Logo Below Image
Wednesday, April 23, 2025
Logo Below Image
Homeഅമേരിക്കപ്രകാശം പരത്തുന്ന പൂർണ്ണിമ ✍ രാജു മൈലപ്രാ

പ്രകാശം പരത്തുന്ന പൂർണ്ണിമ ✍ രാജു മൈലപ്രാ

രാജു മൈലപ്രാ

[Disclaimer: This is a work of fiction. All names and incidents are purely the product of author’s imagination. Any resemblance to actual persons, living or dead, or actual events are entirely Coincidental]

അപ്പോൾ സംഭവം നിങ്ങൾ അറിഞ്ഞില്ലേ? എന്നാൽ ഞാൻ പറയാം.
ആരും ഞെട്ടരുത്.

പൂർണ്ണിമ എന്ന ഓമനപ്പേരുള്ള അരുമയായ ഒരു പെൺകൊച്ച് രണ്ടും കൽപ്പിച്ച് അമേരിക്ക കാണുവാനായി പുറപ്പെട്ടു. ഇവർ ഒരു ‘യൂട്യൂബർ’ ആണത്രേ ഇതിനോടകം തന്നെ ഉഗാണ്ട, കൊറിയ, ക്യൂബ, ആഫ്രിക്ക, മലയാലപ്പുഴ അങ്ങനെ ഈ ദുനിയാവിലെ ഒട്ടു മിക്ക സ്ഥലങ്ങളും സന്ദർശിച്ച് അവിടുത്തെ വിശേഷങ്ങൾ മാലോകർക്കു കാട്ടിക്കൊടുത്തു.

‘ വീണിടം വിഷ്ണുലോകം’ എന്നതാണ് പൂർണ്ണിമയുടെ പോളിസി. എവിടെ ചെന്നാലും ഓസിനു താമസിക്കുന്നതാണ് ശീലം. യാത്രയ്ക്ക് ഏതു മാർഗ്ഗവും സ്വീകരിക്കും. ആരെങ്കിലും നിർത്തി കൊടുക്കുന്ന വാഹനത്തിൽ കയറും. മോട്ടോർ സൈക്കിൾ, ഓട്ടോ റിക്ഷ ആന, കുതിര, ഒട്ടകം – എന്ന് വേണ്ടാ ഒരിക്കൽ ഒരു മസിൽമാന്റെ തോളിലിരുന്നു യാത്ര ചെയ്യുവാനുള്ള ഭാഗ്യവും ഈ യുവതിക്ക് ലഭിച്ചു.

യാത്രയ്ക്കിടയിൽ ‘ ലിഫ്റ്റ് ‘ കൊടുക്കുന്നവരുമായി പരിചയപ്പെടും. അവരെ ചിരിച്ചു മയക്കി മണിയടിച്ച് അവരുടെ കുടിലിലോ കൊട്ടാരത്തിലോ കയറിപ്പറ്റും-

കിട്ടുന്നതെന്തും കഴിക്കും- പട്ടി, പൂച്ച, പാമ്പ്, എലി- ഇവയുടെ എല്ലാം ഇറച്ചി പൂർണിമയ്ക്ക് അമൃതാണ്.

കുളിക്കുവാൻ കുളിമുറി വേണമെന്നില്ല. ആളു വളരെ ‘ഓപ്പൺ’ ആണ്. വസ്ത്രധാരണം ഒന്നും വലിയ വിഷയം അല്ല. നഗ്നത മറയ്ക്കുവാൻ ഒരു ‘Band – Aid’ കിട്ടിയാലും ഹാപ്പിയാണ്. വല്ലഭന് പുല്ലും ആയുധം.

ഇടപഴകുന്ന കാര്യത്തിൽ ആൺ-പെൺ വേർതിരിവൊന്നുമില്ല. പൂവനായാലും പിടയായാലും ഒരു പോലെ, എന്ന് ഒരു ഇൻറർവ്യൂവിൽ പറയുന്നത് കേട്ടു.

