പ്രിയ കൂട്ടുകാരേ
ഇപ്രാവശ്യം നമുക്ക് മലയാളശൈലികളെ വീണ്ടും പരിചയപ്പെടാം. വ്യത്യസ്തങ്ങളായ രണ്ടു ശൈലികളെയാണ് ‘ഇലക്കത്തിൽ നിങ്ങളുടെ മുന്നിലെത്തിക്കുന്നത്.
ഇനിയോ മങ്ങാടാ
ഉപദേശമാരായൽ എന്നാണ് ഈ ശൈലിയുടെ അർത്ഥം
കോഴിക്കോട് സാമൂതിരി രാജാവിൻ്റെ മുഖ്യസചിവനായിരുന്നു മങ്ങാടൻ അഥവാ മങ്ങാട്ടച്ചൻ. “ഏതു കാര്യത്തിലും സാമൂതിരി അദ്ദേഹത്തിന്റെ അഭിപ്രായം ചോദിക്കുകയും മങ്ങാട്ടച്ചൻ അതിന് പ്രതിവിധി കണ്ടുപിടിക്കുകയും ചെയ്യുക പതിവായിരുന്നു. ഇങ്ങനെ സാമൂതിരി മങ്ങാടനോട് ചോദിക്കുന്ന രീതിയാണ് ശൈലിയായി പരിണമിച്ചത്.
ഉദാ: സന്തതസഹചാരിയായ വിക്രമനാണ് സോമനെ ഇത്ര വഷളാക്കുന്നത്. സാേമൻ എന്തിനുമേതിനും ഇനിയോ മങ്ങാടാ എന്നുള്ള തരത്തിൽ വിക്രമനോട് ചോദിച്ചു കൊണ്ടിരിക്കുംമുണ്ട് .
ഗിരിപ്രഭാഷണം
സാരോപദേശം, തത്ത്വോപദേശം. എന്നൊക്കൊയാണ് അർത്ഥം. ബൈബിളിൽ നിന്നും മലയാളത്തിൽ വന്നുചേർന്ന ശൈലിയാണിത്.
യേശുദേവന്റെ പ്രബോധനങ്ങളുടെ സാരസർവ്വസ്വമാണ് ഗിരിപ്രഭാഷണം. ഗലീലിയ തടാകത്തിനു സമീപമുള്ള ‘അഷ്ടസൗഭാഗ്യങ്ങളുടെ കുന്ന്’ എന്നറിയപ്പെടുന്ന മലമുകളിൽവെച്ച് അദ്ദേഹം അനുയായികളോടു നടത്തിയ മുഖ്യപ്രഭാഷണം ഈ പേരിൽ പ്രഖ്യാതമാണ്. സത്യം, ധർമം, സ്നേഹം, സമാധാനം തുടങ്ങി ദൈവരാജ്യത്തിന് അവകാശികളാകാൻ ആഗ്രഹിക്കുന്നവൻ അനുവർത്തിക്കേണ്ട തത്ത്വങ്ങളെല്ലാം ഗിരി പ്രഭാഷണത്തിൽ ഉൾക്കൊള്ളുന്നു. ഇതിൽനിന്നു വന്ന ശൈലി സാരാേപദേശം എന്ന അർഥത്തിൽ പ്രയോഗിക്കുന്നു.
ഉദാ: അവന്റെ ഗിരിപ്രഭാഷണംകേട്ടുകേട്ടു ഞാൻ മടുത്തു. ഇനിയുമവനെക്കാണാൻ ഞാനില്ല.
ഇനി നിങ്ങൾക്കും വേണ്ടി മാഷെഴുതിയ കവിത പാടിയാലോ !
കൊമ്പൻ
കൊമ്പു കുലുക്കി തുമ്പിയിളക്കി
വമ്പൻ മഴ വന്നേ
കൂറ്റൻമരവും വെഞ്ചാമരമായ്
കാറ്റിലുലഞ്ഞാടി..
