സർക്കാർ ഉദ്യോഗസ്ഥനായ അഭിലാഷ് കഴിഞ്ഞ രണ്ടു വർഷമായി ഒരു തീവ്രയത്നത്തിലാണ്. തന്നോടൊപ്പം പത്താം ക്ലാസ് വരെ പഠിച്ച അമ്പത് വിദ്യാർത്ഥിനീ വിദ്യാർത്ഥികളെ കണ്ടുപിടിക്കുന്ന തിരക്കിൽ.
പത്താംക്ലാസിലെ ബോർഡ് പരീക്ഷ തുടങ്ങുന്നതിനു മുമ്പ് സോഷ്യലും കഴിഞ്ഞു ഓട്ടോഗ്രാഫും ഗ്രുപ്പ് ഫോട്ടോയുമായി കയറി വന്നപ്പോൾ അച്ഛൻ പറഞ്ഞു. “എല്ലാ കുട്ടികളുടെയും പേരെഴുതി ഒട്ടിച്ചു വയ്ക്ക് ഗ്രൂപ്പ് ഫോട്ടോ മൗണ്ടിൽ.പത്തമ്പത് വർഷം കഴിഞ്ഞു എടുത്തു നോക്കുമ്പോൾ നല്ല രസം തോന്നും” എന്ന്. എൻറെ കൊക്കിനു ജീവനുള്ളിടത്തോളം ഇവളുമാരെയും ഇവന്മാരെയുമൊന്നും ഞാൻ മറക്കാൻ പോകുന്നില്ല. എന്നാലും അച്ഛൻ പറഞ്ഞതല്ലേ എന്ന് കരുതി ഇനിഷ്യൽ അടക്കം എല്ലാവരുടെയും പേരുകൾ വെള്ളപേപ്പറിൽ എഴുതി അന്നുതന്നെ ഫോട്ടോ മൗണ്ടിൽ ഒട്ടിച്ചു വെച്ചിരുന്നു.
പത്തു മുപ്പത് വർഷം കണ്ണടച്ചുതുറക്കുന്നതുപോലെ പോയി. വർഷം കഴിയുംന്തോറും കൂട്ടുകാരൊക്കെ പലവഴിക്ക് പിരിഞ്ഞു. ഒന്നോ രണ്ടോ അടുത്ത ചങ്ങാതിമാരൊഴിച്ച് ആരുമായും ഒരു ബന്ധവും ഇല്ലാതായി.പലരും ഇന്ത്യയുടെ പല ഭാഗങ്ങളിൽ,ചിലർ പ്രവാസികളായി ഗൾഫിൽ, അമേരിക്കയിൽ….
അവിടുന്നാണ് അഭിലാഷ് രണ്ടു സുഹൃത്തുക്കളുമായി മൂന്നുപേർ ചേർന്ന് വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയത്. കാലക്രമേണ ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം കൂടിക്കൂടി വന്നു. ഒരു 20 പേരായപ്പോൾ അവർ സഹപാഠികൾ അധ്യാപകരുമായി ചേർന്ന് ഒരു കൂട്ടായ്മ ഉണ്ടാക്കി.20 പേരും അവരുടെ കുടുംബാംഗങ്ങളുമായി പറഞ്ഞുറപ്പിച്ച ദിവസം സ്കൂളിൽ എത്തിച്ചേർന്ന് ഒരു ദിവസം മുഴുവൻ അവിടെ ചെലവഴിച്ചു.
എല്ലാവരും ചേർന്നെടുത്ത ഫോട്ടോകളും വീഡിയോകളും ഫെയ്സ്ബുക്കിലും ഇൻസ്റ്റയിലും പങ്കുവെച്ചു. ഫോട്ടോയും വീഡിയോയും കണ്ട് അടുത്ത വർഷത്തെ പൂർവവിദ്യാർഥിസംഗമം ആയപ്പോഴേക്ക് സഹപാഠികളുടെ എണ്ണം 48 ആയി.എല്ലാവരും അന്നേ ദിവസത്തെ സ്കൂളിലെ പരിപാടിയിൽ പങ്കെടുക്കാനും മറ്റുമായി ദുബായിൽ നിന്ന്, എന്തിന് അമേരിക്കയിൽ നിന്ന് വരെ ലീവ് അതിനനുസരിച്ച് എടുത്ത് വന്നവരുണ്ടായിരുന്നു. കൗമാരകാല സ്മരണകൾ പങ്കു വെച്ചും അയവിറക്കിയും സഹപാഠികൾ അടുത്ത വർഷം ഇത് നമുക്ക് കൂടുതൽ മനോഹരം ആക്കണമെന്നും ഒരു വൺ ഡേ ട്രിപ്പ് കൂടി പ്ലാൻ ചെയ്ത് കൂടുതൽ അവിസ്മരണീയം ആക്കണം എന്ന് പറഞ്ഞു എല്ലാവരും പിരിഞ്ഞു.
