കഥ ഇതുവരെ…
സദാനന്ദൻ മാഷിന് പി എസ് സി നിയമനം കിട്ടിയത് കുന്നപ്പള്ളി ഗ്രാമത്തിലെ ഒരു പ്രൈമറി സ്കൂളിൽ ആയിരുന്നു. ബസ് ഇറങ്ങി ഒന്നര കിലോമീറ്റർ നടക്കണം സ്കൂളിലേക്ക്. ഒന്നര ഏക്കർ വിസ്തീർണത്തിൽ സ്ഥിതിചെയ്യുന്ന ഒരു പഴയ കെട്ടിടം. മെയിന്റനൻസ് നടത്താതെ ജീർണ്ണാവസ്ഥയിലായിരുന്നു കെട്ടിടം.
സദാനന്ദൻ മാഷ് സ്കൂളിൽ എത്തി. ഹെഡ് മാസ്റ്ററിന്റെ ചാർജുള്ള രാജപ്പൻ മാഷ് സർട്ടിഫിക്കറ്റുകൾ പരിശോധിച്ചു.
“സദാനന്ദൻ മാഷ് രണ്ട് ബി ക്ലാസിലേക്ക് പൊയ്ക്കോളൂ”
രാജപ്പൻ മാഷ് പറഞ്ഞു.
സദാനന്ദൻ മാഷ് പൊട്ടിപ്പൊളിഞ്ഞ വരാന്തയിലൂടെ രണ്ട് ബി ക്ലാസിലേക്ക് നടന്നു.
ഇനി തുടർന്ന് വായിക്കുക...
ഇംഗ്ലീഷ് അക്ഷരമാലയിലെ ക്യാപ്പിറ്റൽ ലെറ്റർ ‘L ‘ ആകൃതിയിലുള്ള സ്കൂൾ കെട്ടിടത്തിന്റെ ഏറ്റവും ഇടത്തെ അറ്റത്ത് ഒന്നാം ക്ലാസ്. അതിനോട് ചേർന്ന് രണ്ടാം ക്ലാസിലെ രണ്ട് ഡിവിഷൻ, അതിനടുത്തായി മൂന്ന്, നാല് എന്നീ ക്ലാസുകൾ. ഏറ്റവും വലത്തേ അറ്റത്തായി ഓഫീസുമുറി.
ഓരോ ക്ലാസും തട്ടിക കൊണ്ട് വേർതിരിച്ചിട്ടുണ്ട്. ഒന്നാം ക്ലാസിന്റെ പിന്നിലായി ഒരു ഷെഡ്ഡിലാണ് അടുക്കള.
ഒരാൾ ക്ലാസ് എടുക്കുന്നത് എല്ലാ ക്ലാസുകളിലും കേൾക്കാം. ആരുടെ ക്ലാസ്സിൽ ശ്രദ്ധിക്കണമെന്ന് കുട്ടികൾക്ക് കൺഫ്യൂഷൻ ആയിരിക്കും….!
ഒന്നാം ക്ലാസിലെ മിനി ടീച്ചറുടെ ശബ്ദംഅങ്ങു റോഡിലെ കടകളിൽ വരെ കേൾക്കാം….
“മക്കളെ “…..എന്നും വിളിച്ച് ടീച്ചർ ക്ലാസിൽ എത്തി….
ആട്ടവും പാട്ടും തുടങ്ങി…
കുട്ടികൾ കയ്യടിയും, ബഹളവും…
ഒന്നാം ക്ലാസ് സജീവമായി……! അതിനോട് ചേർന്നുള്ള രണ്ട് എ ക്ലാസ്സിൽ മഞ്ജുഷ ടീച്ചർ ആണ്. ടീച്ചർ ക്ലാസിൽ ഉണ്ടോ എന്ന് അറിയണമെങ്കിൽ തട്ടികയുടെ മുകളിൽ കൂടി എത്തി നോക്കണം..!. വളരെ പതുങ്ങിയ ശബ്ദത്തിൽ ടീച്ചർ എന്തോ പറയുന്നുണ്ട്. ക്ലാസ്സ് നിശ്ചലം.
അതിനോട് ചേർന്നാണ് സദാനന്ദൻ മാഷിന്റെ രണ്ട് ബി ക്ലാസ് . അതിനടുത്തതായി മൂന്നാം ക്ലാസ്.അവിടെ നിന്നും ഒരു അനക്കം പോലും കേൾക്കാനില്ല.നോക്കിയപ്പോൾ കുട്ടികളെല്ലാം കയ്യുംകെട്ടി മിണ്ടാതെ ഇരിക്കുന്നു….!
