സ്നേഹിച്ചു തുടങ്ങിയ കാലത്തെ
ചിതലരിച്ച ഹൃദയത്തെ
വാരിപ്പുണരാൻ അനുരാഗ
നൃത്തം വയ്ക്കുന്നവളെ
ശാന്തതയില്ലാത്ത ലോകത്തെ
നൊമ്പരം ഭക്ഷിക്കുന്ന ഉള്ളത്തെ
കൂട്ടിലണച്ചു സ്വയം ബലിയായി
തീരുവാൻ
നിനക്കെന്തിന്റെ ഉന്മാദമാ……..?
ഒമ്പതുമാസവും ചില്ലറ നാളുകളും
ഉദരത്തിൽ ഇട്ടു വളർത്തി
പുറംലോകം കാണിച്ച
ഇളം പ്രായത്തിൽ തുന്നിചേർത്ത
അറിവിനക്ഷരമുത്തുകൾ
നിരത്തി പഠിപ്പിച്ച മാതൃ സ്നേഹമാണോ
ഇത്തരം ചോദ്യത്തിനുടമയെങ്കിൽ
ഇനിയൊരു തരിമണി വേണ്ടയി മനസ്സിൽ
സ്നേഹം വിളമ്പിയവർക്ക്
സ്വാർത്ഥതയുടെ മുഖമുണ്ടെന്നെൻ്റെ
പ്രഥമ ചരിത്രം പഠിപ്പിച്ചു
അവനവൻറെ കാര്യങ്ങൾ എത്തുമ്പോ-
ളെല്ലാം മറക്കുന്ന മാതൃ പ്രപഞ്ചമേ,
എനിക്ക് നിങ്ങളോട് സ്നേഹമാ
എന്നെയെൻ്റെ വഴികളിൽ വിട്ടേക്കൂ
കൈകൾ കൂപ്പി യാചിക്കുന്നു ജീവിതം
എന്റേതാണ് ഇഷ്ടമുള്ളതിനെ
ചേർത്തു പിടിക്കട്ടെ…….!
ഒരു ദിനം കിട്ടുന്ന ശാന്തിയും
സമാധാനവുമാണെങ്കിൽ കൂടിയും
ജീവിതാന്ത്യം വരെയും ഹാ:
സംതൃപ്തിയിൽ പൂത്തു വിടരും ഞാൻ
നിങ്ങൾക്കു സ്വീകാര്യമല്ലാത്തതിൽ ..!
മനോഹരമായ വരികൾ