തിരികെ പോകുന്നതിനു മുമ്പാണ് എല്ലാവരുംകൂടി പറയുന്നത്, ഇനി അടുത്ത സംഗമത്തിന് മുമ്പ് രണ്ടു പേരെ കൂടി കണ്ടുപിടിക്കാൻ കഴിഞ്ഞാൽ നമ്മൾ 50 പേരും ആകുമെന്ന്.ആ രണ്ടുപേർക്കായുള്ള അന്വേഷണം എല്ലാവരും കൂടി നടത്താമെന്നേറ്റു. ക്ലാസിലെ ഏറ്റവും മിടുക്കരായ വിദ്യാർത്ഥികളായിരുന്നു അവർ.ഒരാൾ എൻജിനീയറും മറ്റേയാൾ ഡോക്ടറുമായി എന്നാണ് കേട്ടിട്ടുള്ളത്. നമ്മളെപ്പോലെയുള്ള സാധാരണക്കാരുടെ കൂടെയാണ് പഠിച്ചതെന്ന് പറയാൻ പോലും അവർക്ക് നാണക്കേടായിരിക്കും. ഫേസ്ബുക്കിലും സമൂഹമാധ്യമങ്ങളിലും നമ്മുടെ ഫോട്ടോ കണ്ടിട്ട് അവർ ഇത്രയും നാൾ കാണാതിരിക്കുമോ ? ഇത് ജാഡ തന്നെ. അല്ലാതെ വേറെന്ത്?
സൗജന്യ ചികിത്സയോ വല്ല സഹായവുമോ ചോദിച്ചോ നമ്മൾ ആരെങ്കിലും സമീപിച്ചാലോ എന്ന ഭയം തന്നെ. വേറൊന്നുമല്ല, ചില സഹപാഠികൾ അങ്ങനെ വിധിയെഴുതി.
എന്നാലും അന്വേഷണകുതകിയായ അഭിലാഷ് അങ്ങനെ വിട്ടുകളയാൻ ഒരുക്കമായിരുന്നില്ല. രണ്ടുപേരുടെയും അഡ്രസ്സ് തേടിപിടിച്ച് അന്വേഷണം തുടങ്ങി. ആദ്യം അന്വേഷിച്ചു പോയത് എഞ്ചിനീയറിങ്ങിനു പഠിക്കാൻ പോയെന്നു പറഞ്ഞ ക്ലാസ്സ് ലീഡറായ ഗൗരി ശങ്കറിന്റെ വീട്ടിലേക്കായിരുന്നു.
പാലക്കാട്ടെ അഗ്രഹാരത്തിലെ ആ വീട് തേടി പോയ ഗൗരിയുടെ അച്ഛനെ കണ്ട് വിവരം തിരക്കി.
“അയ്യോ തമ്പി, അവനെ വിട്ടിടുങ്ക്.എങ്കൾ കുടുംബക്കാർക്കേ അവനെപ്പറ്റി തേവയില്ലെ. അശ്രീകരം എങ്കയാവത് പോയി തുലയട്ടെ.അവനോട തമ്പി മകൾക്ക് നിശ്ചയതാർത്ഥം രണ്ട് ദിനത്തക്കപ്പുറം താൻ.സംബന്ധി വീട്ടുകാർക്കിട്ടു നാൻ പേശിയിരിക്കുന്നത് എനക്കിന്ത ഒരു മകൻമറ്റും. മറ്റേ മകൻ ഇരന്തുപോച്ച്. നീ ഇന്ത നേരത്ത് വന്നു എനക്ക് തൊന്തരവ് പണ്ണാതെ ശീഘ്രo ഇങ്കെ നിന്ന് കലമ്പ് “.