അതൊക്കെ അവരവരുടെ അഭിരുചി!

അങ്ങിനെ ഉലകം ചുറ്റി പൂർണ്ണിമ ന്യൂയോർക്കിൽ പറന്നിറങ്ങി.

കഴിഞ്ഞ കുറേക്കാലമായി സോഷ്യൽ മീഡിയയിൽ കൂടി പരിചയപ്പെട്ട പരോപകാരിയായ പാപ്പച്ചൻ ചേട്ടനാണ് ന്യൂയോർക്കിലെ രക്ഷകൻ.

കെന്നഡി എയർപോർട്ടിൽ നിന്നും പൂർണ്ണിമയെ ഹാരാർപ്പണം ചെയ്തു സ്വീകരിച്ചത്.

‘ ആലപ്പുഴ പട്ടണത്തിൽ, അതിരസം വിളമ്പുന്നോളേ’ എന്ന പാട്ടും മൂളിക്കൊണ്ട് യൗവനയുക്തയായ,
തൊട്ടാൽ പൊട്ടുന്ന പരുവത്തിലുള്ള അവരുമായി ന്യൂയോർക്ക് നഗരമാകെ ഒന്നു ചുറ്റിയടിച്ചു.

കറക്കത്തിനിടയിൽ പൂർണ്ണിമ പട്ടണത്തിന്റെ ദൃശ്യങ്ങൾ പകർത്തി.
അതാണല്ലോ അവരുടെ തൊഴിൽ.

സന്ധ്യമയങ്ങും നേരത്ത് മരം കോച്ചുന്ന തണുപ്പത്ത് തുള്ളി തതുള്ളി നടക്കുന്ന
കള്ളി പെണ്ണുമായി ചേട്ടായി തൻറെ വാസസ്ഥലത്തെത്തി. ആ വീട്ടിൽ പാപ്പച്ചൻ അങ്കിളിന്റെ സഹധർമ്മിണിയും ഉണ്ട്- സാധു സ്ത്രീയെ സമ്മതിക്കണം.

ഇതു പോലെ ഒരു പരിചയവുമില്ലാത്ത ‘ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളി മാനേ’ പ്പോലെയുള്ള ഒരു പെൺകുട്ടിയുമായി എൻറെ വീട്ടിലേക്ക് ഞാൻ വന്നാലുള്ള അവസ്ഥ ഞാൻ വെറുതെ ഒന്ന് ആലോചിച്ചു നോക്കി. പിന്നെ എപ്പോഴാ ഞാൻ കിടക്കുന്ന ‘Ventilator’ – ന്റെ പ്ലഗ് ഊരുന്നതെന്ന് നോക്കിയാൽ മതി.

ഈ പൂർണ്ണിമാ ദേവിക്ക്, വീട്ടിൽവെച്ച് എന്തെങ്കിലും ഒരു വീഴ്ച സംഭവിച്ചിരുന്നെങ്കിൽ, എന്തെല്ലാം ഭവിഷ്വത്തുകളുണ്ടാനേ!

ഇനിയാണ് ട്വിസ്റ്റ്. പൂർണ്ണിമ ഒരു യൂട്യൂബറാണല്ലോ മാക്സിമം റീച്ചു കിട്ടണം അതേപ്പറ്റി ചിന്തിച്ചു. ചിന്തിക്കണമല്ലോ!

ആ കൂരിരുട്ടിൽ, പൂർണ്ണിമയുടെ കുരുട്ടു ബുദ്ധിയിൽ പൂർണ്ണ ചന്ദ്രനെപ്പോലെ ഒരു ഐഡിയ വെളിച്ചം വിതറി.

