Saturday, January 24, 2026
Homeഅമേരിക്കഓർമ്മയിലെ മുഖങ്ങൾ: 'കെ. അയ്യപ്പപ്പണിക്കർ' ✍ അവതരണം: അജി സുരേന്ദ്രൻ

ഓർമ്മയിലെ മുഖങ്ങൾ: ‘കെ. അയ്യപ്പപ്പണിക്കർ’ ✍ അവതരണം: അജി സുരേന്ദ്രൻ

മലയാള കവിതയെ ആധുനികതയുടെ വിശാല ലോകത്തേക്ക് കൈപിടിച്ചു നടത്തിയ സാഹിത്യകാരനായിരുന്നു ഡോ.കെ. അയ്യപ്പപ്പണിക്കര്‍. അറിവിന്‍റെ ആഴങ്ങൾ തേടിയ, ക്ഷമാപൂർവ്വം വിദ്യാർഥികൾക്കത് പകർന്നു കൊടുത്ത മഹാദ്ധ്യാപകൻ, നിരൂപകൻ, സൈദ്ധാന്തികൻ അങ്ങനെ എത്രയെത്ര മുഖങ്ങൾ….

മാറ്റത്തിൻ്റെ ശംഖുനാദം മുഴക്കി കൊണ്ട് സാഹിത്യ ലോകത്തിലേക്ക് കടന്നു വന്ന പ്രിയ കവിയുടെ രചനകളെല്ലാം രൂപത്തിലും ഭാവത്തിലും വൈവിധ്യം പുലർത്തുന്നവയാണ്. സാഹിത്യലോകത്തിൽ തൻ്റേതായ നവഭാവങ്ങൾ കൊണ്ടുവരാൻ ആദ്യകാലം മുതലേ അദ്ദേഹം ശ്രമിച്ചിരുന്നു. നാടകം, ചിത്രരചന, സിനിമ തുടങ്ങിയ മാധ്യമങ്ങളിലും സാന്നിധ്യമറിയിച്ചിരുന്നു.

1930 സെപ്റ്റംബർ 12 നു ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ കാവാലം കരയിലായിരുന്നു അയ്യപ്പപ്പണിക്കരുടെ ജനനം. മീനാക്ഷി അമ്മയും നാരായണന്‍ നമ്പൂതിരിയും ആണ് മാതാ-പിതാക്കൾ. മലബാർ ക്രിസ്ത്യൻ കോളജിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കിയ അയ്യപ്പപണിക്കര്‍ അമേരിക്കയിലെ ഇന്‍ഡ്യാന സര്‍വ്വകലാശാലയില്‍ നിന്നും പി.എച്ച്ഡി ബിരുദം കരസ്ഥമാക്കി.

ഇംഗ്ലീഷ് വിഭാഗം അധ്യാപകനായി സി.എം.എസ് കോളേജ് കോട്ടയം, എം.ജി കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. പിന്നീട് കേരള യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ പ്രൊഫസറും വകുപ്പ് മേധാവിയുമായി.

കാല്പനികതയിലൂടെ എഴുത്തിലേക്ക് കടക്കുകയും പിന്നീട് കാല്പനികതയ്ക്കെതിരെ കലഹിക്കുകയും ചെയ്ത കവി. പനിനീർപ്പൂക്കൾ എന്ന കാവ്യസമാഹാരത്തിലൂടെയാണ് അയ്യപ്പപണിക്കർ മലയാള കാവ്യസാഹിത്യത്തിലേക്ക് കാലെടുത്ത് വച്ചത്.

നിയതമായ ചതുരത്തിലൊതുങ്ങാതെ പുതിയ മാറ്റങ്ങൾക്ക് വിധേയനായ കവിയായിരുന്നു. മലയാള കവിതയെ ലോകശ്രദ്ധയിലേക്കു എത്തിക്കുകയും ഒട്ടേറെ വിശ്വസാഹിത്യസമ്മേളനങ്ങളിൽ മലയാളത്തെ പ്രതിനിധീകരിച്ച അദ്ദേഹം മലയാള സാഹിത്യത്തിന്റെ ആഗോള പതിപ്പ് എന്നറിയപ്പെട്ടിരുന്നു.

