Tuesday, January 6, 2026
Homeഅമേരിക്കപലതരം പെണ്ണുങ്ങൾ: (ഫീച്ചർ - ഭാഗം 13) ✍ അനിത പൈക്കാട്ട്

പലതരം പെണ്ണുങ്ങൾ: (ഫീച്ചർ – ഭാഗം 13) ✍ അനിത പൈക്കാട്ട്

വിവാഹത്തെ കുറിച്ച് സ്വപ്നങ്ങൾ ഇല്ലാത്തവരുണ്ടോ ?

ആൺ കുട്ടികളായാലും, പെൺ കുട്ടികളായാലും അവരുടെ വിവാഹ ജീവിതത്തെ പറ്റി ഒത്തിരിയൊത്തിരി സ്വപ്നങ്ങളും സങ്കൽപ്പങ്ങളും ഉണ്ടാകും. ഇത്തരം സ്വപ്നങ്ങളുമായി ഒരു പാവാടക്കാരിയുണ്ടായിരുന്നു. പഠിക്കാൻ ഒന്നും വലിയ താൽപര്യമില്ലാതെ വീട്ടിലെ കർശന ചിട്ടകളോട് ഉള്ള് കൊണ്ട് വെറുക്കുകയും അവിടെ നിന്നു എവിടെയെങ്കിലും രക്ഷപെട്ടാൽ മതി എന്നു ചിന്തിച്ചവൾ,
അതിന് വഴി കല്യാണമാണെന്ന് കരുതിയവൾ, പതിനെട്ട് വയസ്സ് തികയുന്നതിന് മുൻപ് വളരെയേറെ സന്തോഷത്തോടെ കല്യാണത്തിന് സമ്മതിച്ചവൾ, അവളുടെ പേരാണ് അനുതാര.

ഭർത്താവിൻ്റെ വിരലിൽ തൂങ്ങി കുറേ സിനിമ കാണണം, കടൽ കാണാൻ പോകണം,
തിരമാലകളിൽ കാൽ നനച്ച് ഓടി മറയണം, ഭർത്താവിനെ പറ്റിച്ചേർന്നു കുറേ യാത്രകൾ പോകണം, തനിക്ക് വീട്ടിൽ നിന്നും നിഷേധിച്ച എല്ലാം തനിക്ക് സാധ്യമാക്കണം, അതൊക്കെ അവളുടെ കൊച്ച് കൊച്ച് വാശികളായിരുന്നു.

മറ്റൊരു വീട്ടിലേക്ക് ചെന്നു കയറുന്നതും, ആ വിട്ടിലെ ചുറ്റുപാടുകൾ, അവിടുത്തെ രീതികൾ, അതൊന്നും അവൾക്ക് ചിന്തകളിൽ പോലും വന്നിരുന്നില്ല.

ആ വീട്ടിൽ അവൾ കയറി ചെന്നപ്പോൾ അവിടെ ഒത്തിരി അംഗങ്ങൾ ഉണ്ടായിരുന്നു. തൻ്റെ ഭർത്താവിനെ നേരാംവണ്ണം അവൾക്ക് അടുത്തു കിട്ടുന്നുണ്ടായിരുന്നില്ല. ഭർത്താവിനോട് തൻ്റെ സ്വപ്നങ്ങളെ പറ്റി അവൾക്ക് എല്ലാം പറയണമെന്നുണ്ടായിരുന്നു.
രാത്രി കിടപ്പ് മുറിയിലെത്തിയാൽ ഉറക്കെ സംസാരിക്കാൻ പറ്റില്ല.
തൊട്ടടുത്ത മുറിയിൽ കിടക്കുന്ന അമ്മയും, ചേച്ചിയുടെ മക്കളും കേൾക്കുമെന്നു പറഞ്ഞു കാതിൽ രഹസ്യം പറയുന്ന ഭർത്താവ്, എന്നാലും തൻ്റെ ആഗ്രഹങ്ങൾ തന്നെ കൊണ്ട് കഴിയും പോലെ സാധിച്ചു തരുന്ന ഭർത്താവ്, കൈവിരലിൽ എണ്ണുന്ന ദിവസങ്ങൾ മാത്രമെ തൻ്റെ കൂടെ ഉണ്ടാവുകയുള്ളു എന്നറിഞ്ഞപ്പോർ അവൾ പകച്ചുപോയി.

അയാൾ ഗൾഫിലേക്ക് തിരിച്ചു പോയി. കുറച്ച് മാസങ്ങൾ കഴിഞ്ഞു അവളെയും കൊണ്ട് പോയി. അവളുടെ ജീവിതം അവിടെയായിരുന്നു ആരംഭിക്കുന്നത്.

