ധനുമാസ രാവുകൾക്കും, പകലുകൾക്കുമെന്തോ പറഞ്ഞറിയിക്കാനാ
വാത്ത ലാവണ്യമുണ്ട്.
അതിനപ്പുറം അലൗകികതയുടെ മാസ്മരിക ഭാവമുണ്ട്.
ഓർമവെച്ച നാൾ മുതൽ ഡിസംബറിനെ വല്ലാതങ്ങു ഇഷ്ടപ്പെട്ടു പോയിരുന്നു.
സ്വപ്നതുല്യമായ സുഖാനുഭവങ്ങളുടെ ബാല്യകാല ചിമിഴിൽ ഗന്ധമില്ലാത്ത കടലാസു പൂക്കളുടെ വർണ്ണപ്പകിട്ടുമുണ്ട്.
ബോഗിൻവില്ലച്ചെടി തരുന്ന കടലാസു പൂക്കൾ ഇലയെ മറച്ച് പൂത്തു നിൽക്കുന്ന കാലം. പകൽ വെയിലും ഹിമക്കാറ്റും ഒരുപോലെ സ്വീകരിച്ചവ കടും വർണ്ണമാകും
എറണാകുളത്തു പോയി വരുമ്പോൾ ഇടക്കൊച്ചിയിലെത്തി കിഴക്കേപ്പുഴയിലൂടെ തോണിയിൽ വീട്ടിലേയ്ക്കുള്ള യാത്രയിൽ പുഴ മധ്യത്തിൽ വെച്ചു തന്നെ വീടിനെ തിരിച്ചറിയിക്കുന്ന ഒരു അടയാളമുണ്ടായിരുന്നു.
അടുക്കളയുടെ ചിമ്മിണിക്കിപ്പുറം ഊണുമുറിയുടെ ഒരു വശവും കവർന്നെടുത്ത് മേൽക്കൂര മൂടി പടർന്ന് ആർത്തുല്ലസിച്ചു വിടർന്ന ചെമന്നു തുടുത്ത കട്ടപ്പൂക്കുല
കളേന്തിയ ബോഗിൻ വില്ലച്ചെടി .
ഓർമകൾ നെഞ്ചകം നിറഞ്ഞു പരന്നു കിടക്കുമ്പോൾ ജീവന്റെ
അരുണിമയാർന്ന വർണത്തിൻ കാന്തി ഇപ്പോഴും നിനവിനെ ഭ്രമിക്കുന്നു.
ഡിസംബറിലെ ഇരുപത്തിയഞ്ചുദിവസവും ഉണ്ണിയീശോയ്ക്കു സമ്മാനമുണ്ടാക്കിയയ്ക്കാൻ പഠിപ്പിച്ചത് അഞ്ചാം ക്ലാസിലെ ടീച്ചർ ജൂലിയറ്റ് സിസ്റ്ററാണ്.
ഓരോ നന്മ പ്രവൃത്തിയും, ചെറിയ സുകൃതജപങ്ങളും ദിനം തോറും ചൊല്ലുന്നതാണ് സമ്മാനം.
ക്രിസ്തുമസ് അടുത്തെത്തിയെന്നറിയുന്നതു പറമ്പു വൃത്തിയാക്കുന്ന തൂമ്പാ പ്രയോഗമുണർത്തുന്ന പൊടിമണ്ണിന്റെയും മുറിഞ്ഞ തണ്ടുകളുടെയും പച്ചിലകളുടെയും ഗന്ധമേന്തി വരുന്ന ധനുമാസത്തിലെ തണുത്തകാറ്റിന്റെ തലോടലേൽക്കുമ്പോഴാണ്.
പണിക്കാർ മൂന്നാലുപേർ മൂപ്പൻ ഭാസ്കരന്റെ നേതൃത്വത്തിൽ ചെറിയ കൂനകൾ കൂട്ടി പറമ്പാകെ,വൃത്തിയാക്കി വഴിയൊരുക്കും.
കാടുപടലും എവിടെയോ പോയിമറയും .അടുത്തമഴയ്ക്കു ശക്തിയായി പടരാനായുള്ള ഒളിച്ചിരിപ്പ്.
പുൽക്കാടുകൾ മറയുമ്പോൾ വൈകുന്നേരങ്ങളിൽ തൊടിയിലാകമാനം ഓടിക്കളിക്കാൻ നല്ല രസമാണ്.
പുൽക്കൂടു ചമയ്ക്കാനും നക്ഷത്രങ്ങൾ ഉണ്ടാക്കിയെടുത്തു
പയോഗിക്കാനും അന്നാളുകൾ എല്ലാവർക്കുമെന്തുത്സാഹമാണ്.
ഇന്നത്തെ പോലെ കടകളിൽ നിന്നല്ല അലങ്കാരവസ്തുക്കൾ വാങ്ങിച്ചു കൂട്ടുന്നത്.
സ്വന്തം പറമ്പിൽ നിന്നു കിട്ടുന്ന അസംസ്കൃത
വസ്തുക്കളുപയോഗിച്ച് ഉല്പ്പന്നങ്ങളുണ്ടാക്കി
കലാവിരുതു കാണിക്കാൻ കിട്ടുന്ന അവസരമാണത്.
പിറവിത്തിരുന്നാളിന് ആഴ്ചകൾക്കുമുമ്പേ ഇതിനായി ജോലിയാരംഭിക്കും.
വീടിന്റെ പടിഞ്ഞാറെ ഗേറ്റിനു തൊട്ടരുകിൽ കുടമ്പുളി മരത്തിന് ചാരെ രണ്ടുമൂന്നു സെന്റ് ചുറ്റളവിൽ തിങ്ങിനിറഞ്ഞ് നിൽക്കുന്ന ഈറ്റക്കാടുണ്ട്.
വെട്ടും തോറും വർദ്ധിച്ച് വളരുന്ന ഈറ്റകളെ മുറിക്കലാണ് ആദ്യ ജോലി.
