ശ്രാവണമാസത്തിൽ ‘അത്തം പത്തോണം’ വരവ് അറിയിച്ചു കൊണ്ട് വീണ്ടും ഒരു ഓണക്കാലം😍
പൂവിളിയും, പൂക്കളവും പൂത്തുമ്പികളും നിറഞ്ഞു നിന്നിരുന്ന ഗൃഹാതുരത്വത്തിൻ്റെ ‘ഓണം ഓർമ്മകളിലൂടെ വീണ്ടുമൊരു പൊന്നോണത്തിന് തുടക്കം കുറിക്കുന്നത് അത്തം നാളിലാണ്.
അത്തം പത്തോണം എന്ന് പറയുമ്പോൾ
ഓണപൂക്കളം ആണ് നമ്മുടെ മനസ്സിലേയ്ക്ക് ആദ്യം ഓടിയെത്തുന്നത്. പൂക്കളമില്ലാത്ത പൊന്നോണം നമുക്ക് ചിന്തിക്കാനേ വയ്യ.
മലയാളത്തിന്റെ പ്രശസ്തകവി ഒ.എൻ.വി.സാർ തന്റെ ‘വീടുകൾ’ എന്ന പ്രശസ്തമായ കവിതയിൽ എഴുതിയത് പോലെ ‘ഒരു കൈതയെങ്ങോ മലർപ്പോള നീർത്തുന്ന കഥ പറഞ്ഞെത്തുന്ന കാറ്റിൻ സുഗന്ധം’…
എന്നത് പോലെ പൂക്കളുടെ സൗരഭ്യം പരത്തുന്ന പൂക്കളങ്ങളുടെ അഴകാർന്ന ദിനങ്ങൾ കൂടിയാണ് അത്തം പത്തോണം. ഓണക്കാലത്ത് ഓരോ വീടിന്റെയും ഉമ്മറത്തിരുന്ന് മുറ്റവും തൊടിയും നിറയെ ‘ചിരിയോടു ചിരി പൊട്ടിയുതിരുന്ന’ പൂക്കളെ വരവേറ്റിരിന്നൊരു മലയാളിക്കാലം അത്ര വിദൂരമല്ല. വീടുകളും, പൂക്കളും മാറി. മേടവും ശ്രാവണവും മാറി. എങ്കിലും ‘പൂക്കാതിരിക്കാൻ എനിക്കാവതില്ലേ’ എന്ന് ഡോ. അയ്യപ്പപണിക്കരുടെ കവിത ശഠിച്ചതു പോലെ ഓരോ ഓണത്തിനും ഒരോ പൂപ്പാലികയിലും ഓർമ്മകളുടെ നിറങ്ങൾ വന്നു നിറയുന്നുണ്ട്. തോവാളയിൽ നിന്നു ലോറിയിൽ ലോഡായി വരുന്ന പൂക്കളല്ല. മനസ്സിന്റെ നീർമാതളത്തിൽ നിന്ന് ഇറ്റുവീഴുന്ന നീഹാരമണിയുന്ന പൂക്കൾ!
പണ്ടു കണ്ട ഓണപ്പൂക്കളിൽ പലതും കാണാതായി. എങ്കിലും അന്നിറുത്ത പൂക്കളുടെ ഗന്ധം പല തലമുറകളുടെ മനസ്സുകളിൽ ഇപ്പോഴുമുണ്ട്. പൂവണി ചേരാൻ കാത്തുനിന്ന ഞങ്ങളെപ്പോലുള്ള കുട്ടികളുടെ പൂവട്ടകയൊക്കെ കാലം തട്ടിച്ചിന്നിക്കളഞ്ഞേക്കാം. പലനിറക്കൂറുകൾ മാഞ്ഞുപോയിരിക്കാം,പൂവിളികൾ പൊലിഞ്ഞു പോയിരിക്കാം. എങ്കിലും തുമ്പ മുതൽ താമര വരെ ഓർമ്മകളുടെ ഇറമ്പിലും ഇപ്പോഴും പൂത്തു നിൽപ്പുണ്ട്. കൊയ്ത്തിനൊരുങ്ങിയ ചിങ്ങപ്പാടങ്ങളാകെ കതിരിട്ട നെല്ലിനു തന്നെ എന്തൊരു ചന്തമായിരുന്നു! ഇളംവെയിലിലെ കാറ്റിനൊപ്പം നൃത്തം വയ്ക്കുന്ന നെൽക്കതിരുകളുടെ കാഴ്ച തന്നെ മുഗ്ധമായൊരോണമാണല്ലോ.
ദേശവ്യത്യാസങ്ങളിൽ പൂക്കൾക്കും, പൂവിളികൾക്കും, പൂവൊരുക്കലിനും പല ഭേദങ്ങൾ വന്നു. കുട്ടിക്കാലത്ത് പൂവുകൾ തേടിപ്പോകാൻ കുട്ടികളായ ഞങ്ങൾക്കന്നു നേരമുണ്ടായിരുന്നു. ‘ഞാനുംപോന്നോട്ടെ’ എന്നു കണ്ണിറുക്കി ചോദിച്ച് പൂക്കൾ കാത്തു നിൽക്കുമായിരുന്നു.പാടവരമ്പിലും, തൊടിപ്പരപ്പിലും, കായലിറമ്പിലും, കുന്നിൻമുകളിലും, റെയിൽപ്പാതയ്ക്കരികിൽ വരെ പൂക്കളെ തേടിപ്പോകുമായിരുന്നു. പൂക്കുട്ടയും പിടിച്ച് പൂപറിക്കാൻ കൂട്ടായി പോകുന്ന കുട്ടികളുടെ കാഴ്ച തന്നെ ഒരോണമായിരുന്നു!
ഗൃഹാതുരത്വത്തിന്റെ ഓർമ്മകളിലേയ്ക്ക് കൊണ്ടുപോകുന്ന ഓരോ വർഷത്തിലെ പൊന്നോണ നാളുകളും ഒരുമയുടെയും, സമത്വത്തിന്റെയും, സാഹോദര്യത്തിന്റെയും,ഒത്തുചേരലുകളുടെയും കൂടിയുള്ള നാളുകൾ തന്നെയാണ്. പണ്ട് വറുതിയുടെ നാളുകളിലും കാണം വിറ്റും ഓണം ആഘോഷിച്ച മലയാളികൾ അന്നത്തെ അതേ ഹൃദയത്തുടിപ്പോടെയാണ് ഇന്നും അത്തം പത്തോണം പൊന്നോണമായി ആഘോഷിക്കാൻ ഒരുങ്ങിയിരിക്കുന്നത്.
മാവേലി വാണിടുന്ന കാലത്തെ പോലെയുള്ള ഒരോണം നമ്മുടെ മലയാളി മനസ്സ് ലെ എല്ലാ കുടുംബാംഗങ്ങൾക്കും ഉണ്ടാകട്ടെ ഈ വർഷവും ഇനിയങ്ങോട്ടുള്ള ഓരോ ഓണക്കാലത്തും എന്ന് ആശംസിച്ചു കൊണ്ട് എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ❤️💕💕💕🌹
സ്നേഹപൂർവ്വം




Thank You Sri .Raju Sankarathil Sir 🙏❤️🥰 13