പ്രിയ വായനക്കാരെ,
ഞാൻ എഴുതുന്നു എന്നെപ്പോലെയുള്ള സമൂഹത്തിലെ എനിക്കറിയാവുന്ന ചില പെണ്ണുങ്ങളെപ്പറ്റിയാണ്.
ഒരു പെണ്ണിനേ മറ്റൊരു പെണ്ണിൻ്റെ മനസ്സ് മനസ്സിലാകു എന്ന് നമ്മൾ കേട്ടിട്ടില്ലേ?.
നമുക്ക് ചുറ്റും അനവധി സ്ത്രീകൾ ഉണ്ട്.
അവരുടെ സ്വപ്നങ്ങൾ, സന്തോഷങ്ങൾ..
ഇവയൊക്കെ ആരെങ്കിലും അന്വേഷിച്ചിരുന്നോ?, സ്വന്തം വീട്ടിൽ പോലും ആരും അന്വേഷിച്ചിട്ടുണ്ടാവില്ല.
ഇന്ന് പ്രാതലിന് പുട്ടും പയറും മതി-
ഭർത്താവിൻ്റെ ഇഷ്ടം.. അമ്മേ പുട്ടിന് പയറ് എനിക്ക് വേണ്ടാ മുട്ട റോസ്റ്റ് മതി- മകൻ്റെ ഇഷ്ടം.. എനിക്കും അത് മതി- മകളുടെ തീരുമാനം.
അവൾ എല്ലാം ഉണ്ടാക്കി മേശപ്പുറത്തു വെച്ചു
അമ്മക്കെന്താ ഇഷ്ടം എന്നു ആരെങ്കിലും അന്വേഷിച്ചോ?..
നിനക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കു എന്നു ഭർത്താവും പറഞ്ഞില്ല, അവൾക്ക് അങ്ങിനെ ഇഷ്ടങ്ങൾ ഉണ്ടോ?.. ആരറിയാൻ…
എൻ്റെ അയൽപക്കത്ത് ഒരു ചേച്ചിയുണ്ട്. അവർക്ക് അറുപത്തഞ്ച് വയസ്സ്, എൻ്റെ വീട്ടിലാണ് രാത്രി താമസം എനിക്ക് കൂട്ടിനായി വരുന്നതാണ്. അവരുടെ വീട്ടിൽ രാവിലെ പോകും വൈകുന്നേരം എൻ്റെ വീട്ടിലേക്കും വരും. ഭർത്താവ് മരിച്ചു പോയി മക്കളില്ല.
കിട്ടുന്നതെല്ലാം അനിയത്തിക്കും മക്കൾക്കുമായി വീതിക്കും. പകൽ മുഴുവൻ അവിടുത്തെ ജോലി ചെയ്യും വൈകിട്ട് എൻ്റെ വീട്ടിൽ വന്നിട്ടാണ് വിശ്രമം. ടിവി ഇരുന്നു കാണും അതിലെ കഥാപാത്രങ്ങളെ വഴക്ക് പറയുന്നത് കേൾക്കാം ഇത് ശരിയല്ല അത് ശരിയല്ല എന്ന് ഒക്കെ തനിയെ പറയുന്നത് കേൾക്കാം.
അത്താഴം കഴിഞ്ഞു കിടന്നാൽ ഫോൺ എടുത്തു വിളിക്കും. നാട്ടു വിവരങ്ങളും അവരുടെ അന്നത്തെ ദിവസങ്ങളിലെ ഓരോ കാര്യവും ഫോണിനപ്പുറത്തെ ആളോട് പറയുന്നത് കേൾക്കാം. അതിൽ സന്തോഷമുണ്ട്, സങ്കടങ്ങൾ ഉണ്ട് അതല്ലൊം അയാളോട് വിവരിക്കും. അയാളുടെ വിശേഷങ്ങളും ഇങ്ങോട്ട് കൈമാറും. അത് കഴിഞ്ഞു അപ്പുറത്തെ ആൾ പാട്ട് പാടും. ഫോൺ സ്പീക്കറിലിട്ട് അവരും അടുത്ത വരികൾ കൂടെ ചേർന്നു പാടുന്ന കേൾക്കാം,
ഇതെല്ലാം എന്നുമുള്ള രാത്രികളിലെ എൻ്റെ സുഖകരമായ കാഴ്ചകളായിരുന്നു. പതിനൊന്നു ആവുന്നവരെ കലാപരിപാടി തുടരും, ഇനി നാളെ കാണാം എന്നു പറഞ്ഞു ഫോൺ വെക്കും.
