Logo Below Image
Tuesday, February 18, 2025
Logo Below Image
Homeഅമേരിക്കപട്ടയം കിട്ടിയ സ്വർഗ്ഗം (കവിത) ✍ നസ്രേത്തിൽ ജോസ്‌ വർഗ്ഗീസ്‌

പട്ടയം കിട്ടിയ സ്വർഗ്ഗം (കവിത) ✍ നസ്രേത്തിൽ ജോസ്‌ വർഗ്ഗീസ്‌

നസ്രേത്തിൽ ജോസ്‌ വർഗ്ഗീസ്‌

എനിക്കു പട്ടയം കിട്ടിയ പെണ്ണെ
നിന്നിൽ ഞാനൊരു ചായ്‌പ്പുകെട്ടുന്നു
തൊണ്ടിൻ ചാരവും ചകിരിയിമിട്ടു
തേച്ചുമിനുക്കിയരോട്ടുചന്ദിരനിളിച്ചു-
കാട്ടിയ രാവിൽ!
പുഴുങ്ങിയ നമ്പരുകപ്പയോടടുത്തിരിക്കും
പച്ചക്കുരുമുളകിടിച്ചിട്ടു വേവിച്ച
കുഞ്ഞുമത്തിപോലെ
ഞാൻ നിന്നരികത്തു ചേർന്നിരുന്നു;
കപ്പക്കെന്റെ രുചിയെന്നും
വറ്റിച്ചമത്തിക്കു നിന്റെ മണമെന്നും
ഉത്തരത്തിലെ പല്ലിയോടാരുചൊല്ലി!
നിൻ കൺപോള വിടർത്തി ഞാൻ
ആവണക്കെണ്ണയിൽചാലിച്ച കണ്മഷി
തൊട്ട്
മോതിരവിരലാൽ സ്വപ്നം
വരയ്ക്കുമ്പോൾ
പെയ്തുവീണ മഞ്ഞിൻമലരുകൾ,
കാ‍ന്താരിയും കൊച്ചുള്ളിയുമുടച്ചു
വാളൻപുളിയും, ഉപ്പും
ചേർത്തൊരിഷ്ടംപോലെ
പൊള്ളുന്നു!
പുല്ലാഞ്ഞികാട്ടിലൊളിച്ചിരുന്നു
“ഉപ്പന്റച്ഛനടിക്കാൻ വരുന്നേ
ഒളിച്ചോ ഒളിച്ചോ” യെന്നു
ഇഴയകന്ന നമ്മുടെ
തഴപ്പായോടെന്തിനാണീ
കുരുത്തം കെട്ടവൻ വിളിച്ചുകൂകണേ!
ഓലക്കണ്ണിലൂടൊളിച്ചു കടക്കുന്ന
മകരക്കുളിരും,
നിന്റെ കണ്ണിലൂടുദിച്ചുവരുന്നൊരു
പുത്തനുഷസ്സും,
നിന്റെ ചിരിയിലെ ചെറ്റക്കുടിലും,
കനവുകൾകൊരുത്തു
നമ്മളുണ്ടാക്കിയ പിണ്ടിച്ചെങ്ങാടവും
കണ്ടിട്ടോ സ്വർഗ്ഗങ്ങൾ നാണിച്ചു
നിക്കണേ!
രാവും, പകലും, സന്ധ്യയും, സന്ധ്യയും
മെടഞ്ഞു, മെടഞ്ഞു ഓലകൊണ്ടു
നമുക്കൊരു സ്വർഗ്ഗമുണ്ടാക്കാം
നമുക്കു പാർക്കുവാനൊരു
കൊച്ചുസ്വർഗ്ഗം!

നസ്രേത്തിൽ ജോസ്‌ വർഗ്ഗീസ്‌✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments