Sunday, December 7, 2025
Homeഅമേരിക്കഞാനും എൻ്റെ കുടുംബവുമോ.. (രാജു മൈലപ്രാ)

ഞാനും എൻ്റെ കുടുംബവുമോ.. (രാജു മൈലപ്രാ)

പുളിയ്ക്കലെ പത്രോസുകുട്ടിയെ കാണാതായിട്ട് മൂന്നാലു ദിവസങ്ങളായി.

‘അവൻ എവിടെപ്പോകാനാ? അവനിങ്ങു വരും-‘ അതായിരുന്നു പൊതുവേയുള്ള പ്രതികരണം.

എന്നാൽ അഞ്ചു പ്രവൃത്തി ദിനങ്ങൾ കഴിഞ്ഞിട്ടും അവൻ തിര്യേ എത്താതിരുന്നപ്പോൾ ‘പത്രോസ്കുട്ടി കയറിപ്പോയി’ എന്നൊരു നിഗമനത്തിൽ നാട്ടുകാർ എത്തിച്ചേർന്നു.

‘ചെറുക്കനെ കാണുന്നില്ലല്ലോ!’-എന്നൊരു വേവലാതി അവൻ്റെ അമ്മ മറിയാമ്മച്ചേടത്തിക്കു മാത്രമാണ് തോന്നിയത്. പത്രോസ്‌കുട്ടിയുടെ ‘തന്തപ്പടി’ സ്ഥാനം അലങ്കരിക്കുന്ന ഉണ്ണിച്ചായന് ഇതൊരു വിഷയമേയല്ലായിരുന്നു. അല്ലെങ്കിൽ തന്നെ ആ വീട്ടിലെ ഒരു കാര്യത്തിലും അങ്ങേർക്ക് ഒരു കാര്യവുമില്ലായിരുന്നു.

ഉണ്ണിച്ചായനും, മറിയാമ്മച്ചേടത്തിയും തമ്മിൽ ഒരിക്കലും കലഹിച്ചിരുന്നില്ല-കാരണം, കുടുംബവീടിനു തൊട്ടുമുന്നിൽ റോഡരുകിൽ രണ്ടു മുറിയും വരാന്തയുമുള്ള ഒരു ഓലപ്പുര കെട്ടി ‘കാപ്പിക്കട’ എന്നൊരു ലേബലും നൽകി, അതിൽ ഒറ്റക്കായിരുന്നു ഉണ്ണിച്ചായന്റെ താമസം. അകന്നുള്ള ആ ജീവിതത്തിലും, ഉണ്ണിച്ചായൻ്റെ മുഖഛായയുള്ള അഞ്ചുമക്കളെ മറിയാമ്മച്ചേടത്തി പ്രസവിച്ചത് ഒരു അത്ഭുതമായിരുന്നു.

കടയുടെ മുൻവശം വീഞ്ഞപ്പലക കൊണ്ടു മറച്ചിരുന്നു. സൈഡു വഴിയാണ് എൻട്രൻസ്.
അവിടെ രാവിലെ അപ്പം, മുട്ടക്കറി, ഇഡലി, ദോശ, പുട്ട്, കടലക്കറി മുതലായ വിഭവങ്ങളൊന്നുമുണ്ടായിരുന്നില്ല. അത്യാവശ്യക്കാർക്ക് ആവശ്യപ്പെട്ടാൽ ഒരു ചക്കരകാപ്പി ഉണ്ടാക്കി കൊടുക്കും. ചിലപ്പോൾ ബണ്ണും, പർപ്പടബോളിയും കാണും. എന്നാൽ കൗമാരപ്രായത്തിലേക്കു കടക്കുന്ന ആൺകുട്ടികൾക്ക്, ബീഡിവലി അഭ്യസിക്കുന്നതിനുള്ള ഒരു സുരക്ഷിത പരിശീലന കേന്ദ്രമായിരുന്നു അത്. അതു മറ്റൊരു വിഷയം.