കുടുംബത്തിലെ ആണുങ്ങളും അയൽവക്കത്തുള്ള
വരും കൂടും. അവർക്കും നക്ഷത്രമുണ്ടാക്കാൻ ഞങ്ങളുടെ പറമ്പിലെ ഈറ്റക്കൂട്ടം,തന്നെയാണെടുക്കുന്നത്.
പിന്നെ ഓലമടലിൽ നിന്ന് ചീന്തിയെടുക്കുന്ന ‘അളി ‘എന്നുവിളിക്കുന്ന വസ്തു കൊണ്ടും നക്ഷത്രങ്ങളെ സൃഷ്ടിക്കുന്നതു കാണാം.
ഈറ്റ മുറിച്ച് കൊണ്ടു വന്നു വെയ്ക്കുമ്പോൾ സ്പർശിച്ചാൽ അതിൽ കറുത്തനിറത്തിൽ പിടിച്ചിരിക്കുന്ന മുള്ളു പോലുള്ളവ
വിരലുകളിൽ പറ്റിപ്പിടിച്ച് വേദനയുളവാക്കും.
പച്ച നിറത്തിലെ പാളികൾ കീറി മുറിക്കുമ്പോഴും , ഇലകൾ വെട്ടിമാറ്റു മ്പോഴും ഉണ്ടാകുന്ന ഗന്ധം നാസാരന്ധ്രങ്ങൾക്ക് പെരുന്നാൾ എത്തിയെന്നു മുന്നറിവ് നൽകിയിരുന്നു.
ഓടക്കുഴൽ പോലിരുന്ന ഈറ്റ കഷ്ണങ്ങൾ എത്ര പെട്ടെന്നാണ് വലുതും ചെറുതുമായ നക്ഷത്രങ്ങളായി മാറുന്നത്.
വെള്ള നിറത്തിലും നടുവിൽ ചുവപ്പുനിറവുമുള്ള ചൈനാ പേപ്പറും ഗ്ലാസ് പേപ്പറുംകൊണ്ട് പൊതിഞ്ഞ് താരക വിളക്കുകൾ തയ്യാറായി തൂങ്ങിയാടും.
എറണാകുളത്തെ അമ്മ വീട്ടിലും ആഘോഷങ്ങളും, വീടിനു ചുറ്റുപാടും താമസിക്കുന്ന ആഗ്ലോ ഇന്ത്യൻസ് ക്രിസ്തുമസ് ഗംഭീരമായും ആർഭാടമായും കൊണ്ടാടുന്നതും അമ്മയ്ക്ക് സുപരിചിതമായതിനാൽ അലങ്കാര ഭക്ഷണകാര്യങ്ങളിൽ ഞങ്ങളുടെ വീട്ടിലും പട്ടണത്തിൻ്റെ സ്വാധീനം കാണാമായിരുന്നു.
അമ്മ നല്ലൊരു കലാകാരി കൂടിയായിരുന്നതു കൊണ്ട് പലതരത്തിലുള്ള രൂപങ്ങൾ വരച്ചു കൊടുത്ത്,അതുപോലെ ദീപാലങ്കാരങ്ങൾ ഈറ്റ കൊണ്ടുണ്ടാക്കിച്ചിരുന്നു .
ചില വർഷങ്ങളിൽ വീട് ആകമാനം പെയിന്റടിക്കും.
മുറികളിലെ റൂഫ് തടി കൊണ്ടുള്ള മച്ച് ആയതിനാൽ അത് വാർണീഷ് അടിക്കും.
പറമ്പിൽ അടപ്പു കൂട്ടി തീ കത്തിച്ച് വാർണീഷ് ഉരുളിയിൽ കാച്ചിയെടുക്കുന്നതിന്
പണിക്കാർ വരും.
ഇന്ന് വാർണീഷ് ഗന്ധം എപ്പോൾ കിട്ടിയാലും പഴയ കാല ക്രിസ്തുമസ് ഓർമകൾ ഓടിയെത്തും.
മച്ചിന് വാർണീഷ് പൂശുന്നതിനു മുമ്പ് സാൻഡ് പേപ്പറിട്ട് ഉരയ്ക്കുന്ന ഒരു പണിയുണ്ട്.
പൊടിപുറത്തേയ്ക്കു വന്നുതുടങ്ങിയാൽ ഓടിരക്ഷപെട്ടില്ലയെങ്കിൽ വായ്ക്കകം കയ്പു രുചി നിറയും.
എന്നാൽ വാർണീഷ് പൂശിക്കഴിയുമ്പോൾ മുകളിലേയ്ക്കു നോക്കിയാൽ കടുത്ത കാപ്പിപ്പൊടി നിറവും കറുപ്പും ചേർന്ന പ്രതലത്തിൽ നമ്മളെ തന്നെ പ്രതിഫലിപ്പിക്കുന്ന കണ്ണാടി തിളക്കം വരും.
ക്രിസ്തുമസ് അലങ്കാരപ്പണിക്ക് അപ്പനും ചേട്ടനുമാണ് മുൻപന്തിയിൽ നിൽക്കുന്നത്.
അനുജത്തിയും,അനുജനും ഞാനുമൊക്കെ സഹായികളും .
വീടിന്റെ ഓരോ വാതിലുകളിലും
കിലുങ്ങുന്ന ശബ്ദമുണ്ടാക്കുന്ന കുഴൽ രൂപങ്ങളും സിൽവർ നിറമുള്ള ബെല്ലിൻ്റെ ചെറുരൂപങ്ങളും
കോർത്ത് മാലയാക്കാൻ അമ്മയെ ഞങ്ങൾ സഹായിക്കും.
അതു കർട്ടൺ
പോലെയാക്കി മുറികളിലെ ഓരോ വാതിലുകളിലും തൂക്കും.
ഇതെല്ലാം ഡിസംബർ ആദ്യം തുടങ്ങുന്ന ഒരുക്കങ്ങളാണ്.
ചാമ്പയിൽ പടർന്നു കിടക്കുന്ന കുമ്പളങ്ങ വള്ളിയിൽ ധാരാളം കുമ്പളങ്ങകൾ തൂങ്ങിയാടുന്നതെടുത്ത് മുത്തുകൾ കോർത്ത ആവരണം ചാർത്തി മുറിയിൽ തൂക്കും.
പുതിയ മൺകുടങ്ങൾ വാങ്ങി അതിൽ മണ്ണു നിറച്ച് കമഴ്ത്തി വെച്ച് സൂക്‌ഷ്‌മമായി പലയിടങ്ങളിൽ ആണി കൊണ്ട് മെല്ലെ തട്ടി ചെറുദ്വാര സമൂഹം സൃഷ്ടിക്കും.
പിന്നീട് മണ്ണുമാറ്റി വൃത്തിയാക്കി കുടങ്ങൾക്കുള്ളിലായി ചെറുസുഷിരങ്ങൾക്കു മീതെ പലനിറത്തിലുള്ള വർണ്ണക്കടലാസുകൾ ഒട്ടിച്ച് വെയ്ക്കും.
ക്രിസ്തുമസിനോടു അടുക്കുമ്പോൾ വീടിന്റെ കിഴക്കേ ഗേയ്റ്റു മുതൽ മുൻവശത്ത് കൊയ്ത്തിറങ്ങുന്ന സിമന്റിട്ട കളം
വരെയുള്ള സ്ഥലത്ത് താൽക്കാലിക വഴി വിളക്കുകൾ സ്ഥാപിക്കും.
ഇതിനായി ഇരു വശങ്ങളിലായി കുത്തി നിർത്താൻ ഓല മാറ്റിയ ഓലമടലിലെ കട്ടിയുള്ള ഭാഗം എടുക്കും.
മുകൾഭാഗത്ത് നാലായികീറി ഒരു ചെറിയ കോൽ ഇതിനിടയിൽ വട്ടം വെച്ച് ഒരുക്കും. അത് നിരയായി ഇരുവശവും മണ്ണിൽ കുഴിച്ചു വെയ്ക്കും. അതാണ് വിളക്കു കാൽ .
അതിനു മേലാണ് നേരത്തേ തയ്യാറാക്കിവെച്ച മൺ കുടം കമഴ്ത്തി വെയ്ക്കുന്നത്. അത് ദീപഗോളം.മുക്കാൽ എന്നാണതിനെ വിളിക്കുന്നത്.
ഓലമടൽവെട്ടി
മണ്ണിലുറപ്പിച്ചു തരാൻ സഹായത്തിനാളുണ്ട്.
ഇക്കോഫ്രെണ്ട്ലി വിളക്കുകാലുകളിലെ മൺഗോളത്തിനുള്ളിൽ കത്തുന്നത് മണ്ണെണ്ണ വിളക്കാണ്.
തുണിത്തിരി പകുതി താഴ്ത്തി വെച്ച പുതിയ പാട്ട വിളക്കുകളിൽ എണ്ണ നിറച്ച് കത്തിച്ചു മൺകുടത്തിനുള്ളിൽ വെയ്ക്കുമ്പോൾ ദൂരക്കാഴ്ചയിൽ പലവർണ്ണത്തിലുള്ള ഗോളരൂപത്തിൽ രാത്രിയിൽ പ്രകാശിക്കും.
കണ്ടു നിൽക്കാൻ അതി മനോഹരമായ ദീപങ്ങൾ ഈശനെ വരവേൽക്കാൻ ഒരുക്കിയതാണ്. കാറ്റിൽ കെടാതെ മൺകുടത്തിനുള്ളിൽ വെളുക്കും വരെ വിളക്ക് കത്തി നിൽക്കും.
കുരിശു പള്ളിയിലെ കപ്യാരായ ഔസോച്ചേട്ടൻ മറ്റൊരു മാന്ത്രിക വിദ്യ കൊണ്ടു വരും .എല്ലാ വർഷവും അപ്പൂപ്പനുള്ള കാലം മുതലുള്ളതാണ് ഈ പതിവത്രെ.
നാലുവശം തുറന്ന ഒരു ഇരുമ്പിൻ കൂട് .അത് പണ്ടേ പണിയിച്ചു വെച്ചതാണ്. മച്ചിൻ മുകളിൽ നിന്നു പുറത്തെടുത്ത് ഔസോച്ചേട്ടൻ കൊണ്ടു പോകും. ശരിയാക്കി കൊണ്ടു വരും.
അതിന്റെ ഉള്ളിൽ എന്താണ് ചെയ്തിരി ക്കുന്നതെന്നറിയില്ല .
വിളക്കു കത്തിക്കുമ്പോൾ തിരിയുന്ന രൂപങ്ങളുടെ നിഴൽ പുറത്തു കാണാം. സ്ക്രീനിൽ പടങ്ങൾ ചലിക്കുന്നതുപോലെ
കറങ്ങിക്കൊണ്ടിരിക്കും
പുതിയ വെള്ള ചൈനാ പേപ്പറിൽ പൊതിഞ്ഞ കൂടിന്റെ ഓരോ പാളികളിൽ ഇത് ദൃശ്യമാകും.
മുൻവശത്തെ ഉത്തരക്കോലിന്മേൽ ഇത് കെട്ടിത്തൂക്കിയിടും സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി വെയ്ക്കും. ഇതിനായി കിളിവാതിൽ ഉണ്ട്.
‘ആകാശ വിളക്കെന്ന ‘ കൗതുകകരമായ കാഴ്ച കാണാൻ അയൽവക്കത്തെ കുട്ടികളും വരും.
ഓരോ വർഷവും വ്യത്യസ്ത ചിത്രങ്ങളാണ് വെയ്ക്കുന്നത്.
ക്രിസ്തുമസ് കാർഡിൽ വരുന്ന തിരുക്കുടുംബ ചിത്രം, പിന്നെ പക്ഷികൾ, പ്രകൃതി ദൃശ്യങ്ങൾ ഇവ വെട്ടിയെടുത്തു വെച്ചത് ചുറ്റും കറങ്ങിക്കൊണ്ട് തെളിഞ്ഞു വരും.
തിരുമുറ്റത്തു വെയ്ക്കുന്ന വലിയ വാഴപ്പിണ്ടിയിൽ നിറയെ കുത്താനുള്ള കൊടികൾ നിർമ്മിക്കുന്നത് ഞങ്ങൾ കുട്ടികളാണ്.
വിവിധ നിറത്തിലെ പേപ്പർ കൊടിയാകൃതിയിൽ വെട്ടിത്തരും . മൈദ കുറുക്കിയ പശ തേച്ച് പച്ച ഈർക്കിലിൽ വർണ്ണക്കടലാസ് ഒട്ടിക്കും.
ക്രിസ്തുമസ്പരീക്ഷ ദിനങ്ങളിൽ രാവിലെ പരീക്ഷ കഴിഞ്ഞു വന്നാൽ ഉച്ച കഴിഞ്ഞുകിട്ടുന്ന വിശ്രമവേളകളിലാണ് കൊടി നിർമ്മാണം.
മോളി ചേച്ചിയും, മിനിയും, കുഞ്ഞപ്പൻ കൊച്ചാപ്പന്റെ മകളും ക്ലാസ്മേറ്റുമായിരുന്ന മെറ്റിയും ചിലപ്പോഴൊക്കെ കൊടിനിർമാണ
സഹായത്തിനുണ്ടായിരുന്നു.
വല്യപ്പച്ചൻ്റെ വീട്ടിലെ നക്ഷത്ര നിർമ്മാണം കാണാൻ ഇതിനിടെ തിരക്കിട്ട് അങ്ങോടും ഓടിപ്പോകും.
മരക്കൊമ്പ് വെട്ടിയെടുത്തതാണ് ക്രിസ്തുമസ്ട്രീ. അതും പുൽക്കൂടിന്നരികെയാണ് വെയ്ക്കുന്നത്.
ഇനി പുൽക്കൂടിന്റെ പണിയാണ്. അത് അമ്മയുടെ ഭാവനയിൽ ഓരോ വർഷവും ഓരോ തരമാണ്.
അമ്മയുടെ വീട്ടിൽ ആങ്ങളമാർ പുൽക്കൂട് നിർമ്മാണത്തിൽ പല പരീക്ഷണങ്ങളും ചെയ്യുമായിരുന്നു.
പച്ചാളത്തു താമസിക്കുന്ന അമ്മയുടെ ഏറ്റവും മൂത്ത ആങ്ങള വല്യച്ചയ്ക്ക് അവരുടെ പള്ളി നടത്തുന്ന മത്സരങ്ങളിൽ ഒന്നാം സമ്മാനം ലഭിക്കുമായിരുന്നു. അത്ര ഭംഗിയായി ഉണ്ടാക്കും.
ഞങ്ങളുടെ വീട്ടിലെ പുൽക്കൂടു നിർമ്മാണം അപ്പനും,അമ്മയും, ചേട്ടനും കൂടിയാണ്
നിർവഹിക്കുന്നത്.
വൈക്കോൽ കൊണ്ടുപുൽക്കൂടു മെടഞ്ഞു കെട്ടിക്കഴിഞ്ഞാൽ ഞങ്ങൾ കുട്ടികൾ പച്ചകറുകപ്പുല്ല് മണ്ണുപോകാതെ എടുത്തു കൊണ്ടുവന്ന് പുൽക്കൂടിനുള്ളിൽ നിരത്തും.
അതല്ലെങ്കിൽ ചിരട്ടയിൽ നെല്ലു മുളപ്പിച്ച് മണ്ണോടെ നിരത്തും. ഇടയ്ക്കിടെ നനച്ചു കൊടുക്കും. കടുകു മുളപ്പിച്ചു വെയ്ക്കാറുമുണ്ട്.
പുൽക്കൂടിന്നുള്ളിൽ കുഞ്ഞു കടലാസു നക്ഷത്രം ബൾബിട്ടു കത്തിക്കും, വൈക്കോൽ മേഞ്ഞ മേൽക്കൂരയിൽ ഇലുമിനേഷൻ ബൾബ് ചാർത്തും.
അത് മിന്നുകയും,കെടുകയും ചെയ്യുന്ന കാഴ്ച ഓരോ തവണ കണ്ണടച്ചും തുറന്നും ആസ്വദിക്കും. ഇന്നത്തെ പോലെ സർവസാധാരണമല്ല ഈ കുഞ്ഞൻ ബൾബുകൾ.
പുൽക്കൂടിനു പിറകിൽ മലയുണ്ടാക്കും.ഇഷ്ടികപ്പൊടിയും നേർത്തമണ്ണും വെള്ളത്തിൽ കലക്കി അതു കടലാസിൽ പെയിന്റു പൂശുന്നതു പോലെ പുരട്ടി വെയിലത്ത് ഉണക്കിയെടുക്കും.
ചിലപ്പോൾ പഴയ വെള്ളത്തുണിയും ഈ മൺപെയ്ൻ്റു പൂശി ഉണക്കി വെയ്ക്കും. മലയുടെ കവറിങ്ങിനാണ്.
ഇഷ്ടികയും കല്ലുകളും മേൽക്കുമേൽ കയറ്റിവെച്ചിട്ട് മലയുടെ നിറമാക്കിയ പേപ്പർ അല്ലെങ്കിൽ തുണി കൊണ്ടു പൊതിയും.
ബലൂണുകളും വർണ്ണ കടലാസുകളും
ഒരേയൊരു പേപ്പർ നക്ഷത്രവുമാണ് പണം മുടക്കി വാങ്ങാറുള്ളത്.
ഇലക്ട്രിക്ക് ബൾബിട്ട് തിളങ്ങാൻ പറ്റിയ വിധത്തിൽ ത്രികോണാകൃതിയിൽ മെനഞ്ഞ പന്ത്രണ്ടു ചെറു ഈറ്റക്കുട്ടകൾ വർണക്കടലാസുകളാൽ അകം പൊതിഞ്ഞ് വീടിനുചുറ്റും തൂക്കി ദീപശോഭയേകുന്ന കാഴ്ച അതിമനോഹരമാണ്.
ഇതിനായി ഈറ്റ സ്വന്തം വീട്ടിൽ കൊണ്ടുപോയി കുട്ടനെയ്തു കൊണ്ടു
വരുന്നത് കൊച്ചു പെണ്ണാണ്.
ഓർമകളുടെ താരക വെളിച്ചം കെട്ടുപോകാതിരിക്കാനാവണം ഒരിക്കലും മായാത്ത ആകാശ നിലാമുറ്റത്തിനു താഴെ പന്ത്രണ്ടുകടലാസു നക്ഷത്രങ്ങൾ ഇന്നും എല്ലാ ക്രിസ്തുമസിനും മുടങ്ങാതെ ആങ്ങള റിനോഷ് കുട്ടൻ തറവാട്ടിൽ
വരാന്തയിലെ
പൂമാനത്തിൽ തൂക്കിയിടാറുണ്ട്.
അന്ന് ക്രിസ്തുമസ് സന്ദേശവാഹകരായ കാർഡുകൾക്ക് ഞങ്ങൾ വലിയ പ്രാധാന്യം കൊടുത്തിരുന്നു.
പുൽക്കൂടിനു ഇരുവശവും ആ വർഷം വരുന്ന എല്ലാ ക്രിസ്തുമസ് കാർഡുകളും ശേഖരിച്ച് നിരത്തി വെയ്ക്കുന്നത് രസകരമായിരുന്നു.
വിദേശത്തു നിന്ന് അപൂർവമായി വരുന്ന മ്യൂസിക്കൽ കാർഡിന് വളരെ മൂല്യം കൽപ്പിച്ചിരുന്നു.
വീടിൻ്റെ വരാന്തയിലെ റൂഫിൽ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ ക്രെയ്പ്പുകടലാസ് പല നിറത്തിലുള്ളതു വെട്ടിയെടുത്ത് ചരടിൽ കോർത്ത് തോരണം ചാർത്തും.
പുൽക്കൂടിനകത്തെ പുൽമെത്തയിൽ രൂപങ്ങൾ നിരത്തുന്നത് ഡിസംബർ 24ാം തീയതിയാണ് .
ആടുമാടുകൾ , ഒട്ടക ആട്ടിടയ രൂപങ്ങളെ ആദ്യം നിരത്തി വെയ്ക്കും . മൂന്നു പൂജ രാജാക്കന്മാരുടെ രൂപങ്ങളുമുണ്ട്.
ഇതെല്ലാം പണ്ടെങ്ങോ വാങ്ങി വൈയ്ക്കോലിൽ പൊതിഞ്ഞു സൂക്ഷിച്ചു
വെച്ചിരിക്കുന്നത് എല്ലാവർഷവും
വൃത്തിയാക്കിയെ ടുത്തുപയോഗിക്കുന്നതാണ്.
മാലാഖയുടെ രൂപവും , ഒരു ചെറിയ നക്ഷത്രവും പുൽക്കൂടിനു മുകളിൽ തൂക്കും.
സന്ധ്യയോടെ മേരി മാതാവിന്റെയും ഔസേപ്പിതാവിന്റെയും രൂപങ്ങൾ വെയ്ക്കും.
പാതിരാ പന്ത്രണ്ടുമണിക്ക് ഉണ്ണിയേശുവിനെ പ്രാർത്ഥനയോടെ മാതാവിൻ്റെയും ഔസേപ്പിതാവിൻ്റെയും രൂപങ്ങൾക്കു നടുവിലായി പ്രതിഷ്ഠിക്കും .
ആ വർഷം നേടേണ്ട കാര്യങ്ങളൊക്കെ ഉണ്ണിയോട് എണ്ണി പ്പറഞ്ഞ് ആവശ്യപ്പെട്ട് പ്രാർത്ഥിച്ചു പോയി കിടന്നുറങ്ങും.
പുൽക്കൂടിനു ചാരെ ക്രിസ്തുമസ് ട്രീ പ്രൌഢിയോടെ വിളങ്ങും.
വീട്ടിലെ പഞ്ഞി മരത്തിനു താഴെ വീണു കിട്ടിയ പഞ്ഞിക്കായ ശേഖരിച്ച് മഞ്ഞിന്റെ പ്രതീതിയുളവാക്കാ
നായി അവിടവിടെ മരച്ചില്ലകളിൽ ഒട്ടിച്ചു വെയ്ക്കും.
ബലൂണുകളും വർണ തോരണങ്ങളും കുഞ്ഞു നക്ഷത്രങ്ങളും തൂക്കി
മനോഹരമാക്കും.
മുട്ടത്തോട് കളർ കൊടുത്തത് കുത്തി വെയ്ക്കും. ഇലുമിനേഷൻ ബൾബുകൾ ചാർത്തുന്നതുമാണ് ഏക ആർഭാടം.
അങ്ങനെ ചെലവു കുറഞ്ഞ മനോഹര ക്രിസ്തുമസ്ട്രീ റെഡി.
ചുറ്റുപാടുള്ള വീടുകളിലെ നക്ഷത്രക്കാഴ്ചയുടെ ആസ്വാദനമാണ് ഞങ്ങൾ കുട്ടികൾക്ക് ഏറ്റവും സന്തോഷകരം .
പറമ്പിലെ നാലു വശവും നടന്ന് അയൽ വീടുകളിലെ നക്ഷത്രങ്ങളുടെ എണ്ണമെടുക്കും.
ഇനി കാത്തിരിക്കുന്നത് കരോൾ സംഘത്തെയാണ്. ഒന്നും ഒറ്റയുമായി പപ്പാഞ്ഞിമാർ വന്നു പോകും. ഇന്നത്തെ പോലെ സാൻ്റാ ക്ലോസിൻ്റെ ഉടുപ്പൊന്നും സുലഭമല്ലാത്ത കാലം. പാളയോ , തുണിയോ കാർബോർഡു പീസുകളോ മുറിച്ച് ചായം തേച്ച് മുഖാവരണ മണിയും. വസ്ത്രധാരണവും സ്വന്തം മനോധർമ്മമനുസരിച്ചാകും. ബലൂൺ പതിപ്പിച്ച തൊപ്പി നിർബന്ധം .
പാട്ടു പാടുന്നത് കൂടെ വരുന്ന കൂട്ടുകാരാണ്.
കളി കഴിഞ്ഞ് പിരിവ് വളരെ പ്രധാനം.
അന്നും ഇന്നും എനിക്ക് അൽപ്പം വിഷമം തോന്നുന്നത്, ക്രിസ്തുമസ് പപ്പയെ ഒരു കോമാളി വേഷത്തിൽ കാണു മ്പോഴാണ്. അദ്ദേഹം സെൻ്റ്. നിക്കോളാസ് എന്ന പുണ്യവാനാണ് എന്നു് പറഞ്ഞു തന്നിട്ട് എന്തിനാണ് ഇങ്ങനെ ബഫൂൺ വേഷധാരിയായി വരുന്നതെന്നു സങ്കടത്തോടെ ചിന്തിക്കും .
അതേ വിഷമം തന്നെ മഹാബലിയെ ചിലർ വിഡ്ഡിവേഷം കെട്ടിച്ച് അവതരിപ്പിക്കുമ്പോഴും തോന്നാറുണ്ട്.
പിന്നെ ഗായകസംഘമെത്തും, അത് ഒന്നും രണ്ടുമല്ല എണ്ണമില്ലാത്ത പാട്ടുകാരാണ് വരുന്നത്.
മുഖം മറച്ചു വെച്ചിരിക്കുന്നതു കൊണ്ട് ആർക്കും പാടി നൃത്തം ചെയ്യുന്നവരെ തിരിച്ചറിയാനാവില്ല.
ചെല്ലുന്ന വീടുകളിൽ നിന്ന് ചില്ലറ ശേഖരിക്കാൻ പാത്രവും ഒരാളുടെ കൈയ്യിലുണ്ടാകും.
ഒടുവിൽ നാടകസംഘമെത്തും . കർട്ടനും, പെട്രോമാക്സും, എല്ലാം വഹിച്ചു വരുന്ന സംഘം സ്കിറ്റ് അവതരിപ്പിക്കും.
വസ്ത്രാലങ്കാരമെല്ലാം ഗംഭീരമായിരിക്കും . ചിലപ്പോഴൊക്കെ നാട്ടിലെ ചവിട്ടു നാടക സംഘത്തിൽ നിന്ന് അവർ വാടകയ്ക്ക് വസ്ത്രങ്ങൾ വാങ്ങുമായിരുന്നത്രെ.
രണ്ടു വയസിനു താഴെയുള്ള ആൺകുട്ടികളെ വധിക്കാൻ ഹേറോദേസ് രാജാവ് അലറിക്കൊണ്ട് (മൈക്കില്ല)
കല്പന പുറപ്പെടുവിക്കുമ്പോൾ ഞങ്ങൾ കുട്ടികൾ ഞെട്ടി വിറച്ച് തൂണിനു മറവിലൊളിക്കും.
ദേഷ്യവും സങ്കടവും വന്നാലും, സന്തോഷമായാലും അന്നത്തെ രാജാക്കന്മാർ ഹ ഹ ഹ എന്ന് അട്ടഹസിച്ചു ചിരിക്കുന്നതെന്തിനാണെന്നു ഞാൻ അത്ഭുതപ്പെടുമായിരുന്നു.
ഇടയ്ക്കിടെ കഥാപാത്രങ്ങൾ രംഗത്തു നിന്നു മറഞ്ഞ് വസ്ത്രം മാറിയുടുത്തു വരാൻ പോകുമ്പോൾ പുതപ്പുകൾ കർട്ടനുകളാകും.
ഒടുവിൽ പുഞ്ചിരി തൂകിയ ഉണ്ണിയും മാതാവും ഔസേപ്പിതാവും നിശ്ചല ദൃശ്യങ്ങളാകുമ്പോൾ കാണികളുടെ മുഖത്ത് പുഞ്ചിരി വിരിയും.
ഉടനെ പപ്പാഞ്ഞിയെന്ന ക്രിസ്തുമസപ്പൂപ്പൻ തലയിൽ ബലൂൺ കെട്ടി വടിയും കുത്തി സംഘാംഗങ്ങൾക്കിടയിൽ നിന്നു വന്ന് പാടും.
” പപ്പാഞ്ഞിക്ക് തരാനുള്ളത് തന്നേക്ക് “
പിരിവിൻ്റെ ഗാനരൂപം.
പാതിരാ കുർബാനയ്ക്കു പോകാനുള്ള തിരക്കായി . ഞങ്ങൾ കുട്ടികളെ രാത്രിയിൽ പള്ളിയിൽ കൊണ്ടു പോകാറില്ല . അവിടെ കിടന്നുറങ്ങുമെന്നാണ് കാരണം പറയുന്നത്.
അതിരാവിലെയുള്ള ബലി കൂടാനാണ് ഞങ്ങൾ പോകുന്നത്.
പുല്ലിൽ തടഞ്ഞുനിൽക്കുന്ന ഹിമകണങ്ങൾ തലേന്നു രാത്രി മഴ പെയ്തോ എന്നു തോന്നിപ്പിക്കും. അത് തട്ടിത്തെറിപ്പിച്ചു രാവിലെ നടന്നു പോകാൻ നല്ല സുഖമാണ്.
വീട്ടിൽ തന്നെ ഉരലിൽ പൊടിച്ചെടുത്ത തവിടധികം മാറാത്ത അരിപ്പൊടി തലേന്നു കുഴച്ചു വെച്ച് അതിരാവിലെ വട്ടേപ്പമായി പുത്തൻ കുട്ടയിൽ എടുത്തു വെയ്ക്കുന്നതിൻ്റെ ഗന്ധം വർഷത്തിൽ രണ്ടു തവണ മാത്രം കിട്ടുന്നതാണ്.
(പെരുന്നാൾ ആഘോഷിക്കാത്തവർക്ക് കൊടുത്തു വിടാനാണ് ഇത്രയധികം ഉണ്ടാക്കുന്നത്).
ഈസ്റ്ററിനും, ക്രിസ്തുമസിനും മാത്രമാണ് ഈ സ്പെഷൽ പാലപ്പം ഉണ്ടാക്കുന്നത്.
ഹൃദ്യമായ മണമാണ് പെരുന്നാൾ ദിനമെത്തി എന്നറിയിച്ച് കണ്ണു ചിമ്മി ഉണരുമ്പോൾ ഘ്രാണേന്ദ്രിയത്തെ തൊട്ടുണർത്തുന്നത്.
ഒപ്പം രസമുകുളങ്ങളും താനെ വിടരും. വിറകടുപ്പിൽ നിരത്തി വെച്ച ചട്ടികളിൽ മഞ്ഞകലർന്ന വെള്ളനിറത്തിൽ പൂവുപോലെ പുഞ്ചിരിച്ച് കിടക്കുന്ന മൃദുലമായതും മറിച്ചിട്ടാൽ തവിട്ടു നിറമാർന്ന അപ്പം ചൂടോടെ ചുട്ട് മുറത്തിൽ നിരത്തും . പിന്നെയാണ് ചെറു കൊട്ടയിൽ ശേഖരിക്കുന്നത്.
പള്ളിയിൽ നിന്നെത്തിയ ശേഷം കേക്കു മുറിച്ചു തരും.
അമ്മയുടെ
ജോൺസൻ ആൻ്റ് ജോൺസൻ ഓവനിൽ ഉണ്ടാക്കിയ ചെറു ചൂടുള്ള പല നിറത്തിലുള്ള കേയ്ക്കുകൾ. കപ്പ് കേയ്ക്കുകൾ ഉണ്ടാക്കാൻ പ്രത്യേക പൂവിൻ്റെ ആകൃതിയിലുള്ള പാത്രങ്ങളുണ്ട്.
ചില സമയത്ത് കറൻ്റ് പോയാൽ അടുപ്പിൽ വെച്ച് താഴെ ചെറുതീയും മുകളിൽ കനലും ഇട്ടുകൊടുത്ത് ബെയ്ക്ക് ചെയ്തെടുക്കും.
ഇവിടെയാണ് ഗ്രാമത്തിലെങ്കിലും പട്ടണത്തിൻ്റെ സ്വാധീനം ഞങ്ങൾ അറിയുന്നത്.
മിക്കവാറും എല്ലാ വീടുകളിൽ ഒരാഴ്ച മുമ്പേ നാടൻ പലഹാരങ്ങൾ തയ്യാറായി തുടങ്ങും.
അവലോസുണ്ട, അച്ചപ്പം, കാരയപ്പം, പയറ്റുണ്ട, ചെറുമണി പലഹാരങ്ങളും മാത്രമല്ല അലുവ വീട്ടിൽ തന്നെ ഉണ്ടാക്കുന്ന സമ്പ്രദായവും അന്ന് ഉണ്ടായിരുന്നു.
അരിപ്പൊടി കൊണ്ടു മാത്രമല്ല പറമ്പിൽ വിളയുന്ന കുമ്പളങ്ങ , മത്തങ്ങ ഇവയൊക്കെ അലുവകളായി മാറാറുണ്ട്.
ക്രിസ്തുമസിന് ഒരാഴ്ച മുമ്പേ ഇതൊക്കെ തയ്യാറാക്കി തുടങ്ങും.ഇതെല്ലാം നാലു മണി കാപ്പിക്കൊപ്പമാണ് വിളമ്പുന്നത്.
ക്രിസ്തുസ് അവധി ദിനങ്ങളിൽ കുട്ടികളുടെ വിശപ്പടക്കാൻ അമ്മമാർ പാട്ടകളിൽ പലഹാരങ്ങൾ അടച്ചു സൂക്ഷിക്കും.
ഏതു ബന്ധു വീട്ടിൽ സന്ദർശനത്തിനു ചെന്നാലും ഈ പലഹാരങ്ങൾ മുമ്പിൽ നിരത്തി വെയ്ക്കും.
അമ്മ വീടിൻ്റെ അയൽവാസികളായ സുന്ദരിമാരായ ആഗ്ലോ ഇന്ത്യൻ മിസിമാരാണ് കേയ്ക്കുണ്ടാക്കാൻ അമ്മയെ പഠിപ്പിച്ചു കൊടുത്തിട്ടുള്ളത്.
അമ്മയുടെ വീടിനു തൊട്ടപ്പുറത്തെ വീട്ടിലെ റീത്താ മിസി ബർത്ത് ഡേകളിലും കേയ്ക്ക് ഉണ്ടാക്കാറുണ്ട്.
അതിൻ്റെ ഗന്ധം ഇപ്പുറമെത്തും. ബെയ്ക്കു ചെയ്യുന്നതു കാണാൻ കുട്ടികളായ ഞങ്ങളും പോകാറുണ്ട്.
നോന, ചൂച്ചി എന്നൊക്കെ വിളിക്കുന്ന ലുങ്കി പോലെന്തോ മുണ്ടായി ചുറ്റി ചുരിദാർ ടോപ്പിൻമ്മേൽ ബട്ടൻസു പിടിപ്പിച്ചതു പോലുള്ള കുർത്തിയുമിട്ട സ്ത്രീ ജനങ്ങളെയും അവിടെ കണ്ടിട്ടുണ്ട്.
അവർ പകർന്നു കൊടുത്ത പലഹാരങ്ങളിൽ
“കൾക്കൾസ് “എന്ന ഒരു വിഭവം അതിരുചികരമാണ്.
ഫോർക്കിൻ്റെ പിറകു വശത്തു വെച്ചു മടക്കിയെടുത്ത മാവിൻ്റെ കൂട്ട് എണ്ണയിൽ പൊരിയിച്ച മൃദുലമായ പലഹാരം. എത്ര കഴിച്ചാലും മതിയാവില്ല.
പ്രഭാതഭക്ഷണത്തിനൊരുക്കുന്ന ഇഷ്ടു എന്നു ഞങ്ങൾ വിളിക്കുന്ന സ്റ്റുവിൽ അപ്പം മുക്കി കഴിച്ച രുചി നാവിൽ നിന്നു മറഞ്ഞു
പോകുന്നതെങ്ങനെ?
തേങ്ങാപ്പാലിന്റെയും നെയ്യുടെയും , ഏലക്കയുടെയും ഗന്ധമാർന്ന കറിയുടെ പരിമളമാസ്വദിച്ചാണ് കഴിക്കുന്നത്.
ഉച്ച ഭക്ഷണമാണ് ഡിഷും കോഴ്സും എന്നു വിളിക്കുന്ന വിഭവ സമ്യദ്ധമായ നോൺവെജ് സദ്യ.
കോഴിക്കറിയേക്കാൾ താറാവിനാണ് ഇന്നേ ദിനം പ്രാധാന്യം കൊടുക്കുന്നത്.
മിക്സി ഇല്ലാത്ത കാലത്ത് കട്ലറ്റിനുള്ള ഇറച്ചിയുടെ കീമ ഉണ്ടാക്കാൻ കറക്കുന്നു ഒരു മിഷ്യൻ ഉണ്ട്.
ചിലപ്പോൾ കറക്കലിൻ്റെ ശക്തിയിൽ മിഷ്യൻ്റെ ഉള്ളിലെ ബ്ലേഡ് ഒടിയും. അതൊക്കെ കേടാക്കുന്നതും , ശരിയാക്കുന്നതും പുരുഷന്മാർ തന്നെ യാണ്.
ഇരുപത്തിനാലു ദിവസം പച്ചക്കറി
മാത്രം കഴിച്ച് കാത്തിരുന്നവർക്ക് സമാധാനമായി മാംസാഹാരം കഴിക്കാം.
ക്രിസ്തുമസ് രാത്രിയിൽ പ്രത്യേക ഭക്ഷണമൊന്നുമില്ല. രാവിലത്തെയും ഉച്ചയ്ക്കു വെച്ചതിന്റെയും ബാക്കി ചൂടാക്കി വേണ്ടവർക്ക് കൊടുക്കും.
തലേന്നു പാതിരാത്രി നോമ്പു വീടിയതു മുതൽ ഭക്ഷിച്ചു തുടങ്ങുന്നവർക്ക് അത്താഴത്തോടു വിരക്തിഭാവമാകും.
വൈകുന്നേരത്തെ പലഹാര സേവയാൽ കുട്ടികളും കഴിക്കാൻ വിമുഖരാണ്.
തണുത്തുറഞ്ഞ പ്രഭാതത്തിൽ നടന്ന് പള്ളിയിൽ കുർബാനയ്ക്കു പോകുമ്പോൾ വൈയ്ക്കോലിൻ മെത്തയിൽ പുഞ്ചിരി തൂകി മയങ്ങുന്ന ഉണ്ണിയെ കാണിച്ചു തന്ന് ലോക രക്ഷനായി പിറന്ന നാഥന്റെ കാൽ പാദത്തിൽ വണങ്ങാൻ പഠിപ്പിച്ച പ്രിയ മാതാപിതാക്കളെ പ്രത്യേകം ക്രിസ്തുമസ് കാലത്ത് സ്മരിക്കാതിരിക്കാൻ വയ്യ.
എന്ത് ആചാരത്തിന്റെ പേരു പറഞ്ഞും തിരക്കു കൊണ്ടാണെങ്കിലും ക്രിസ്തുമസ് ആഘോഷാലങ്കാര ങ്ങൾക്കു മുടക്കം വരുത്തരുതെന്ന് ചെറുപ്പം മുതലേ ഞങ്ങളോട് മാതാപിതാക്കൾ നിർദ്ദേശിക്കുമായിരുന്നു.
അതായത്
അവർ മരണമടയുന്ന വർഷത്തിൽ പോലും പെരുന്നാളില്ല എന്നു പറയരുത്,ആഘോഷിക്കണമെന്ന് സ്നേഹത്തോടെ ഓർമിപ്പിക്കുമായിരുന്നു
അവർ ഇല്ലാത്ത കാലം ചിന്തിക്കാൻ പോലുമാകാതെ ഇങ്ങനെ പറയുന്നത് കേൾക്കുമ്പോൾ ഞങ്ങൾ ദേഷ്യപ്പെടുമായിരുന്നു.
പ്രിയമാതാപിതാക്കളെ, നിങ്ങളേകിപ്പോയ നന്മ നിറഞ്ഞ ഓർമകൾ തണുപ്പാർന്ന ഇളം കാറ്റായി ശരീരത്തെ പൊതിയുന്നു.
നക്ഷത്രപ്രഭ തൂകുന്ന തെളിച്ചത്തിൽ ഗ്ലോറിയാ ഗീതമായി ആത്മാവിൽ ശാന്തിയാകുന്നു.
തിരികെ വരാകാലത്തിൻ സ്മൃതിയുടെ നേർത്ത നൊമ്പരമായി മാറുന്നു.
പിന്നെയത് നല്ലോർമകളായി പനിനീർഗന്ധമേകി പരന്നൊഴുകുന്നു.




ഓരോ കാഴ്ചകളും നേരിൽ കാണുന്നതുപോലെയുള്ള അനുഭവ വിവരണം… വായനക്കാരെ ഏതോ ലോകത്തിലേക്ക് എത്തിക്കുന്നു..
എഴുത്ത് തുടരൂ…
സ്നേഹം വിതച്ച് സ്നേഹം കൊയ്യാൻ പഠിപ്പിച്ച സ്നേഹ ദൈവത്തിന്റെ സ്വപ്നരാജ്യം പുലരട്ടെ….