ജീവിതം ഒന്നെ ഉള്ളു. അല്ലേ ?
നമ്മുടെ ജീവിതം എങ്ങിനെയായിരിക്കണമെന്നതും, നമ്മൾ എങ്ങിനെ ഈ ജീവിതം ജീവിച്ചു തീർക്കണം എന്നതും, അവനവൻ്റെ മാത്രം ഉത്തരവാദിത്വമാണ്.
നമ്മുടെ ഒരേ ഒരു ജീവിതം എങ്ങിനെ ജീവിക്കണമെന്നത് നമ്മൾ തന്നെ തീരുമാനിക്കണം. അല്ലാതെ ആളുകൾ എന്ത് പറയും എന്ന് ചിന്തിച്ചു ജീവിക്കുവാൻ പോയാൽ നമ്മുടെ ജീവിതമാണ് ഒന്നുമല്ലാതായി തീരുന്നത്.
നമ്മുടെ സന്തോഷം നമ്മൾ തന്നെ കണ്ടെത്തണം. മറ്റാരും അത് കൊണ്ടു തരില്ല.
നമ്മൾ നമ്മളായി ജീവിക്കുക. നമ്മുടെ ഏറ്റ കുറച്ചിലുകൾ നമ്മൾ മാത്രം അറിയുക. അതല്ലേ നല്ലത് ?
കൂട്ടൂ കൂടുവാനും, തമാശ പറയുവാനും ഒക്കെ കുറെയേറെ ആളുകൾ കാണും. അവർ നമ്മളോട് ചാരി നിന്നു നമ്മുടെ സന്തോഷങ്ങൾ കേൾക്കുകയും, സങ്കടങ്ങളിൽ ചേർത്തുപിടിക്കുന്നതായി അഭിനയിക്കുകയും ചെയ്യും. നമ്മുടെ സന്തോഷങ്ങളിൽ അവർ അസൂയ കൊള്ളുന്നവരും, സങ്കടങ്ങളിൽ ഉള്ളാൽ സന്തോഷിക്കുന്നവരായിരിക്കും നമുക്ക് ചുറ്റുമുള്ളവരിൽ ഏറെക്കുറെ.
നമ്മൾ ഇതറിയുന്നില്ല എന്നതാണ് സത്യം.
എന്താണ് ബന്ധങ്ങൾ ?
അവനവനും, അവൻ്റെ കുടുംബവും. അത്രയെ ഉള്ളു.
അത് മനസ്സിലാക്കിയാൽ തന്നെ നമ്മൾ ആരെയും ആശ്രയിക്കാൻ പോകില്ല.
അച്ഛനും, അമ്മയും ഉള്ള കാലഘട്ടമാണ് ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം. അതേ, അവിടെയേ ബന്ധങ്ങൾക്ക് കൂടുതൽ ദൃഢത ഉള്ളു.
കൂടപിറപ്പുകൾ തമ്മിൽ ഒരു ഐക്യമുള്ളൂ.
നമ്മളുടെ സങ്കടങ്ങളും, ഏത് പരാതികളും കേൾക്കുവാൻ രണ്ട് പേർ എപ്പോഴും അവിടെ ഉണ്ട്. എല്ലാത്തിനുമുള്ള പരിഹാരവും അവിടെ നിന്നു മാത്രമെ കിട്ടുകയുള്ളു.
പെൺമക്കൾക്ക് ഏറ്റവും വലിയ ആശ്വാസമാണ് അമ്മ എന്ന വലിയ തണലും, അച്ഛൻ എന്ന വൻ മതിലും. അവർ ഇല്ലാതായാൽ നമുക്ക് പ്രായമായി. ആരോടും ഒന്നും പറയുവാനാവാതെ, ഉള്ളുരുക്കത്തിൽ നമ്മൾ അങ്ങിനെ പിടയും.
ബന്ധങ്ങൾക്ക് വലിയ ഈടും ഉറപ്പുമൊന്നും പിന്നെ കാണില്ല. ബന്ധങ്ങൾ അങ്ങിനെയൊക്കെയാണ്.
ഞാൻ എത്രമാത്രം എല്ലാവരെയും സ്നേഹിക്കുന്നു. പക്ഷെ അവരൊക്കെ എന്നെ അത്രമാത്രം തിരിച്ചും സ്നേഹിക്കുന്നുണ്ടോ ?
“ഹേയ് ” ഇല്ല. ഒരു തരി പോലും തിരിച്ചു കിട്ടുന്നില്ല. അതല്ലേ സത്യം ?
ഇങ്ങനെ ചിന്തിക്കുന്നത് വെറുതെയാണ്.
