഭ വൈദികരും ഈ ഇടവകയുടെ സന്താനങ്ങളായിരുന്നു.
തിരുന്നാൾ
ദൈവാലയ സ്ഥാപനത്തെത്തുടര്‍ന്ന് രാമപുരം സ്വദേശിയായിരുന്ന അന്നത്തെ വികാരി രാമപുരം പള്ളിയില്‍ മാത്രം അക്കാലത്ത് ആചരിച്ചുപോന്ന വി.ആഗസ്തിയോസിന്റെ തിരുനാളും വിശുദ്ധന്റെ പേരിലുള്ള ദര്‍ശനസമൂഹവും തുരുത്തി ഇടവകയില്‍ 1873 ല്‍ തുടങ്ങാന്‍ വരാപ്പുഴ വികാരി അപ്പസ്‌തോലിക്ക ലിയോനാര്‍ദ് മെല്ലാനോയില്‍നിന്ന് അനുവാദം വാങ്ങി ആ വര്‍ഷം മുതല്‍ ആഗസ്റ്റ് 28ന് രാമപുരം പള്ളിയിലെന്നപോലെ തുരുത്തിയിലും കൊമ്പേരിയ (ദര്‍ശന) സമൂഹത്തിന്റെ നേതൃത്വത്തിലാണ് പ്രസ്തുത തിരുനാള്‍ ചടങ്ങുകള്‍ നടക്കുന്നത്. ദര്‍ശന തിരുനാളായി ആചരിച്ചുപോന്ന വി.ആഗസ്തീനോസിന്റെ തിരുനാളും ‘വെച്ചൂട്ടു പെരുന്നാള്‍’ എന്ന പേരിലറിയപ്പെട്ടിരുന്ന വി. ഗീവര്‍ഗീന്റെ തിരുനാളുമായിരുന്നു തുരുത്തി ഇടവകയിലെ മുഖ്യതിരുനാളുകള്‍. കുറുമ്പനാടം, തോട്ടയ്ക്കാട്, വടക്കേക്കര, ഇത്തിത്താനം, പൊടിപ്പാറ, കുറിച്ചി, ഈര, കുമരങ്കരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം വിശ്വാസികള്‍ വന്നെത്തി തിരുനാള്‍ ചടങ്ങുകളില്‍ ആദ്യന്തം സംബന്ധിച്ചിരുന്നു.നമ്മുടെ സഭാപിതാവായ മാര്‍ത്തോമ്മാ ശ്ലീഹായുടെ ഓര്‍മ്മത്തിരുനാള്‍ എല്ലാ വര്‍ഷവും ജൂലൈ മൂന്നാം തീയതി സമുചിതമായി ആചരിച്ചുവരുന്നു. തിരുനാളിനോടനുബന്ധിച്ച് പാച്ചോര്‍ നേര്‍ച്ചയും നടന്നുവരുന്നു. കഴിഞ്ഞ 120 വര്‍ഷമായി തോമസ് എന്ന ജ്ഞാനസ്‌നാന പേരുകാരനായ നേര്യംപറമ്പില്‍ ബഹു. വില്യമച്ചന്റെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ കുടുംബക്കാരാണു പാച്ചോര്‍ നേര്‍ച്ച നടത്തുന്നത്. വിശുദ്ധ യൗസേപ്പുപിതാവിന്റെ മരണത്തിരുനാളിനോടനുബന്ധിച്ചും ഊട്ടു നേര്‍ച്ച നടത്തുന്നു.
ചരിത്ര പ്രസിദ്ധമായ തുരുത്തി പള്ളി സന്ദർശിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ദൈവം സഹായിക്കട്ടെ.
ലൗലി ബാബു തെക്കേത്തല
(കടപ്പാട് ഗൂഗിൾ )
മനോഹരം