Saturday, February 14, 2026
Homeഅമേരിക്കഓലപ്പൊടി ചേർത്തരച്ചൊരു ഓർമ്മ മൈലാഞ്ചി (ഓർമ്മകുറിപ്പുകൾ) ✍ റോമി ബെന്നി

ഓലപ്പൊടി ചേർത്തരച്ചൊരു ഓർമ്മ മൈലാഞ്ചി (ഓർമ്മകുറിപ്പുകൾ) ✍ റോമി ബെന്നി

ഓർമക്കമ്പിളിക്കുള്ളിൽ ഇളം ചൂടനുഭവിച്ചിരിക്കുമ്പോൾ പുറംകാഴ്ചകളിലേയ്ക്കിറങ്ങാൻ മടിയുടെ മുടൽ മഞ്ഞ് തടസ മാകുന്നുണ്ട്.

സ്മൃതിയുടെ ഹരിതകംബളം ആപാദചൂഡം പൊതിഞ്ഞു പിടിക്കുന്നതു കൊണ്ട് ഇന്നിൻ്റെ ശൈത്യം നൽകുന്ന മരവിപ്പിനെ മനസു അതിജീവിക്കുന്നുമുണ്ട്

ബാല്യകാലഓർമപുതപ്പ് പൊതിഞ്ഞിരിക്കുന്നത് എടുത്തു മാറ്റാൻ എന്താണിത്ര വൈമനസ്യം. ?

കാലം പിന്നെയും കടന്നു പോന്നില്ലേ? അന്നൊന്നും അനുഭവങ്ങളും ഉണ്ടായിരുന്നില്ലേ

സ്വയം ചോദിക്കുകയും,പലരും പറയുകയുംചെയ്തപ്പോൾ കിട്ടിയ ഉത്തരമൊന്നേയുള്ളു. ബാല സൂര്യൻ തന്ന പ്രകാശവും, ഇളം ചൂടും, കൊണ്ടിരിക്കുന്ന സുഖം എന്തിനു വെറുതെ കളഞ്ഞ് മധ്യാഹ്നത്തിലേയ്ക്കെത്തുന്നു. അതും അനിവാര്യമെങ്കിലും, ഈആനന്ദക്കാലത്തിൽ കുറച്ചു കൂടി ഒന്നഭിരമിച്ചോട്ടെ?

വീട് കിഴക്കേപ്പുഴയുടെ തീരത്തായതുകൊണ്ട് കാറ്റിന്റെ വരവിലറിയാം ഋതുഭേദങ്ങളുടെ തുടക്കം.

മഴക്കാറ്റും, മഞ്ഞു കാറ്റും , വേനൽക്കാറ്റും മാറി വരുമ്പോൾ ദേഹത്തിലതിന്റെ കുളിർ സ്പർശനവും, ചുടു തലോടലുമൊക്കെ സീസണുകളുടെ മാറ്റത്തെ മുൻകൂട്ടി തൊട്ടറിയിച്ചിരുന്നു.

കിഴക്കേമാനത്ത് ജലകുംഭം പേറി കുംഭികണക്കെ പ്രത്യക്ഷപ്പെടുന്ന കരിമേഘങ്ങൾ കാറ്റിന്റെ വാദ്യഘോഷത്തോടെ ഭൂമിതൊടാൻ ഇറങ്ങുമ്പോൾ

അതൊന്നും ഗൗനിക്കാതെ വഞ്ചിയുടെ കെട്ടഴിച്ച് യാത്രാ യാനം കഴുക്കോൽ കൊണ്ടു കുത്തി നീക്കുന്ന ചവരിക്കുട്ടിച്ചേട്ടനും, അതിൽ പരിചിതരും, അപരിചതരുമടങ്ങിയ യാത്രക്കാരും മറ്റു ചെറു യാത്രാ വള്ളങ്ങളും ,അക്കരെ ഇടക്കൊച്ചി കടവിൽ എത്തിയോ എന്നു വ്യാകുലപ്പെട്ട് മ്ലാനവദനയായി പല തവണ ഇരുന്നിട്ടുണ്ട്.

അന്നുണ്ടായ അസ്വസ്ഥതയാൽ മഴയോട് പരിഭവവും , അരിശവും തോന്നിയിട്ടുണ്ട്. വഞ്ചി കടവിൽ എത്തും വരെ ഒന്നു പെയ്ത്തു നിർത്തിക്കൂടെ.
എന്റെ ചിന്തയറിഞ്ഞ് കാറ്റ് കളിയാക്കിച്ചിരിക്കുമ്പോൾ മുഖം വീർപ്പിച്ച് തല കുമ്പിട്ടിരിക്കും.

മോശമായതൊന്നും കേൾക്കല്ലേ തമ്പുരാനെ. ഓടിപ്പോയി അമ്മൂമ്മ കിടക്കുന്ന കട്ടിലിനപ്പുറത്തെ ചെറിയ കട്ടിലിൽ കിടക്കും. അമ്മൂമ്മയുടെ നിത്യാരാധന പാരായണം കേൾക്കുമ്പോൾ ഒരാശ്വാസം തോന്നും.

വീടിന്റെ രണ്ടു വീടിനപ്പുറമുള്ള തരേശു താത്തിയും, മകൾ തങ്കയും, അമ്മയെ സഹായിക്കാൻ അവധി ദിവസങ്ങളിൽ വരും.

കോഴി മുട്ടകൾ അടവെയ്ക്കുന്നതു കാണാൻ നല്ല രസമാണ്.

തള്ളക്കോഴികൾ മുട്ടയിടുന്ന കാലം കഴിഞ്ഞാൽ പൊരുന്നുന്ന സമയം എന്നൊരു കാലമുണ്ട്. നാട്ടുഭാഷയാണ് പൊരുന്നൽ

മണ്ണിൽ ശരീരത്തിന്റെ കാൽഭാഗം പൂഴ്ത്തി തൂവലുകളൊക്കെ ഉയർത്തി ഒന്നിലും താൽപര്യമില്ലാതെ അവരങ്ങനെ കിടക്കും.

ശേഖരിച്ചു വെച്ചിരിക്കുന്ന കോഴിമുട്ടകളും , താറാവിന്റെമുട്ടകളും, തരേശു താത്തിയും അമ്മയും കൂടി പരിശോധിക്കുന്നതു കാണാം. ലൈറ്റു കെടുത്തിയ ഇരുട്ടു മുറിയിൽ പാട്ട വിളക്കിന്റെ ചെറു വെളിച്ചത്തിലാണ് സൂക്ഷ്മ നിരീക്ഷണം.

മുട്ടയ്ക്കുള്ളിൽ നിഴലുപോലെന്തോ കാണുമ്പോൾ അവർ പറയും. ചേക്കിലയുണ്ട് . അതെന്താണാവോ? . പക്ഷേ അന്നതു ചോദിച്ചപ്പോൾ മുതിർന്നവർ മിണ്ടാതെ പോയതെന്തെന്ന് വലുതായപ്പോഴാണ്. മനസിലായത്.

അങ്ങനെ ചേക്കിലയുള്ള മുട്ടകൾ വൈക്കോലിട്ട ഗ്ലാക്സോ പാട്ടയിൽ മാറ്റി വെയ്ക്കും.

അല്ലാത്ത മുട്ടകൾ കറി വെക്കാനുള്ള സാധനങ്ങളുടെ കൂട്ടത്തിലും.

ഇവരുടെ പരിശോധന നടക്കുമ്പോൾ ശബ്ദമുണ്ടാക്കാതെ പിറകിൽ നിന്ന കുട്ടിപ്പട സംഘമായി തരേശുതാത്തി പൊരുന്നക്കോഴിയെ പൊക്കി കൊണ്ടു വരുന്നതും നോക്കിയിരിക്കും.

നെല്ലുകുത്തു പെരയിലെ പരന്ന കൊട്ടയിൽ വൈക്കോലും, ചൂലിനായി ഈർക്കിലു മാറ്റിയ ശേഷം ഉണക്കിയ തെങ്ങോലയുമൊക്കെ ഇട്ടൊരുക്കിയ ബെഡിൽ കാറിക്കരയുന്ന തള്ളക്കോഴിയെ പിടിച്ചിരുത്തും.

ഞങ്ങളെ കാണുമ്പോൾ കോഴിക്ക് ഒന്നു കൂടി ഒച്ച കൂടും.

താനിരിക്കുന്ന വൈക്കോൽ കിടക്കയിൽ നേരത്തേ വെച്ചിരിക്കുന്ന മുട്ടകളെ പാവം കോഴി ശ്രദ്ധിച്ചിട്ടില്ല.

അങ്ങനെ ഒരേ സമയം മിനിമം മൂന്നു കോഴികൾക്കെങ്കിലും പൊരുന്നൽ കാണുമായിരിക്കും. അവയ്ക്കെല്ലാം അടയിരിക്കാൻ മുട്ട വെയ്ക്കും.

കോഴിച്ചുടേറ്റു മുട്ട കൊത്തി വിരിഞ്ഞു വരുന്നതു കാണാൻ നല്ല രസമാണ്.

കുട്ടികളെല്ലാം അതിന്റെ പിറകെയാകും.

വെള്ളക്കോഴിക്ക് ധാരാളം കറുകറുത്ത കുഞ്ഞിക്കോഴികളും, കഴുത്തിൽ തൂവലിലാത്തതുമായ കുഞ്ഞുങ്ങളും കാണും.

കറുത്തകോഴിക്ക് തൂവൺമയും, പുള്ളിയും, കുത്തും, ചാരനിറവും, മഞ്ഞ നിറവുമുള്ള കുഞ്ഞുങ്ങൾ.

ഇതിലെല്ലാത്തിലും രസകരമെന്നത് ഓരോരുത്തരുടെയും കൂടെ അരഡസനെങ്കിലും താറാവു കുഞ്ഞുങ്ങളും കാണും.

പാവം തള്ളക്കോഴി ഇതൊന്നുമറിയാതെ സ്വന്തം കുഞ്ഞുങ്ങളെ പോലെ അവയെയും പരിചരിക്കും.

എനിക്കിതുമായി യാതൊരുവിധ ബന്ധവുമില്ലെന്നമട്ടിൽ കൂടുതുറന്ന ഉടനെ കുണുങ്ങി കുണുങ്ങി താറാവുകൾ കുളത്തിലേക്കു വരിവരിയായി പോയി നീന്തിരസിക്കാൻ തുടങ്ങും.

