ഇന്ന് world radio day ആണ്.
ഓർമ്മ വച്ച നാൾ മുതലുള്ള ചങ്ങാത്തമാണ് റേഡിയോയുമായി .
വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ, പ്രവാചക ബലദേവാനന്ദ സാഗര, ശബ്ദം നൽകിയത് TP രാധാമണി….. എന്നീ അനൗൺസ്മെൻ്റുകൾക്ക് മുന്നേ തന്നേ ശബ്ദത്തിൻ്റെ ഉടമകളെ തിരിച്ചറിഞ്ഞിരുന്ന ബാല്യം. റേഡിയോ നാടകങ്ങളും രഞ്ജിനി , യുവവാണിതുടങ്ങിയവയ്ക്കു മുൻപ് തന്നെ പഠിച്ചോണ്ടിരിക്കുന്ന പുസ്തകം മടക്കി വച്ച് റേഡിയോയ്ക്ക് മുന്നിലിരുന്ന ബാല്യം.
എൺപതുകളുടെ തുടക്കത്തിൽ കാരയ്ക്കാട്ടു കുന്നിൽ ഉദയാ മഹിളാ സമാജം എന്ന സ്ത്രീകളുടെ കൂട്ടായ്മ ഉണ്ടായിരുന്നു. ഇന്നത്തെ കുടുംബശ്രീയുടെ പൂർവ്വാശ്രമത്തിലെ പേരായിരുന്നോ ഈ വനിതാ കൂട്ടായ്മ എന്നൊന്നും ഓർമ്മയില്ല, എങ്കിലും കലാകുടുംബവും അയൽപക്കക്കാരുമായിരുന്ന TKG എന്ന് വിളിച്ചിരുന്ന T K ജ്ഞാനശീലൻ്റെ ഭാര്യ സുശീല , അവരുടെ സഹോദരി മോഹന എൻ്റെ കൂട്ടുകാരിയും പാട്ടുകാരിയുമായിരുന്ന ഉഷ ഇവരുടെ വീട്ടുകാരൊക്കെ സജീവാംഗങ്ങൾ ആയിരുന്നു. സുശീലാൻ്റി നല്ലൊരു കാഥിക ആയിരുന്നു. മോഹന ചേച്ചി നല്ലൊരു ഗായികയും. തികഞ്ഞ ഒരു കലാ കുടുംബമായിരുന്നു അവരുടേത്.
മഹിളാ സമാജങ്ങളുടെ കൂട്ടായ്മ നടത്തിയ കലാമത്സരങ്ങളിൽ ഉദയാ മഹിളാ സമാജവും പങ്കെടുത്തിരുന്നു. അവരുടെ കോളിളക്കം എന്ന നാടകത്തിലെ ബാലനടിയായി പങ്കെടുക്കാൻ എനിക്കും അവസരം ലഭിച്ചു. ബാലനടിക്കുള്ള ഒരു ചെറിയ സമ്മാനവും എനിക്ക് കിട്ടി.