സദാനന്ദൻ മാഷ് ഹാജർ വിളിച്ചതിനു ശേഷം കുട്ടികളെ പരിചയപ്പെട്ടു. കുട്ടികളുടെ നോട്ടുബുക്കുകൾ പരിശോധിച്ചു. ഓരോ വിഷയവും ഏതുവരെ പഠിപ്പിച്ചു എന്ന് മനസ്സിലാക്കി.
” എല്ലാവരും സ്ലേറ്റും പെൻസിലും എടുക്കൂ…. ”
ഒരു കുട്ടി ഒഴികെ എല്ലാവരും സ്ലൈറ്റും, പെൻസിലും എടുത്തു.
“എവിടെ മോനെ സ്ലേറ്റ്?”
സദാനന്ദൻ മാഷ് അവനോട് ചോദിച്ചു.
“മറന്നു മാഷേ..”
” മാഷേ അവൻ കളവ് പറയുന്നതാ . അവന് എഴുതാൻ അറിയില്ല അതാ… “.
ഒരു പെൺകുട്ടി ഉറക്കെ പറഞ്ഞു.
സദാനന്ദൻ മാഷ് അവന്റെ അടുത്ത് എത്തി. ചുളുങ്ങിയ ഷർട്ട്.തലമുടി എണ്ണ കണ്ടിട്ട് കുറെ നാളായ പോലെ..
നീളമുള്ള ചീകാത്ത മുടി കണ്ണിലോട്ട് ഇറങ്ങി കിടക്കുന്നു..
” ആണോ…?
ആരാ മോന് എഴുതാൻ അറിയില്ല എന്ന് പറഞ്ഞത്..? ”
സദാനന്ദൻ മാഷ് പ്ലാസ്റ്റിക് കറിൽ നിന്നും സ്ലേറ്റ് എടുത്തു.. അരികുവശം പൊട്ടിയ സ്ലേറ്റ് അവന്റെ കയ്യിൽ കൊടുത്തു.
അവന്റെ കണ്ണ് നിറഞ്ഞു
“എന്തിനാ മോൻ കരയുന്നത്…?”
“എനിക്ക് എഴുതാൻ അറിയില്ല..”
“അതിന് മാഷ് ഒന്നും പറഞ്ഞില്ലല്ലോ…? മാഷ് പഠിപ്പിക്കാവേ..”
സദാനന്ദൻ മാഷ് അവനോട് പറഞ്ഞു.
” എല്ലാവരും സ്ലേറ്റും, പെൻസിലും എടുത്തോ…..? ”
“ഓ…. ”
കഴിഞ്ഞ പാഠത്തിലെ വാക്കുകൾ കേട്ടെഴുത്തിടാൻ പോവുകയാണ് എല്ലാവരും റെഡി അല്ലേ..? ”
“ഓ.. ….”
കുട്ടികൾ നീട്ടി പറഞ്ഞു.
സദാനന്ദൻ മാഷ് പറഞ്ഞ വാക്കുകൾ ചിലർ വേഗം എഴുതിക്കഴിഞ്ഞു..
“മാഷേ കഴിഞ്ഞു…”
ചിലർ പറഞ്ഞു
ഓരോരുത്തരുടെയും അടുത്ത് പോയി അവർ എഴുതിയത് പരിശോധിച്ചു മാർക്ക് കൊടുത്തു അപ്പോഴേക്കും ഇന്റർവെൽ മുഴങ്ങി.
” മാഷേ കുട്ടികൾ എങ്ങനുണ്ട്? ”
വരാന്തയിലൂടെ നടന്നുവന്ന മഞ്ജുഷ ടീച്ചർ ചോദിച്ചു.
“നല്ല കുട്ടികളാണ് …”
“കഴിഞ്ഞ വർഷത്തേക്കാളും മിടുക്കർ ആയിരിക്കും ഇല്ലേ മാഷേ..?”
” അങ്ങനെ താരതമ്യം ചെയ്യാൻ പറ്റില്ല ടീച്ചറെ….