വിദ്യുച്ഛക്തി ബോർഡിൽ എൻജിനീയറായിരുന്ന ഗൗരിയുടെ അച്ഛൻറെ ഈ ശാപ വാക്കുകൾ കേട്ട് സ്തബ്ധനായി പോയി അഭിലാഷ്. ഗൗരി വല്ല മദാമ്മയെയും അമേരിക്കയിൽനിന്ന് കെട്ടിയിരിക്കും.
ശുദ്ധ ബ്രാഹ്മണരായ ഈ വീട്ടുകാർക്ക് അതൊന്നും അംഗീകരിക്കാൻ പറ്റിയിട്ടുണ്ടാവില്ല. അതായിരിക്കും ഗൗരിയുടെ അച്ഛൻ അങ്ങനെ ഒക്കെ പറഞ്ഞത് എന്ന ഒരു നിഗമനത്തിൽ എത്തി അഭിലാഷ്.
അടുത്തതായി അഭിലാഷ് നേരെ ഡോക്ടറെ തേടിപ്പിടിക്കാൻ പുറപ്പെട്ടു. ഏറ്റവും പ്രശസ്തനായ ഡോക്ടർ ബി.രോഹിത് വർമ്മ തൻറെ കൂടെ പഠിച്ച രോഹിത് ആണെന്ന് അവിടെ ചെന്ന്, അവനെ കാണുന്നതുവരെ അഭിലാഷിന് അറിയില്ലായിരുന്നു. നൂലു പോലെ മെലിഞ്ഞു പുസ്തകപ്പുഴു ആയിരുന്ന് എപ്പോഴും പുസ്തകം കരണ്ട് തിന്നോണ്ടിരുന്ന ഇവൻ ആയിരുന്നോ തൻറെ മുന്നിലിരിക്കുന്ന അരോഗദൃഢഗാത്രനായ സുമുഖനും സുന്ദരനുമായ ഡോക്ടർ? എത്രയോ തവണ ഇവനെ മാസികകളിലും ചാനൽ ചർച്ചകൾക്കിടയിലും കണ്ടിരിക്കുന്നു. പക്ഷേ ഇത് ആ പഴയ പുസ്തകപ്പുഴു ആണെന്ന് തനിക്ക് മനസ്സിലായില്ലല്ലോ?അഭിലാഷിന് രോഹിത്തിന്റെ രൂപവും ഭാവവും കണ്ട് അത്ഭുതം തോന്നി.
സഹപാഠികൾ ഓരോരുത്തരായി ജോലി കിട്ടിയെന്നു പറഞ്ഞു ട്രീറ്റ് നടത്തി യാത്ര പറയുമ്പോഴും തനിക്ക് ജോലിയൊന്നും തരപെടാതെ അവസാന കച്ചിത്തുരുമ്പെന്ന നിലയിൽ ബോംബെയിലെ ഒറ്റമുറി വീട്ടിൽ സ്റ്റവുമായി താമസം തുടങ്ങി. ജോലിതേടി ആദ്യ ഒരു വർഷം. പിന്നെ അവിടുന്ന് ആരുടെയോക്കെയോ കാരുണ്യംകൊണ്ട് ഗൾഫിലെ മണലാരണ്യത്തിലേക്ക്. വറച്ചട്ടിയിൽ നിന്ന് എരിതീയിലേക്ക്. അവിടത്തെ അറബിയുടെ ആട്ടും തുപ്പും ഏറ്റ് ജോലി ചെയ്യുന്നതിനിടയിലാണ് പണ്ടെങ്ങോ എഴുതിയൊരു ടെസ്റ്റിലും ഇൻറർവ്യൂവിലും നീ ജയിച്ചു,തിരിച്ചു പോര് എന്നും പറഞ്ഞുള്ള അച്ഛൻറെ വിളി എത്തുന്നത്. അങ്ങനെ ഇരുപത്തിയേഴാം വയസ്സിൽ സർക്കാർ ഉദ്യോഗസ്ഥനായി. പിന്നെ കല്യാണം, കുഞ്ഞുകുട്ടി പരാധീനതകൾ……… ഇപ്പോൾ റിട്ടയർമെൻറ് ആകാറായപ്പോഴാണ് ശ്വാസം ഒന്ന് നേരെ വിടാമെന്നായത്. രോഹിത്തിന്റെ സ്നേഹമസൃണമായ പെരുമാറ്റം അഭിലാഷിനെ സ്വപ്നത്തിൽ നിന്നുണർത്തി.