ഉണ്ണിച്ചായന്റെ മൂന്നാമത്തെ മകൻ പത്രോസുകുട്ടിയാണു മിസിംഗ് ആയിരിക്കുന്നത്. പത്രോസ് കുട്ടിയെ കാൺമാനില്ല എന്നൊരു പരാതി പോലീസ് സ്‌റ്റേഷനിൽ കൊടുക്കുകയോ, ഫോട്ടോ സഹിതം പത്രത്തിൽ ഒരു പരസ്യം കൊടുക്കുകയോ ഒന്നും ആരും ചെയ്തില്ല.

അക്കാലത്ത് ആധാറോ, പാൻ കാർഡോ ഒന്നും നിർബന്ധമല്ലാതിരുന്നതിനാൽ, മൈലപ്രായിൽ ആരുടെയെങ്കിലും ഒറ്റക്കുള്ള ഒരു ഫോട്ടോ എടുത്തതായി എനിക്കറിയില്ല. വിവാഹാനന്തരം, സ്റ്റുഡിയോയിൽ പോയി ഒരു ‘വിവാഹഫോട്ടോ’ എടുക്കുന്ന ഒരു ചടങ്ങുണ്ടായിരുന്നു.

അത്തരത്തിലുള്ള ചില ഫോട്ടോകൾ, മൈലപ്രാ മുക്കിനുണ്ടായിരുന്ന വാസുദേവൻ നായരുടെ കടയിൽ ദിവസങ്ങളോളം ആണിയിൽ തൂക്കി പ്രദർശിപ്പിച്ചിരുന്നു.

പറയുമ്പോൾ ഏല്ലാം പറയണമല്ലോ. കോളേജു പഠനകാലത്താണ് എൻ്റെ തനിയെയുള്ള ഒരു ഫോട്ടോയെടുത്തത്. കൗമാരത്തിൽ നിന്നും യൗവനത്തിലേക്കു കടക്കുന്ന ഒരു സങ്കീർണ്ണ കാലഘട്ടമുണ്ടല്ലോ! ആ സമയത്ത് ‘പ്രേമം’ എന്നൊരു വികാരം മിക്കവാറും എല്ലാവർക്കും തോന്നും.

ഗ്രേസി എന്നൊരു പെൺകുട്ടിക്ക് അങ്ങിനെ ഒരു ‘ഇത്’ എന്നോടു തോന്നി. എനിക്ക് അങ്ങോട്ടും ഒരു ‘ഇതു’ തോന്നി. വല്ലപ്പോഴും അവസരം കിട്ടുമ്പോൾ പരസ്‌പരം നോക്കി ഒന്നു പുഞ്ചിരിക്കുക, ഒന്നു കണ്ണിറുക്കി കാണിക്കുക അതാണ് ഈ രോഗത്തിൻ്റെ ആദ്യ ലക്ഷണം. പിന്നെ വലിയ റിസ്‌ക് എടുത്ത് കത്തുകൾ കൈമാറൽ തുടങ്ങും. അങ്ങിനെ ഒരു കത്തിടപാടിൽ, ‘രാജുച്ചായൻ്റെ ഒരു ഫോട്ടോ എനിക്കു തരാമോ? എപ്പോഴും കണ്ടു കൊണ്ടിരിക്കാനാണ്.’ എന്നൊരു ആഗ്രഹം അവൾ പ്രകടിപ്പിച്ചതു വായിച്ചപ്പോൾ, ബംബറല്ല, ഓണം ബംബറടിച്ച ഓട്ടോക്കാരന്റെ മാനസീകാവസ്ഥയായിരുന്നു എനിക്ക്. ആദ്യമായാണ് ഒരു പെൺകുട്ടി എന്നെ ‘രാജുച്ചായ’ എന്നു വിളിക്കുന്നത്-കോളേജു കുമാരി. -കുമാരൻമാരുടെ ഇത്തരം വികാരവിചാരങ്ങൾ മനസ്സിലാക്കിയിരുന്ന, പത്തനംതിട്ട അജന്താ സ്റ്റുഡിയോവിലെ ആശാനായിരുന്നു അഭയം.

‘സ്‌മയിൽ-സ്‌മയിൽ-ദേണ്ട് ഇതു പോലെ’ എന്നു പറഞ്ഞു ആശാൻ ചിരിച്ചു കാണിച്ചപ്പോൾ, ഞാനും അതു പോലെ പല്ലിളിച്ചു.