പുറത്ത് മഞ്ഞു കലർന്ന മഴ. തണുത്ത കാറ്റ് വീശി അടിക്കുന്നുണ്ട്. അങ്ങു ദൂരെ എവിടെയോ ഒരു പട്ടി ഓലിയിടുന്നു. നാഗത്താന്മാരേപ്പോലെ കാർമേഘങ്ങളെ കീറിമുറിച്ചുകൊണ്ട് മിന്നൽപ്പിണരുകൾ പാറി തെളിയുന്നു. നല്ല രംഗസജ്ജീകരണം.

ആരുമറിയാതെ, ക്യാമറയുമായി ഒച്ചയുണ്ടാക്കാതെ പൂർണ്ണിമ നഗ്നപാദയായി
പുറത്തിറങ്ങി.

“അയ്യോ! നാട്ടുകാരെ ഓടി ക്കൂടുവിൻ – പാപ്പച്ചായൻ ഈ പാതിരാത്രിയിൽ എന്നെ പെരുവഴിയിൽ ഇറക്കി വിട്ടേ – അമേരിക്കൻ മലയാളികൾ ഇത്ര നാറികളാണോ? ഇതാണോ അവരുടെ സംസ്കാരം?

കരഞ്ഞു വിളിച്ചു കൊണ്ട് ഒരു ഭ്രാന്തിയെപ്പോലെ പൂർണ്ണിമ, ലക്ഷ്യമേതുമറിയാതെ, പെരുവഴിയിൽ അലഞ്ഞുനടന്നു.

‘ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ’ ഉദ്ദേശിച്ച കാര്യം ഉദ്ദേശിച്ചതിനുമപ്പുറം കടന്നു. ‘ മനോരമ’ ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങൾ കദനകഥ റിപ്പോർട്ട് ചെയ്തു. എൺപതു ലക്ഷത്തിലധികം ആളുകൾ ഇതിനോടകം ഈ വീഡിയോ കണ്ടു കഴിഞ്ഞു.

പൂർണ്ണിമയുടെ കരളലിയിക്കുന്ന കഥയറിഞ്ഞ മഹാ മനസ്കരായ അമേരിക്കൻ മലയാളികളുടെ മനസ്സലിഞ്ഞു.

നല്ലവരായ അമേരിക്കൻ മലയാളികൾ പൂർണ്ണിമയ്ക്ക് ഇപ്പോൾ നാടാകെ സ്വീകരണം നൽകുകയാണ്. പല മലയാളി സമാജങ്ങളും അവരുടെ സമ്മേളനങ്ങളിലേക്ക് വിശിഷ്ടാതിഥിയായി പൂർണ്ണിമയെ ക്ഷണിച്ചു കഴിഞ്ഞു.

ഒൻപതു മാസം ബഹിരാകാശത്തു കഴിയേണ്ടി വന്ന സുനിതാ വില്യംസിനു കിട്ടിയതി നേക്കാൾ വലിയ വരവേൽപ്പാണ് പൂർണ്ണിമയ്ക്കിപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്.

മലയാളികളുടെ ദേശീയ സംഘടനകൾ, പൂർണ്ണിമയുടെ ഇനിയുള്ള യാത്രാ ചിലവുകൾ പൂർണ്ണമായും ഏറ്റെടുക്കും എന്നാണറിയുന്നത്.

പൂർണ്ണിമ തിരിച്ചു കേരളത്തിലെത്തുന്നതിനു മുൻപായി തന്നെ അവർക്കൊരു ഭവനവും നിർമ്മിച്ചു നൽകുവാനുള്ള ആലോചനയുണ്ട്.

നിയമപരമായ മുന്നറിയിപ്പ്:

അമേരിക്കയിൽ വന്നിട്ട്, ഈ രാജ്യത്തെ ലോകത്തിനു മുന്നിൽ അവഹേളിക്കുന്നവർക്കുള്ള കൈവിലങ്ങുകളുമായി ഒരാൾ കാത്തിരിപ്പുണ്ട്.

അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും.

രാജു മൈലപ്രാ

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