നീണ്ട പത്തുവർഷം അവൾ എല്ലാ സൗഭാഗ്യങ്ങളോടും കൂടി ജീവിച്ചു.
ദൈവത്തിന് അസൂയ തോന്നിയതോ എന്തോ ? അവളുടെ ഭർത്താവിനെ
നേരത്തെ സ്വർഗ്ഗത്തിലേക്ക് കൊണ്ട് പോയി.

ഇനിയെന്ത് ?

അവൾ ആകെ പകച്ചുപോയി.

ഞാൻ ഒറ്റക്ക് എങ്ങിനെ മുന്നോട്ട് പോകും ?

ജീവിതത്തിൻ്റെ നേർക്കാഴ്ചകളെ പറ്റി അവൾക്ക് ഒന്നും അറിഞ്ഞുകൂടാ.
അപ്പോഴും കുട്ടിത്തം വിട്ടുമാറാത്തവൾ, ഭർത്താവിൻ്റെ ഓമനയായി ജീവിച്ചവൾ,
ഒരു ദിവസം എങ്ങിനെയെന്ന് തീരുമാനിക്കുന്നത് അവളുടെ ഭർത്താവായിരുന്നു.

അവളുടെ ഇഷ്ടങ്ങൾക്കായിരുന്നു എന്നും മുൻതൂക്കം.
തൻ്റെ ഒരു ദിനം എങ്ങിനെ തുടങ്ങണമെന്നറിയാതെ അവൾ നിശ്ചലയായി ഇരുന്നു. ഇനി ജീവിതത്തിലങ്ങോളം താൻ ഒറ്റക്കാണെന്ന ചിന്ത കാരണം അവൾ ഡ്രിപ്രഷനിലേക്ക് വഴുതിവീണു.
ഏകാന്തതയുടെ ഭീകരത അവൾ അറിഞ്ഞു.
ഭർത്തു വീട്ടിൽ അവൾക്ക് വിചാരിച്ച സുഖവും, സന്തോഷവും ഒന്നും കിട്ടിയിരുന്നില്ല.
അവൾ ആകെ ഒറ്റപ്പെട്ട പോലെ.

സ്വന്തം വീട്ടിലാണെങ്കിൽ വലിയ സാമ്പത്തിക ശേഷിയും ഉണ്ടായിരുന്നില്ല.
എന്നാലും അവൾ അവർക്കൊരു ഭാരവുമായിരുന്നില്ല. അവളുടെ സന്തോഷത്തിനും, സമാധാനത്തിനുമായി ഒരു ജോലിക്ക് വിടാം എന്ന് അച്ഛൻ തീരുമാനിച്ചു.
പുറത്തേക്ക് ഒന്നു ഇറങ്ങി ആളുകളുമായി ഇടപഴകുമ്പോൾ അവളിൽ മാറ്റം ഉണ്ടാകുമെങ്കിൽ അതല്ലെ നല്ലതെന്നു ആ സാധു മനുഷ്യൻ ചിന്തിച്ചു.

വർഷങ്ങൾ അങ്ങിനെ കടന്നുപോയി.
മറ്റൊരു വിവാഹത്തിന് ആദ്യമൊന്നും അവൾക്ക് ചിന്തിക്കാൻ കൂടെ ആവുമായിരുന്നില്ല.
പക്ഷേ പിന്നെയവൾക്ക് ഒരു തുണ വേണമെന്ന് തോന്നി.
കാരണം സമൂഹം. ഭർത്താവ് മരിച്ചവൾക്ക് വികാരങ്ങൾ ഉണ്ടാവില്ലേ ? എന്തിനത് അടക്കി നിറുത്തണം. പലരും പലപ്പോഴും പല രീതിയിലും അവളോട് ഇത്തരം വർത്തമാനങ്ങൾ പറയുവാൻ തുടങ്ങി.
സഹോദരനെ പോലെ കണ്ടവർ പോലും മറ്റൊരു കണ്ണ് കൊണ്ട് നോക്കാൻ തുടങ്ങി. തരം കിട്ടിയപ്പോൾ കൈ വെയ്ക്കുവാനും തുടങ്ങി.