ദേ ഈ താറാവിന്റെ കുഞ്ഞാ വെള്ളക്കോഴിയുടെ കൂടെ ഉള്ളത്. പച്ചക്കഴുത്തുള്ളവൻ മറ്റേതാറാവിന്റെ കുഞ്ഞാ എന്നു ഞങ്ങൾ വിളിച്ചു കൂവും.

കണ്ണിൽ ചോരയില്ലാത്ത താറാക്കൂട്ടം മക്കളെ തിരിഞ്ഞു നോക്കാതെ കടന്നു പോകും.
വെറുതെയല്ല,വിരുന്നുകാരുവരുമ്പോഴും പെരുന്നാളു വന്നാലും ഇവറ്റയുടെ തലവെട്ടുന്നത്.
കോഴിയേക്കാൾ ഓടിച്ചിട്ടുപിടിക്കാൻ എളുപ്പം താറാവിനെയാണ്.

കുഞ്ഞുങ്ങൾ വലുതായി തള്ളക്കോഴിയും കുഞ്ഞുങ്ങളും കൊത്തിപ്പിരിയൽ എന്ന സംഭവമുണ്ട്. വലിയകുഞ്ഞുങ്ങൾ പഴയപോലെ അടുത്തക്ക് ചെന്നാൽ കൊത്തിയോടിക്കും തള്ളക്കോഴി . സ്വയംപര്യാപ്തരായി ജീവിക്കാനുള്ള നിർദ്ദേശമാണത്.

കാക്കയുടെ കൂട്ടിൽ കുയിലും ഈ പരിപാടി ചെയ്യാറുണ്ടെന്ന് നെല്ലുപുഴുങ്ങി കൊണ്ടിരിക്കുന്ന ത്രേസ്യാക്കുട്ടി ചേച്ചി പറയും. പക്ഷ കുയില് കാക്കക്കൂട്ടിൽ കയറി മുട്ടയിടും.

ഇവിടെ താറാവുകൾ മുട്ടയിട്ടു പോകയല്ലാതെ കൊണ്ടുപോയി എടുത്തു വെക്കുന്നത് മനുഷ്യരാണെന്നു മാത്രം.

സംഘമായി നടക്കുന്ന കോഴിക്കുഞ്ഞുങ്ങളെ, നോട്ടമിട്ട് റാഞ്ചാൻ കാക്കയും, പരുന്തും റോന്തടിക്കും. തൂവലുകളിൽ പല നിറങ്ങൾ കൊടുത്ത് അവയെ സംരക്ഷിക്കാൻ ഞങ്ങൾ നോക്കും.

ആഞ്ഞിലി മരത്തിലെ കൊമ്പിൽ നിന്ന് താഴ്ന്നു പറക്കുന്ന പരുന്തിന്റെ നിഴൽ വെട്ടം കാണുമ്പോഴെ തള്ളക്കോഴി താറാവു, കോഴിക്കുഞ്ഞുങ്ങളെ ചിറകിൻ കീഴിലാക്കും.

എന്തൊരു ഊർജ്സ്വലതയാണ് അവയ്ക്കു കുഞ്ഞുങ്ങളെ കാത്തു രക്ഷിക്കാൻ. കാക്കയുടെ പിറകെ പറന്ന് മതിലുവരെ ഓടിച്ചിട്ടു കൊത്താൻ പോകുന്ന ഉശിരൻ തള്ളമാരാണ് അവർ.

ഞങ്ങൾ കുട്ടികൾ കുഞ്ഞുങ്ങളെ വീതിച്ച് എടുക്കും. നിന്റെത് കഴുത്തിൽ തൂവലില്ലാത്തത്.

കുങ്കുമ കളറു കൊടുത്ത വെള്ളക്കോഴി എന്റെത്.

തവിട്ടു നിറമുള്ളമരവെട്ടി കൊഴി നിന്റെ . വീതം വെപ്പു കഴിഞ്ഞാൽ
അവയെ പരിപാലിക്കാനും, അരി എറിഞ്ഞിട്ടു കൊടുക്കാനും നോക്കാൻ ആരുമില്ലാത്ത പ്പോൾവലിയ കുട്ടയ്ക്കടിയിൽ മൂടിയിടാൻ ഓടിച്ചു കയറ്റേണ്ടണ്ടതും ഞങ്ങളുടെ ജോലിയാണ്.

സ്കൂളിൽ പോയി വരുമ്പോഴാ അറിയുന്നത്, തന്റെ കുഞ്ഞുക്കോഴികളിൽ ചിലതിനെ കാക്കയും പരുന്തും കൊണ്ടുപോയെന്ന്. വല്ലാത്ത സങ്കടമാകും.

ചിലപ്പോൾ നമ്മുടെ കൺമുന്നിൽ വെച്ച് അവയെ കൊത്തിപ്പറക്കും.
ദീനം ദീനം കരയുന്ന കുഞ്ഞു ക്കോഴിയെ പ്രതി ഞങ്ങളും വേദനിക്കും.

കല്ലെറിഞ്ഞു കാക്കയെ ഓടിച്ച് അതിന്റെ വായിൽ നിന്നു രക്ഷപെടുത്തിയ കുഞ്ഞുങ്ങളുടെ വിറയലും , മുറിവും മാറ്റാൻ , അടുപ്പിലെ ചെറുചൂടുള്ള ചാരത്തിൽ പൊതിഞ്ഞും, മഞ്ഞൾ പൊടി പുരട്ടിയും മുതിർന്നവർ വൈദ്യന്മാരാകും.

“മാറു കൊച്ചുങ്ങളെ അതിന്റെ പേടി മാറ്റി ശ്വസിക്കട്ടെ ”
എന്നു ഞങ്ങളെ വഴക്കുപറഞ്ഞ് വൈദ്യന്മാർ ടെൻഷൻ കുറക്കും.

ഇതിലും രസകരമായ മറ്റൊരു സംഭവം. മുട്ടക്കാലം കഴിഞ്ഞ് പൊരുന്നുന്ന ചില കോഴികൾ ഒളിവിൽ കഴിയും. ഇടയ്ക്ക് ഭക്ഷണം തേടി പുറത്തിറങ്ങുമ്പോഴാണവയെ കാണുന്നത്.

എവിടെപ്പോയി മുട്ടയിട്ടാവോ? പൊരുന്നൽ ഉണ്ടല്ലോ എന്നു കാണുമ്പോൾ തന്നെ മുതിർന്നവർ പരസ്പരം പറയും.

പക്ഷേ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അവ ഒരു ദിനം പുറത്തു വരും. സ്വയം കണ്ടെത്തിയ സങ്കേതമായ നെല്ലറയുടെ അടിയിലെ മണ്ണിൽ പുതഞ്ഞു കിടന്ന് വിശ്രമിച്ചിരുന്ന അവർ ഒരു സംഘം കുഞ്ഞുങ്ങളുമായി പുറത്തിറങ്ങും.

സ്വന്തം മുട്ടകളെ ആർക്കും കൊടുക്കാതെ, ആരുടെയും കുഞ്ഞു ങ്ങളെ കൊത്തിയുണർത്തി വളർത്താതെ സ്വന്തം മക്കളുമായി അഭിമാനത്തോടെ ചിറകടിച്ച് പുറത്തിറങ്ങും.

ഞെട്ടൽ ആദ്യത്തെ സെറ്റ് വന്നപ്പോൾ മാത്രമാണുണ്ടായത്. പിന്നീടത് സ്ഥിരം പരിപാടിയായി മാറി.

ഇന്നത്തെ കാലത്ത് ഈ രീതികളൊക്കെ എവിടെയെങ്കിലുമുണ്ടോയെന്നെനിക്കറിയില്ല.

എൽ.പി.ക്ലാസിലെവിടെയോ,കോഴിയമ്മയുംമക്കളുമെന്ന പാഠം പഠിച്ചപ്പോൾ മനസിൽ മുഴുവൻ മക്കൾക്കു ഞാഞ്ഞൂൾ ചികഞ്ഞെടുത്ത് കൊത്തിപ്പെറുക്കി കൊടുക്കുന്ന വീട്ടിലെ കോഴികളായിരുന്ന്.

‘കോഴി തന്റെ ചിറകിന്നടയിൽ കുഞ്ഞുങ്ങളെ എന്നപോലെ, ” കോഴിയെ പോലെ മക്കളെ കൊത്തിപ്പിരിക്കണം. “കൊത്തു കോഴി” എന്നിങ്ങനെ എത്രയെത്ര മലയാള ഭാഷാ പ്രയോഗങ്ങളും അവരായിട്ടു നമുക്കുതന്നിട്ടുണ്ട്.

ഒന്നിനെയും നിസാരമായി കാണരുതല്ലോ.

പറമ്പിലെ കലശുമരത്തിലും മറ്റു ചില മരത്തടിയിലും മെഴുകു പോലൊഴുകി കുന്തിരിക്ക നിറമാർന്ന് എന്തോ ഒന്ന് പറ്റി പിടിച്ചിരിക്കും.

അതാണ് കാക്കപ്പൊന്നെന്ന് ആരോ പറഞ്ഞു തന്നു.

മരങ്കൊത്തി പക്ഷിഏതു സമയവും മരത്തിൽ മുട്ടിക്കൊണ്ടിരിക്കും. കൂടുപണിയുകയാണ്.

അതിൻ്റെ കല്യാണമായി. കൂടു പണി തീർന്നാൽ കാക്കപ്പൊന്നു കൊണ്ട് താലിമാല തീർക്കും.

കഥകൾ ഭാവനയിൽ വിടരുമ്പോൾ മുതിർന്നവർ പറഞ്ഞു കൊണ്ടു പോകും മരങ്കൊത്തികളുടെ എന്തൊരു ശല്യം എല്ലാ മരത്തടിയും കേടാക്കും.

ഗ്രാമീണതയുടെ നൈർമല്യങ്ങൾക്കിടയിലും സ്കൂളിൽ പോകുമ്പോൾ ഭയപ്പെടുത്തുന്ന ഒരോർമയാണ്. വഴിയിലലയുന്ന മാനസിക വിഭ്രാന്തിയുള്ളവർ.