‘അഴകിയരാവണനിൽ’ എല്ലാവർക്കും 100 രൂപ കൊടുക്കുന്നു എന്ന് കേട്ടിട്ട് മമ്മൂട്ടിയെ തേടിയെത്തിയ ശ്രീനിവാസൻറെ അവസ്ഥയായിരുന്നു അഭിലാഷിന്. രണ്ടുപേരും കെട്ടിപ്പിടിച്ച് പഴയ ബാല്യ കാല സ്മരണകൾ അയവിറക്കി.കഴിഞ്ഞ രണ്ട് വർഷവും നടത്തിയ സഹപാഠി സംഗമം പരിപാടികളുടെ ഫോട്ടോയും വീഡിയോയും കാണിച്ചുകൊടുത്തു. കയ്യോടെ ഡോക്ടറെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർത്തു.അടുത്ത വർഷത്തെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് തീർച്ചയായും പങ്കെടുക്കണമെന്നും ഗ്രൂപ്പിൽ സജീവമാകണം എന്നും, നീ ഭ്രാന്തിന്റെ ഡോക്ടർ ആയതുകൊണ്ടും നമുക്കാർക്കും ഭ്രാന്ത് ഇല്ലാത്തതുകൊണ്ടും ആർക്കും സൗജന്യചികിത്സ കൊടുക്കേണ്ടി വരില്ല; അതുകൊണ്ട് അതോർത്ത് പേടിച്ചു നീ ഗ്രൂപ്പിൽ നിന്ന് വിട്ടുനിൽക്കരുത് എന്നു പറഞ്ഞു. മാത്രമല്ല നീ ഞങ്ങളുടെ കൂടെ പഠിച്ചുവെന്ന് പറയുന്നത് തന്നെ ഞങ്ങൾക്ക് ഒരു അഭിമാനം അല്ലേ? അടുത്ത സംഗമത്തിന് നിൻറെ ഒരു ടോക്ക് കൂടി വെച്ച് ആകെ ആഘോഷമാക്കണം എന്നുകൂടി പറഞ്ഞു. രണ്ടുപേരും പിരിയുന്ന സമയത്ത് അഭിലാഷ് പറഞ്ഞു. “നമ്മുടെ ക്ലാസ് ലീഡർ ഗൗരിയുടെ വീട്ടിൽ ഞാൻ പോയിരുന്നു. പക്ഷേ അവൻറെ അപ്പ തല്ലിയില്ല എന്നേ ഉള്ളൂ. എന്നെ കഴുത്തിനു പിടിച്ച് പുറത്താക്കുകയായിരുന്നു. നിനക്ക് അവനെ കുറിച്ച് വല്ല അറിവുമുണ്ടോ?” എന്ന് ചോദിച്ചു അഭിലാഷ്.
അറിവുണ്ടോ എന്നോ? അവനെ നിനക്ക് കാണണോ? അവൻ എൻറെ patient ആണിപ്പോൾ. സമയം ഉണ്ടെങ്കിൽ നമുക്ക് അവിടെ വരെ പോകാമെന്ന് പറഞ്ഞു. രണ്ടു പേരും കൂടി രോഹിത്തിന്റെ മാനസികരോഗാശുപത്രിയിലേക്ക് പോയി. അവിടെ സെല്ലിലടച്ച ഗൗരിയെ കണ്ടു അഭിലാഷ് ഞെട്ടി. രണ്ടുവർഷം മുമ്പ് രോഹിത് ഗൗരിയെ കണ്ടുമുട്ടിയ കഥ ചുരുക്കം ചില വാക്കുകളിൽ വിവരിച്ചു.