പക്ഷേ അപ്പോഴെക്കും അച്ഛൻ കിടപ്പിലായി. അമ്മക്ക് ഒറ്റക്ക് അച്ഛനെ നോക്കാൻ പറ്റില്ല. അമ്മയുടെ സങ്കടങ്ങളും നീ പോയാൻ ഞങ്ങൾക്ക് ആരുണ്ട് മോളെ ? എന്നു കണ്ണ് നിറച്ചു കൊണ്ടുള്ള ചോദ്യം അവളെ തളർത്തി.

അച്ഛൻ മരണപ്പെട്ടു. അമ്മയും, മകളും മാത്രമായി പിന്നെ.
അച്ഛൻ പോയ ശേഷം ചിറകറ്റ പോലെയായി ആ രണ്ട് മനുഷ്യ ജൻമങ്ങളും.
മകളെ സംരക്ഷിക്കുവാൻ ഞാൻ മാത്രമെ ഉള്ളു എന്ന് വിചാരിച്ചു.
ആ അമ്മ അവളുടെ നിഴൽ പോലെ പിൻ തുടർന്നു. അവൾ പുറത്തുപോയാൽ വരുന്നത് വരെ പ്രാണൻ കൈയ്യിൽ പിടിച്ച് ആ അമ്മ വെള്ളം പോലും കുടിക്കാതെ അങ്ങിനെയങ്ങ് ഇരിക്കും.
സന്ധ്യ ആയി ഇരുൾ പടരുന്നതിന് മുന്നേ വാതിലുകളെല്ലാം അടച്ചു.
മകൾക്ക് കാവലായി തന്നോട് ചേർത്തു ഒരു കട്ടിലിൽ മകളെ കിടത്തി. നമുക്കാരുമില്ല, മോള് ശ്രദ്ധിക്കണം എന്ന് പറഞ്ഞു കൊണ്ടേയിരിക്കും.

ഒരു നാൾ അമ്മയും പോയപ്പോൾ അവൾ നിസ്സഹായതയോടെ തൻ്റെ ഇനിയുള്ള ജീവിതത്തെ നോക്കി കണ്ടു.
എങ്ങിനെയാണ് ഞാൻ മുന്നോട്ട് പോകുക ?
ഒറ്റക്ക് ജീവിച്ചു പഠിക്കണം. തളരരുതു എന്ന് പറയാൻ ഒരു പാട് ആളുകൾ ഉണ്ടായി.
ജീവിതം വലിയ ചോദ്യചിഹ്നമായി മാറി.
തൊട്ട് അയൽവക്കത്തുള്ള ചേട്ടൻ്റ മനം മാറ്റം ആയിടക്കാണ് ഉണ്ടായത്.

നിനക്ക് ഞാനുണ്ട്.. ഞാൻ നോക്കാം നിന്നെ.. ആരും അറിയണ്ട.. ഞാൻ ഇടക്ക് വരാം
നീ സഹകരിക്കണം.

അയാളുടെ പ്രലോപനങ്ങൾ കേട്ട് അവൾക്ക് ഉറക്കെ ഉറക്കെ നിലവിളിക്കാൻ അല്ലാതെ മറ്റൊന്നിനും കഴിയുമായിരുന്നില്ല.

ഒരു തുണ വേണം തനിക്കെന്നു അവൾ ചിന്തിക്കുവാൻ തുടങ്ങി.
തനിക്ക് പേടിയില്ലാതെ കഴിയുവാൻ, തൻ്റെ സങ്കടങ്ങളും ദുഖങ്ങളും പങ്കിടുവാൻ ഒരാൾ അപ്പോഴാണ് അവളുടെ ജീവിതത്തിൽ വന്നത്.

ആരും ആശ്രയമില്ലാത്തവൾക്ക് അത് വലിയൊരു ആശ്വാസമായിരുന്നു.
പക്ഷേ ഉള്ളുകൊണ്ടവൾക്ക് ഭയം ഉണ്ടായിരുന്നു.
എന്തിനാണെന്ന് ചോദിച്ചാൽ പറയാൻ അവൾക്കറിയില്ല.

പ്രായത്തിൽ അന്തരമുള്ള ഒരാൾ അവളിലെ ചിന്തകൾക്കെല്ലാം സ്നേഹം കൊണ്ടും, കരുതൽ കൊണ്ടും, പ്രണയം കൊണ്ടും, അവൻ അവളെ ചേർത്തുപിടിച്ചു. അനാവശ്യ ചിന്തകളെ കാറ്റിൽ പറത്തിവിട്ടു. തൻ്റെ ഭർത്താവ് തന്റെത് മാത്രമാണെന്ന് ഏതൊരു ഭാര്യയെ പോലെ അവളും ആഗ്രഹിച്ചു. അവൻ അവളെ സങ്കടപ്പെടുത്തിയതെ ഇല്ല.