അദ്ദേഹത്തിൻ്റെ കുരുക്ഷേത്രം എന്ന കവിത മലയാള കവിതയിൽ ആധുനികത വിളംബരം ചെയ്ത കവിതയായാണ് കരുതപ്പെടുന്നത്. മൂല്യച്യുതിസംഭവിച്ച ഇന്നത്തെ ലോകാവസ്ഥയോട് വിമർശനാത്മകമായി പ്രതികരിക്കുന്ന കവിതയാണ് കുരുക്ഷേത്രം.

കർത്തവ്യനിർവ്വഹണത്തിൻെറ മഹത്വം വിളംബരം ചെയ്യുന്ന പൂക്കാതിരിക്കാൻ എനിക്കാവതില്ലേ എന്ന കവിത കർത്തവ്യബോധം നഷ്ടപ്പെട്ട മനുഷ്യകുലത്തിനാകെ നല്കുന്ന ഉപദേശമാണ്. 70-80 കളിലും ക്യാമ്പസുകൾ ഏറ്റുചൊല്ലിയ കവിതയാണ് പകലുകൾ രാത്രികൾ. വേർപിരിയൽ, വിരഹം ഇവയെക്കുറിച്ചുള്ള ആശങ്കയിൽ നിൽക്കുന്ന മനുഷ്യൻ്റെ വികാര വിക്ഷോഭങ്ങളാണ് കവിതയിലുടനീളം പ്രകടമാകുന്നത്.

ഇല്ലാത്ത കുതിരക്കൊമ്പു തേടി അലഞ്ഞു നടക്കുന്ന രാജകുമാരൻ കൃത്രിമമായിചമച്ച കുതിരക്കൊമ്പിൻെറ കഥ കവിതയിലൂടെ പറയുകയാണ് കുതിരക്കൊമ്പ് എന്ന കവിതയിൽ. സമകാലീന രാഷ്ട്രീയത്തിൻെറ പ്രതിഫലനമാകന്ന കവിത. അതുപോലെ അടിയന്തിരാവസ്ഥക്കാലത്തെ പ്രതിനിധീകരിക്കുന്ന കവിതയാണ് കടുക്ക.

സരസ്വതി സമ്മാന്‍, കേന്ദ്ര സാഹിത്യ അക്കാദമിയുടെ കാവ്യപുരസ്കാരം, ആശാന്‍ പ്രൈസ്, മഹാകവി പന്തളം കേരളവര്‍മ്മ പുരസ്കാരം, ഒറീസ്സയില്‍ നിന്നുള്ള ഗംഗാധര്‍ മെഹര്‍ അവാര്‍ഡ്, മധ്യപ്രദേശില്‍ നിന്നുള്ള കബീര്‍ പുരസ്കാരം, ഭാരതീയ ഭാഷാ പരിഷത്തിന്‍റെ ദില്‍വാര പുരസ്കാരം, കവിതയ്ക്കും നിരൂപണത്തിനുമുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവയുൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.

ശ്വാസകോശസംബന്ധമായ അസുഖങ്ങളാൽ 2006 ഓഗസ്റ്റ്‌ 23 ന് അദ്ദേഹം അന്തരിച്ചു. മലയാളിയുടെ കാവ്യഭാവുകത്വത്തിൽ വലിയ പരിവർത്തനം ഉളവാക്കിയ പ്രിയ കവിക്ക് പ്രണാമം…

അവതരണം: അജി സുരേന്ദ്രൻ✍

RELATED ARTICLES

3 COMMENTS

  1. വ്യക്തമായ ധാരണകളോടെ എഴുതി.
    അയ്യപ്പപ്പണിക്കർക്ക് പ്രണാമം.
    🌹

  2. അയ്യപ്പപ്പണിക്കരുടെ ജീവിത വഴികൾ ന ന്നായി എഴുതി

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com