സ്വന്തമായി വീടുള്ളവരാണ്. വീട്ടുപേരിലാണ് അവരെ അറിയപ്പെടുന്നതും.

ഉച്ചത്തിൽ പാട്ടുപാടിയും, ആരെ യോ ചീത്ത പറഞ്ഞും വഴിയിലൂടെ നടക്കുമ്പോൾ കുട്ടികൾക്കു പേടിയാകും.

തീരെചെറുപ്പത്തിലെ യക്ഷിക്കഥകളുടെ കൂട്ടത്തിൽ അവരുടെ പേരു പറഞ്ഞു ഭയപ്പെടുത്തിയുമായിരുന്നു ചേച്ചിമാർ ഭക്ഷണം കഴിപ്പിച്ചതും, ഉറക്കിയതുമൊക്കെ അതു കൊണ്ട് വല്ലാത്ത ഉൾഭയം അവരെക്കാണു മ്പോൾ ശരീരത്തെ വലിഞ്ഞു മുറുക്കിയിരുന്നു.

പക്ഷേ അവരാരും ആരെയും ദേഹോപദ്രവം ചെയ്തു കണ്ടിട്ടില്ല . അവർക്ക് കിട്ടിയിട്ടുണ്ടെങ്കിലേയുള്ള്.

ഇടവഴിയിലൂടെ ക്ലാസു വിട്ടു മടങ്ങുമ്പോൾ ചില വീടുകളുടെ ജനലരികിൽ “മോളെ എന്നു വിളിയും, ഒന്ന് കാലിന്ന് ഊരിത്തരുമോ ” എന്ന ദയനീയ ശബ്ദവും കേട്ട് എല്ലാവരും, കൂട്ടയോട്ടം നടത്തുമ്പോൾ ഞാനും ഓടും.

കുറച്ചു ദൂരം ഓട്ടം കഴിഞ്ഞ് നിന്നിട്ട് കിതച്ചു കൊണ്ട് ഓട്ട സംഘ നേതാവ് പറഞ്ഞാണറിയുന്നത്

“കൊച്ചേ അത് പ്രാന്തിച്ചിയാ, തടിയിലിട്ടിരിക്കുന്നതാ”, അങ്ങോട്ടു ചെല്ലല്ലേ”

ഒരുകാൽ തടിയിലിട്ടാണ് അവർ ഇരിക്കുന്നത്. തടി പിളർന്ന് മുട്ടുവരെ അതിനുള്ളിലാക്കി തടി കഷ്ണം കൊണ്ടു തന്നെ ലോക്കു ചെയ്തിട്ടിരിക്കും.

സ്കൂളിൽ നിന്നു മടങ്ങും വഴി ഇത്തരം രണ്ടു പേരെ സ്ഥിരം കാണാറുണ്ട്.

ഒരു തവണ ഇങ്ങനെയുള്ള ഒരു വീടിൻ്റെ ജനലിൽ പാതി മറഞ്ഞു നിന്ന് കുട്ടി സംഘ നേതാവ് തടിയിൽ കാലിട്ടിരിക്കുന്ന ചേച്ചിയെ തൊട്ടടുത്ത് കാണിച്ചു തന്നിട്ടുമുണ്ട്.

മരുന്നിനു പകരം അത്തരം ചികിത്സ രീതികൾ അവരെ രക്ഷിക്കുമോ എന്ന വിചാരം അന്നേ മനസിനെ മഥിച്ചിരുന്നു.

അതുപോലെ നാട്ടുഭാഷയിൽ ചുഴലി എന്നറിയപ്പെടുന്ന അപസ്മാര
രോഗം വന്ന് വഴിയിൽ കിടക്കുന്നവരെ കണ്ടിട്ടുണ്ട്.
അങ്ങോട്ടുപോകല്ലെ എന്ന് വഴിയിൽ ആൾക്കൂട്ടം കണ്ടു ചെല്ലുമ്പോൾ ആരെങ്കിലും പറയും.

എന്നാലും എത്തീം വലിഞ്ഞും നോക്കിയാൽ കാണാം. താക്കോൽകൂട്ടം മുറുകെ പിടിച്ച് നുരയും പതയുമൊലിപ്പിച്ച് പിടയുന്ന കാഴ്ച. അന്നത്തെ ഉറക്കം നഷ്ടപ്പെടാനതുമതി.

പിറ്റേന്ന് കൂട്ടുകാരോട് അയാൾക്കു എന്തുപറ്റി എന്നന്വേഷിക്കു മ്പോൾ
അത് ഭാഗ്യത്തിന് അടുത്തുണ്ടായ ചേട്ടന്റെ കൈയ്യിൽ താക്കോലുണ്ടായിരുന്നു. ഇരുമ്പോ ഏതെങ്കിലും ലോഹമോ പിടിപ്പിച്ചാൽ മാറും എന്ന അറിവ് വിളമ്പും.

അതെങ്ങനെ മാറിയെന്നിപ്പോഴും അറിയില്ല. പലതവണ ഇക്കാഴ്ച വഴിയോരങ്ങളിൽ കണ്ടിട്ടുണ്ട്.

ഞങ്ങൾക്ക് അസുഖം വന്ന് ആശുപത്രിയിൽ കൊണ്ടു പോയതായി ഓർമയിലില്ല.