ഒരാഴ്ച കഴിഞ്ഞ്, ഒരു ചെറിയ മഞ്ഞ കവറിലിട്ടു ഫോട്ടോയുടെ മൂന്നു കോപ്പി ആശാൻ എനിക്കു കൈമാറി. എൻ്റെ ഫോട്ടോ കണ്ട ഞാൻ പോലും കരഞ്ഞുപോയി. ആശാന്റെ നിർദ്ദേദശമനുസരിച്ച് വാപൊളിച്ചു ചിരിച്ച, എൻ്റെ കോന്ത്രപ്പല്ലുകൾ വ്യക്തമായി തെളിഞ്ഞു നിൽപ്പുണ്ട്. മറ്റൊരു ഫോട്ടോയെടുക്കുവാനുള്ള പാങ്ങുമില്ല. വരുന്നതു വരട്ടെ എന്നു കരുതി, ഞാൻ ഫോട്ടോ ഗ്രേസിക്കു കൈമാറി. പിന്നീടൊരിക്കലും അവൾ എന്നെ നോക്കിയതുമില്ല-മൈൻഡു ചെയ്ത‌തുമില്ല.

ഒരാഴ്‌ച കഴിഞ്ഞപ്പോൾ, അവൾ എൻ്റെ കൂട്ടുകാരൻ തോമസ് ചെറിയാനോടു, അവന്റെ ഫോട്ടോ ആവശ്യപ്പെട്ടെന്നറിഞ്ഞപ്പോൾ എൻ്റെ ലോലഹൃദയം തകർന്നു പോയി. ‘നിരാശ കാമുകൻ’ എന്നൊരു പദപ്രയോഗം അന്നു മുതലാണ് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ പ്രചുരപ്രചാരം നേടിയത്.

അങ്ങിനെ ദിവസങ്ങൾ ആഴ്‌ചകളായി. ആഴ്‌ചകൾ മാസങ്ങളായി, മാസങ്ങൾ വർഷങ്ങളായി. പത്രോസുകുട്ടിയുടെ തിരോധാനം മൈലപ്രാക്കാരുടെ മനസ്സിൽ നിന്നും മാഞ്ഞുപോയി.

‘എന്നാലും പത്രോസുകുട്ടിക്ക് എന്തു പറ്റിക്കാണും’?

× × × × × × × × ×

മുണ്ടുകോട്ടയ്ക്കലെ പൊടിമോൻ എൻ്റെ അയൽവാസിയും, ബാല്യകാല സുഹൃത്തുമാണ്. ഒരു മാതിരിപ്പെട്ട സകല കുരുത്തുക്കേടുകളും, ഞാനും, പൊടിമോനും, ഞങ്ങളുടെ പ്രായത്തിലുള്ള മറ്റു ചില സുഹൃത്തുക്കളും ചേർന്നു ചെയ്‌തിട്ടുണ്ട്. വല്ലപ്പോഴുമൊരു സിഗരറ്റു വലി, അല്പം കള്ളുകുടി, ഒരു സിനിമാ കാണൽ, ഒളിച്ചിരുന്നു ബസിനു കല്ലെറിയുക-അങ്ങിനെയുള്ള ചില കാലാപരിപാടികൾ നമ്മുടെയെല്ലാം കൗമാരകാലത്ത് നടന്നിട്ടുണ്ടാവുമല്ലോ. ഇപ്പോൾ ഫിലഡൽഫിയായിൽ താമസിക്കുന്ന പൊടിമോൻ, തന്റെ ഇളയ സഹോദരൻ, ടാമ്പയിൽ താമസിക്കുന്ന തമ്പിയെ സന്ദർശിക്കാനെത്തി. കൂട്ടത്തിൽ, അവരുടെ സഹധർമ്മിണിമാരോടൊപ്പം, ഞങ്ങളുടെ വീട്ടിലും കുറച്ചു സമയം ചിലവഴിച്ചു. ഒരു പാടു നാളുകൾക്കുശേഷം കണ്ടതുകൊണ്ട്, ബാല്യകാല കഥകൾ പലതും അയവിറക്കി.