ഗോത്രവർഗ്ഗ കുട്ടികൾക്ക് പരിമിതികൾ ഉണ്ട്.തീർച്ചയായും അവർ മിടുക്കരാണ് പക്ഷേ, അവരുടെ കഴിവുകൾ പുറത്തുകൊണ്ടുവരാനുള്ള സാഹചര്യം ഇല്ല എന്നതാണ് വാസ്തവം… ”
” ഓ… മാഷ് ജോലി ചെയ്തത് അട്ടപ്പാടി ആയിരുന്നു അല്ലേ…? ”
” അട്ടപ്പാടി അല്ല, ഏതാണ്ട് അതുപോലെയുള്ള ഒരു സ്ഥലം ആയിരുന്നു…
സീതത്തോട് എന്ന് പറയും”
“ഓ… ”
” ഇവിടുത്തെ കുട്ടികളുമായി ഒരിക്കലും താരതമ്യം ചെയ്യാൻ പറ്റില്ല. കാട്ടിൽ കിഴങ്ങ് വർഗ്ഗങ്ങൾ ഭക്ഷിച്ച് കാട്ടരുവിയിലെ ജലം കുടിച്ചും കാട്ടിൽ ഉറങ്ങിയും കഴിഞ്ഞുകൂടുന്ന മനുഷ്യ കോലങ്ങൾ. പക്ഷേ കുട്ടികളെല്ലാം നല്ല ബുദ്ധിയുള്ളവർ അവിടുത്തെ പ്രശ്നം പഠിപ്പിക്കാൻ അധ്യാപകരില്ല., എന്നതായിരുന്നു ഇപ്പോൾ എല്ലാം ശരിയായി.”
“ഓ..”
“മൂന്നിലും നാലിലും ആരുമില്ല അല്ലേ..?”
സദാനന്ദൻ മാഷ് ചോദിച്ചു.
” മൂന്നാം ക്ലാസിലാണ് രാജപ്പൻ മാഷ്. ഹെഡ്മാസ്റ്റർ വരുന്നത് വരെ പുള്ളിക്കാരൻ എച്ച് എമ്മിന്റെ കസേരയിൽ നിന്നും എഴുന്നേൽക്കില്ല. അടുത്തദിവസം പുതിയ മാഷ് വരും പുതിയ മാഷിനെ നാലാം ക്ലാസിന്റെ ചാർജ് കൊടുക്കുമായിരിക്കും.”
മഞ്ജുഷ ടീച്ചർ ചിരിച്ചുകൊണ്ട് പറഞ്ഞു.
രണ്ടുപേരും ഓഫീസിൽ എത്തി ബെഞ്ചിൽ ഇരുന്നു..
“ശിവൻകുട്ടി മാഷിനെ കണ്ടില്ലല്ലോ?”
രാജപ്പൻ മാഷ് പറഞ്ഞു.
“അടുത്ത ആഴ്ച വരുമായിരിക്കും.
ചായ കിട്ടുമോ മാഷേ തൊണ്ട വരളുന്നു.”
സദാനന്ദൻ മാഷ് ചോദിച്ചു.
“എടാ ഇങ്ങോട്ട് വന്നേ…”
രാജപ്പൻ മാഷ് നാലാം ക്ലാസിലെ ഒരു കുട്ടിയെ വിളിച്ചു.
ഓഫീസിലേക്ക് ഒരു കുട്ടി പേടിച്ച് പേടിച്ച് കയറി വന്നു .
“എന്താ മാഷേ,..?”
” ആ ചായക്കടയിൽ പോയി മൂന്ന് ചായ വാങ്ങി വരു. ”
കേട്ടതും കുട്ടി ഓടിപ്പോയി…
” അപ്പോൾ മാഷിന് ചായ വേണ്ടേ…? ”
സദാനന്ദൻ മാഷ് ചോദിച്ചു…
” രാജപ്പൻ മാഷ് ചായ കുടിക്കില്ല… മഞ്ജുഷ ടീച്ചർ പറഞ്ഞു.
“അതെന്താ…?”
“ഞാൻ ചായ കുടിക്കും. പക്ഷേ വീട്ടിൽ ചെന്നിട്ട്…”
“ഓ അങ്ങനെയാണോ…?”
എല്ലാവരും ചായ കുടിച്ചപ്പോൾ രാജപ്പൻ മാഷ് വെള്ളം കുടിച്ചു.
ഉച്ചഭക്ഷണത്തിനുള്ള ബെൽ മുഴുകിയതും കുട്ടികൾ പാത്രവും എടുത്തുകൊണ്ട് വരാന്തയിലേക്ക് ഓടി.
“കൈ കഴുകുകയൊന്നും വേണ്ടേ…?”
സദാനന്ദൻ മാഷ് ചോദിച്ചു.
ഇരുന്ന കുട്ടികളോട് കൈകഴുകാൻ സദാനന്ദൻ മാഷ് ആവശ്യപ്പെട്ടു.
ചിലർ കൈ ഒന്ന് നനച്ചിട്ട് ഓടിവന്നു.