പനിക്കോളു വരുമ്പോൾ തന്നെ തൊട്ടാവാടിയും, പൂവാങ്കുറുന്നലും, മുയൽച്ചെവിയനും , പനികൂർക്കയും, തുളസിയിലയും എല്ലാം കൂടി വാട്ടിപ്പിഴിഞ്ഞ് കൽക്കണ്ട തരി ചേർത്തു തരും.

ദേഹം വേദന കൂടിയാൽ വടുകപ്പിഞ്ഞാണമെന്നു വിളിക്കുന്ന ഉരച്ചെടുക്കുന്ന ചെറുപാത്രത്തിൽ കടുകുപോലുള്ള കറുത്ത ഗുളിക ഉരച്ചു നാവിൽ തേച്ചു തരും.

എവിടെയെങ്കിലും ഓടി നടന്ന് തട്ടി പൊട്ടിയാൽ കരൾവേഗച്ചെടി പറിച്ചെടുത്ത് മൂന്നു ദിവസം അടുപ്പിച്ച് തിളപ്പിച്ചു തരും.

സെപ്റ്റിക്ക് ആകാതിരിക്കാനെന്നാണു പറയുന്നത്.

പറമ്പിലെ പച്ചപ്പുല്ലുകളെല്ലാം മരുന്നു കളാണോ എന്നു സംശയിച്ചിട്ടുണ്ട്.

ഇവയുടെ പേരുകളെല്ലാം തന്നെ ചോദിച്ചറിഞ്ഞു പഠിച്ചത് അമ്മൂമ്മയിൽ നിന്നാണ്.

ക്ഷമയോടെ എല്ലാം പറഞ്ഞു തരും. മറന്നാൽ വീണ്ടും, ചോദിച്ചറിയും.

ചവിട്ടി നടക്കുന്ന കറുകപ്പുല്ല് വൃത്തിയായി കഴുകി തിളപ്പിച്ചു കുടിച്ചാൽ കഫക്കെട്ടു മാറുമെന്ന് അമ്മൂമ്മ ഉപദേശി ക്കുമ്പോൾ ഓക്കാനിക്കും പോലെ ഗോഷ്ഠി കാട്ടി ഓടും.

താറാവിന്റെ മുട്ട ചിക്കിപ്പൊരിച്ചു ചോറിനു കറിയായി തരുമ്പോൾ അതിലെ പച്ച നിറം മുക്കുറ്റി വാട്ടിപ്പിഴിഞ്ഞു ചേർത്തതെന്നും പിന്നീടാണറിഞ്ഞത്.

കാലിൽ ചെറിയ കുരു വന്നാൽ തെങ്ങിന്റെ ചുവട്ടിൽ പടർന്ന ചെറിയ കുടവന്റെ ഇല വെച്ച് പൊറുപ്പിക്കും.

കരിങ്ങാട്ട ഇലയുടെ നീരു തലയിൽ തേച്ചു ഈരും പേനും വരാതെ നോക്കും.

കീഴാർ നെല്ലി സമൂലം നീരു തേൻ ചേർത്തു ഇടയ്ക്ക് തന്ന് മഞ്ഞപ്പിത്തം വരാതിരിക്കട്ടെ എന്നു പറയും.

തൊടിയിൽ ഔഷധത്തോട്ടമൊന്നും നട്ടുപിടിപ്പിക്കാതെ സ്വയം വളർന്നു സേവനം ചെയ്ത പച്ചിലക്കാടുകൾ.

തെക്കേ പറമ്പിലെ മയിലാഞ്ചിക്കാട്ടിൽ നിന്ന്,മുള്ളുകൊള്ളാതെ,ഇലയൂർത്തിയെടുത്ത് വിമിയും, മിനിയും, മോളി ചേച്ചിയും ഞാനും കൂടി പടിഞ്ഞാറേ മുറ്റത്ത് ഉപക്ഷിച്ചിട്ടിരിക്കുന്ന ആട്ടുകല്ലിൽ അരച്ചെടുക്കും.

അനുജത്തി റീമയടക്കമുള്ള ചെറു കുട്ടിസംഘം നോക്കി നിൽപ്പുണ്ടാകും.

ഓലപ്പൊടി ചേർത്താൽ നിറം കൂടുമെന്നാരോ പറഞ്ഞു കേട്ട് വിറകുപുര മേഞ്ഞ ദ്രവിച്ച ഓല കൈ എത്തിച്ചെടുത്ത് കുറച്ചതും കൂടി ചേർത്ത് പുള്ളക്കല്ലു പൊക്കാൻ ശേഷിയില്ലാത്ത കുട്ടിസംഘം ഒത്തുപിടിച്ച് അരച്ചെടുക്കും.

വലതു കൈവിരലിൽ പുരട്ടരുതെന്നു പറഞ്ഞിരിക്കുന്നതുകൊണ്ട് ഇരുകാലുകളിലും, ഇടതു കൈവിരലുകളിലും പൊത്തി പൊതിഞ്ഞു വെയ്ക്കാൻ പരസ്പരം സഹായിക്കും.

ബാക്കിയുള്ളത് ചെറിയ കുട്ടികളായ റീമയ്ക്കും , മിനിയുടെ അനുജത്തി മീരയ്ക്കും കാലിൽ മാത്രം ഇട്ടു കൊടുക്കും.