തീവെട്ടികളുടെ നാളംപോലെ
തീമിന്നൽക്കൊടികൾ .
കമ്പക്കതിനകളടിപൊടിപൂരം
അംബരമുണരുന്നു.
ചെണ്ടകളിടയും ചെമ്പടതാളം
കൊമ്പുകൾ ചേങ്ങിലകൾ
ആർപ്പും കുരവയുമെങ്ങുമുയർന്നു
ആഹാ! മഴ പൂരം.
ആനയിടഞ്ഞേ,യമ്പലമുറ്റ –
ത്താകെ കലപിലയായ്
കടപുഴകുന്നു മരങ്ങൾ , റോഡും
വീടും തകരുന്നു
ചങ്ങല പൊട്ടിച്ചിങ്ങനെ മദമോ – .
ടെങ്ങും പാഞ്ഞിടുമീ
കൊമ്പനെയൊന്നു മെരുക്കാൻ തോട്ടി –
ക്കമ്പിന്നാരു തരും?
മഴക്കൊമ്പനെക്കുറിച്ചുള്ള കവിത ഇഷ്ടമായോ ? മഴ കാണാൻ, കൊള്ളാൻ ഒക്കെ നല്ല രസമാണ്. പക്ഷേ ഇടയ്ക്കിടയ്ക്ക് ആ മഴകൊമ്പനെപ്പോലെ ആക്കെ കുലുക്കി മറിച്ചു കളയും.കവിത ഇഷ്ടമായോ?
ഇംഗ്ലീഷിൽ കുട്ടികൾക്കു വേണ്ടി ധാരാളം കഥകളെഴുതുന്ന ഒരു കഥാകൃത്താണ് ഇന്ന് നിങ്ങൾക്കു വേണ്ടി കഥപറയുന്നത് – ശ്രീ . മുരളി.ടി.വി.
രാജി വിശ്വനാഥിന്റെയും, ടി.സി.വിശ്വനാഥൻ നായരുടെയും മകനായി എറണാകുളം ജില്ലയിലെ അങ്കമാലിയിൽ ജനിച്ച ശ്രീ. മുരളി ടി വി ഇപ്പോൾ ബംഗളൂരുവിലാണ് സ്ഥിരതാമസം..
കേരളം, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി, കർണ്ണാടക സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസം. ലൈബ്രറി ഇൻഫൊർമേഷൻസ് സയൻസിൽ പോസ്റ്റ്ഗ്രാജുവേറ്റ് ബിരുദവും, ബിസിനസ്സ് അഡ്മിനിസ്ട്രേഷനിലും, കമ്പ്യൂട്ടർ സയൻസിലും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. 1986 തുടങ്ങി 2006 വരെ ഇന്ത്യൻ വ്യോമസേനയിൽ സേവനം അനുഷ്ഠിച്ചു. ശേഷം 2012 വരെ മൾട്ടിനാഷണൽ കമ്പനിയിൽ അഡ്മിനിസ്ട്രേഷൻ മാനേജരായി ജോലി ചെയ്തു. മികച്ച സേവനത്തിന് വ്യോമസേനാ ചീഫിന്റെയും , വൈസ് ചീഫിന്റെയും കമണ്ടേഷൻസ്, എയർ ഓഫീസർ കമാണ്ടിംഗിന്റെ ബഹുമതിപത്രവും ലഭിച്ചിട്ടുണ്ട്.