പാത്രത്തിലേക്ക് കഞ്ഞി വിളമ്പിയപ്പോൾ കുട്ടികൾ മുഖത്തേക്ക് ഒരു നോട്ടം..
വറ്റിനേക്കാൾ കൂടുതൽ വെള്ളം ആയതുകൊണ്ടാവാം എന്ന് തോന്നി.
ചെറുപയർ ഉപ്പേരി കഞ്ഞിയിലേക്ക് ഇട്ടുകൊടുത്തു.
കുട്ടികൾ ആർത്തിയോടെ കഴിക്കുന്നത് നോക്കിയിരുന്നു..
“കുട്ടികളുടെ വീട്ടിലെ സ്ഥിതിയൊക്കെ കഷ്ടത്തിലാണ് അല്ലേ മാഷേ..?”
കുട്ടികൾ ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ സദാനന്ദൻ മാഷ് ചോദിച്ചു
” അതെ വളരെ കുറച്ച് കുട്ടികൾക്ക് മാത്രമേ വീട്ടിൽ നല്ല ചുറ്റുപാടുള്ളൂ.
ബാക്കിയെല്ലാ കുട്ടികളും തീരെ പാവപ്പെട്ട വീടുകളിലെ കുട്ടികളാണ്..”
“നമ്മുടെ നാട്ടിലെ ദാരിദ്ര്യം എന്ന് മാറും…?
വറ്റുകൾ കുറഞ്ഞ കഞ്ഞിക്ക് പകരം കുട്ടികൾക്ക് നല്ല പോഷക സമൃദ്ധമായ ആഹാരം സ്കൂളിൽ നിന്നും എന്നെങ്കിലും കിട്ടുമോ?”
മഞ്ജുഷ ടീച്ചറുടെ ചോദ്യം കേട്ട് രാജപ്പൻ മാഷ് ഒന്ന് ചിരിച്ചു.
നാലുമണിക്ക് ബെല്ലടിച്ചപ്പോഴേക്കും ദേശീയഗാനം പോലും തീരും മുൻപേ കുട്ടികൾ എല്ലാം ക്ലാസ്സിൽ നിന്നും ഇറങ്ങിയോടി.
“ഇതെന്താ മാഷേ ദേശീയഗാനം തീരും മുമ്പ് കുട്ടികളി ഇറങ്ങി ഓടുന്നത്…?”
“ഇവിടെ ഇങ്ങനെയാണ് മാഷേ ഒരെണ്ണം പറഞ്ഞാൽ കേൾക്കില്ല…!”
എല്ലാ കുട്ടികളും പോയി കഴിഞ്ഞപ്പോൾ സദാനന്ദൻ മാഷ് രാജപ്പൻ മാഷിന്റെ ഒപ്പം റോഡിലേക്ക് ഇറങ്ങി. സ്കൂളിന്റെ മുൻപിലുള്ള മണിയന്റെ പെട്ടിക്കടയിൽ കുറെ പേർ നിൽക്കുന്നുണ്ടായിരുന്നു.
” പുതിയ മാഷിന്റെ വീട് എവിടെ..? ”
സദാനന്ദൻ മാഷ് വീട് നാടും പറഞ്ഞു.
“എവിടെ താമസിക്കും?
മണിയൻ ചോദിച്ചു.
“അംഗൻവാടിയുടെ അടുത്തായിട്ട് ഒരു കെട്ടിടം ഇല്ലേ, നമ്മുടെ രവീന്ദ്രൻ ചേട്ടന്റെ…?”
“ആ തുന്നൽ കടയുള്ള കെട്ടിടം അല്ലേ?”
മണിയൻ ചോദിച്ചു.
“അതെ അതെ.. അതുകൊണ്ട്
രവീന്ദ്രൻ ചേട്ടന്റെ വീട് വരെ ഒന്നും പോയി നോക്കട്ടെ.”
രാജപ്പൻ മാഷ് പറഞ്ഞു.
പള്ളിയുടെ മുൻവശത്ത് കൂടിയുള്ള നടപ്പാതയിലൂടെ രവീന്ദ്രൻ ചേട്ടന്റെ വീട് ലക്ഷ്യമാക്കി ഇരുവരും നടന്നു….
(തുടരും…)




പഴയ സ്കൂളും , അധ്യാപകരും, കുട്ടികളുമൊക്കെ ഇന്നത്തെ തലമുറയ്ക്ക് കാണിച്ചു കൊടുക്കാം. നന്നായി എഴുതി. ചിത്രം വരച്ചു കാട്ടിയ പോലെ അവതരിപ്പിച്ചു.
സന്തോഷം