മുഴുവൻ ഉണങ്ങുംമുമ്പ് അമ്മമാരുടെ വിളികേട്ട് കുളക്കരയിൽ ധൃതിയിൽ കഴുകി കടും ചുവപ്പു വരാത്തതിൽ സങ്കടപ്പെട്ട് എല്ലാവരും അവരവരുടെ വീട്ടിലേയ്ക്ക് ഓടി പ്പോകും.

അങ്ങനെ ഓർമകൾ വലിയ മഴ പോൽ ആർത്തു പെയ്തു കഴിഞ്ഞ് ചന്നം പിന്നം പെയ്യുന്ന ചാറ്റൽ മഴ യാകുന്നു.

ചാറിപ്പെയ്തു തീർന്നില്ല ഇനി മരപ്പെയ്ത്തു ബാക്കിയുണ്ട്.

മരത്തിൽ തങ്ങി നിന്നത് പെയ്തുതോർന്നു കഴിയുമ്പോൾ തീരുമോ ഇല്ല .അടുത്ത പെരുമഴ വരാൻ ആകാശത്തിരുണ്ടു കൂടുന്നുമുണ്ട്.

റോമി ബെന്നി ✍

RELATED ARTICLES

12 COMMENTS

  1. കുട്ടിക്കാലത്ത് ഇതുപോലുള്ള അനുഭവങ്ങൾ ഉള്ളവർ ധാരാളം ആണ്. പക്ഷേ റോമിയുടെ അനുഭവം ചിക്കി ചികഞ്ഞ് എടുത്ത് നല്ല വാക്കുകൾ ചിട്ടപ്പെടുത്തി എഴുതുന്ന മനോഹരമായ എഴുത്ത് ഒരുപാട് ഇഷ്ടം.
    റോമിയുടെ നാവിൽ നിന്നും അടർന്നു വീഴുന്ന വരികൾക്ക് വല്ലാത്ത ഒരു ആകർഷണീയത

  2. റോമിയുടെ ഓരോ ഓർമ്മക്കുറുപ്പിന്റെയും പേരുകൾക്ക് എന്തു ചന്തമാണ്.
    ഇക്കുറി കുട്ടിക്കാല അനുഭവത്തിൽ നിന്ന് ഒന്നാം തരം നാട്ടുവൈദ്യം വിളമ്പിയതിന് നന്ദി.
    ഇതെല്ലാം ഓർമ്മയിലിങ്ങനെ കൊണ്ടുനടക്കാൻ കഴിയുന്ന മിടുക്കിയാണല്ലാ റോമി
    എഴുത്തിന്റെ ആകാശത്ത് മഴമേഘങ്ങൾ നിറയട്ടെ❤️❤️

  3. അന്നത്തെ കാലത്ത് വീടുകളിൽ കോഴിമുട്ടകൾ അടവെക്കുന്നതിനെക്കുറിച്ചു എത്ര നന്നായി ആണ് എഴുതിയിരിക്കുന്നത്…. ഞാനും ഈ രീതിയിലൂടെ കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചിട്ടുണ്ട് ഇരുപത്തിഒന്നാം ദിവസം കുഞ്ഞുങ്ങൾ വിരിയും മക്കൾക്ക്‌ അത്‌ അത്ഭുതം ആയിരുന്നു….. മാനസിക വിഭ്രാന്തി ഉള്ളവർ, ചുഴലി ബാധിച്ചവരെ, കുറിച്ച് വായിച്ചപ്പോൾ ഒരു വിങ്ങൽ അവർ അനുഭവിക്കുന്ന ബുദ്ധിമുട്ട്…… പറമ്പിൽ വളരുന്ന ഔഷധ ചെടികളുടെ ഗുണങ്ങൾ, അതിന്റെ ഉപയോഗം…. മൈലാഞ്ചി ഇടുന്നത്….. വായിച്ചു തീർന്നത് അറിഞ്ഞില്ല… വായനക്കാരെ സന്തോഷിപ്പിക്കുന്ന എഴുത്തുകാരിക്ക് അഭിനന്ദനങ്ങൾ….

  4. മൈലാഞ്ചി മൊഞ്ചുള്ള ആഖ്യാനരീതികൊണ്ടുതന്നെ വായനയുടെ കൊതിതീരുന്നില്ല, ഓർമ്മയുടെ മച്ചിലങ്ങനെവിരിയിച്ചെടുത്ത അനുഭവങ്ങൾ ഇനിയും ചിറകുവച്ച് പറന്നിറങ്ങട്ടെ….. 15

  5. മറന്നു പോയ പലതും ഒറ്റ വായനയിൽ ഓർ തെടുത്തു. പുതിയ തലമുറ ഇതൊക്കെ വായിക്കു മ്പോൾ ഇങ്ങനെ ഒരു കാലമുണ്ടായിരുന്നു എന്ന് അത്ഭുതപ്പെടാം
    എഴുത്തു തുടരുക

  6. ആർട്ടിഫിഷ്യൽ ഇന്റലിജിൻറ് കഥകൾ ഇറങ്ങിയിട്ടുണ്ട് റോമി,,, ഹെഡിങ് വായിച്ചാൽ കരഞ്ഞു പോകുന്ന വിധം ആണ് കഥകൾ… അവതരണം ആർട്ടിഫിഷ്യൽ സൗണ്ട് ഇൽ ആയിരിക്കും,,, ഇത്തരം കഥകൾക്ക് മുന്നിൽ ആണ് നാം അനുഭവങ്ങൾ കൊണ്ടു പോരാടേണ്ടതുണ്ട്….