സാഹിത്യവും, സാഹസിക സൈക്ലിംഗിലൂടെ സാമൂഹ്യസേവനവുമാണ് മുതൽക്കൂട്ട്. തെന്നിന്ത്യയിലെ വിവിധ പ്രദേശങ്ങളിലൂടെ ഏകനായി ആയിരത്തിൽപ്പരം കിലോമീറ്ററുകൾ സൈക്കിൾ യജ്ഞങ്ങൾ നടത്തി. വിവിധകാരുണ്യ പ്രവർത്തനങ്ങൾക്ക് കരസേന, നാവികസേന, വ്യോമസേന കാര്യാലയങ്ങളിൽ നിന്നും, ബി.ഇ.എൽ. ബെംഗളൂരു, ഐ ബാങ്ക് അസ്സോസിയേഷൻ കേരളം, സ്റ്റാർ ഇന്ത്യ, നവോജ്വൽ ഫൌണ്ടേഷൻ മഥുര, വേൾഡ് റെക്കോർഡ്സ് ബൈനാലേ ഫൗണ്ടേഷൻ, മൈത്രി പീസ് ഫൗണ്ടേഷൻ, യു.പി. കൂടാതെ നിരവധി എൻ.ജി.ഒ.കളിൽ നിന്നും ബഹുമതിപത്രങ്ങൾ ലഭിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ചാൻ-കി മാർഷ്യൽ ആർട്സ് ട്രസ്റ്റിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, ശൗര്യകലാരത്ന പുരസ്കാരം എന്നീ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ആനുകാലികങ്ങളിൽ നൂറോളം ബാലസാഹിത്യ കൃതികൾ പ്രസിദ്ധീകരിച്ചു.
മുരളി ടി.വി. എഴുതിയ ഒരു കുഞ്ഞിക്കഥയാണ് താഴെ കൊടുക്കുന്നത്
ചിരിയും കരച്ചിലും








ചിരിയും കരച്ചിലും ഉറ്റ മിത്രങ്ങൾ ആയിരുന്നു.അന്നാദ്യമായി ചിരി പൊട്ടിക്കരയുന്നത് കണ്ട് കരച്ചിൽ ചോദിച്ചു :എന്തുപറ്റി ചിരിക്കുട്ടാ നീ എന്തിനു കരയുന്നു ?
കണ്ണുനീർ തുടച്ച് ചിരി പറഞ്ഞു: ചിരിച്ചു ചിരിച്ചു ക്ഷീണിച്ചു.
അത് കേട്ട് കരഞ്ഞു മടുത്ത കരച്ചിൽ പൊട്ടിച്ചിരിച്ചുപോയി.അന്ന് ആദ്യമായിട്ടാണ് ചിരി കരച്ചിലിന്റെ ചിരി കാണുന്നത്.
കരച്ചിലിനെയും ചിരിപ്പിക്കാൻ തനിക്ക് കഴിഞ്ഞല്ലോ എന്നോർത്ത് ചിരി കരച്ചിൽ നിർത്തി വീണ്ടും ചിരിതുടർന്നു.
സ്വന്തം ദൗത്യം മനസ്സിലാക്കിയ ചിരി പിന്നീട് ഒരിക്കലും കരഞ്ഞില്ലെന്നു മാത്രമല്ല കരയുന്നവരെ ചിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു
‘
നല്ല കുഞ്ഞിക്കഥ അല്ലേ? ഇഷ്ടപ്പെട്ടില്ലേ, രസിച്ചില്ലേ, ആസ്വദിച്ചില്ലേ. എങ്കിൽ
യദു മേക്കാട് എന്ന പേരിൽ അറിയപ്പെടുന്ന യദുനാഥൻ എന്ന
ബാലസാഹിത്യകാരന്റെ മനോഹരമായ ഒരു കവിതയാണ് തുടർന്ന് നക്ഷത്രക്കൂടാരത്തിൽ മിന്നിത്തിളങ്ങുന്നത്.
ഭസ്മത്തിൽ മേക്കാട് യശ – രാമൻ നമ്പൂതിരിയുടെയും തൃപ്പൂണിത്തുറ കോവിലകത്തു ശ്രീമതി. സുഭി തമ്പുരാന്റെയും മകനാണ്. കോളേജ് വിദ്യാഭ്യാസവും ഇലക്ട്രോണിക്സ് ഡിപ്ലോമയും കഴിഞ്ഞു ഉത്തരേന്ത്യയിലും നാട്ടിലും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തു., ജ്യോതിഷത്തിൽ ആകൃഷ്ടനായി കൊടകര കൈമുക്ക് മനയിൽ ജ്യോതിഷപഠനം നടത്തുകയും തുടർന്ന് ആ വഴിയിൽ തുടരുകയും ചെയ്യുന്നു.