എൻജിനീയറിങ് കോളേജിൽനിന്ന് ഒന്നാമതായി പാസായ ഗൗരിക്ക് ക്യാമ്പസിൽ നിന്ന് തന്നെ അമേരിക്കയിലുള്ള ഒരു കമ്പനിയിൽ ലക്ഷക്കണക്കിന് രൂപ ഓഫർ ഉള്ള ഒരു ജോലി തരപ്പെട്ടു. അമേരിക്കയ്ക്ക് പോകുന്നതിനു മുമ്പുള്ള പാസ്പോർട്ട് വിസ ഒക്കെ തയ്യാറാകുന്ന സമയത്തിന് ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആറു കുട്ടികൾക്ക് അവർ ഗോവയിൽ ഒരുമാസത്തെ ട്രെയിനിങ്ങിനുള്ള ക്ഷണം കൊടുത്തു. 4 ആൺകുട്ടികളും രണ്ട് പെൺകുട്ടികളും അവിടെയെത്തി. ട്രെയിനിങ്ങിനിടയിൽ ആറുപേരും നല്ല സുഹൃത്തുക്കളായി. ഏകദേശം ഒരേ I. Q. ഉളള കുട്ടികൾ അവരുടെ സൗഹൃദം ആസ്വദിച്ച് ട്രെയിനിങ് പൂർത്തിയാക്കുന്നതിനിടയിൽ സായാഹ്നങ്ങളിൽ അവർ നേരമ്പോക്കിനായി ഗോവ കടൽത്തീരത്ത് കൈകോർത്ത് പിടിച്ചു നടന്നു. അതിലൊരാളുടെ സുഹൃത്ത് ഒരു ബീഹാറി യുവാവ് അവരെ സമീപിച്ച് ലഹരിവസ്തുക്കൾ ഉപയോഗിക്കാൻ പ്രേരിപ്പിച്ചു. അഞ്ചു പേരും ഒഴിഞ്ഞുമാറി. പക്ഷേ അതിൽ ഒരു പെൺകുട്ടിക്ക് തീർത്താൽ തീരാത്ത അസൂയ
ഉണ്ടായിരുന്നു ഗൗരിയോട് . കാരണം എന്നും എല്ലായിടത്തും ഒന്നാമതെത്തിയിരുന്ന അവൾ പലപ്പോഴും ഗൗരിയുടെ ബുദ്ധികൂർമ്മതയുടെ മുന്നിൽ മുട്ടുമടക്കേണ്ടി വന്നിരുന്നു. ട്രെയിനിങ് കൊടുക്കാൻ വന്ന അധ്യാപകരും ഗൗരിയെ പുകഴ്ത്തി പല സംശയങ്ങളും ഗൗരിയോടു ചോദിച്ച് മനസ്സിലാക്കാൻ പറഞ്ഞത് അതിൻറെ ആക്കം കൂട്ടി.
നീ വലിയ മിടുക്കൻ അല്ലേ, ഈ ലഹരി ഉപയോഗിക്കാൻ നിനക്കു തന്റേടം ഉണ്ടോ എന്ന് ചോദിച്ചു അവൾ. ഒന്നിനും ഞാൻ അടിമയല്ല. ഞാൻ സിഗരറ്റ് വലിച്ചിരുന്നു, കള്ളു കുടിച്ചിരുന്നു, എല്ലാം മൂന്നുദിവസം ചെയ്ത് എനിക്ക് അവസാനിപ്പിക്കാൻ പറ്റിയിട്ടുണ്ട് അതുകൊണ്ട് എനിക്കതൊന്നും പ്രശ്നമല്ല എന്ന് പറഞ്ഞു തർക്കിച്ചു ഗൗരി.