ജീവിതത്തിൻ്റെ രണ്ടാം യാമത്തിൽ അവൾ എല്ലാ സൗഭാഗ്യത്തോടും കൂടി ജീവിക്കുകയായിരുന്നു.
തൻ്റെ ഭർത്താവ് വീണ്ടും പുതുമ തേടി പോകുമോ എന്ന ഭയം അവളിൽ ഇടക്ക് മുള പൊട്ടും.
അവൻ്റെ സ്നേഹത്തിന് മുന്നിൽ അതെല്ലാം ഇല്ലാതാകും.
ഇനിയെങ്കിലും സമാധാനമായി ജീവിക്കണം എന്നവൾ ആഗ്രഹിച്ചു.

തൻ്റെ ഭാര്യ ആരുമായിട്ടും അടുക്കുന്നതിൽ തെറ്റില്ല എന്ന ചിന്താഗതിക്കാരനായ ഭർത്താവ്. ആരുമായും സെക്സ് ചെയ്യാം അതിൽ ഒരു തെറ്റുമില്ല.

ഈ വാക്കുകൾ അവളിൽ വല്ലാത്ത ഭീതി ഉണ്ടാക്കി. അവൻ്റെ സ്നേഹത്തിന് മുന്നിൽ അവളിലെ ഭയം മാഞ്ഞുപോയി. പക്ഷേ വീണ്ടും വീണ്ടും അവൻ
പറഞ്ഞു കൊണ്ടേയിരുന്നു.

അവരുടെ സന്തോഷ വേളകളിൽ അവർ ഒന്നാകുമ്പോൾ, മറ്റ് പുരുഷൻമാരെ ഓർക്കുവാനും അവരുമായി സെക്സ് ചെയ്യുവാനും അവൻ പറഞ്ഞു കൊണ്ടേയിരുന്നു.
അവളോട് സ്നേഹം ഉണ്ടാവാനും, കൂടെ എന്നും ഉണ്ടാവാനും, അവനെ അനുസരിക്കുവാനും പറഞ്ഞു തുടങ്ങി.

അവൻ അല്ലാതെ അവൾക്ക് മറ്റാരുമില്ല.
അവൻ ജീവിതത്തിൽ വന്ന ശേഷം അവൾക്കുള്ള മാറ്റം.
ഇനി പിൻതിരിഞ്ഞു നോക്കാൻ പറ്റില്ല. അവൻ ഇല്ലാതെ ഒരു നിമിഷം പോലും ജിവിക്കാൻ അവൾക്ക് ആവുമായിരുന്നില്ല.
അവൻ്റെ നഷ്ടം അവളുടെ മരണത്തി ലേക്കെ കലാശിക്കു.
അത് അവൾക്കറിയാം.

ഒരു യാത്രയിൽ തൻ്റെ കൂട്ടുകാരനുമായി ബന്ധപ്പെടുവാൻ അവൻ നിർബന്ധിച്ചു. അവൾക്കത് അനുസരിക്കേണ്ടി വന്നു. തൻ്റെ ഭർത്താവ് നോക്കി നിൽക്കേ, ആദ്യം അവളിൽ അത് വെറുപ്പും അറപ്പും ഉണ്ടാക്കി. കഠിനമായ വേദനയും.

പക്ഷേ അവൻ ഇല്ലാതെ അവൻ്റെ സ്നേഹമില്ലാതെ എങ്ങിനെ മുന്നോട്ട് പോകും. ആളുകൾ സമൂഹത്തിനോട് എന്ത് പറയും. ഒറ്റക്ക് എങ്ങിനെ ബാക്കി ജീവിതം തള്ളി നീക്കും.
അവളിലെ ഓരോ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താൻ അവളുടെ ആന്മാവിന് പോലും കഴിഞ്ഞിരുന്നില്ല.

ആരുമില്ലാത്ത എനിക്ക് അവൻ മാത്രമെ ഉള്ളു. അവൻ ഇല്ലാതെ എനിക്ക് ഈ ഭൂമിയിൽ ജീവിക്കാൻ കഴിയില്ല എന്നവൾ നെഞ്ച് പൊട്ടി പറയുമ്പോൾ
അവളെക്കാൾ നൊമ്പരത്തോടെ നിസ്സഹായതയോടെഎനിക്ക് ശിലയായി നിൽക്കാനെ കഴിഞ്ഞുള്ളു.

തുടരും..

അനിത പൈക്കാട്ട്✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com