കവിതകളിൽ വൃത്തനിബദ്ധമായ പഴയകാല സമ്പ്രദായത്തോടാണ് താൽപ്പര്യം കഴിവതും ആ വഴിയേ കവിതകൾ രചിക്കുന്നു. കൂട്ടത്തിൽ ബാലകവിതകളും എഴുതുന്നു. ഇപ്പോൾ ഇരിഞ്ഞാലക്കുട എം.ജി. റോഡിൽ രാമശ്രീയിൽ താമസിക്കുന്നു. ശ്രീ.യദു മേക്കാടിൻ്റെ ഒരു കുഞ്ഞു കവിതയാണ് താഴെ.

































.
കണ്ടുവോ കൂട്ടുകാരേ








കാളിന്ദിതന്നുടെ തീരത്തു മേയുന്ന
ഗോക്കളെക്കണ്ടുവോ കൂട്ടുകാരേ ?
മേയുംപശുക്കൾക്കിടയിൽക്കളിക്കുന്ന
ഗോപരെക്കണ്ടുവോ കൂട്ടുകാരേ ?
ചാഞ്ഞമരക്കൊമ്പിലേറിയിരിക്കുന്ന
കണ്ണനെക്കണ്ടുവോ കൂട്ടുകാരേ ?
പുല്ലാംകുഴലിലായ് ഗീതം പൊഴിക്കുന്നൊ-
രുണ്ണിയെക്കണ്ടുവോ കൂട്ടുകാരേ?
കാറ്റിലിളകുന്ന പീലിയും കേശവും
തെല്ലൊന്നു കണ്ടുവോ കൂട്ടുകാരേ ?
ക്ഷീണിച്ചു വെള്ളംകുടിച്ചങ്ങു വീഴുന്ന –
പൈക്കളെക്കണ്ടുവോ കൂട്ടുകാരേ ?
ദാഹമടക്കുന്ന ഗോപരുമൊപ്പമായ്
വീഴുന്നകണ്ടുവോ കൂട്ടുകാരേ?
ആറ്റിലായൽപ്പം കുമിളകൾ പൊന്തി –
ത്തെറിക്കുന്ന കണ്ടുവോ കൂട്ടുകാരേ ?
തെല്ലു വളഞ്ഞടിത്തട്ടിൽക്കിടക്കുന്ന
പാമ്പിനെക്കണ്ടുവോ കൂട്ടുകാരേ ?
പൊക്കമേറിടും കടമ്പിലായ്ക്കേറുന്നൊ-
രോമലെക്കണ്ടുവോ കൂട്ടുകാരേ ?
ആറ്റിന്നടിത്തട്ടു നോക്കിക്കുതിക്കുന്ന
ബാലനെക്കണ്ടുവോ കൂട്ടുകാരേ?
കാളിയൻതന്നുടെ വാലിൽപ്പിടിക്കുന്ന
കുട്ടിയെക്കണ്ടുവോ കൂട്ടുകാരേ ?
കാളിയൻ പത്തിവിരിക്കേച്ചവുട്ടിയ
പാദങ്ങൾകണ്ടുവോ കൂട്ടുകാരേ?
ഏറുംവിഷം തുപ്പി വീണു കിടക്കുന്ന
പാമ്പിനെക്കണ്ടുവോ കൂട്ടുകാരെ ?
