Logo Below Image
Tuesday, March 25, 2025
Logo Below Image
Homeഅമേരിക്കതീയറ്ററുകളെ മനുഷ്യക്കടലാക്കിയവർ (പിന്നിട്ട ചരിത്രങ്ങളുടെ വേറിട്ട ചിന്തകൾ - 2) ✍ റിജേഷ് പൊന്നാനി

തീയറ്ററുകളെ മനുഷ്യക്കടലാക്കിയവർ (പിന്നിട്ട ചരിത്രങ്ങളുടെ വേറിട്ട ചിന്തകൾ – 2) ✍ റിജേഷ് പൊന്നാനി

റിജേഷ് പൊന്നാനി

തന്റെ ആവനാഴിയിൽ നിന്നും പുറത്തെടുത്ത ആയുധങ്ങളെല്ലാം പ്രദർശനശാലകളെ ലക്ഷ്യംവെച്ച് ശരവേഗത്തിൽ നീങ്ങിയപ്പോൾ തീയേറ്റർ പരിസരവും അതിനടുത്തുള്ള നാൽക്കവലകളും അങ്ങാടികളും സിറ്റികളും ജനാരവം കൊണ്ട് വീർപ്പുമുട്ടുകയും, കോരിച്ചൊരിയുന്ന മഴയത്തും അക്കാലത്തെ സഞ്ചരിക്കാനുള്ള ഉപാധികളായ സൈക്കിളും വഞ്ചികളുമെല്ലാം എടുത്ത് ചവിട്ടിയും തുഴഞ്ഞും നനഞ്ഞൊലിച്ച്‌ ജോൺ ജാഫർ ജനാർദ്ദൻമാരോടൊപ്പം അമ്മമാരും സഹോദരിമാരും തീയറ്ററുകളിലെത്തും.
മഴയിൽ കുളിച്ച്‌ സിനിമാ കൊട്ടകയിലെത്തിയാലോ പൂഴി വാരിയിട്ടാൽ ഒരുതരി മണ്ണുപോലും നിലത്തു വീഴില്ല എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അത് ശരിയാണെന്ന് ബോധ്യപ്പെടുന്ന കാഴ്ചകൾ കണ്ട് സ്തംഭിച്ചു നിൽക്കും. തൃശ്ശൂർ പൂരത്തിനുള്ള ജനങ്ങളുണ്ടാവും. ടിക്കറ്റിനു വേണ്ടി എത്ര കേണപക്ഷിച്ചാലും ഒരു നിവൃത്തിയുമുണ്ടാവില്ല. അടുത്ത പ്രദർശനത്തിന് വേണ്ടിയവർ അവിടെ തമ്പടിക്കും…

അവർക്ക് തിയറ്ററിൽ തമ്പടിച്ചേ മതിയാകൂ. കാരണം മറ്റൊന്നുമല്ല, അവരുടെ പച്ചയായ ജീവിതം തന്നെയാണ് മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച സംവിധായക പ്രതിഭ ഐ.വി.ശശി വെള്ളിത്തിരയിൽ പകർത്തിയത്…

1977ൽ പതിമൂന്ന് സിനിമകൾ ഷൂട്ടിംഗ് പൂർത്തീകരിക്കുകയും പന്ത്രണ്ട് ചിത്രങ്ങൾ റിലീസാവുകയും ആ പന്ത്രണ്ട് സിനിമകളും സൂപ്പർ ഹിറ്റാക്കുകയും ചെയ്ത മഹാപ്രതിഭയായ ഐ.വി.ശശി മലയാളികൾക്ക് അന്നും ഇന്നും മഹാത്ഭുതമാണ്…

സ്ക്രീനിൽ സംവിധായകന്റെ നാമം ഐ.വി.ശശി എന്ന് തെളിയുമ്പോൾ തങ്ങളുടെ സന്തോഷം കസേരകളിൽ ഇരുന്നു മാത്രം പ്രകടിപ്പിക്കാതെ എഴുന്നേറ്റു നിന്ന് നിറഞ്ഞ കയ്യടികളോട് കൂടിയും ആർപ്പുവിളികളോടെയും അഭിമാനത്തോടെയും മലയാളികൾ മനസ്സറിഞ്ഞ് അനുഗ്രഹിച്ച ഐ.വി.ശശിയെ കൂടാതെ മറ്റൊരു സംവിധായകനും ഇതാ ഇവിടെ വരെ ഈ നിമിഷം വരെ കേരള മണ്ണിൽ പിറവി കൊണ്ടിട്ടില്ല…

മലയാളികൾക്ക് ഐ.വി. ശശിയുടെ ചിത്രങ്ങൾ ഉത്സവമായിരുന്നു അഭിനിവേശമായിരുന്നു അനുഭൂതിയായിരുന്നു ആനന്ദവും പരമാനന്ദവുമായിരുന്നു…