പലതും പറഞ്ഞുവന്ന കൂട്ടത്തിൽ, പത്രോസുകുട്ടിയുടെ കാര്യവും ഉയർന്നുവന്നു. അപ്പോഴാണ് പത്രോസുകുട്ടിയുടെ തിരോധാന ത്തിന്റെ പിന്നിലുള്ള ചുരുളഴി യുന്നത്.

മൈലപ്രായിലെ മൂന്നു പ്രബല ക്രിസ്ത്യൻ വിഭാഗങ്ങളാണ് ഓർത്തഡോക്‌സ്, മലങ്കര റീത്ത്, ബ്രദറൺ എന്നീ സഭകൾ. പൊടിമോനും, തമ്പിയും ബ്രദറൺ സഭാംഗങ്ങളും, ഞാനും പുളിയ്ക്കലെ പത്രോസുകുട്ടിയും ഓർത്തഡോക്സുകാരുമാണ്.

ചിറ്റക്കാട്ടെ സൈമൺസാറാണ് ബ്രദറൺസഭയിലെ സൺഡേസ്ക്കൂൾ അദ്ധ്യാപകൻ. തമ്പി ആ സൺഡേസ്ക്കൂൾ ക്ലാസിൽ ഒരു വിദ്യാർത്ഥിയാണ്.

വീണ്ടും ജനനത്തെപ്പറ്റിയും, ജ്ഞാനസ്‌നാത്തിനെപ്പറ്റിയും, യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുന്നതിനേപ്പറ്റിയും മറ്റും സൈമൺ സാർ വിശദമായി അവരെ പഠിപ്പിച്ചു.

അടുത്ത ആഴ്ച വരുന്നതിനു മുമ്പ് ‘നിങ്ങൾ ഒരാളെയെങ്കിലും രക്ഷപ്പെടുത്തിയിട്ടേ വരാവൂ’ എന്ന കർശനമായി പറഞ്ഞു. തമ്പി, അയൽവാസിയായ പത്രോസുകിട്ടിയോടു പലതവണ കെഞ്ചി പറഞ്ഞിട്ടും അവൻ ‘എട്ടുക്കും, ഏഴുക്കും’ അടുക്കുന്ന ലക്ഷണമില്ല.

‘കർത്താവായ യേശുക്രിസ്‌തുവിൽ ഞാൻ വിശ്വസിക്കുന്നു. ആകയാൽ ഞാനും എന്റെ കുടുംബവും രക്ഷപ്പെടും’ എന്നു ഏറ്റു പറഞ്ഞാൽ മതി-സംഗതി സോ സിംമ്പിൾ.

ആരെയെങ്കിലും രക്ഷപ്പെടുത്താതെ അടുത്ത ഞായറാഴ്‌ച സൈമൺ സാറിനെ എങ്ങിനെ അഭിമുഖകരിക്കും? പത്രോസുകുട്ടിയെ അല്ലാതെ മറ്റ് ഒരു ഇരയെ കിട്ടാനുമില്ല.

തമ്പി അവസാനം പതിനെട്ടാമത്തെ അടവ് എടുത്തു. തോട്ടത്തിൻ്റെ നടുവിൽ നിൽക്കുന്ന ജീവവൃക്ഷത്തിന്റെ്റെ ഫലം കാണിച്ച്, ഹവ്വായാ വീഴ്ത്തിയ സർപ്പത്തെപ്പോലെ, തന്റെ കൈലിരുന്ന ഒരു പാക്കറ്റ് സിഗരറ്റുകാണിച്ച്, പത്രോസിനെ പ്രലോഭിപ്പിച്ച്, അടുത്തുള്ള തേവുപാറ മുരുപ്പിലേക്കു കൊണ്ടു പോയി.

ഒരു സിഗരറ്റു വലിച്ചു കഴിഞ്ഞപ്പോൾ, തമ്പി പത്രോസുകുട്ടിയോടു ‘നീ രക്ഷപ്പെടുവാൻ തയ്യാറാണോ?’ എന്നു ചോദിച്ചു.