എല്ലാം തുറന്നു പറച്ചിലിലൂടെ മനസ്സിലുള്ള സങ്കടങ്ങളുടെ ഭാരങ്ങൾ അഴിച്ചു വിട്ട് അവർ കൂർക്കം വലിച്ച് ഉറക്കമാവും.
ആൾ ആരാണ് എന്ന് ഒരു ദിവസം ഞാൻ ചോദിച്ചു, ഹോസ്പിറ്റലിൽ നിന്നു പരിചയപ്പെട്ടതാണ് എന്ന് പറഞ്ഞു. ഭാര്യ മരിച്ചു പോയി തനിച്ചാണ് താമസം കൂട്ടിന് മൂന്ന് നാല് പൂച്ചകളും. ഞങ്ങളിൽ ഒരാളുടെ മരണം വരെ ഇങ്ങനെയങ്ങ് പോകട്ടെ എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു. അത് ഇന്നോ നാളെയോ ആവാം മനുഷ്യൻ്റെ കാര്യമല്ലേ. അതും പറഞ്ഞു അവർ എന്നെ നോക്കി ചിരിച്ചു, എൻ്റെ ഉള്ളും വല്ലാതെ പിടച്ചു. എവിടെയോ ഒരു നീറ്റൽ അനുഭവപ്പെട്ടു.
വളരെ ചെറുപ്പത്തിൽ കല്യാണം കഴിച്ചു ആ ദാമ്പത്യത്തിൽ മക്കളും ഉണ്ടായില്ല.
ഭർത്താവും മരിച്ചപ്പോൾ ആ സാധു സ്തീ ഒറ്റക്കായി, ആരെങ്കിലും ജോലിക്ക് വിളിച്ചാൽ അവർ പോകും. ആ കിട്ടുന്ന പൈസയും അനിയത്തിക്കും മക്കൾക്കുമായി വീതം വെക്കും. സ്വത്തുക്കൾ ഉണ്ട്, അനിയത്തിയുടെ രണ്ടു മക്കളുടെ പേരിലും എഴുതി വെച്ചു.
എല്ലാം അവരുടെ തന്ത്രം. എന്നിട്ടും ഒരു സാരി പോലും അവർക്ക് ആരും വാങ്ങി കൊടുക്കാറില്ല. ഞാൻ ഓണത്തിനും വിഷുവിനും വാങ്ങി കൊടുക്കുന്ന സാരികൾ
അവരുടെ കൈയിലേക്ക് കൊടുക്കുമ്പോൾ ആ മുഖത്തു ഉണ്ടാകുന്ന സന്തോഷം കണ്ടിട്ട് എൻ്റെ മനസ്സ് നിറയുമായിരുന്നു.
എപ്പോഴും മൂളിപ്പാട്ട് പാടി നടക്കുന്ന അവരെ കാണുമ്പോൾ എനിക്ക് എപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്. ഞാൻ ഒറ്റക്കാണെല്ലോ അമ്മയോ അച്ഛനോ കൂടപ്പിറപ്പുകളോ ഇല്ലല്ലോ എന്ന ചിന്തയിൽ ഏത് സമയത്തും ദുഖിച്ചിരിക്കുന്ന എനിക്ക് അവർ ഒരു മാതൃക തന്നെയായിരുന്നു. ചില നേരം എൻ്റെ അമ്മയെപ്പോലെ തോന്നുമായിരുന്നു, അവരെ സങ്കടങ്ങൾ പറഞ്ഞു കേട്ടിട്ടില്ല ചിലനേരം കണ്ണു നിറയുന്നത് കാണാം അപ്പോഴും ചിരിച്ചു കൊണ്ട് കണ്ണ് തുടക്കും.. അതാണ് ശോഭേച്ചി എന്ന പാവം സ്ത്രീ..
തുടരും.
തുടരട്ടെ
പലതരം പെണ്ണുങ്ങൾ..
വ്യത്യസ്തമായ വിഷയം വ്യത്യസ്തമായ അവതരണം..
തീർച്ചയായും മനുഷ്യന് ഒന്ന് ചിന്തിക്കാൻ ഇട കൊടുക്കുന്ന ലേഖനം
നല്ല അവതരണം 🌹