സിദ്ദീക്ക്‌ലാലിന്റെ വിയറ്റ്നാം കോളനിയുടെ ഷൂട്ടിംഗ് തിരക്ക് പിടിച്ച് നടക്കുന്ന സമയം. ക്രിസ്തുമസിന് പടം റിലീസ് ചെയ്യാമെന്ന് പറഞ്ഞ് തിയറ്റർ ഉടമകളിൽ നിന്ന് നിർമ്മാതാവ് കുറച്ചു തുകയും കൈപ്പറ്റിയിരുന്നു. ഷൂട്ടിംഗ് സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരും നിരവധി ജൂനിയർ ആർട്ടിസ്റ്റുകളും ആ സിനിമയിലെ മുഴുവൻ നടീനടന്മാരെയെല്ലാം ഉൾപ്പെടുത്തി മർമ്മപ്രധാനമായ ഒരു സീനാണ് അന്ന് ചിത്രീകരിക്കേണ്ടത്. അവിടേക്ക് ഒരു അതിഥി വന്നു. മോഹൻലാലിനെ കാണാൻ. തന്റെ പുതിയ സിനിമയുടെ കഥ പറയാൻ. ആകെ പ്രതിസന്ധിയിലായ സിദ്ദിക്ക്‌-ലാൽ വിഷമഘട്ടത്തിലും ആ അതിഥിയോട് കാത്തു നിൽക്കൂ ചിത്രീകരണം കഴിഞ്ഞിട്ട് കാണാം എന്നു പറഞ്ഞില്ല. അന്നത്തെ ഷൂട്ടിംഗ് ഒഴിവാക്കി മോഹൻലാലിനോട് കഥപറയാൻ ഐ.വി. ശശിക്ക് അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്തു.. അത് മലയാള സിനിമയുടെ ഗതി മാറ്റിമറിച്ച
തിയറ്ററുകളിലേക്ക് ജനങ്ങളെ ആനയിച്ച മാസ്റ്റർ ഡയറക്ടറോടുള്ള ബഹുമാനമായിരുന്നു ഇഷ്ടമായിരുന്നു ആദരവായിരുന്നു..
പിന്നീട് നടന്നത് ചരിത്രം. നിലക്കാത്ത ജനപ്രവാഹം കൊണ്ട് തീയറ്ററുകളിൽ ഉത്സവാന്തരീക്ഷം തീർത്ത ഐ.വി. ശശി ചിത്രം ദേവാസുരം പിറന്നുവീണു..

ഈ ചിത്രം സൂപ്പർ മെഗാഹിറ്റാവും എന്നു വീമ്പിളക്കി ഏറെ കൊട്ടിഘോഷിച്ച് അളവില്ലാത്ത വാർത്താപ്രാധാന്യവും നേടി ചില സിനിമകൾ തിയേറ്ററിലെത്തും. നാലു ദിവസം കഴിഞ്ഞാൽ പടത്തിന്റെ കാറ്റ് പോയിട്ടുണ്ടാവും. പിന്നീടുള്ള ദിവസങ്ങളിൽ തിയേറ്ററിനെ ഭരിക്കുക ഐ.വി.ശശി ചിത്രങ്ങളാണ്..

അവളുടെ രാവുകൾ, ഈറ്റ, അങ്ങാടി, കരിമ്പന, മീൻ, ഈ നാട്, അഹിംസ, കാണാമറയത്ത്, കരിമ്പിൻ പൂവിനക്കരെ, അതിരാത്രം, ഇണ, അടിയൊഴുക്കുകൾ, ഇടനിലങ്ങൾ, ഉയരങ്ങളിൽ, വാർത്ത, ആവനാഴി, അടിമകൾ ഉടമകൾ, 1921, അബ്കാരി , മൃഗയ, ഇൻസ്പെക്ടർ ബൽറാം, ദേവാസുരം അങ്ങനെ നിരവധി സിനിമകൾ മൂന്നും നാലും പത്തും പതിനഞ്ചും തവണകൾ തിയറ്ററുകൾ ഭരിച്ചിട്ടുണ്ട്. നിറഞ്ഞ സദസ്സിൽ ഞാൻ കണ്ട ഐ.വി. ശശി ചിത്രങ്ങളെല്ലാം റിലീസ് ചെയ്തു വർഷങ്ങൾക്കു ശേഷം തിയേറ്ററിൽ വന്നപ്പോഴാണ്..

ഐ.വി. ശശി എത്രമാത്രം ജനസമ്മതനായിരുന്നു എന്നതാണ് ഈ ചിത്രങ്ങളുടെയെല്ലാം തുടർച്ചയായുള്ള വരവുകൾ….