ഞങ്ങൾ ഇത് ഉപയോഗിച്ചാൽ ഇതിന് അടിമയായി തീരുമോ എന്ന ഭയമാണെന്ന് പറഞ്ഞു ബാക്കിയെല്ലാവരും പിൻമാറിയപ്പോൾ അവളുടെ വെല്ലുവിളി ഗൗരി ധൈര്യസമേതം ഏറ്റെടുത്തു. ആദ്യം ബീഹാറി ഗൗരിക്ക് കൊടുത്ത ലഹരി സൗജന്യമായിരുന്നു. സ്വർഗ്ഗീയാനുഭൂതി അനുഭവിച്ച ഗൗരിക്ക് 24 മണിക്കൂർ കഴിഞ്ഞപ്പോൾ ആ ലഹരി കിട്ടാതെ വയ്യെന്നായി.അവൻ ബീഹാറിയെ തേടി ഗോവ കടൽ തീരം മുഴുവൻ അലഞ്ഞു. 2000 രൂപ തന്നാലെ ഇനി ലഹരി തരാൻ പറ്റുകയുള്ളൂ എന്ന് പറഞ്ഞ ബീഹാറിക്കു കയ്യിലുണ്ടായിരുന്ന പൈസ മുഴുവൻ കൊടുത്തത് വാങ്ങി ഉപയോഗിച്ചു. അതിനടുത്ത ദിവസം കയ്യിൽ കാശില്ലാതെ വന്നപ്പോൾ ഗൗരി സഹപാഠികളുടെ കാശു മോഷ്ടിച്ച് ബീഹാറുകാരന് കൊടുത്ത് ലഹരിവസ്തു കൈക്കലാക്കി.പിറ്റേ ദിവസവും അതിനടുത്ത ദിവസവും ലഹരിയുടെ വില കയറ്റി കൊണ്ടേയിരുന്നു ബീഹാറി. സഹപാഠികളുടെ പരാതിപ്രകാരം ഗൗരിയെ ട്രെയിനിങ് പിരീഡ് തീരുന്നതിനു മുൻപേ കമ്പനി പറഞ്ഞുവിട്ടു എന്ന് പറഞ്ഞാൽ കഥാന്ത്യം ആയി.
അമേരിക്കയിൽ ഉന്നത ഉദ്യോഗം ഭരിക്കാൻ തയ്യാറെടുത്തിരുന്ന കുട്ടിയെ അച്ഛനമ്മമാർ ഡി അഡിക്ഷൻ സെൻററിലും ആത്മീയ കേന്ദ്രങ്ങളിലും ഒക്കെ എത്തിച്ചു. എല്ലായിടത്തും നിന്ന് നിമിഷനേരംകൊണ്ട് ചാടി പോകുന്ന അവനെ വീട്ടുകാരും അവസാനം കയ്യൊഴിഞ്ഞു. അവൻ ഗോവയിലെ ബീഹാറിയുടെ ബിസിനസ് പങ്കാളിയായി സസുഖം വാണു. 45 വയസ്സുള്ളപ്പോഴാണ് ഗൗരിയെ ഒരു സെമിനാറിൽ പങ്കെടുക്കാനെത്തിയ രോഹിത് ഒരു മാനസികരോഗാശുപത്രിയിൽ വെച്ച് കാണുന്നത്. ഗൗരി എന്ന് മനസ്സിലാക്കി കയ്യോടെ കേരളത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന് വീട്ടുകാരെ വിവരമറിയിച്ചപ്പോൾ ഞങ്ങൾക്ക് അങ്ങനെ ഒരു മകനേ ഇല്ല എന്നും അവനെ ഞങ്ങൾ പടിയടച്ചു പിണ്ഡം വെച്ചു എന്ന് പറഞ്ഞു അവൻറെ അച്ഛൻ. ഇപ്പോൾ ഈ സെല്ലിൽ രോഹിത്തിന്റെ ദയയിൽ മരുന്നും പ്രാർത്ഥനയുമായി കഴിഞ്ഞു കൂടുന്നു. ഉപയോഗിച്ച ലഹരിമരുന്നിന്റെ വീര്യം കാരണമായിരിക്കാം ഗൗരി ഇപ്പോഴും രോഹിത്തിനെ പോലും തിരിച്ചറിഞ്ഞിട്ടില്ല.
എന്തായാലും നമ്മുടെ അടുത്ത ദൗത്യം അവനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരികയാണെന്ന ദൃഢപ്രതിജ്ഞ എടുത്ത് അടുത്ത സഹപാഠി സംഗമത്തിന് അവനെയും കൊണ്ടുവരാമെന്ന് വാക്കുകൊടുത്തു രണ്ട് സുഹൃത്തുക്കളും പിരിഞ്ഞു. അന്ന് മുതൽ രോഹിത് ഒരു വൃതം പോലെ ഗൗരിയെ ചികിൽസിക്കാൻ തുടങ്ങി. പഴയ സുഹൃത്തുക്കൾ പലരും വന്ന് ഗൗരിയെ കാണാൻ തുടങ്ങി. പതുക്കെ പതുക്കെ ഗൗരി സാധാരണ ജീവിതത്തിലേക്കു മടങ്ങി. അവനെ തള്ളിക്കളഞ്ഞ അവൻറെ വീട്ടുകാരുടെ മുമ്പിൽ നിർത്തി നിങ്ങൾക്ക് കഴിയാത്തത് ഞങ്ങൾ സുഹൃത്തുക്കൾക്ക് സാധിച്ചു എന്ന് തെളിയിച്ചു.