‘അതിനു ഞാൻ മാമ്മോദീസാ മുങ്ങിയതാണല്ലോ!’ പത്രോസുകുട്ടി തന്റെ സഭാവിശ്വാസം വെളിപ്പെടുത്തി.

തമ്പിക്ക് അരിശവും, സങ്കടവും വന്നു-ഒപ്പം കോപവും ‘എടാ, കഴുവേറീ മോനേ, അതു നീ കോണാമുടുത്തു നടക്കുന്നതിനു മുമ്പ, ഏതോ കത്തനാര് നിന്നെ മാമ്മോദീസാ തൊട്ടിയിൽ മുക്കി, തലയിൽ കുറച്ചു വെള്ളമൊഴിച്ചതല്ലേ? നിനക്കു വല്ല പിണ്ണാക്കും അറിയാമായിരുന്നോടാ അന്ന് ?’ യേശുക്രിസ്‌തു എത്രാമത്തെ വയസ്സിലാടാ സ്ന‌ാനമേറ്റത്’-

‘അതു പിന്നെ, ഒരു പത്ത് അൻപതു വയസ്സായി കാണും’- പത്രോസു കുട്ടി ഒന്നു പതറി

‘അൻപതല്ലടാ പുല്ലേ. പുള്ളിക്കാരൻ നാല്പത്തിയഞ്ചാമത്തെ വയസ്സിലാണ് സ്നാനപ്പെട്ടത്-‘ തമ്പി തന്റെ ബൈബിൾ ജ്ഞാനം പത്രോസിനു പകർന്നു കൊടുത്തു.

‘അതു പിന്നെ മത്തായിയുടെ സുവിശേഷത്തിൽ….’ പത്രോസു പറഞ്ഞു തുടങ്ങുന്നതിനു മുമ്പ് തന്നെ തമ്പി അയാളുടെ കൊരവള്ളിക്കു പിടിച്ചു ഞെക്കി.
‘ദൈവകാര്യം പറയുന്നതിനിടക്കും തന്തക്കു വിളിയ്ക്കുന്നോ നായിൻ്റെ മോനേ’- തമ്പി കൈകഴുത്തിൽ ഒന്നു കൂടി മുറുക്കി. (‘മത്തായിച്ചൻ’ എന്നാണു തമ്പിയുടെ പിതാവിന്റെ പേര്).

‘നാളെ മര്യാദക്കു വന്ന്, സൈമൺ സാറിൻ്റെ മുന്നിൽ കർത്താവായ യേശുക്രിസ്‌തുവിനെ രക്ഷിതാവായി സ്വീകരിച്ചിരിക്കുന്നു എന്നു ഏറ്റു പറയണം-അല്ലെങ്കിൽ നിന്റെ കിടുങ്ങാമണി ഞാൻ ചവിട്ടി പൊട്ടിക്കും-‘ പത്രോസുകുട്ടിക്ക് ലാസ്റ്റ് വാണിംഗ് കൊടുത്തിട്ടു തമ്പി സ്ഥലം വിട്ടു.

അങ്ങിനെ ഒരു ഏറ്റു പറച്ചിൽ നടന്നാൽ, പത്രോസുകുട്ടി പക്കാ ഓർത്തഡോക്‌സുകാരനായ തന്റെ തന്തപ്പടി ഉണ്ണിച്ചായൻ്റെ വെട്ടേറ്റു മരിക്കും. വരും വരാഴികകളോർത്തു അന്നു പാതിരാത്രി പത്രോസുകുട്ടി മൈലപ്രായിൽ നിന്നും പാലായനം ചെയ്തു‌.

*****

പൊടിമോൻ തിരിച്ചു ഫിലഡൽഫിയായിക്കു പോയി. അടുത്ത ആഴ്ച്ച എന്നെ കാണാൻ തമ്പി ഒറ്റക്കു വരുന്നുണ്ടെന്നു പറഞ്ഞു. അതിനു മുമ്പേ എനിക്ക് എങ്ങിനെയെങ്കിലും ‘രക്ഷ പ്രാപിക്കണം’.

രാജു മൈലപ്രാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com