ചില്ലക്ഷരങ്ങൾക്കൊണ്ട് കൈകൾ
ബന്ധിച്ച്,
കൂട്ടക്ഷരങ്ങൾക്കൊണ്ട് കാലുകൾ
കൂട്ടിക്കെട്ടി
വായിലെ വാളെടുത്തൊറ്റവെട്ട്;
തലപിടച്ചു,
നിലച്ചകണ്ണുകളെന്തോ
പറഞ്ഞുകൊണ്ടിരുന്നു, ഉടലുവിറച്ചു,
എന്നേമരിച്ച ഉടലെന്തോ
മിണ്ടുന്നുണ്ടായിരുന്നു!
ബലിക്കല്ലിൽനിന്നും ‘നിർദ്ദോഷം’
ജീവനോടെ ഇറ്റിറ്റുവീഴുന്നു!
ബലിക്കല്ല് ചിലപ്പോളൊരു
കൂർത്തഅസൂയ,
അല്ലെങ്കിലൊരറ്റംപ്പരന്ന അഹങ്കാരം,
നടുമുഴച്ച അഹംഭാവം ഋതുഭേദങ്ങളിൽ
നിലതെറ്റിവീണ ഒരിസം.
അതുമല്ലെങ്കിൽ
അർദ്ധ്രരാത്രിയിൽ വഴിതെറ്റിവന്നൊരു
വാട്സപ്പ് മെസ്സേജോ, ഉറങ്ങാത്ത
മിസ്ഡ്കോളോ!
പിന്നീടാവാൾ പുറത്തെടുക്കുന്നതെല്ലാം
കഴുകിത്തുടച്ചുണക്കിവെക്കാനായിരു
ന്നു .
ഓരോ തവണയും നെഞ്ചിലെ വാളുറ
വലുതാകുന്നതാരും പറഞ്ഞറിഞ്ഞില്ല!
അവസാനത്തവണ
വാളുറയിലിടുമ്പോൾ
ചിതയ്ക്കു വലംവച്ച
കൊത്തിയകലശത്തിലെ-
കണ്ണീരാലാഉറനിറഞ്ഞിരുന്നതുമറി
ഞ്ഞില്ല!
വാൾമ്മുന നെഞ്ചകം പിളർത്തി
രക്‌തമിറ്റ്
ബലിക്കല്ലുതേടി
ഇഴയുമ്പോഴാണറിയുന്നത്
ദുർമ്മരണപ്പെട്ട തന്റെ
മന:സാക്ഷിയൊരു
കരിമ്പനയിലിടംത്തേടിയലയുന്നുണ്ടന്ന്!