ജീവിതത്തിലെ എല്ലാ വെല്ലുവിളികളെയും നമ്മൾ ഏറ്റെടുക്കേണ്ടതില്ല. ചിലതിൽ നിന്ന് കൗശലത്തോടെ ഒഴിഞ്ഞു മാറാം.ബാക്കി അഞ്ചു പേർ ചെയ്തതുപോലെ.
വിവരത്തെക്കാൾ പ്രധാനമാണ് വിവേകം.
അഞ്ജരുടെ അറിവില്ലായ്മ കൊണ്ടല്ല അറിവുള്ളവരുടെ കുൽസിത പ്രവർത്തനങ്ങൾ കൊണ്ടാണ് ഇവിടെ കൂടുതൽ ദുരന്തങ്ങൾ ഉണ്ടായിട്ടുള്ളത് എന്ന് പറയപ്പെടുന്നത് എത്രയോ ശരിയാണ്.
2025
2025 ലെ വിദ്യാർത്ഥി സംഗമത്തിന് പൂർവാധികം ആവേശത്തോടെ എല്ലാവരും സന്നിഹിതരായിരുന്നു. കാരണം മറ്റൊന്നുമല്ല ഇവരുടെ ക്ലാസ് ലീഡർ ആയിരുന്ന ഗൗരീശങ്കറും ഡോക്ടർ രോഹിത് വർമ്മയും വരുന്നുവെന്ന അറിവ് എല്ലാവരെയും ഉത്സാഹഭരിതരാക്കി.ഹാളിലേക്ക് ഡോക്ടർ രോഹിത്തിന്റെ കയ്യും പിടിച്ചു വന്ന ഗൗരിയെ, തങ്ങളുടെ പഴയ ക്ലാസ്സ് ലീഡറിനെ ഏവരും സഹർഷം സ്വാഗതം ചെയ്തു. എല്ലാവരും ഗൗരിയുടെ വാക്കുകൾക്കായി കാതോർത്തു. “സ്വന്തം വീട്ടുകാർ പോലും കയ്യൊഴിഞ്ഞ എന്നെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരാൻ ശ്രമിച്ച ഓരോരുത്തരോടും എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ബുദ്ധിക്കും കഴിവിനും അപ്പുറം നന്മ മരം ആയ അഭിലാഷ് ആണ് നമ്മുടെ ക്ലാസ്സ് ലീഡർ. 50വർഷം കഴിഞ്ഞും നമ്മളെ എല്ലാവരെയും ഒത്തുചേരാൻ പരിശ്രമിച്ച, ഇതിനൊക്കെ നേതൃത്വം കൊടുത്ത അഭിലാഷിനോടുള്ള നന്ദി വാക്കുകളിൽ പറയാൻ എനിക്ക് ആവുന്നില്ല. “ ഇടറിയ ശബ്ദത്തോടെയുള്ള ഗൗരിയുടെ പ്രസംഗം അധ്യാപകരെ അടക്കം കണ്ണുനീരിലാഴ്ത്തി.
ക്ലാസ്സിലെ ഒരു ആവറേജ് വിദ്യാർത്ഥി മാത്രമായിരുന്ന അഭിലാഷിനെ സുഹൃത്തുക്കളും അധ്യാപകർ അടക്കം മുക്ത:കണ്ഠം പ്രശംസിച്ചു.
കാണുമ്പോൾ ചിരിക്കുന്ന മുഖങ്ങൾ അല്ല കാണാതിരിക്കുമ്പോൾ തിരക്കുന്ന സൗഹ്രദങ്ങൾ ഇല്ലേ…..! അവരാണ് നമ്മുടെ യഥാർത്ഥ സുഹൃത്തുക്കൾ!
രസകരമായ പൂർവ്വ വിദ്യാർഥി സംഗമം
Sooper
ഹൃദ്യമായ അവതരണം
വളരെ നന്നായിട്ടുണ്ട്
ഹൃദ്യം