ആനന്ദമോടതിൻമേലെക്കളിക്കുന്ന –
താരെന്നു കണ്ടുവോ കൂട്ടുകാരേ
കണ്ണനെക്കുറിച്ചുള്ള നല്ല കവിത. എത്ര സുന്ദരമായിട്ടാണ് കണ്ണനെ വർണ്ണിച്ചിരിക്കുന്നത്. കാളിയമർദ്ദനം ലഘുവായി ചിത്രീകരിക്കുകയാണ് കവി കണ്ണനിലൂടെ ‘
..ഇനി ഒരു കുഞ്ഞിക്കഥയാവാം. തിരുവനന്തപുരംകാരിയായ അനശ്വരാ കൃഷ്ണ മടവൂർ എന്ന കൂട്ടുകാരി എഴുതിയ കഥ.
ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ കളിക്കുടുക്കയുടെ നിറം കൊടുപ്പ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ചിത്രരചനയിൽ മികവ് തെളിയിച്ചു.ബാലഭൂമി, കുട്ടികളുടെ ദീപിക, തത്തമ്മ, മലർവാടി , കുരുന്നുകൾ , ബാലകുസുമം തുടങ്ങിയവയിൽ അനശ്വരയുടെ കവിതകളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്കൂൾ വാർഷികോത്സവത്തിൽ നൃത്തത്തിലും നാടകാവതരണത്തിലും മികവ് പുലർത്തിയിരുന്നു.
ബാലസാഹിത്യകാരനും പത്രപ്രവർത്തകനുമായ മടവൂർ രാധാകൃഷ്ണൻ, ജയലക്ഷ്മി ദമ്പതിമാരുടെ രണ്ടു പെൺമക്കളിൽ ഇളയവളാണ് അനശ്വര. സഹോദരി അക്ഷയയും വിദ്യാർത്ഥിനിയാണ്.
അനശ്വര ഇപ്പോൾ പാരിപ്പള്ളി ചാവർകോട് മദർ ഇന്ത്യ സ്കൂളിൽ പ്ലസ് ടൂവിന് പഠിക്കുന്നു. .
അനശ്വരാ കൃഷ്ണൻ മടവൂർ രചിച്ച കുഞ്ഞു കഥയാണ് താഴെ കൊടുക്കുന്നത്.
രാംലാലിന്റെ തന്ത്രം









കിഷ്കിന്ധ പുരത്ത് അത്യാവശ്യം ചിത്രം വരയ്ക്കാൻ അറിയാവുന്ന ഒരു ചിത്രകാരനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് രാംലാൽ എന്നായിരുന്നു. അദ്ദേഹം ജീവിച്ചിരുന്നത് തന്റെ ഈ കലയിലൂടെയാണ്.
. ആ പ്രദേശത്തു സമ്പന്നനായ ഗോപദത്തൻ എന്നൊരാളുണ്ട്. .അയാൾ അറു പിശുക്കനാണ്.ഒരുദിവസം ഗോപദത്തന് ഒരു മോഹമുദിച്ചു. തന്റെ ചിത്രമൊന്ന് വരയ്ക്കണമെന്ന് .
അതിനുവേണ്ടി ഗോപദത്തൻ തന്റെ ആളുകളെ ‘കഴിവുളള്ള ചിത്രകാരന്മാരെ തിരയാനായി ആ നാട്ടിലും അടുത്തുള്ള നാടുകളിലേക്കും അയച്ചു. അറിഞ്ഞറിഞ്ഞ് ചിത്രകലയിൽ പ്രഗല്ഭരായ പലരും ഗോപദത്തന്റെ വീട്ടിൽവന്നു. അക്കൂട്ടത്തിൽ രാംലാലും ഉണ്ടായിരുന്നു.
ചിത്രം വരയ്ക്കുന്നതിനുമുമ്പ് അറുപിശുക്കനായ ഗോപദത്തൻ ഒരു നിബന്ധന വച്ചു. ചിത്രത്തിന് ഞാൻ പകുതി വില മാത്രമേ തരൂ . അതു കേട്ട ഉടനെ ചിത്രം വരയ്ക്കാൻ എത്തയവരിൽ രാംലാൽ ഒഴികെ എല്ലാവരും നിരാശയോടെ മടങ്ങി.
ഈ അറുപിശുക്കനിട്ടൊരു പണി കൊടുക്കണമെന്ന് രാംലാൽ മനസ്സിൽ വിചാരിച്ചു. അങ്ങനെ രാംലാൽ ചിത്രം വരയ്ക്കാൻ തുടങ്ങി.കുറെ മണിക്കൂറുകൾക്കു ശേഷം ചിത്രംവരച്ചു തീർന്നതായി രാംലാൽ അറിയിച്ചു. വാഗ്ദാനം ചെയ്ത പണം നല്കാതെ ചിത്രം നല്കില്ല എന്ന് രാംലാൽ തറപ്പിച്ചു പറഞ്ഞു
ഗോപദത്തൻ ഉത്സാഹത്തോടെ തന്റെ ചിത്രം കാണാൻചെന്നു.വാഗ്ദാനം ചെയ്ത പണം നല്കാതെ ചിത്രം നല്കില്ല എന്ന് രാംലാൽ തറപ്പിച്ചു പറഞ്ഞു.
ഗത്യന്തരമില്ലാതെ പറഞ്ഞ പണം മുഴുവൻ ഗോപദത്തൻ രാംലാലിനു നല്കി.
ഉടനെ തന്നെ ചിത്രകാരൻ വരച്ചു പൊതിഞ്ഞു വച്ചിരുന്ന ചിത്രം കൈമാറുകയും ചെയ്തു. ഗോപദത്തൻ ആകാംക്ഷയാേടെ പൊതി തുറന്നു. ചിത്രം കണ്ട് ഗോപദത്തൻ അമ്പരന്നു. ചിത്രം മുഴുവനുമില്ല,പകുതി മാത്രം.
കാര്യം തിരക്കിയ ഗോപദത്തനോട് ചെറുപുഞ്ചിരിയോടെ രാംലാൽ പറഞ്ഞു.
”പകുതി വിലയ്ക്ക് പകുതി ചിത്രമേ മാത്രമേ വരയ്ക്കാൻ കഴിയൂ.”രാംലാൽ പുഞ്ചിരിയോടെ പറഞ്ഞു.
ഗോപദത്തന് തനിക്കുപറ്റിയ അക്കിടി മനസ്സിലായി. പിന്നീട് ഒരിക്കലും ഗോപദത്തൻ ജീവിതത്തിൽ പിശുക്ക് കാട്ടിയിട്ടില്ല.
രാം ലാലിൻ്റെ ബുദ്ധി ഉപയാേഗിച്ചപ്പോൾ പിശുക്കൻ ഗോപദത്തനു അക്കിടി പറ്റി. മറ്റുള്ളവരെ അംഗീകരിക്കാത്തവർക്ക് ഇങ്ങനെ തന്നെ സംഭവിക്കും.
കഥ കേട്ട് രസിച്ചിരിക്കുമ്പോൾ മനോഹരമായ കവിതയുമായി വി.ബി.സുദക്ഷിണ ടീച്ചർ എത്തിയിട്ടുണ്ട്.
അധ്യാപകരായ വേങ്ങശ്ശേരി ബാലകൃഷ്ണൻ എഴുത്തച്ഛന്റെയും ജാനകി ടീച്ചറുടെയും മകളായി പാലക്കാട് ജില്ലയിൽ മണ്ണാർക്കാടാണ് ടീച്ചർ ജനിച്ചത്. മണ്ണാർക്കാട്, ALPS, KTMHS,കല്ലടി MES കോളേജ്, ചിറ്റൂർ GBTS എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
മലപ്പുറം, പാലക്കാട് ജില്ലകളിൽ അധ്യാപികയായിരുന്നു.മേഴത്തൂർ GHSS ൽ നിന്നും വിരമിച്ചു.