കമലഹാസന്റെയും രജനീകാന്തിന്റെയും ഗുരുനാഥനും തമിഴ് സംവിധായക നിരയിലെ അതികായനും ദാദാസാഹേബ് ഫാൽക്കെ അവാർഡ് ജേതാവുമായ കെ. ബാലചന്ദറിന് ഐ.വി.ശശിയോട് കടുത്ത ആരാധനയായിരുന്നു. ഐ.വി.ശശി എങ്ങനെയാണ് ഒരു സിനിമ ഒരുക്കുന്നത് എന്ന് കണ്ട് പഠിക്കുവാൻ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കെ. ബാലചന്ദർ ഒരു മലയാള സിനിമ നിർമ്മിക്കുക തന്നെ ചെയ്തു. മമ്മൂട്ടിയും മോഹൻലാലും നായകന്മാരായി വന്ന ഇടനിലങ്ങൾ ആയിരുന്നു ആ ചിത്രം…

ഐ.വി. ശശിയുടെ വീട്ടിനു മുന്നിൽ അഡ്വാൻസ് തുക നൽകി കരാർ ഉറപ്പിക്കുന്ന നിർമാതാക്കളുടെ നീണ്ടനിരയോടൊപ്പം തന്നെ അഭിനേതാക്കളുടെയും സിനിമയിലെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരുടെയും ഒരു കൂട്ടം അവസരങ്ങൾക്ക് വേണ്ടി കാത്തുനിൽക്കുക പതിവായിരുന്നു. ഇത്രയേറെ തിരക്കുകൾ ഉണ്ടായിരുന്ന സൂപ്പർതാരങ്ങളെക്കാൾ മൂല്യമുണ്ടായിരുന്ന ഒരു സംവിധായകനും കേരള മണ്ണിൽ ഐ.വി. ശശിക്ക് മുൻപോ ശേഷമോ ജനിച്ചിട്ടില്ല…

സൂപ്പർഹിറ്റ് ഐ.വി. ശശി ചിത്രം മീനിൽ ഹൃദയസ്പർശിയായ ഒരു രംഗമുണ്ട്. കടലിൽ നിന്ന് മീൻ പിടിക്കുമ്പോൾ മധു അവതരിപ്പിച്ച കുര്യാക്കോസ് എന്ന കഥാപാത്രം കുതിരവട്ടം പപ്പുവിന്റെ പാപ്പിയോട് പറയുന്ന ഒരു സംഭാഷണം..

എടാ പാപ്പി… ഞാൻ ചത്താൽ എന്നെ പള്ളിയിലടക്കണ്ട… ഈ കടലിൽനിന്ന് ഞാൻ ഒരുപാട് മീൻ പിടിച്ചിട്ടുണ്ട്… അതിനുപകരം എന്റെ ശരീരം കടലിൽ എറിയണം.. മീൻ തിന്നോട്ടെ….

ഐ.വി ശശിയുടെ എത്രയെത്ര ചിത്രങ്ങളാണ് നമ്മൾ ഇന്നും ആസ്വദിച്ച് തിന്നുന്നത്. ഒരു കാലത്തും അതിന്റെ രുചി നഷ്ടപ്പെടുകയില്ല. അത്രമാത്രം സ്വാദിഷ്ടമായ വിഭവങ്ങളാണ് ഐ.വി. ശശി നമുക്ക് മുന്നിൽ നിരത്തി വെച്ചത്…

മലയാളികൾ ഹൃദയം കൊണ്ട് ആലിംഗനം ചെയ്ത്‌ ആശീർവദിച്ച അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ അർപ്പിച്ച മറ്റൊരു ഇതിഹാസ സംവിധായകനില്ല..

ഇരുപ്പം വീട് ശശീധരൻ എന്ന ഐ.വി.ശശി ദിവസത്തിൽ ഒരു തവണയെങ്കിലും എന്റെ മനസ്സിലൂടെ കടന്നുപോകാറുണ്ട്.. അത്രയേറെ എന്നെ സ്വാധീനിച്ച സംവിധായക കുലപതിയാണ് ഐ.വി.ശശി.

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഇതിഹാസമായ ഐ.വി. ശശിയുടെ ദീപം പോലെ കത്തിജ്വലിച്ചു നിൽക്കുന്ന ഓർമ്മകൾക്കു മുന്നിൽ ശതകോടി പ്രണാമം…

റിജേഷ് പൊന്നാനി✍

RELATED ARTICLES

5 COMMENTS

  1. I v ശശി ഒരു അത്ഭുതം തന്നെ
    തൊട്ടതെല്ലാം പൊന്നാക്കി മലയാളികളെ അത്ഭുതപ്പെടുത്തിയ കലാകാരൻ
    അദ്ദേഹത്തെ കുറിച്ച് നന്നായി എഴുതി

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments