ആധുനിക കേരളം ഏറെ അഭിമാനിക്കുന്ന സാക്ഷരതയ്ക്കും സാംസ്കാരിക ബോധത്തിനും ഏറ്റ വലിയ മുറിവാണ് അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെ നടക്കുന്ന ആൾക്കൂട്ടാക്രമണങ്ങളും കൊലപാതകങ്ങളും. അടുത്തിടെ നടന്ന പല സംഭവങ്ങളും വിരൽ ചൂണ്ടുന്നത് നമ്മുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന വംശീയമായ മുൻവിധികളിലേക്കും നിയമം കയ്യിലെടുക്കാനുള്ള അപകടകരമായ പ്രവണതയിലേക്കുമാണ്.
ദാരിദ്ര്യം മാറ്റാൻ നാടുവിട്ടെത്തിയ പാവപ്പെട്ട തൊഴിലാളികളെ വെറും സംശയത്തിന്റെ പേരിൽ ‘കള്ളൻ’ എന്ന് മുദ്രകുത്തി ആക്രമിക്കുന്നത് അങ്ങേയറ്റം ക്രൂരമാണ്. ഭാഷ അറിയില്ലാത്തത് കൊണ്ട് തങ്ങളെ പ്രതിരോധിക്കാൻ കഴിയാത്ത ഇവരെ ഒരു സംഘം ആളുകൾ ചേർന്ന് വിചാരണ ചെയ്യുന്നതും മർദ്ദിച്ചു കൊലപ്പെടുത്തുന്നതും ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. കേവലം സംശയത്തിന്റെ പേരിൽ ഒരാളുടെ ജീവനെടുക്കാൻ ആർക്കാണ് അധികാരം?
നിയമവും പോലീസും ഉള്ള ഒരു നാട്ടിൽ ആൾക്കൂട്ട നീതി നടപ്പിലാക്കുന്നത് കാടത്തമാണ്. ഇത്തരം കൊലപാതകങ്ങൾ നടക്കുമ്പോൾ കാഴ്ചക്കാരായി നിൽക്കുന്നതും അത് മൊബൈലിൽ പകർത്തുന്നതും സമൂഹത്തിന്റെ മനസാക്ഷി മരവിച്ചതിന്റെ ലക്ഷണമാണ്. അന്യസംസ്ഥാന തൊഴിലാളികളെ സഹോദരങ്ങളായി കാണുന്നതിന് പകരം അവരെ അന്യന്മാരായി കാണുന്ന മനസ്ഥിതി മാറേണ്ടതുണ്ട്.
ഇന്ന് ആ പാവപ്പെട്ട തൊഴിലാളിയാണെങ്കിൽ നാളെ അത് നമ്മളിൽ ആരുമാകാം. തെളിവുകളില്ലാതെ ആരെയും കുറ്റവാളിയാക്കാനോ ശിക്ഷിക്കാനോ ആർക്കും അവകാശമില്ല. അധികാരികൾ ഇത്തരം കുറ്റകൃത്യങ്ങളിൽ കർശനമായ നടപടി സ്വീകരിക്കണം. മനുഷ്യത്വമുള്ള ഒരു സമൂഹത്തിന് മാത്രമേ ഇത്തരം അനീതികൾക്കെതിരെ ശബ്ദമുയർത്താൻ സാധിക്കൂ.
പൗരബോധവും സഹാനുഭൂതിയും വീണ്ടെടുത്തില്ലെങ്കിൽ വരാനിരിക്കുന്നത് ഇതിലും ഭീകരമായ കാലമായിരിക്കും. അന്യ സംസ്ഥാനങ്ങളിൽ കൂടുതലും കേരളത്തിൽ നിന്നുള്ളവരാണ് എന്നുള്ള കാര്യം മറക്കാതിരിക്കുക.