ABV കാവിൽപ്പാട് സാറിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ അക്ഷരപ്പാട്ടുകൾ, ഗുണപാഠകവിതകൾ,സംഖ്യാഗാനങ്ങൾ, കുട്ടിക്കവിതകൾ എന്നിവയിൽ ഭാഗമായിട്ടുണ്ട്.
കർഷകനായ ശ്രീ.MK ചന്ദ്രശേഖരനാണ് ടീച്ചറുടെ ഭർത്താവ്. ചിത്ര,നിഖില, സച്ചിൻ എന്നിവർ മക്കളും, ദിലീപ്, പ്രദീപ് എന്നിവർ മരുമക്കളുമാണ്.
വി.ബി സുദക്ഷിണ ടീച്ചറുടെ കവിത കേൾക്കാം
കണ്ണനുറങ്ങേണം






കണ്ണനുറങ്ങേണം ഉണ്ണി –
ക്കണ്ണനുറങ്ങേണം
കാലത്തെഴുന്നേറ്റ് കലപില കൂട്ടുന്ന.
കുഞ്ഞിക്കിളികളെ കാണേണ്ടേ?
കണ്ണാരം പൊത്തി ചിൽ ചിൽ പാടാൻ.
കുഞ്ഞനണ്ണാനൊപ്പം കൂടേണ്ടേ
രാരീരം രാരീരം രാരാരോ, –
രാരീരം രാരീരം രാരാരോ, –
കുഞ്ഞിപ്പൂക്കളെ ആലോലമാട്ടുന്ന.
പൂമ്പാറ്റക്കുഞ്ഞിനെ കാണേണ്ടേ
പമ്മി പമ്മി നടക്കും കുറിഞ്ഞി _
യ്ക്കൊപ്പം മ്യാവൂ പാടേണ്ടേ
രാരീരം രാരീരം രാരാരോ
രാരീരം രാരീരം രാരാരോ, –
കുഞ്ഞിക്കാലടിപിച്ചവെച്ചങ്ങനെ
തപ്പുകൊട്ടിക്കളി ആടേണ്ടേ
കുഞ്ഞിക്കയ്യാൽ മാമുണ്ണാനായ്
അമ്പിളിമാമനെ കൂട്ടേണ്ടേ
രാരീരം രാരീരം രാരാരോ
രാരീരം രാരീരം രാരാരോ, –
രാരി രാരി രാരാരോ …..
നല്ല ഒരു താരാട്ടുപാട്ടാണ്. കേട്ടാൽ ആരുമുറങ്ങിപ്പോകും , അത്ര സുന്ദരം അല്ലേ? ഈ കവിത എല്ലാവർക്കും ഇഷ്ടമായി
കുഞ്ഞു കൂട്ടുകാരേ,
ഇത്തവണ നക്ഷത്രക്കൂടാരത്തിൽ ഉൾപ്പെട്ട കഥകളും കവിതകളും കൂട്ടുകാർക്ക് ഇഷ്ടമായിട്ടുണ്ടാവും. ഇല്ലേ ?.
ഇനി പുതുമകളുമായി നമുക്ക് അടുത്ത ആഴ്ച കാണാം ചങ്ങാതിമാരേ.
സ്നേഹത്തോടെ,
നിങ്ങളുടെ പ്രിയപ്പെട്ട..
ഒരു പാട് അറിവുകൾ പക്ഷെ നേരമില്ലാ നേരത്ത് ഇത്തരം രസകരമായ അറിവുകൾ വായിക്കാൻ നേരം കണ്ടെത്തേണ്ടിയിരിക്കുന്നു —-


രസകരമായ ഒട്ടേറെ അറിവുകൾ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള നക്ഷത്ര കൂടാരം അതിമനോഹരം. കഥയും കവിതയും ശൈലിയും എല്ലാം ഇഷ്ടം
മനോഹരവും അറിവുകളേകുന്നതുമായ
നല്ല അവതരണം