നമ്മൾ അളന്നാണോ സ്നേഹം കൊടുക്കുന്നത് ?
അത് പോലെ തന്നെ തിരിച്ചു കിട്ടണം എന്നു ചിന്തിക്കുന്ന നമ്മൾ മഠയന്മാർ തന്നെ.
സ്നേഹവും കരുതലുമൊന്നും നമ്മൾ ചിന്തിക്കുന്നത് പോലെ ആരും തിരിച്ചു തരില്ല. ഓരോരുത്തർക്കും അവരവരുടെ കുടുംബമാണ് ഏറ്റവും വലുത്.
ഇങ്ങനെ ചിന്തിച്ചാൽ പിന്നെ നമ്മളാരുടെയും സ്നേഹത്തിനും പരിഗണനക്കും കാത്തു നിൽക്കില്ല. നമുക്ക്, നമ്മൾ മാത്രം, നമ്മുടെ കുടുംബവും എന്നങ്ങ് ചിന്തിച്ചാൽ മതി.
മക്കളിൽ നിന്നു പോലും നമ്മൾ ആഗ്രഹിച്ച പോലുള്ള കരുതലോ സ്നേഹമോ കിട്ടുന്നുണ്ടോ ?
അവർക്ക് സ്നേഹമില്ലാഞ്ഞിട്ടല്ല. അവർക്കും അവരുടെതായ തിരക്ക് ഉണ്ടാവും. അതുകൊണ്ടായിരിക്കും. അവരെയും കുറ്റം പറയുവാൻ പറ്റില്ല. ഇങ്ങനെയും ചിന്തിച്ചാൽ തീർന്നില്ലേ ഈ പ്രശ്നവും ?
ഞാൻ മിക്കപ്പോഴും യാത്ര പോകും. അമ്പലങ്ങളിലാണ് കൂടുതൽ പോകാറുള്ളത്.
യാത്ര പോകുന്നത് എൻ്റെ മനസ്സിന് വലിയ ആനന്ദമാണ്. എൻ്റെ ഏകാന്തതതക്കിടയിൽ
വലിയ ആശ്വാസവും ആണത്.
എനിക്ക് ചേരുന്ന ആൾക്കാരെ മാത്രമേ ഞാൻ എപ്പോഴും കൂടെ കൊണ്ടു പോകാറുള്ളു. പലപ്പോഴും എൻ്റെ ബന്ധത്തിലുള്ള സഹോദരിമാരും, മക്കളും ആയിരിക്കും കൂടെ വരുന്നത്. തമാശയും ചിരിയുമായി അവർ കൂടെ ഉണ്ടാകും.
അതാണ് വേണ്ടത്. അല്ലാതെ സങ്കടങ്ങളും, ആവലാതികളുടെ ഭാണ്ഡവുമായി ഭഗവാൻ്റ അടുത്തു പോകുന്നത് എനിക്ക് തീരെ ഇഷ്ടമല്ല.
യാത്ര തുടങ്ങുമ്പോൾ തന്നെ ഞാൻ ആ ഭാണ്ഡം വഴിയിൽ വലിച്ചെറിയും.
ഒഴിഞ്ഞ മനസ്സുമായിട്ടാണ് എൻ്റെ ഓരോ യാത്രയും. ഞാൻ ഓരോ യാത്രകളും നന്നായി ആസ്വദിക്കും.
എത്ര കണ്ടാലും മതി വരാത്ത പ്രകൃതി ഭംഗി, പച്ചപ്പ്, ഏത് പ്രായത്തിലും മടുക്കാത്ത പലതരം കാഴ്ചകൾ, നമ്മളെക്കാൾ വേഗത്തിൽ പുറകോട്ട് ഓടുന്ന മരങ്ങൾ, കാടുകൾ, കുന്നുകൾ, എന്നെ പിൻ തുടരുന്ന ആകാശം, പല ഭാവത്തിൽ നിറയെ വെള്ള പഞ്ഞി കെട്ടുകൾ അടുക്കി വെച്ചത് പോലെ.
ആ മേഘങ്ങൾ കെട്ട് പൊട്ടി ആകാശത്ത് വിതറി ഇട്ടത് പോലെ. ഈ ഭംഗി ആസ്വദിച്ചൊരു യാത്ര. വല്ലാത്തൊരു അനുഭൂതി ആണത്.
ദൈവത്തിൻ്റെ മുന്നിൽ പോലും ഞാൻ ഒരു പരാതിയും നിരത്താറില്ല. നിന്നെ കാണാൻ ഒരവസരം നീ തന്നല്ലോ എന്ന് ദേവനോട് പറയും. ഇതാണ് എൻ്റെ രീതി, ഇതാണ് എൻ്റെ സന്തോഷവും.