  7. ഓലപ്പൊടി ചേർത്തരച്ച മൈലാഞ്ചിപോലെ ഹൃദ്യമായ ഒരോർമ്മക്കുറിപ്പ്. കുഞ്ഞുറോമിയുടെ കുഞ്ഞുമനസ്സിൽ എന്തെന്തെല്ലാം ഓർമ്മകളാണ് തിക്കിത്തിരക്കിനിന്നത്.ബാലസുര്യൻ്റെ പൊൻകിരണങ്ങളുടെ ഇളംചൂടും തലോടലുമേറ്റ് ഇരിക്കുമ്പോൾ വെറുതെ മധ്യാഹ്നത്തിലേക്കെത്തുന്നതെന്തിന് എന്ന ചോദ്യം ശരിയാണല്ലോ എന്നോർത്തു….വർണ്ണനകൾ അസാധ്യം. കിഴക്കേപ്പുഴയുടെ തീരത്തുള്ളവീടും ഋതുഭേദങ്ങളറിയിച്ചെത്തുന്നകാറ്റും വായനക്കാരും അനുഭവിച്ചറിഞ്ഞു.കോഴിയെ അടവെയ്ക്കുന്നതും, ചവുരിക്കുട്ടിച്ചേട്ടനേയും തരേശിനെയും തങ്കയെയുമൊക്കെ ഒരുപാട് പരിചയം തോന്നി. എത്രയെത്ര നാട്ടുകഥകൾ ഇവരൊക്കെ വിളമ്പിത്തന്നിട്ടുണ്ട്…. മനോഹരമായ എഴുത്തിന്, പ്രിയപ്പെട്ട റോമി ബെന്നിക്ക്, വർണ്ണനകളുടെ രാജകുമാരിക്ക് അഭിനന്ദനങ്ങൾ…. അടുത്ത ഓർമ്മക്കുറിപ്പിനായി കാത്തിരിക്കട്ടെ.. വേഗം എഴുതൂ., ആശംസകൾ.

  8. ഇന്ക്യൂബെറ്ററിൽ വിരിയിച്ചെടുക്കുന്ന ബ്രോയ്ലർ ചിക്കനെ മാത്രം കണ്ടുപരിചയിച്ച ഈ തലമുറയ്ക്ക് അത്ഭുതവും ഇപ്പോൾ നാൽപതുകളിലും അതിനുമുകളിലും ഉള്ളവർക്ക് ഗ്രഹാതുരത്വവും നൽകുന്ന ഓർമ്മക്കുറിപ്പ്, വില്ലകളിലും ഫ്ലാറ്റുകളിലേക്കും ജീവിതം പറിച്ചു നട്ടവർക്ക് മാദൂര്യമൂറുന്ന ഓർമ്മകളിലേക്ക് കുറച്ചു നേരം ഊളിയിടാനും തങ്ങളുടെ ജീവിതത്തിൽ എന്തെല്ലാമാണ് നഷ്ടപ്പെട്ടതെന്നും ഓർമിക്കുവാൻ ഒരവസരം. പ്രവാസം ഒത്തിരി സൗഭാഗ്യങ്ങൾ നൽകുമ്പോഴും ഇത്തരം ചില നഷ്ടങ്ങളും നൽകുന്നുണ്ട്. ഓർമ്മകൾ ഉണ്ടായിരിക്കണം. അഭിനന്ദനങ്ങൾ, എഴുത്തു തുടരുക, ആശംസകൾ. ❤

  9. എഴുതാനുള്ള പ്രചോദനം നൽകിക്കൊണ്ട് എന്നും കൂടെ നിൽക്കുന്ന പ്രിയ സൗഹൃദങ്ങൾ, ബന്ധുക്കൾ നിങ്ങളുടെ ഓരോ വാക്കുകളും സ്നേഹത്തോടെ സ്വീകരിച്ച് വിലമതിക്കുന്നു.
    എൻ്റെ ജീവിതത്തിലെ കൊച്ചു കൊച്ചു കാര്യങ്ങൾ ക്ഷമയോടെ വായിച്ച് അഭിപ്രായം പറഞ്ഞ ഓരോ നല്ല മനസുകൾക്കും നന്ദി. ഈ മാസത്തോടെ താൽക്കാലികമായി ഓർമ്മക്കുറിപ്പുകൾക്ക് വിരാമമിടുന്നു.
    ഇനിയും എനിക്കു എഴുതാനുള്ള പ്രേരകശക്തിയായി കൂടെ ഉണ്ടാകണമെന്ന് എളിമയോടെ യാചിക്കുന്നു.
    ഒത്തിരി നന്ദിയും സ്നേഹവും അറിയിച്ചു കൊണ്ട്.
    God bless you all

  10. ഇനിയും പെയ്യണ്ണം ഓർമ്മകളുടെ തോരാമഴ

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com