ഇത് തിരുവനന്തപുരം റേഡിയോ നിലയം പിന്നീട് സംപ്രേക്ഷണം ചെയ്തു. റെക്കോർഡിങ്ങ്, വീടിനടുത്ത് തന്നെ യുള്ള ഞങ്ങളുടെ സ്കൂളിലെ ഹെഡ്മിസ്ട്രസായി പിരിഞ്ഞ വാഴക്കലെ തങ്കമ്മ സാറിൻ്റെ വീട്ടിൽ വച്ചായിരുന്നു. റേഡിയോ നിലയത്തിലായിരുന്നു തങ്കമ്മ സാറിൻ്റ മകൾ ജോയ്സ് ആൻ്റിക്ക് ജോലി അതിനാലാവാം മിക്കവർക്കും സഹപ്രവർത്തകയുടെ ഗൃഹസന്ദർശനത്തിനുള്ള അവസരം കൂടിയായിരുന്നു അത്. മൂന്നാം ക്ലാസുകാരിയായ ഞാൻ റെക്കോഡിങ്ങ് ഒക്കെ നോക്കിക്കണ്ടു വല്യ ഹെഡ്ഫോൺ ആദ്യമായി കണ്ടു. ചുറ്റും ഇരിക്കുന്നവർ ഒക്കെ തന്നെ അതിഗംഭീരർ. സുശീലാൻ്റി അവരെ പരിചയപ്പെടുത്തിയത് ഓർക്കുന്നു. ഇത് ഞങ്ങളുടെ ആശാമോൾ.ജ്ഞാനശീലൻ അങ്കിളിനും സുശീലാൻ്റിക്കും മൂന്നാൺമക്കളാണ്. അതുകൊണ്ടായിരിക്കാംഎന്നെ നല്ല ഇഷ്ടമായിരുന്നു രണ്ടാൾക്കും. ആശാമോളേ ന്നായിരുന്നു രണ്ടാളും എന്നെ വിളിച്ചിരുന്നത്. ഡൈനിങ്ങ് ടേബിളിനു ചുറ്റുമുള്ള കസേരകളിൽ ഇരിക്കുന്ന മഹാരഥരെക്കുറിച്ചുള്ള ഓർമ്മ മങ്ങാതെ ഉണ്ട്.T.P രാധാമണി, C S രാധാദേവി ഇവരൊക്കെ അവിടെ വീട്ടിലുണ്ടായിരുന്നു എന്നാണ് എൻ്റെ മങ്ങിയ ഓർമ്മ.
സമൂഹ ഗാനത്തിൻ്റെ വരികളിലെ പിഴവ് കണ്ടെത്തി തിരുത്തിയതും ലളിത ഗാനത്തിൻ്റെ ഈണത്തിന് സമാനമായ ചലച്ചിത്രഗാനം മൂളിയതും ആരാണെന്ന് ഒന്നും ഓർമ്മയിലില്ല. ഉദയാ മഹിളാ സമാജത്തിലെ കലാകാരികളുടെ വിവിധ പരിപാടികൾക്കൊപ്പം ഞാനഭിനയിച്ച നാടകവും റേഡിയോയിലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടു. എൻ്റെയും ശബ്ദം രേഖപ്പെടുത്തപ്പെട്ടു.
നാലാം ക്ലാസിലെ പഠനയാത്ര തിരുവനന്തപുരത്തേക്കായിരുന്നു. അന്ന് ഞങ്ങളുടെ സംഗീതാദ്ധ്യാപകനും ആകാശവാണി artist ഉം ആയ മാവേലിക്കര G ചന്ദ്രശേഖരന സാർ ഞങ്ങളെ റേഡിയോ നിലയത്തിൽ കൊണ്ടുപോയി സ്റ്റുഡിയോ ഒക്കെ കാണിച്ചു തന്നു.
അയിടെയ്ക്ക് ചന്ദ്രൻ സാറിൻ്റെ ഒരു പാട്ട് റേഡിയോയിൽ സംപ്രേക്ഷണം ചെയ്തിരുന്നു. വരികൾ ഇങ്ങനെയായിരുന്നു ന്ന്
വന്നേരി കവി പാടിയ
തേൻകിനിയും മൊഴി കേട്ടു:….. പുന്നാരപൈങ്കിളിയേ ……
നീയും വന്നു…..
വർഷങ്ങൾക്ക് ശേഷം സാറിനോട് ഫോണിൽ സംസാരിക്കാൻ അവസരം കിട്ടി. സാർ ഇതൊക്കെ മറന്നിരുന്നു.
മൂന്നാം ക്ലാസ് B യിലെ ആശ ശങ്കർ നെ ഉൾപ്പെടെ.
റേഡിയോ ദിനത്തിൽ ഇതൊക്കെ ഓർത്തില്ലെങ്കിൽ പിന്നെ എന്നാ ഓർക്കാനാ ന്നേ .. ( ഞാനൊരു കോട്ടയം കാരിയാണേ….)
ഇതി വാർത്താ :
ഉണ്ണിയാശ
Super
മനോഹരം