ഇങ്ങനെ ഒരുപാട് യാത്രകൾ ഞാൻ ചെയ്തിട്ടുണ്ട്.
പക്ഷേ, ഇന്നുവരെ ഞാൻ യാത്രകളിൽ കൂടെ കൂട്ടിയവരൊന്നും ഒരിക്കലും
അവരുടെ യാത്രകളിൽ എന്നെ കൂടെ കൊണ്ടു പോയിട്ടില്ല.
അവരും അവരുടെ മക്കളും മാത്രമായുള്ള യാത്രകൾ ആയിരുന്നു അത്. ഏകാന്തതയിൽ മുങ്ങിത്താഴുന്ന എന്നെ ഒന്ന് വിളിച്ചു കൂടെ കൂട്ടിയിരുന്നെങ്കിൽ
എന്നു ഞാൻ ഇതുവരെ ചിന്തിച്ചിരുന്നില്ല.
ഉള്ളിൽ നൊമ്പരമുണ്ടോ ?
ഹേയ് അതും ഇല്ല.
ഒരു തരം നിർവികാരത മാത്രം.
അത്രമാത്രം.
നമ്മൾ കൊടുക്കുന്ന സ്നേഹം, പരിഗണന, അതൊന്നും നമുക്ക് ആരും തിരിച്ചു തരാറില്ല.
നമ്മളെ കൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടോ ?
അപ്പോൾ അവർ നമ്മളെ അന്വേഷിച്ചു കൊണ്ടേയിരിക്കും.
അതാണ് ഇന്നത്തെ ലോകം.
സ്നേഹത്തിന് കണക്ക് പറച്ചിലുകൾ ഇല്ല. കൊടുക്കുന്നതിന് ഒരളവു കോലും ഇല്ല.
തിരിച്ചു കിട്ടുമെന്നു കരുതി ആരെയും സ്നേഹിക്കാതിരിക്കുക.
അതാണ് വേണ്ടത്.
ശ്വാസം നിലയ്ക്കുന്നത് വരെയെ ഉള്ളു ഇതൊക്കെ.
നമ്മളെ, കൂടെ നിർത്തുവാനും, ചേർത്തു പിടിക്കുവാനും, നിനക്ക് ഞാനുണ്ട് എന്ന് ഉറക്കെ പറയുന്നതും, കേവലം ഒരു വാക്കും പ്രവർത്തിയുമല്ല. അത് ജീവൻ്റെ തുടിപ്പേറുന്നൊരു മന്ത്രമാണത്.
പല പെണ്ണുങ്ങളും ഇന്ന് തനിച്ചാണ്.
ഭർത്താവ് മരിച്ചവർ, മക്കൾ വിദേശത്തുള്ളവർ.
അവരുടെ ഏകാന്തതയിൽ ചുഴിഞ്ഞു നോക്കി കുറ്റങ്ങൾ കണ്ടു പിടിക്കാതെ അവരെ ദയാപൂർവ്വം ഒന്നു നോക്കുകയെങ്കിലും ചെയ്യുക.
ഒന്നു മിണ്ടുവാനാളില്ലാതെ, സങ്കടങ്ങൾ ആരോടും പറയുവാൻ പറ്റാതെ, എപ്പോഴും
തനിച്ചാണെന്നുള്ള ഭയവും സങ്കടവും കൊണ്ട് മൗനത്തിൻ്റെ മുഖം മൂടി മാത്രം അണിഞ്ഞവരാണത്.
അത് അവരുടെ തൻ്റെടമോ, ഇഷ്ടമില്ലായ്മയോ അല്ല.
ഒന്ന് അലിവോടെ വിളിച്ചാൽ അവരെ കേൾക്കുവാൻ ഒന്നു നിന്നു കൊടുത്താൽ മാത്രം മതി അവർക്ക്.
ആ കൈകളിൽ ചുറ്റിപ്പിടിച്ച് അവർ ആശ്വാസത്തിൻ്റെ മഞ്ഞുമല പൊഴിക്കും. സ്നേഹത്തിൻ്റെ ചുട് നിശ്വാസങ്ങളിൽ പോലും കരുണയുടെ കൂപ്പു കൈകൾ നിങ്ങൾക്ക് കാണുവാനാകും.
തുടരും..




ഇന്നു പൊതു കാര്യങ്ങൾ ആണല്ലോ..
സ്ത്രീ യെ പരിഗണിക്കണം എന്ന ചിന്ത
ആവശ്യം തന്നെ
നല്ല ചിന്തകൾ
ഈ ടോപ്പിക്ക് എനിക്ക് വളരെ ഇഷ്ടപ്പെട്ടു 👍